Monday, January 14, 2008

കണ്ണൂരെന്നു കേട്ടാല്‍ തിളയ്ക്കണോ ചോര ഞരമ്പുകളില്‍....

കണ്ണൂരില്‍ വീണ്ടും കൊലവിളി ഉയരുകയാണ്‌.

സിപിഎം പ്രവര്‍ത്തകന്‍ ധനേഷ്‌ വെട്ടേറ്റ്‌ വീണതോടെയാണ്‌ ഇടക്കാലത്ത്‌ സമാധാന ജീവിതത്തിലേക്ക്‌ മടങ്ങിയ കണ്ണൂരിന്റെ അന്തരീക്ഷത്തില്‍ കൊലക്കത്തികള്‍ പായാന്‍ തുടങ്ങിയത്‌. ധനേഷിനെ വെട്ടിവീഴ്ത്തിയത്‌ ആര്‍എസ്‌എസുകാരാണെന്ന്‌ ആരോപിച്ച്‌ മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ തിരിച്ചടിയുടെ ആയുധങ്ങള്‍ക്ക്‌ മൂര്‍ച്ച കൂട്ടിക്കഴിഞ്ഞു. അതിന്റെ തെളിവാണ്‌ കഴിഞ്ഞദിവസം ബിജെപി നേതാവ്‌ സികെ പത്മനാഭന്റെ വീടിനുനേരെയുണ്ടായ ആക്രമണം.

ആക്രമണത്തോടുള്ള പ്രതികരണമായി ബിജെപി ഇന്ന്‌ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കുകയാണ്‌. ഉച്ചക്ക്‌ 12 മണിവരെ പറയത്തക്ക അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്‌ കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയായിട്ടേ വ്യാഖ്യാനിക്കാന്‍ കഴിയൂ.

സിപിഎം ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെ ധനേഷിനെ വെട്ടിക്കൊന്നത്‌ ആരായാലും പ്രകോപനം ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന കാര്യത്തില്‍ സംശയമില്ല. നവംബര്‍ മുതല്‍ ഇപ്പോള്‍ നാലുസഖാക്കളെയാണ്‌ സിപിഎമ്മിന്‌ നഷ്ടമായിട്ടുള്ളത്‌. തീര്‍ച്ചയായും അതിന്‌ പ്രതികാരം ചെയ്യാതെ അടങ്ങിയിരിക്കുന്ന സ്വഭാവമല്ല പാര്‍ട്ടിക്കും പാര്‍ട്ടി സഖാക്കള്‍ക്കുമുള്ളത്‌. അതുകൊണ്ടാണ്‌ ആശങ്കകള്‍ ആകാശത്തോളം ഉയരുന്നത്‌.

ഇന്ത്യയില്‍ ഏറ്റവും അധികം കുറ്റകൃത്യം നടക്കുന്ന ജില്ലയാണ്‌ കണ്ണൂര്‍. ദേശീയ ക്രൈം റെക്കോഡ്സ്‌ ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച്‌ 2006 ല്‍ കണ്ണൂരില്‍ 737 കലാപം നടന്നിട്ടുണ്ട്‌. സിപിഎം- ആര്‍എസ്‌എസ്‌ സംഘട്ടനങ്ങളുടെ പേരിലാണ്‌ ഇവയില്‍ ഭൂരിപക്ഷവും നടന്നത്‌. ഈ ഏറ്റുമുട്ടലില്‍ 150 പേര്‍ കൊല്ലപ്പെട്ടു.

കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ബീജാവാപം നടന്ന ജില്ലയാണ്‌ കണ്ണൂര്‍. ഇന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന നേതാക്കന്മാരില്‍ ഭൂരിപക്ഷവും കണ്ണൂരില്‍നിന്നുള്ളവരാണ്‌. ആരോഗ്യമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നാട്‌ പക്ഷെ കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളില്‍ ഊന്നിയുള്ള സൗഹൃദമല്ല ഇതുവരെ വിടര്‍ത്തിയിട്ടുള്ളത്‌. പകരം പ്രതികാരത്തിന്റെയും അസഹിഷ്ണുതയുടെയും വടിവാള്‍ ശക്തിയുടെയും പൈശാചികതയാണ്‌ ശാശ്വതമാക്കിയിട്ടുള്ളത്‌. സാധാരണ ഡിസംബര്‍ മാസത്തിലാണ്‌ കണ്ണൂരില്‍ കലാപത്തിന്റെ കനലുകള്‍ എരിയുക. ഈ വര്‍ഷം പക്ഷെ ഡിസംബര്‍ ശാന്തമായിരുന്നു. ആ ശാന്തത ഭംഞ്ജിച്ചുകൊണ്ടാണ്‌ ശനിയാഴ്ച എട്ടംഗ സംഘം മുഖംമൂടി ധരിച്ചെത്തി ധനേഷിനെ വെട്ടിവീഴ്ത്തിയത്‌.

കണ്ണൂരിന്റെ ചോരക്കൊതി അവസാനിക്കുന്നില്ല എന്നാണ്‌ ഈ സംഭവം വ്യക്തമാക്കുന്നത്‌. ജില്ലാ സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ തുടര്‍ച്ചയായ തിരിച്ചടിക്ക്‌ മറുപടി പറയാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ആയുധമേന്തിയാല്‍ പോലീസിന്‌ നിസംഗരായി, കാഴ്ചക്കാരായി നില്‍ക്കാനേ കഴിയുകയുള്ളൂ. കാരണം ആഭ്യന്തരവകുപ്പ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൈകളിലാണ്‌.

ഈ ഭയത്തിന്റെ കനലുകളെ ആളിക്കത്തിക്കുന്നതാണ്‌ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ്‌ രാജ്നാഥ്‌ സിംഗിന്റെ പ്രസ്താവന. സിപിഎമ്മിന്‌ മുഖമടച്ച്‌ മറുപടിനല്‍കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ക്ക്‌ കെല്‍പ്പുണ്ട്‌ എന്നായിരുന്നു അഹന്തനിറഞ്ഞ പ്രസ്താവന.

വെട്ടിയും കുത്തിയും കൊന്ന്‌ രാഷ്ട്രീയ പകപോക്കലിന്‌ അണികള്‍ തയ്യാറാവുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനാണ്‌. ഈ ആരോപണത്തില്‍നിന്ന്‌ തലയൂരാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കോ ബിജെപിക്കോ ആര്‍എസ്‌എസിനോ കഴിയുകയില്ല. രക്തസാക്ഷികളെ സൃഷ്ടിച്ച്‌, അവര്‍ അമരന്മാരാണെന്ന്‌ മുദ്രാവാക്യം മുഴക്കി മാര്‍ക്സിസ്റ്റ്‌ യുവാക്കളുടെ ഞരമ്പുകളില്‍ പക ചുരമാന്തുമ്പോള്‍ ബലിദാനത്തിന്റെ പേരില്‍ വടിത്തല്ലുകാരനും ആക്രോശിക്കുന്നതാണ്‌ കണ്ണൂരിന്റെ ശാപം, കേരളത്തിന്റെ ദുരന്തം! കണ്ടിട്ടും കൊണ്ടിട്ടും നേതൃത്വങ്ങള്‍ ഒന്നും പഠിച്ചില്ല എന്നല്ല മറിച്ച്‌ ചോരപ്പുഴയൊഴുക്കി പാര്‍ട്ടിക്ക്‌ ശക്തിപകരാനുള്ള നീചവും ഹീനവുമായ തന്ത്രങ്ങള്‍ ഇവര്‍ ആവിഷ്കരിക്കുന്നതുകൊണ്ടാണ്‌ പകയുടെ അഗ്നിനാളത്തില്‍ ഈയാംപാറ്റകളെപ്പോലെ യുവാക്കള്‍ ചത്തൊടുങ്ങുന്നത്‌.

ഈ യാഥാര്‍ത്ഥ്യം വിവേകമുള്ളവര്‍ വളരെ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌ പക്ഷെ ശ്രദ്ധിക്കാനുള്ള വിനയവും മനസും പാര്‍ട്ടിനേതൃത്വങ്ങള്‍ക്ക്‌ ഇനിയും ഉണ്ടായിട്ടില്ല. പാര്‍ട്ടികള്‍ക്ക്‌ രക്തസാക്ഷികളെ ലഭിക്കുമ്പോള്‍ നഷ്ടമാകുന്നത്‌ ചില ഭവനങ്ങളുടെ ആധാരങ്ങളായ യുവാക്കളാണ്‌.

വിപ്ലവബോധമെന്നും ഭാരതീയ സംസ്കാര പാരമ്പര്യ ഗൗരവമെന്നുമൊക്കെ പറയുന്നത്‌ തെരുവുതെമ്മാടിയുടെ ആവേശവും ക്രൗര്യവുമാണെന്ന്‌ സ്ഥാപിച്ചെടുക്കുകയാണ്‌ ഈ നേതൃത്വം. ഇവര്‍ക്കെതിരെ വേണം പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും യുവത്വം തിരിയേണ്ടത്‌. കണ്ണൂരെന്നുകേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളക്കുകയല്ല വേണ്ടത്‌; മറിച്ച്‌ മനസില്‍ മനുഷ്യത്വത്തിന്റെയും സമഷ്ടിസ്നേഹത്തിന്റെയും മൂല്യങ്ങള്‍ ഉരുവാകുകയാണ്‌ അനിവാര്യം. അതിനുള്ള പരിസരമൊരുക്കാന്‍ നേതൃത്വങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഇപ്പോള്‍ അവര്‍ കുടത്തില്‍നിന്ന്‌ തുറന്നുവിട്ടിട്ടുള്ള പകയുടെയും ചോരക്കൊതിയുടേയും ഭൂതങ്ങള്‍ അവര്‍ക്കെതിരെ തിരിയും. അതാകട്ടെ ഒരിക്കലും ശുഭകരമായിരിക്കുകയുമില്ല.

2 comments :

  1. Satheesh said...
    This comment has been removed by the author.
  2. Satheesh said...

    സുഹൃത്തേ,
    ഇന്ത്യയില്‍ ഏറ്റവും അധികം കുറ്റകൃത്യം നടക്കുന്ന ജില്ലയാണ്‌ കണ്ണൂര്‍.
    ഇതൊരു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ്‍. Riots എന്ന തലക്കെട്ടില്‍ NCRB record ചെയ്യുന്ന എണ്ണത്തിലാണ്‍ കണ്ണൂര്‍ മുനിപില്‍.
    റിപ്പോറ്ട്ടിലെ വാചകം ഇതാ - “Kannur in Kerala has reported the highest incidents of Riots (737)“
    കൂടുതല്‍ ഇവിടെ
    http://ncrb.nic.in/cii2006/cii-2006/CHAP1.pdf