Friday, January 4, 2008

ഭരിച്ചുമുടിക്കാന്‍ വിപ്ലവപുംഗവന്മാര്‍

വിവരമില്ലായ്മയുടെയും അഹങ്കാരത്തിന്റെയും അതില്‍നിന്ന്‌ ജനിക്കുന്ന തന്നിഷ്ടത്തിന്റെയും ജീവിക്കുന്ന പ്രതിരൂപങ്ങളാണ്‌ അച്യുതാന്ദന്‍ മന്ത്രിസഭയിലെ എല്ലാ വിപ്ലവ വായാടികളുമെന്ന്‌ സര്‍ക്കാര്‍തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

സംസ്ഥാന ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്‌ തയ്യാറാക്കിയ ഒക്ടോബറിലെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ സംസ്ഥാന പദ്ധതിയുടെ ഭാഗമായി വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ നടപ്പുസാമ്പത്തിക വര്‍ഷം നീക്കിവച്ചിട്ടുള്ള 6950 കോടി രൂപയില്‍ ആദ്യ ആറുമാസം കഴിഞ്ഞപ്പോള്‍ 1406 കോടി രൂപമാത്രമേ വിവിധ വകുപ്പുകള്‍ ചെലവഴിച്ചിട്ടുള്ളു എന്നുപറയുന്നു.

ഈ റിപ്പോര്‍ട്ട്‌ മറ്റൊരു വലിയൊരു വഞ്ചനയുടെ കണക്കും ഉദ്ധരിക്കുന്നു. സംസ്ഥാന ഖജനാവ്‌ തൊട്ടുമുന്‍പ്‌ ഭരിച്ച യുഡിഎഫ്‌ മന്ത്രിമാര്‍ കട്ടും തിന്നും മുടിച്ചു എന്നാരോപിച്ച്‌ വികസനത്തിനുവേണ്ടി (സംയോജിത നഗരവികസനം) ഏഷ്യന്‍ ബാങ്കില്‍നിന്ന്‌ വായ്പയെടുത്തേതീരു എന്നു ശഠിച്ച ധനമന്ത്രി തോമസ്‌ ഐസക്കിന്റെയും മുഖ്യമന്ത്രി അറിയാതെ വായ്പാകരാറില്‍ ഒപ്പിടാന്‍ അനുവദിച്ച പാലൊളി മുഹമ്മദ്‌ കുട്ടിയുടെയും പിന്നെ ചില ഉദ്യോഗസ്ഥരുടെയും സത്യാവസ്ഥയാണത്‌. വായ്പയെടുത്ത തുക വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞില്ല എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

എന്നുമാത്രമല്ല, കേന്ദ്രം പല പദ്ധതികള്‍ക്ക്‌ തിരിച്ചടവില്ലാതെ അനുവദിച്ച തുകപോലും ഒരു വകുപ്പും ക്രിയാത്മകമായി, ജനക്ഷേമപരമായി വിനിയോഗിച്ചിട്ടില്ല.

ഓര്‍ക്കുക കൃഷിമന്ത്രി മുല്ലക്കര രത്നാകരനും ധനമന്ത്രി ഡോ. തോമസ്‌ ഐസക്കും തമ്മില്‍ കഴിഞ്ഞമാസം നടന്ന തര്‍ക്കം. കാര്‍ഷികമേഖലയിലെ വികസനങ്ങള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ധനമന്ത്രി തുക അനുവദിക്കുന്നില്ല എന്നായിരുന്നു മുല്ലക്കര രത്നാകരന്റെ വെളിപ്പെടുത്തല്‍. അന്ന്‌ ഈ പ്രശ്നത്തില്‍ തോമസ്‌ ഐസക്‌ സ്വീകരിച്ച പ്രതിലോമകരമായ നിലപാടിനെ ഈ പംക്തിയിലൂടെ ഞങ്ങള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കഴിവുകേടിന്റെ സൗമത്യയാണ്‌ മുല്ലക്കര രത്നാകരനെന്ന്‌ ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കാര്‍ഷികോത്പാദന വര്‍ധനവിനുള്ള 26.84 കോടി രൂപയില്‍ 52 ലക്ഷം രൂപമാത്രമാണ്‌ ഒക്ടോബര്‍ മാസംവരെ ചെലവഴിച്ചിട്ടുള്ളത്‌. കാര്‍ഷികപദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുനല്‍കിയ 29.12 കോടി രൂപയില്‍ ഇതുവരെ ചെലവഴിച്ചത്‌ 2.27 കോടി മാത്രം. ഇങ്ങനെ നീളുന്നു മുല്ലക്കര രത്നാകരന്‍ എന്ന മന്ത്രിയുടെ കഴിവുകേടിന്റെ കണക്കുകള്‍.

അന്ന്‌ മുല്ലക്കരയ്ക്കൊപ്പം ധനമന്ത്രിയെ വിമര്‍ശിക്കാനും കേരളീയരെ മുട്ടയും പാലും കോഴിയിറച്ചിയും തീറ്റിക്കാനും മറ്റൊരു വിപ്ലവ വായാടിയുണ്ടായിരുന്നു - സി. ദിവാകരന്‍. മൃഗസംരക്ഷണവും 'അങ്ങോരുടെ കീഴിലാണ്‌'. ക്ഷീരോത്പാദന പ്രവര്‍ത്തനങ്ങള്‍ക്ക്‌ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചത്‌ 58.85 കോടി രൂപയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ വരെ ചെലവഴിച്ചത്‌ 6.94 കോടിമാത്രം. ഇതേ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്‌ 2.81 കോടി രൂപ. ചെലവഴിച്ചത്‌ 8.34 കോടി രൂപ. പഞ്ചഗവ്യം എന്ന വിശിഷ്ടവസ്തുവില്‍ പശുവിന്റെ മൂത്രം കൂടി ഉള്‍പ്പെടുന്നുണ്ട്‌. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഗോമൂത്രം കുടിച്ചാല്‍പോരെ എന്ന്‌ ദിവാകരന്‍ ചോദിക്കാതിരുന്നത്‌ അദ്ദേഹത്തിന്റെ വിനയം കൊണ്ടല്ല മറിച്ച്‌ പഞ്ചഗവ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരക്കേടുകൊണ്ടാണ്‌...

ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ചപ്പോഴും എസ്‌എടി ആശുപത്രിയില്‍ നവജാതശിശുക്കള്‍ മരിച്ചപ്പോഴും ഡോക്ടര്‍മാരുടെ സമരം മൂലം രോഗികള്‍ വലഞ്ഞപ്പോഴും പട്ടുസാരി ഉടുത്തുവിലസിയ ശ്രീമതിയുടെ പ്രകടനം ഇവരെക്കാളൊക്കെ 'മികച്ച'താണ്‌. സംസ്ഥാന ബജറ്റില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുനീക്കിവച്ച 94.64 കോടിയില്‍ ചെലവഴിച്ചത്‌ 31.21 കോടി. സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നീക്കിവച്ച 85.77 കോടി രൂപയില്‍ ചെലവഴിച്ചത്‌ 2.35 കോടിമാത്രം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച്‌ 208 കോടിയില്‍ ചെലവഴിച്ചത്‌ 58.10 കോടി.

അഴിമതിയാരോപണങ്ങളില്‍നിന്ന്‌ മുക്തനായും വാര്‍ത്തകളില്‍ നിറയാതെയും നില്‍ക്കുന്ന വ്യക്തിയാണ്‌ മന്ത്രി എം.കെ. പ്രേമചന്ദ്രന്‍. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അദ്ദേഹം എടുത്ത നിലപാട്‌ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ സഹായകമാകുകയും ചെയ്തു. അപ്പോള്‍ കേരളം കരുതിയത്‌ കാര്യക്ഷമതയുള്ള മന്ത്രിയാണ്‌ പ്രേമചന്ദ്രന്‍ എന്നാണ്‌. എന്നാല്‍ അദ്ദേഹവും ഈ കള്ളക്കൂട്ടങ്ങളില്‍ ഒരാളാണെന്ന്‌ സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ജലവിഭവശേഷിക്ക്‌ നീക്കിവച്ച 1195 കോടിയില്‍ ഒക്ടോബര്‍വരെ ചെലവഴിച്ചത്‌ 391 കോടി. 100 ശതമാനം സഹായമായി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍നിന്ന്‌ അനുവദിച്ച 75 കോടിയില്‍ ചെലവിട്ടത്‌ 31.86 കോടി. കുടിവെള്ള വിതരണം അടക്കമുള്ള വിവിധ പദ്ധതിക്ക്‌ എഡിബിയില്‍ നിന്ന്‌ കടംകൊണ്ട 1862.14 കോടി രൂപയില്‍ ചെലവഴിച്ചത്‌ 279 കോടി. കടം വാങ്ങിയ മുഴുവന്‍ തുകയ്ക്കും സര്‍ക്കാര്‍ പലിശകൊടുത്തുകൊണ്ടിരിക്കുമ്പോഴാണ്‌ പ്രേമചന്ദ്രന്റെ ഈ വെള്ളം ചേര്‍ക്കല്‍.

നിത്യവും വെള്ളയുടുത്ത്‌ മുടിയും മീശയും കറുപ്പിച്ച്‌ സിനിമാ നടന്മാരെ വെല്ലുന്ന രീതിയില്‍ ചാനലുകളുടെ മുമ്പില്‍ അവതരിക്കുന്ന ഈ പുംഗവന്മാരെ ഇങ്ങനെ വച്ചുവാഴിക്കുന്ന അച്യുതാനന്ദനെയും കേരളത്തിലെ ചിന്തിക്കുന്ന ജനങ്ങളെയും വേണ്ടേ കുറ്റം പറയാന്‍. ആവര്‍ത്തിക്കട്ടെ, ഒരു ജനതക്ക്‌ അവര്‍ അര്‍ഹിക്കുന്ന ഭരണനേതൃത്വത്തെ ലഭിക്കും. ഭരിച്ചുമുടിക്കാന്‍ ഇത്തരം ചില വിപ്ലവകോമരങ്ങളെ തെരഞ്ഞെടുത്തവര്‍ ഇതും ഇതിലപ്പുറവം അനുഭവിച്ചേതീരൂ.

0 comments :