Thursday, January 24, 2008

ധീരവും മാതൃകാപരമായ വിധി; എങ്കിലും...

രണ്ടാം മാറാട്‌ കേസിലെ 27 പ്രതികള്‍ക്ക്‌ കഠിനവ്യവസ്ഥകളോടെയാണെങ്കിലും ജാമ്യം അനുവദിച്ച ഹൈക്കോടി ജസ്റ്റിസ്‌ ആര്‍. ബസന്തിന്റെ വിധി ധീരവും മാതൃകാപരവുമാണ്‌. രോഗികളും വൃദ്ധരുമായ, പ്രതികളെന്ന്‌ ആരോപിക്കപ്പെടുന്നവര്‍ കഴിഞ്ഞ നാലരവര്‍ഷമായി വിചാരണ തടവുകാരായി കഴിയുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷയെ സര്‍ക്കാരും ബിജെപി നേതൃത്വവും പോലീസ്‌ ഡിപ്പാര്‍ട്ട്മെന്റും ഒരുപോലെ എതിര്‍ക്കുകയായിരുന്നു. ഇവര്‍ക്ക്‌ ജാമ്യം അനുവദിച്ച കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തില്‍ വന്‍ പൊട്ടിത്തെറികളുണ്ടാകും എന്നായിരുന്നു സര്‍ക്കാര്‍ അടക്കമുള്ളവര്‍ വാദിച്ചത്‌. എന്നാല്‍ തങ്ങളുടെ വാദങ്ങള്‍ സാധൂകരിക്കാനുള്ള തെളിവുകള്‍ സര്‍ക്കാരിന്റെ കൈയിലോ പ്രോസിക്യൂഷന്റെ പക്കലോ ഉണ്ടായിരുന്നില്ല. ബിജെപി നേതാക്കള്‍ പറഞ്ഞിരുന്ന എതിര്‍പ്പിന്റെ വചനങ്ങള്‍ അതേപോലെ ആവര്‍ത്തിക്കുക മാത്രമാണ്‌ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ വിഭാഗം ചെയ്തത്‌. ഈ വാദം തള്ളിക്കൊണ്ട്‌ അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്‌ അടക്കമുള്ള പ്രതിഭാഗം അഭിഭാഷകരുടെ വാദം അംഗീകരിച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ രണ്ടാം മാറാട്‌ കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ചത്‌.

പോലീസും സര്‍ക്കാരും പ്രോസിക്യൂഷനും ബിജെപിയും മുന്നോട്ടുവച്ച ഭീഷണിയുടെ വാദമുഖങ്ങളില്‍ അല്‍പ്പം കഴമ്പുണ്ട്‌ എന്നുകരുതിയാവണം കഠിനമായ വ്യവസ്ഥകള്‍ ജാമ്യം അനുവദിച്ചപ്പോള്‍ കോടതി ഏര്‍പ്പെടുത്തിയതെന്ന്‌ തോന്നുന്നു. ഇത്‌ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. കാരണം മുംബൈ കലാപവുമായി ബന്ധപ്പെട്ട്‌ ടാഡാ കേസില്‍ പ്രതിയായ സഞ്ജയ്‌ ദത്തിന്‌ ജാമ്യത്തിന്റെ ബലത്തില്‍ അമേരിക്കവരെ പോകാന്‍ അനുവാദം ലഭിച്ചപ്പോള്‍ ഈ പ്രതികള്‍ക്ക്‌ കോടതിയുടെ മൂന്നു കിലോമീറ്റര്‍ പരിധിക്കുപുറത്ത്‌ പോകാന്‍ അനുവാദമില്ലാത്തത്‌ അസ്വീകാര്യമായ ഘടകവും മനുഷ്യാവകാശത്തിന്മേലുള്ള അനാവശ്യമായ കടന്നുകയറ്റവുമാണ്‌.

ഈ കേസിന്റെ വിചാരണവേളയില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെ തന്നെയും മുഖംമൂടി അഴിഞ്ഞുവീഴുന്നതും കണ്ടു. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മാറാട്‌ കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ പിണറായി വിജയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കോഴിക്കോട്‌ കലക്ടറേറ്റിലേക്കും മാര്‍ച്ച്‌ നടത്തിയത്‌ ആരും മറന്നിട്ടില്ല. അന്ന്‌ മാറാട്‌ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 10,000 രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചപ്പോള്‍ അത്‌ വാങ്ങരുതെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഏറ്റവും 15,000 രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കുമെന്ന്‌ വാഗ്ദാനം ചെയ്തതും വിസ്മൃതിയിലായിട്ടില്ല. മാത്രമല്ല, കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ സേലം ജയിലില്‍ തടവിലായിരുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക്‌ ആന്റണി സര്‍ക്കാര്‍ പരോള്‍ അനുവദിക്കാതിരുന്നപ്പോള്‍ അതിനെതിരെ കേരളമാകെ നടന്ന്‌ പ്രസ്താവനകള്‍ ഇറക്കുകയും പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തവരാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍.

അവര്‍ അധികാരത്തിലെത്തിയപ്പോള്‍ തീര്‍ച്ചയായും വിചാരണതടവുകാര്‍ക്ക്‌ ജാമ്യവും കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക്‌ കൂടുതല്‍ നഷ്ടപരിഹാരത്തുകയും ലഭിക്കുമെന്നാണ്‌ പൊതുവേ എല്ലാവരും കരുതിയിരുന്നത്‌. എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ ജനാധിപത്യ പൗരാവകാശ നിയമങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും വിസ്മരിച്ച്‌ അധികാരഗര്‍വിന്റെ ഭാഷയില്‍ ഈ പ്രതികളുടെ ജാമ്യാവകാശം നിഷ്ക്കരുണം നിര്‍ദാക്ഷണ്യം തള്ളുകയായിരുന്നു ഇവര്‍.

അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ ആന്റണി ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നില്ല എന്നോര്‍ക്കണം. പരോള്‍ നല്‍കുന്നതിനെയാണ്‌ എതിര്‍ത്തത്‌. എന്നാല്‍ മനുഷ്യാവകാശസംരക്ഷണത്തിന്റെ ചാമ്പ്യന്മാരെന്നവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഭരണവും മാറാട്‌ കേസിലെ പ്രതികളെന്നാരോപിക്കപ്പെട്ട, വൃദ്ധരും രോഗികളുമായവരുടെ അര്‍ഹതപ്പെട്ട അവകാശമാണ്‌ നിഷേധിച്ചത്‌. ഈ നിഷേധത്തിന്‌ കോടതി നല്‍കിയ പ്രഹരമായിരുന്നു ഇന്നലത്തെ വിധി.

കോടതിയും സര്‍ക്കാരും ഒത്തുകളിച്ചുവെന്നും പ്രതികളും സര്‍ക്കാരും ഒന്നിച്ചുച്ചേര്‍ന്നുവെന്നുമുള്ള പി.കെ. കൃഷ്ണദാസിന്റെ ആരോപണം തികച്ചും വര്‍ഗീയവും വിവരക്കേടുമാണെന്ന്‌ പറയാതെ തരമില്ല. ഒന്നാം മാറാട്‌ കേസിലെ പ്രതികള്‍ ജാമ്യം തേടി പുറത്തുവിലസുമ്പോള്‍ രണ്ടാം മാറാട്‌ കേസിലെ പ്രതികളായ മുസ്ലീങ്ങള്‍ക്ക്‌ ജാമ്യം അനുവദിക്കരുത്‌ എന്നു പറയുന്നത്‌ മാന്യമായ രാഷ്ട്രീയ നിലപാടല്ല. അബ്ദുന്നാസര്‍ മഅ്ദനിക്ക്‌ പരോള്‍ അനുവദിച്ചാല്‍ പ്രശ്നമുണ്ടാകുമെന്ന്‌ പറഞ്ഞവരുടെ കൂട്ടത്തില്‍ ബിജെപി നേതാക്കളുമുണ്ടായിരുന്നു.

ഇത്തവണ ജാമ്യം അനുവദിക്കുന്ന പ്രശ്നം വന്നപ്പോഴും ഇവര്‍ ഈ വാദഗതിയില്‍ തന്നെ ഉറച്ചുനിന്നിരുന്നു. എന്നാല്‍ ഒരു പുല്‍ക്കൊടിപോലും അതിന്റെ പേരില്‍ ഇവിടെ അഗ്നിക്കിരയായിട്ടില്ല. ഇതേ അനുഭവം തന്നെയായിരിക്കും ഇപ്പോള്‍ ജാമ്യം അനുവദിച്ചതുകൊണ്ട്‌ ഉണ്ടാകാന്‍ പോകുന്നത്‌.

ഏതായാലും സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകള്‍ വകവയ്ക്കാതെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവര്‍ക്ക്‌ ജാമ്യം അനുവദിച്ച ജസ്റ്റിസ്‌ ആര്‍. ബസന്തിനെയും ഹൈക്കോടതിയേയും ഹാര്‍ദ്ദമായി, കേരളത്തിലെ എല്ലാ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും വേണ്ടി, കേരളത്തില്‍ മനുഷ്യാവകാശ ധ്വംസനം അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞങ്ങള്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കട്ടെ!

0 comments :