കടലാസില്‍ തട്ടി കല്ലും മുടന്തുന്നു!
'പുലി വരുന്നേ... പുലി വരുന്നേ...' എന്നു പറഞ്ഞ് വെറുതെ കൊതിപ്പിച്ചിട്ട് ഇപ്പൊ എന്തായി?
'സ്മാര്‍ട്ട് സിറ്റി'യെന്ന മഹാസംഭവം ഇപ്പോഴും ഇട്ട കല്ലിനപ്പുറം ഒരിഞ്ചുപോലും മുന്നോട്ടില്ലാതെ കല്ലിച്ചു കിടക്കുന്നു!
കേരളത്തിലെ ഇടനാട്, മലനാട്, തീരനാട് എന്നീ നാടുകളിലെ മണ്ണിനു പൊതുവായുള്ള ചില നടപ്പുദീനങ്ങളാണ് സ്മാര്‍ട്ട് സിറ്റി കല്ലിനെയും ബാധിച്ചിരിക്കുന്നതത്രെ!
എവിടെ കല്ലിട്ടാലും കുറെയേറെക്കാലം കല്ല് അവിടെത്തന്നെ കിടക്കും. നൂറു രൂപ കൊണ്ടു പണി തീര്‍ക്കാമെന്നും പറഞ്ഞ് കല്ലിട്ടാല്‍ നൂറുകോടിയുണ്ടായാലും പണിതീരാത്തത്ര കാലത്തോളം കല്ലവിടെ കിടക്കും!
സ്മാര്‍ട്ട് സിറ്റിക്കു കല്ലിട്ടപ്പോള്‍ കേരളാ മുഖ്യമന്ത്രിക്കൊപ്പം കൂട്ടിനൊരു അറബി ഇക്കയും ഉണ്ടായിരുന്നതിനാല്‍ ഈ കല്ലെങ്കിലും ഗതിപിടിക്കും എന്നൊരു മോഹമുണ്ടായിരുന്നു. അതും വ്യാമോഹമാണെന്ന ലക്ഷ്യമാണ് കാണുന്നത്.
ടീക്കോം കമ്പനിക്ക് പാട്ടവ്യവസ്ഥയില്‍ ഭൂമി കൈമാറിയെങ്കിലും ഇതുവരെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
സ്റ്റാമ്പ് ഡ്യൂട്ടി, ഫീസ് ഇനങ്ങളില്‍ 12 കോടി രൂപ ടീക്കോം നല്‍കണമെന്ന കല്ലില്‍ തട്ടിയാണിപ്പോള്‍ സ്മാര്‍ട്ട് സിറ്റി മുടന്തുന്നത്!
പ്രത്യേക സാമ്പത്തിക മേഖലയായതിനാല്‍ പന്ത്രണ്ടു കോടി പോയിട്ട് ഒരു നയാപൈസപോലും സ്റ്റാമ്പ് ഡ്യൂട്ടി നല്‍കില്ലെന്നാണ് അറബി ഇക്ക പറയുന്നത്.
ഇനിയെന്തു വേണ്ടൂവെന്നറിയാന്‍ ജില്ലാ കളക്ടര്‍ തിരുവനന്തപുരത്തേക്കയച്ച കത്താണെങ്കില്‍ പോയ വഴി പോയി, യാതൊരു വിവരവുമില്ല!
ഇനി കോട്ടയം സമ്മേളനം കഴിഞ്ഞിട്ടു വേണം സെക്രട്ടറിയേറ്റിലെവിടെയെങ്കിലും തപ്പി ആ കത്ത് ഒന്നു പൊടിതട്ടിയെടുക്കാന്‍!
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട്ടിലെ സര്‍ക്കാരും ഉദ്യോഗസ്ഥരും കാട്ടുന്ന ശുഷ്കാന്തി ഒന്നു നോക്കുക, തമിഴന്റെ ശുഷ്കാന്തിയുടെ നൂറിലൊന്നു കാന്തി നമ്മുടെ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ വെറും നിസാര കാര്യങ്ങള്‍ പറഞ്ഞ് സ്മാര്‍ട്ട് സിറ്റി ഇങ്ങനെ കല്ലിച്ചു പോവുമായിരുന്നോ?
കേരളം പണിതുയര്‍ത്താന്‍ തമിഴന്മാരും തെലുങ്കന്മാരും ബംഗാളികളും ഒക്കെയാവാമെങ്കില്‍ കേരളം ഭരിക്കാനും അവിടന്നാരെയെങ്കിലും കൊണ്ടു വരാവുന്നതല്ലെ!
നോക്കൂ, ജയലളിത പണിയൊന്നുമില്ലാതെ വെറുതെയിരിപ്പാണ്. ഒരവസരം ആയമ്മക്ക് നല്‍കി നോക്കിയാലോ...
0 comments :
Post a Comment