Thursday, January 3, 2008

പുതുവത്സരപ്പിറവി പീഡനപര്‍വ്വമാകുമ്പോള്‍

പുതുവര്‍ഷത്തെ ഹര്‍ഷാരവത്തോടെ സ്വീകരിക്കാന്‍ മദ്യം അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത്‌ ലോകമെമ്പാടും പതിവുള്ള സംഗതിയാണ്‌. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഈ പുതുലഹരി ആസ്വദിച്ച്‌ തെരുവുകളില്‍ ആട്ടവും പാട്ടുമായി നീങ്ങുന്ന വിദേശിയരെ അനുകരിച്ച്‌ ഇന്ത്യയിലും ഈ കലാപരിപാടി ഓരോവര്‍ഷവും 'പൂര്‍വ്വാധികം ഭംഗിയായി ഇന്ത്യയിലെ യുവാക്കളും കൊണ്ടാടാറുണ്ട്‌.

എന്നാല്‍ വിദേശികളെ ഇക്കാര്യമുള്‍പ്പെടെ പലതിലും പച്ചയായി അനുകരിക്കുന്ന നമ്മുടെ യുവാക്കള്‍ പാശ്ചാത്യനാട്ടുകാര്‍ അവിടുത്തെ സ്ത്രീളോട്‌ പുലര്‍ത്തുന്ന മാന്യത അനുകരിക്കാന്‍ പലപ്പോഴും തയ്യാറാകുന്നില്ല. അതുകൊണ്ടാണ്‌ പീഡനവും പെണ്‍വാണിഭവും അനുദിനം നടക്കുന്നതും വാര്‍ത്തയാകുന്നതും.

ഈ പുതുവര്‍ഷപ്പുലരി ശ്രദ്ധേയമായത്‌ വികസനത്തിന്റെ കാര്യത്തില്‍ പ്രത്യേക നേട്ടങ്ങള്‍ കൊയ്തിട്ടുള്ള മൂന്ന്‌ പട്ടണങ്ങളില്‍ നടന്ന സ്ത്രീപീഡനത്തിന്റെ പേരിലാണ്‌.

പെണ്‍വാണിഭം നിത്യസംഭവമായ കേരളത്തിലെ ഫോര്‍ട്ട്‌ കൊച്ചിയില്‍ ലഹരി ബാധിതനായ ഒരു പതിനാറുകാരനാണ്‌ പീഡകനായത്‌. കുടുംബാംഗങ്ങളോടൊപ്പം ഫോര്‍ട്ട്കൊച്ചിയിലെ പുതുവര്‍ഷ പരിപാടികള്‍ ആസ്വദിക്കാനെത്തിയ വിദേശിയായ ഒരു കൗമാരക്കാരിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. പോലീസിന്റെ മൂക്കിനു കീഴിലായിരുന്നു സംഭവം.

മുബൈയില്‍ 70 പേരടങ്ങുന്ന ഒരു സംഘമാണ്‌ രണ്ട്‌ യുവതികള്‍ക്ക്‌ മേല്‍ ചാടിവീണ്‌ അവരെ വിവസ്ത്രരാക്കിയതും പുതുവര്‍ഷം ആഘോഷമായി കൊണ്ടാടിയതും.

തലസ്ഥാന നഗരിയില്‍ ഡല്‍ഹി പോലീസിന്റെയും റെയില്‍വെ സുരക്ഷാഉദ്യോഗസ്ഥരുടെയും സംരക്ഷണത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി ലാലുപ്രസാദ്‌ യാദവിന്റെ രണ്ട്‌ പുത്രന്മാരാണ്‌ അഴിഞ്ഞാടിയതും മെഹ്‌റൗളിക്കടുത്ത്‌ ഒരു ഫാംഹൗസില്‍ നടന്നിരുന്ന പുതുവര്‍ഷപാര്‍ട്ടിയില്‍ കയറിയതും അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളോട്‌ അപമര്യാദയായി പെരുമാറിയതും.

ഇത്രയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട വാര്‍ത്തകള്‍. മാന്യതയും മാനക്കേടും ഓര്‍ത്ത്‌ പല പീഡിതരും അനുഭവങ്ങള്‍ വാര്‍ത്താലേഖകരെ അറിയിക്കാതിരുന്നതുകൊണ്ട്‌ പീഡകവര്‍ഗ്ഗത്തിന്റെ തനിനിറം നാം അറിയുന്നില്ലെന്നേയുള്ളൂ.

എന്തുകൊണ്ടാണ്‌ ഇന്ത്യയിലെ ചെറുപ്പക്കാര്‍ ഇങ്ങനെ സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറുന്നത്‌?

ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങിയിരുന്നാല്‍ ഇങ്ങനെ സംഭവിക്കുകയില്ല എന്ന ന്യായം നിരത്തുന്നവരാകും ഭൂരിപക്ഷവും. അപ്പോഴും കുറ്റം പെണ്‍വര്‍ഗ്ഗത്തിന്‌! ആണ്‍വര്‍ഗ്ഗം ചെയ്ത തോന്ന്യാസത്തിന്‌ പരോക്ഷമായ പിന്തുണ!!

ഇന്ത്യക്കാരന്റെ അധമമായ ലൈംഗിക സദാചാരബോധമാണ്‌ സ്ത്രീ ദര്‍ശനത്തില്‍ തന്നെ പൊട്ടിത്തെറിക്കുന്ന ബീജസംഭരണികളാക്കി പുരുഷന്മാരെ മാറ്റിയിട്ടുള്ളത്‌. ലൈംഗീകതയോട്‌ ആരോഗ്യപരമായ സമീപനം പുലര്‍ത്താനുള്ള ശിക്ഷണമില്ലായ്മയാണ്‌ ഇതിന്‌ കാരണം. ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍നിന്ന്‌ തുടങ്ങി വിദ്യാലയങ്ങളിലൂടെ വ്യക്തികളില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഈ സംഭവങ്ങള്‍ കൈ ചൂണ്ടുന്നത്‌.

പ്രൈമറി സ്കൂള്‍ തലം മുതല്‍ ലൈംഗികവിദ്യാഭ്യാസം ആരംഭിക്കണമെന്ന സാമൂഹിക-മനശാസ്ത്രകാരന്മാരുടെ വിവേകപൂര്‍ണ്ണമായ നിര്‍ദ്ദേശത്തെ കണ്ണടച്ച്‌ തള്ളാനാണ്‌ ഇന്ത്യയിലെ മുതിര്‍ന്ന തലമുറയ്ക്ക്‌ ഇപ്പോഴും വ്യഗ്രത. ഇക്കാര്യത്തില്‍ സാക്ഷരരെന്നു പറയുന്ന കേരളീയരുടെ നിലപാടും വ്യത്യസ്ഥമല്ല. അനാവശ്യമായ പാപബോധം ലൈംഗികതയുടെ കാര്യത്തില്‍ വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കുന്ന മത നേതൃത്വവും യുവജനങ്ങളുടെ ഈ വഴിവിട്ട പെരുമാറ്റരീതിക്ക്‌ വളം വയ്ക്കുന്നു എന്ന യാഥാര്‍ത്ഥ്യവും കാണാതിരുന്നുകൂടാ. അമ്മയും പെങ്ങളും സ്ത്രീയാണെന്ന്‌ തിരിച്ചറിയുന്ന അതേ വിശുദ്ധ ബോധത്തോടും വിവേകമുള്ള മിഴികളോടും മറ്റ്‌ സ്ത്രീകളെയും കാണാന്‍ ശ്രമിക്കുമ്പോള്‍ മാത്രമെ ദര്‍ശനമാത്രയിലുള്ള ഈ പൊട്ടിത്തെറികള്‍ ഇല്ലതാകുകയുള്ളൂ.

അതിനുള്ള സാഹചര്യമൊരുക്കാന്‍ ലൈംഗികതയോടുള്ള തങ്ങളുടെ മാനസിക നിലപാടിലും സമീപനങ്ങളിലും വിശ്വാസപ്രമാണങ്ങളിലും മാറ്റം വരുത്താന്‍ മുതിര്‍ന്ന തലമുറ തയ്യാറായേ തീരൂ.

0 comments :