Monday, January 7, 2008

ദാരിദ്ര്യം ചിതറിച്ചു ദൂരെക്കളയുക!

ഭൂമധ്യരേഖപോലെതന്നെയാണ്‌ ദാരിദ്ര്യരേഖയും. ഭൂമധ്യരേഖകൊണ്ട്‌ ഭൂമിക്ക്‌ യാതൊരുഗുണവുമില്ല എന്നതുപോലെ ദാരിദ്ര്യരേഖകൊണ്ട്‌ ദരിദ്രര്‍ക്കും യാതൊരു ഗുണവുമില്ല!

രണ്ടു രേഖകളും സാധാരണ മനുഷ്യന്മാരുടെ സാധാരണ കണ്ണുകൊണ്ട്‌ നോക്കിയാല്‍ കാണാനും പറ്റില്ല.

പത്തറുപതുകൊല്ലമായി ജനാധിപത്യവും പരമാധികാരവും ചുമന്നു നടക്കുന്ന നമ്മുടെ നാട്ടില്‍ ഓരോദിവസം ചെല്ലുന്തോറും ദരിദ്രന്മാര്‍ കൂടിക്കൂടിയാണ്‌ വരുന്നത്‌.

ദാരിദ്ര്യരേഖയുടെ താഴേക്ക്‌ കേരളത്തില്‍ മാത്രം പുതുതായി പത്തുലക്ഷത്തോളം കുടുംബങ്ങളെ കൂടി കുടിയിരുത്തിയതായി മന്ത്രി പാലൊളി അറിയിച്ചത്‌ കഴിഞ്ഞ ദിവസമാണ്‌.

കൂടുതല്‍പേരെ ദാരിദ്രരേഖയ്ക്ക്‌ താഴെ തറടിക്കറ്റില്‍ ഇരുത്തിയത്‌ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ആനുകൂല്യമാണെന്ന്‌ മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നുവത്രെ!

വികസന സൂചിക ഉയര്‍ന്നുയര്‍ന്നുപോകുന്നുവെന്ന്‌ ഒരു വശത്ത്‌ കൊട്ടിഘോഷിക്കുമ്പോള്‍ പത്തറുപത്കൊല്ലംകൊണ്ട്‌ പത്തുപേരെയെങ്കിലും ഈ രേഖയ്ക്ക്‌ മുകളില്‍ കൊണ്ടുചെന്നിരുത്തിയെങ്കില്‍ 'നേട്ടം' എന്നഭിമാനിക്കാമായിരുന്നു. പത്തുലക്ഷം പേരെ രേഖയ്ക്കു താഴെയാക്കിയത്‌ എങ്ങനെയാണ്‌ നേട്ടമാകുന്നതെന്ന്‌ തല്‍ക്കാലം പാലൊളിയോടുതന്നെ ചോദിക്കണം!

ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവരുടെ ലിസ്റ്റ്‌ (ബി.പി.എല്‍) ഇനി രണ്ടായി തിരിക്കും. ദരിദ്രര്‍, അതി ദരിദ്രര്‍ എന്നിങ്ങനെയാണ്‌ രണ്ടാക്കുന്നത്‌!

കുറച്ചുനാളുകൂടി കഴിഞ്ഞ്‌ അത്‌ വീണ്ടും രണ്ടാക്കേണ്ടി വന്നേക്കാം...
പടുദരിദ്രര്‍ കൊടും ദരിദ്രര്‍ എന്നിങ്ങനെയാകാം ആ തരംതിരിക്കല്‍.

ഉദാരവല്‍ക്കരണ സുവര്‍ണകാലം തുടങ്ങും മുമ്പ്‌ എല്ലാ പൗരന്മാര്‍ക്കും ഒരേതരം റേഷന്‍കാര്‍ഡായിരുന്നു നിലനിന്നിരുന്നത്‌. അക്കാലത്ത്‌ അരിവില, പഞ്ചസാരവില, ഗോതമ്പുവില, മണ്ണെണ്ണവില തുടങ്ങിയതിന്‌ സര്‍ക്കാര്‍ വിലകൂട്ടിയാല്‍ പൗരന്മാര്‍ ഒന്നിച്ചായിരുന്നു സമരം.

അക്കാലത്ത അരി കിലോ ഒന്നിന്‌, കൂടിയാല്‍ കാല്‍ രൂപയായിരുന്നു വര്‍ധന. നാട്ടുകാര്‍ സമരംചെയ്ത്‌ അതില്‍ പത്തുപൈസയയെങ്കിലും കുറപ്പിക്കും.

റേഷന്‍കാര്‍ഡ്‌ രണ്ടായതോടെ ബി.പി.എല്‍ എന്നൊരുജാതി പൗരന്മാര്‍കൂടി ഉണ്ടായി. അരിവില കൂടിയാല്‍ ഈ താഴ്‌ന്ന ജാതിക്കാര്‍ പേരിനൊരു സമരം നടത്തുന്ന സ്ഥിതിയായി. കിലോ ഒന്നിന്‌ രണ്ടും മൂന്നും രൂപ കൂടിയാലും സമരം ചെയ്താല്‍ പത്തോ പതിനഞ്ചോ പൈസയേ കുറയുവെന്നായി!

റേഷന്‍ കാര്‍ഡിപ്പോള്‍ മൂന്നുതരമായി തിരിയും. സമരം മൂന്നിലൊന്നായി സംഹരിക്കപ്പെടും. ഇനി നാടന്‍ സായിപ്പുമാരും ചിതറിച്ചുതന്നെ ഭരിക്കും, പൗരന്മാരെ നൂറുതരമാക്കും.

3 comments :

  1. Unknown said...

    വാസ്തവം ഞാന്‍ പതിവായി വായിക്കുന്നുണ്ട് . എന്നാല്‍ ആരും തന്നെ ഇവിടെ യാതൊരു അഭിപ്രായങ്ങളും എഴുതിക്കാണാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു . വളരെ സാമൂഹ്യപ്രസക്തിയുള്ളതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ കാര്യങ്ങളുമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് . എന്നിട്ടും എന്താണ് ഇങ്ങിനെ സംഭവിക്കുന്നത് ? ഗൌരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും താല്പര്യമില്ല എന്നത് തന്നെയാവുമോ ? ഏതായാലും വാസ്തവം ടീം ഈ ചരിത്ര ദൌത്യം ഏറ്റെടുത്ത് തുടരുക എന്ന് ആശംസിക്കുന്നു .
    ഓ.ടോ.
    (Word Verification ഒഴിവാക്കുന്നത് ഉപകാരമായിരിക്കും)

  2. കാവലാന്‍ said...

    "സ്വന്തം ബുദ്ധിയില്‍ വിശ്വാസമില്ലാതെ , ശാസ്ത്രീയമായി കുറച്ചു പശുക്കളേയോ,ആടുകളേയോ,കോഴികളേയോ,വളര്‍ത്താതെ ...ആത്മഹത്യ നടത്താന്‍ നടക്കുന്നവനെ ആട്ടിപ്പിടിച്ച് മനശ്ശാസ്ത്രചികിത്സ നല്‍കുക. എന്നിട്ടും ഗുണം പിടിക്കുന്നില്ലെങ്കില്‍ ആ കര്‍ഷകനു ദയാവധം അനുവദിക്കുക.സുഖമായി മരിക്കാനുള്ള മരുന്നുകള്‍ സര്‍ക്കാര്‍ സൌജന്യമായി നല്‍കുക."

    സ്വന്തമായി ഒരുതുണ്ടുഭൂമിയില്ലാത്ത നെല്‍ക്കര്‍ഷകന്‍ എന്തുചെയ്യണമെന്ന് ഒരു പുതു ചിന്ത പറഞ്ഞതാണിത്.
    എന്റെ "ചിറ്റാനിനെല്ലു പത്തു പറ കൃഷിചെയ്താല്‍" എന്ന കുറിപ്പിനു കമന്റായിട്ട്.

    ദരിദ്രര്‍ എന്നൊരു വിഭാഗത്തെക്കുറിച്ച് അവര്‍ക്കുപോലും അത്ര ഉത്കണ്ടയില്ല.
    അറിയാമോ? എല്ലാ ദരിദ്രന്മാരും കൂടി ഒന്നാത്മഹത്യ ചെയ്തുതന്നിരുന്നെങ്കില്‍ നാടെന്നേ നന്നായേനെ എന്നാണു ചോരത്തിളപ്പുള്ളവര്‍ ആലോചിക്കുന്നത്.ഇവറ്റകളുടെ പിടച്ചിലിന്റെ ഫോട്ടോയ്ക്കും,ആക്രനാദങ്ങള്‍ക്കും,
    പിന്നെ ഇതിനെക്കുറിച്ചുള്ള കവിതകള്‍ക്കും,സാഹിത്യത്തിനും നല്ലമാര്‍ക്കറ്റുണ്ട് കമ്പോളത്തില്‍.
    ആട്ടിപ്പിടിച്ചു കിഡ്നിയെടുത്തു വിറ്റാത്തന്നെ എന്താകാശ്? ദരിദ്രനെന്തിനാ രണ്ടു കിഡ്നി?....കണ്ണുനീര്‍...

  3. ഒരു “ദേശാഭിമാനി” said...

    ഇത്തരം വിഷയങ്ങള്‍ വളരെ ഹൃദയവേദനയോടെ കണ്ട് മനസ്സു മുരടിച്ചു തുടങ്ങീ! ക്രിയാത്മകമായി എന്തുകൊണ്ടു നമ്മുടെ സാധാരണക്കാരും അതില്‍ താഴെയുള്ളവരും ചിന്തിക്കുന്നില്ല? ഇതെ ആശയം കൊണ്ടു ഇന്നലെ ഞാന്‍ ഒരു ബ്ലോഗു എഴുതിയിരുന്നു. ഇവിടെ