Tuesday, January 15, 2008

കഴിഞ്ഞത്‌ ധൂര്‍ത്തിന്റെ മാമാങ്കം

48-ാ‍മത്‌ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ കൊടിയിറങ്ങിയപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞ കോഴിക്കോടിന്‌ ആഹ്ലാദം. ഒന്നാം സ്ഥാനം പ്രതീക്ഷിച്ച ആതിഥേയ ജില്ലയുള്‍പ്പെടെ പലര്‍ക്കും നിരാശത.

അഞ്ചുദിവസം നീണ്ടുനിന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവം അവസാനിച്ചപ്പോള്‍ നേട്ടങ്ങളുടെ പട്ടികയില്‍ ചില പേരുകള്‍ ചേര്‍ക്കപ്പെട്ടെങ്കിലും കലാകേരളത്തിന്‌ പൊതുവേയും കേരളത്തിന്‌ പ്രത്യേകിച്ചും ഈ മേളകൊണ്ട്‌ എന്തു നേട്ടമാണുണ്ടായത്‌?

ഇത്തവണ ചാനലുകള്‍ അവരുടെ സ്റ്റുഡിയോകള്‍ പ്രധാനവേദിക്കുസമീപം സ്ഥാപിച്ച്‌ കലോത്സവത്തെ മറ്റൊരു മാമാങ്കമാക്കിയത്‌ ഒഴിച്ചുനിര്‍ത്തിയാല്‍ മികവിന്റെ എന്തു സ്ഫുരണങ്ങളാണ്‌ ഉണ്ടായതെന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും. വിജയികളെ തിളക്കം കുറച്ച്‌ കാണിക്കാനല്ല ഈ പറഞ്ഞത്‌. അപ്പോഴും ആശാസ്യമല്ലാത്ത പലതും ഇത്തവണത്തെ മേളയിലും അരങ്ങേറിയെന്ന തിരിച്ചറിവാണ്‌ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.

സമ്പന്നവിഭാഗത്തിന്റെ മാത്രം കുത്തകയായി സ്കൂള്‍ കലാമേള അധഃപതിച്ചിട്ട്‌ വര്‍ഷങ്ങളായി. സിദ്ധിക്കും സാധനയ്ക്കും അപ്പുറം സമ്പത്തിന്റെ സ്വാധീനമാണ്‌ പല രംഗത്തും പ്രകടമായത്‌. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ ഓരോ ഐറ്റത്തിലുമുണ്ടായ അപ്പീലുകള്‍. കഴിഞ്ഞവര്‍ഷം വരെ അപ്പീലിന്‌ 500 രൂപയായിരുന്നു ഫീസ്‌. ഇത്തവണ അത്‌ 5000 ആയി ഉയര്‍ത്തിയിട്ടും അപ്പീലുകള്‍ക്ക്‌ കുറവുണ്ടായില്ല. എന്നു മാത്രമല്ല, ഈ അപ്പീലുകള്‍ കാരണം പല മത്സരങ്ങളുടെയും നടത്തിപ്പ്‌ ക്രമംതെറ്റുന്നതും മണിക്കൂറുകള്‍ക്കുമുന്‍പ്‌ ചമയമണിഞ്ഞിരിക്കേണ്ടിവന്നതുകൊണ്ട്‌ മത്സരാര്‍ഥികള്‍ ബോധംകെട്ടുവീഴുന്നതും കൊല്ലത്ത്‌ കണ്ടു.

കേരളത്തിലെ ഏറ്റവും മികച്ച വിധികര്‍ത്താക്കളെയാണ്‌ സ്കൂള്‍ കലോത്സവത്തിന്‌ ഏര്‍പ്പെടുത്തുന്നത്‌. ഇവരുടെ വിധിനിര്‍ണയത്തെയാണ്‌ മത്സരാര്‍ഥികളും അവരുടെ അധ്യാപകരും മാതാപിതാക്കളും വെല്ലുവിളിക്കുന്നത്‌. ഈ വെല്ലുവിളിക്ക്‌ തീര്‍പ്പുകല്‍പ്പിക്കുന്നതാകട്ടെ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും. ഏതായാലും കലോത്സവത്തില്‍ വിധികര്‍ത്താക്കളായി നിയോഗിക്കപ്പെടുന്നവരേക്കാള്‍ മികവുള്ളവരായിരിക്കില്ല ഇവരാരുംതന്നെ. എന്നിട്ടും അപ്പീലുകള്‍ അനുവദിക്കപ്പെടുന്നത്‌ ഈ രംഗത്തുനടക്കുന്ന അനാശാസ്യമായ ഒരു പ്രവണതയാണ്‌ വ്യക്തമാക്കുന്നത്‌. വിധികര്‍ത്താക്കള്‍ പക്ഷപാദിത്വപരമായി ചിലപ്പോഴെങ്കിലും മാര്‍ക്കിടാറുണ്ട്‌ എന്ന യാഥാര്‍ത്ഥ്യം കാണാതെയല്ല ഈ പറയുന്നത്‌. ഈ അനാശാസ്യപ്രവണതയാണ്‌ കലോത്സവ മത്സരങ്ങളെ യുദ്ധക്കളമാക്കി മാറ്റുന്നതും അനാവശ്യ മത്സരങ്ങളും വാക്കേറ്റങ്ങളും സൃഷ്ടിക്കുന്നതും സമയനിഷ്ഠ തെറ്റിക്കുന്നതും.

ഈ സത്യം അറിഞ്ഞിട്ടും അതനുസരിച്ചുള്ള സംവിധാനം ഒരുക്കത്തക്കവണ്ണം മാന്വല്‍ പരിഷ്ക്കരിക്കാത്ത വിദ്യാഭ്യാസവകുപ്പ്‌ തന്നെയാണ്‌ ഇക്കാര്യത്തില്‍ പ്രാഥമികമായും കുറ്റക്കാര്‍. മാന്വല്‍ പരിഷ്ക്കരണത്തെക്കുറിച്ച്‌ എല്ലാ കലോത്സവവേളകളിലും വിദ്യാഭ്യാസ മന്ത്രിമാര്‍ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉത്തരവാദിത്തത്തോടെ ഇതുവരെ ആരും പ്രശ്നത്തെ സമീപിച്ചിട്ടില്ല. തന്മൂലം സമ്പന്നന്മാരുടെയും അവരുടെ സ്വാധീനശക്തികളുടെയും വിരല്‍ത്തുമ്പിലാണ്‌ ഇപ്പോഴും കലോത്സവ മത്സര വിധിയെഴുത്തുകള്‍.

നൃത്തവിഭാഗത്തില്‍ ആഹാര്യം (ഉടുത്തുകെട്ട്‌) എന്ന ഘടകത്തിന്‌ പ്രാധാന്യമുണ്ട്‌. അതാകട്ടെ മത്സരത്തിനല്ലാതെ അവതരിപ്പിക്കുമ്പോള്‍ മാത്രം കണക്കിലെടുക്കേണ്ട ഘടകമാണ്‌. ആഹാര്യത്തിനും അണിഞ്ഞൊരുങ്ങലിനുമാണ്‌ പതിനായിരങ്ങള്‍ ഇപ്പോള്‍ ചെലവാക്കേണ്ടിവരുന്നത്‌. ഈ ഘടകത്തിനുനല്‍കുന്ന അമിതപ്രാധാന്യം ഒഴിവാക്കിയാല്‍ സിദ്ധിയും സാധനയുമുള്ള സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും കലോത്സവ മത്സരങ്ങളില്‍ മാറ്റുരയ്ക്കാനും മികവ്‌ തെളിയിക്കാനും അവസരം ലഭിക്കും.

ആഹാര്യമുള്‍പ്പെടെയുള്ള അണിഞ്ഞൊരുങ്ങലിനുവേണ്ടി വാദിക്കുന്നവരെ തല്‍ക്കാലം അവഗണിക്കുകയാണ്‌ വേണ്ടത്‌. കാരണം കലാമണ്ഡലത്തില്‍ നൃത്തയിനങ്ങള്‍ അഭ്യസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ചുരിദാറാണ്‌ ധരിക്കുന്നത്‌. ചുരിദാര്‍ ധരിച്ച്‌ ഇവര്‍ നൃത്തം ചെയ്യുന്നതുകൊണ്ട്‌ ലാസ്യ-താണ്ഡവ ഭാവങ്ങളൊന്നും നഷ്ടപ്പെടുന്നില്ല. അതേസമയം, വ്യക്തിയുടെ മികവ്‌ കുറെക്കൂടി വ്യക്തമായി മനസിലാക്കാന്‍ സാധിക്കുകയും ചെയ്യും. അതുകൊണ്ട്‌ നൃത്തയിനങ്ങളില്‍ ആഹാര്യത്തിനുനല്‍കുന്ന അനാവശ്യമായ പ്രാധാന്യം ഒഴിവാക്കിയേതീരൂ.

കലാരംഗം മുന്‍പും സമ്പന്നന്റെയും മാടമ്പിയുടെയും കുത്തകയായിരുന്നു. ആ വൃത്തികെട്ട പാരമ്പര്യം ഈ ജനാധിപത്യയുഗത്തിലും സ്കൂള്‍തലം മുതല്‍ നടപ്പിലാക്കുമ്പോള്‍ ബന്ധപ്പെട്ടവരുടെ മനസ്സിലിരുപ്പ്‌ വ്യക്തം.

കായികരംഗത്തേക്ക്‌ കണ്ണോടിക്കുക. കേരളത്തിന്‌ അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ എക്കാലത്തും സൃഷ്ടിച്ചിട്ടുള്ളത്‌ സമ്പന്ന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളല്ല. ദാരിദ്ര്യത്തെയും പ്രതികൂല സാഹചര്യങ്ങളെയും ഇച്ഛാശക്തികൊണ്ടും കഠിനപ്രയത്നം കൊണ്ടും എതിര്‍ത്തുതോല്‍പ്പിച്ചവരാണ്‌ അവരെല്ലാം. അതേ മാനസികഭാവവും അതേ ഉത്കര്‍ഷേച്ഛയുമുള്ള കുട്ടികള്‍ കലാരംഗത്തുമുണ്ട്‌. അവര്‍ക്ക്‌ കൂടി മികവ്‌ പരിശോധിക്കാന്‍ അവസരം നല്‍കാത്ത കാലത്തോളം സ്കൂള്‍ കലോത്സവം എന്നത്‌ ന്യൂനപക്ഷത്തിന്റെ സമ്പദ്പ്രദര്‍ശനത്തിനുള്ള വേദിമാത്രമാണ്‌.

ഈ വര്‍ഷത്തോടെ സ്കൂള്‍ കലോത്സവം അവസാനിക്കുകയാണ്‌. അടുത്തവര്‍ഷം മുതല്‍ വി.എച്ച്‌.എസ്‌.ഇ, പ്ലസ്ടു വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയാവും കലോത്സവം സംഘടിപ്പിക്കുക എന്നാണ്‌ വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തല്‍. മന്ത്രിയായ നിമിഷം മുതല്‍ വിദ്യാഭ്യാസവകുപ്പ്‌ കുളമാക്കിയ വ്യക്തിയാണ്‌ ബേബി. രണ്ടാം മുണ്ടശ്ശേരി എന്നവകാശപ്പെട്ട്‌ അദ്ദേഹം കൊണ്ടുവന്ന നിയമനിര്‍മാണങ്ങള്‍ ഉപരിവിദ്യാഭ്യാസ മേഖലയെ എങ്ങനെ സാധാരണക്കാരില്‍നിന്ന്‌ അകറ്റി നിര്‍ത്തിയെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. ഹീനമായ ആ ലക്ഷ്യംതന്നെയാണ്‌ കലോത്സവം ഏകീകരിക്കുന്നതിലൂടെ ബേബി നടപ്പിലാക്കാന്‍ പോകുന്നത്‌. സ്കൂള്‍ കലോത്സവം നേരെചൊവ്വേ നടത്തിക്കൊണ്ടുപോകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ്‌ പരിഷ്ക്കാരം എന്ന പേരില്‍ കുളമാക്കലിന്റെ പുതിയ തന്ത്രവുമായി അദ്ദേഹം അവതരിച്ചിട്ടുള്ളത്‌.

എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ സാധാരണക്കാരുടെ കുട്ടികള്‍ക്ക്‌ സാമ്പത്തികഭാരമില്ലാതെ കലാമികവ്‌ തെളിയിക്കാനും മത്സരിക്കാനുമുള്ള അവസരം ലഭിക്കാത്ത കാലത്തോളം ഇത്തരം കലാമേളകള്‍ എതിര്‍ക്കപ്പെടേണ്ടതാണ്‌. അവയുടെ മാന്വല്‍ പരിഷ്ക്കരിച്ച്‌ നടപ്പിലാക്കിയില്ലെങ്കില്‍ നടത്താന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്‌. കാരണം ഒരു മുറ്റത്ത്‌ രണ്ടു കച്ചവടം അംഗീകരിക്കാന്‍ കഴിയുകയില്ലല്ലോ.

0 comments :