Thursday, January 10, 2008

ഇനി ഒരു ജന്മമുണ്ടെങ്കില്‍ സിപിഐക്കാരനായി ജനിക്കണം

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, 1964ല്‍ പിളര്‍ന്നത്‌ അന്ന്‌ നേതൃസ്ഥാനത്തിരുന്നവരെ വലതുപക്ഷ വ്യതിയാനം മൂലമായിരുന്നു. ഈ വലതുപക്ഷ വ്യതിയാനക്കാരുടെ കേരളത്തിലെ നേതാക്കള്‍ പക്ഷേ ആദര്‍ശത്തിന്റെയും അര്‍പ്പണത്തിന്റെയും സമഷ്ടിബോധത്തിന്റെയും കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളുടെയും സമാനതകളില്ലാത്ത സംരക്ഷകരും വക്താക്കളുമായിരുന്നു. സഖാക്കളായ എം.എന്‍. ഗോവിന്ദന്‍നായര്‍, ടി.വി. തോമസ്‌, സി. അച്യുതമേനോന്‍, പി.എസ്‌. ശ്രീനിവാസന്‍, പി.കെ. വാസുദേവന്‍നായര്‍ എന്നിങ്ങനെ നീളുന്നു ആ ആദര്‍ശശാലികളുടെ നിര. കേരളത്തില്‍ ഇ.എം.എസിന്റെ നേതൃത്വത്തിന്‍കീഴില്‍ വലതുപക്ഷവ്യതിയാനമില്ലാത്ത കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ്‌ അനുഭാവികളും വന്‍ശക്തിയായി വളര്‍ന്നപ്പോഴും മേല്‍ സൂചിപ്പിച്ച വ്യക്തിത്വങ്ങള്‍ ഉന്നത ശീര്‍ഷരായിത്തന്നെ അവരുടെ മരണം വരെ തുടര്‍ന്നുപോന്നു.

വിശുദ്ധവും സമ്പന്നവും അഭിമാനാര്‍ഹവുമായ ആ പാരമ്പര്യം വെളിയം ഭാര്‍ഗവന്റെ കാലത്തെത്തിയപ്പോള്‍ വെളിവുകെട്ട ധനാര്‍ത്തിയുടെ ദുര്‍ഗന്ധപൂരിതമായിത്തീര്‍ന്നു. ആ മാലിന്യത്തില്‍ നുരയ്ക്കുന്ന പുഴുക്കളായി സി. ദിവാകരനും മുല്ലക്കര രത്നാകരനും കെ.പി. രാജേന്ദ്രനും ബിനോയ്‌ വിശ്വവുമൊക്കെ നിറഞ്ഞാടുമ്പോള്‍ കോടികളാണ്‌ പാര്‍ട്ടിഫണ്ട്‌ എന്ന പേരിലും പാര്‍ട്ടിപത്രം പുനഃപ്രകാശനം ചെയ്യാനുള്ള ധനസമാഹരണം എന്ന പേരിലും ഇവരുടെയെല്ലാം പോക്കറ്റിലെത്തുന്നത്‌.

നഗ്നമായ അഴിമതി നടത്തുകയും മൂലധനസമാഹരണത്തിന്റെ ഹീനമായ പാതകളില്‍ ഞെളിഞ്ഞുനടക്കുകയും മൂലധനശക്തികള്‍ക്കുമുമ്പില്‍ സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്യുമ്പോഴും കെട്ടുനാറിയ ആദര്‍ശത്തിന്റെയും വിപ്ലവവീര്യത്തിന്റെയും വായ്ത്താരി മുഴക്കാന്‍ ഈ കള്ളക്കൂട്ടങ്ങള്‍ക്ക്‌ ഉളുപ്പൊട്ടുമില്ല. വെളിയം ഭാര്‍ഗവനും പന്ന്യന്‍ രവീന്ദ്രനും കെ.ഇ. ഇസ്മായീലുമൊക്കെ അഴിമതിക്കെതിരെയും ധനസമാഹരണത്തിനെതിരെയും ചാട്ടുളികളായി വാക്കുകള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസിനുമെതിരെ പ്രയോഗിച്ചത്‌ ഇപ്പോള്‍ 'ഉള്‍പ്പുളകത്തോടെയല്ലാതെ സ്മരിക്കാന്‍' കഴിയുകയില്ല. സോഷ്യലിസത്തിന്‌ പ്രസക്തി നഷ്ടപ്പെട്ടുവെന്നും മുതലാളിത്തത്തിനാണ്‌ ഇന്ന്‌ ഇന്ത്യയില്‍ പ്രയോഗസാധ്യതയെന്നുമൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയില്‍ കഴിഞ്ഞ ദിവസം ജ്യോതിബസു നടത്തിയ ഒരു പ്രസ്താവനയ്ക്കെതിരെ കെ.ഇ. ഇസ്മായേല്‍ ഉറഞ്ഞുതുള്ളിയതും ഹര്‍ഷോന്മാദത്തോടും ആത്മപ്രഹര്‍ഷത്തോടും കൂടിയേ ഓര്‍മിക്കാന്‍ കഴിയൂ.

അതിന്റെ തൊട്ടുപിന്നാലെയാണ്‌, ഏറ്റവും സൗമ്യനെന്നും മാന്യനെന്നും സുതാര്യ ജീവിതത്തിന്റെ മാതൃകയെന്നുമൊക്കെ വാഴ്ത്തിപ്പാടപ്പെട്ട ബിനോയ്‌ വിശ്വമെന്ന പെരുംകള്ളന്റെ തനിനിറം വെളിവായത്‌. സേവി മനോ മാത്യു എന്ന ലാന്റ്‌ മാഫിയാ തലവന്‌, ഇന്ന്‌ സംസ്ഥാനത്ത്‌ ജീവിച്ചിരിക്കുന്നവരുടെയും ഇനി ജനിക്കാന്‍ പോകുന്നവരുടെയും സ്വത്തായ, പരിസ്ഥിതി ദുര്‍ബല വനപ്രദേശമെന്ന്‌ നോട്ടിഫൈ ചെയ്ത പ്രദേശം വിട്ടുകൊടുത്തതിന്റെ പ്രതിഫലമെന്നോണം 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നത്‌. ഇന്നലെവരെ ഷേഡിക്യാരറ്റര്‍ എന്നും പണത്തിനുവേണ്ടി എന്തും ചെയ്യാനും പറയാനും മടിയില്ലാത്ത വ്യക്തിയെന്നും ഒക്കെയായിരുന്നു ബിനോയ്‌ വിശ്വം സേവി മനോ മാത്യുവിനെ അധിക്ഷേപിച്ചിരുന്നത്‌. സേവിയെ അറിയുകയില്ല എന്നല്ല, സേവിയെ അറിയുന്നവരെപ്പോലും അറിയില്ല എന്നായിരുന്നു നിയമസഭയില്‍പോലും ബിനോയ്‌ വിശ്വം ഗദ്ഗദത്തോടെ അവകാശപ്പെട്ടത്‌. പച്ചവെള്ളം ചവച്ചുമാത്രം കുടിക്കുന്ന പഞ്ചപാവമായ ബിനോയ്‌ വിശ്വത്തെ മെര്‍ക്കിസ്റ്റണ്‍ വിവാദത്തില്‍ വലിച്ചിഴച്ചത്‌ അന്തഃകരണമാണെന്ന്‌ കേരളത്തിലെ ഭൂരിപക്ഷം പേരും വിശ്വസിച്ചിരുന്നു. ആ വിവാദത്തില്‍നിന്ന്‌ അഗ്നിശുദ്ധിയോടെ ബിനോയ്‌ പുറത്തുവരണമെന്ന്‌ പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചനേരുകയും ചെയ്തവര്‍പോലും കേരളത്തിലുണ്ട്‌.

അവരെയെല്ലാം ഒറ്റയടിക്ക്‌ കുപ്പിയിലിറക്കുകയായിരുന്നു ഈ മാന്യനെന്ന്‌ ഇപ്പോള്‍ വ്യക്തമായി. സേവി മനോ മാത്യുവിനെ സ്വന്തം ചേംബറില്‍ വിളിച്ചുവരുത്തി ബിനോയ്‌ വിശ്വം തന്നെയാണ്‌ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഇരിക്കുന്ന സ്ഥലം ഡി-നോട്ടിഫൈ ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നുകൂടി അറിയുമ്പോഴാണ്‌ പെരുംകള്ളത്തരത്തിന്റെ ഉള്ളുകള്ളികള്‍ ബോധ്യമാവുക.

സേവി മനോ മാത്യുവും ബിനോയ്‌ വിശ്വവും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സുഹൃത്തുക്കളാണെന്ന പി.സി. ജോര്‍ജ്‌ എം.എല്‍.എയുടെ ആരോപണം 101 ശതമാനം സത്യമാണെന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.

ബിനോയ്‌ വിശ്വത്തിന്റെ ഭാര്യ ഷൈല ജോര്‍ജ്‌ മാനേജരായിട്ടുള്ള പേരൂര്‍കടയിലെ ബാങ്ക്‌ ഉദ്ഘാടനം ചെയ്ത ദിവസം തന്നെ ആറരലക്ഷത്തിലധികം രൂപ സേവി മനോ മാത്യു നിക്ഷേപിച്ചത്‌ എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയെന്ന്‌ തിരിച്ചറിയാന്‍ ഇനി കവടി നിരത്തേണ്ട. സൗത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ആ ശാഖ ഉദ്ഘാടനം ചെയ്തത്‌ ബിനോയ്‌ വിശ്വമായിരുന്നു. സേവി മനോ മാത്യുവിന്റെ അഭിഭാഷകന്‍ വിമല്‍ റോയിയുടെ പേരിലാണ്‌ അക്കൗണ്ട്‌ തുറന്നതെങ്കിലും പണം പോയത്‌ ആരുടെ പോക്കറ്റിലേക്കാണെന്ന്‌ ഇനി പറയേണ്ടതില്ല.

കഴിഞ്ഞ മൂന്നു നാലു ദശാബ്ദമായി കേരളത്തില്‍ ഇടതുപക്ഷത്തിന്‌ ഭരണം കിട്ടിയാല്‍ അഴിമതി നടക്കുന്നതിന്റെ അച്ചാരം വാങ്ങിയെടുത്തിട്ടുള്ള പാര്‍ട്ടിയാണ്‌ സിപിഐ. കഴിഞ്ഞ മന്ത്രിസഭയിലും ഈ മന്ത്രിസഭയിലും ഏറ്റവുമധികം അഴിമതിയാരോപണങ്ങള്‍ക്കും ആഢംബരഭ്രമത്തിനും വിവരക്കേടിനും ഇരയായിട്ടുള്ളത്‌ ഇവരൊക്കെത്തന്നെയാണ്‌.

ഓര്‍മയുണ്ടാകണം മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടി. കേരള ജനത രാഷ്ട്രീയ വ്യത്യാസം മറന്ന്‌ ഒരേ മനസോടെ, ജാഗ്രതയോടെ, താല്‍പ്പര്യത്തോടെയൊക്കെയാണ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്റെ ആ നടപടിക്കുപിന്നില്‍ അണിനിരന്നതും അതിനെ പ്രോല്‍സാഹിപ്പിച്ചതും. എന്നാല്‍ ജനയുഗത്തിന്റെ മറവില്‍ റിസോര്‍ട്ട്‌ മാഫിയകളില്‍നിന്നും ലാന്റ്‌ മാഫിയകളില്‍നിന്നും ടാറ്റാ എസ്റ്റേറ്റ്‌ ഉടമകളില്‍നിന്നും കോടികള്‍ കൈപ്പറ്റിയവര്‍ക്ക്‌ ഇരിക്കപ്പൊറുതിയുണ്ടായില്ല. ഇസ്മയേലിന്റെയും പന്ന്യന്‍ രവീന്ദ്രന്റെയും മൂന്നാറിലെ പ്രത്യക്ഷ സാന്നിധ്യത്തോടെ വെളിയം ഭാര്‍ഗവന്റെ റിമോര്‍ട്ട്‌ കണ്‍ട്രോളിലൂടെ ആ ദൗത്യം അവര്‍ പൊളിച്ചടുക്കി. അന്ന്‌ പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകള്‍ക്ക്‌ അഗ്നിസ്ഫുലിംഗങ്ങളേക്കാള്‍ ചൂടും നശീകരണശക്തിയുമുണ്ടായിരുന്നു.

ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും ഒരു പ്രാര്‍ത്ഥന മനസിലിപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. അതായത്‌ ഇനിയൊരു ജന്മമുണ്ടെങ്കില്‍ സിപിഐക്കാരനായി ജനിക്കണം.

കനിയുമോ ഈശ്വരന്‍ അതിന്‌.

0 comments :