Friday, January 25, 2008

ഗ്രൂപ്പ്‌ പോരിന്റെ സൈബര്‍സിറ്റി

ടൈറ്റസ്‌ കെ. വിളയില്‍
കൊച്ചി: മൂലധന സമാഹരണത്തിലെന്നപോലെ സൈബര്‍ മേഖലയിലെ സാന്നിധ്യം കൊണ്ടും ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളെ അമ്പരപ്പിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അവരുടെ ആന്തരീകഛിദ്രവും ജീര്‍ണതയും സൈബര്‍മേഖലയിലേക്കും കൂടി വ്യാപിപ്പിച്ചതിന്റെ തെളിവാണ്‌ എച്ച്‌എംടി ഭൂമി ഇടപാടും സൈബര്‍സിറ്റി കഥകളും.

യുഡിഎഫ്‌ സര്‍ക്കാര്‍ തുടക്കമിട്ട സ്മാര്‍ട്ട്സിറ്റി പദ്ധതി നിലവില്‍ കേരളീയര്‍ക്ക്‌ അനുകൂലമാക്കി സാക്ഷാത്കരിച്ചതിന്റെ പേരില്‍ വാനോളം പുകഴ്ത്തപ്പെട്ട വി.എസ്‌. അച്യുതാനന്ദന്‍ സൈബര്‍സിറ്റിയുടെ കാര്യത്തില്‍ എന്തൊക്കെയോ മറച്ചുവയ്ക്കുന്നുണ്ടെന്നും ആരെയോക്കെയോ ഭയപ്പെടുന്നുണ്ടെന്നുമാണ്‌ ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌.

സ്മാര്‍ട്ട്സിറ്റി വാഗ്ദാനം ചെയ്തതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങളുടെ പ്രലോഭനവുമായിട്ടാണ്‌ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ്‌ കളമശേരിയിലെ കണ്ണായ ഭൂമി സ്വന്തമാക്കാന്‍ നീക്കങ്ങള്‍ നടത്തിയത്‌. ഗോപി കോട്ടമുറിക്കല്‍ അടക്കമുള്ള അച്യുതാനന്ദന്‍പക്ഷക്കാര്‍ക്ക്‌ ഈ വാഗ്ദാനത്തില്‍ സംശയം തോന്നാതിരുന്നതുകൊണ്ടാണ്‌ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന്റെ സൈബര്‍സിറ്റി ബ്രോഷറും സ്ഥലമിടപാടിന്റെ ലഭിച്ച രേഖകളും അയച്ചുകൊടുത്ത്‌ വി.എസ്‌. അച്യുതാനന്ദനെ ഉദ്ഘാടനത്തിന്‌ ക്ഷണിച്ചത്‌. ഈ ഇടപാടില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ സഖാവിന്‌ യുക്തമായ തീരുമാനമെടുക്കാമെന്നും കോട്ടമുറിക്കലും ചന്ദ്രന്‍പിള്ളയും എസ്‌. ശര്‍മയും അടങ്ങുന്ന എറണാകുളത്തെ വിഎസ്‌ പക്ഷക്കാര്‍ ക്ഷണക്കത്തില്‍ അടിക്കുറിപ്പായി ചേര്‍ത്തിരുന്നു.

ലഭിച്ച വിവരങ്ങള്‍ വിശ്വസിക്കാമെങ്കില്‍ അച്യുതാനന്ദന്‍ ഉദ്ഘാടനത്തിനെത്താമെന്ന്‌ സമ്മതിച്ചൂവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഭാടം നിറഞ്ഞ ക്ഷണപത്രം തയ്യാറാക്കുകയും പത്രങ്ങള്‍ക്ക്‌ ലക്ഷക്കണക്കിന്‌ രൂപയുടെ പരസ്യം നല്‍കുകയും ചെയ്തു. 2.75 കോടി രൂപയാണ്‌ പരസ്യയിനത്തില്‍ പത്രങ്ങള്‍ക്ക്‌ നല്‍കിയതെന്നാണ്‌ വാസ്തവത്തിന്‌ ലഭിച്ച വിവരം.

അച്യുതാനന്ദന്‍ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യകാര്‍മികത്വം വഹിക്കുമെന്ന്‌ ഉറപ്പുകിട്ടിയപ്പോള്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈമാറാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഉത്സാഹം ഇരട്ടിച്ചു. എന്നാല്‍ ഇവരുടെയെല്ലാം പ്രതീക്ഷകളുടെ നെറുകയ്ക്ക്‌ പ്രഹരിക്കുകയായിരുന്നു അച്യുതാനന്ദന്റെ നിലപാട്‌. സൈബര്‍സിറ്റി ഉദ്ഘാടനത്തിന്റെ തലേദിവസമാണ്‌ താന്‍ ഇതില്‍ പങ്കെടുക്കുകയില്ലായെന്ന്‌ ബന്ധപ്പെട്ടവരെ അച്യുതാനന്ദന്‍ അറിയിച്ചത്‌.

അച്യുതാനന്ദന്റെ ഇമേജ്‌ നിലനിര്‍ത്താനുള്ള 'ഒരു വിഭാഗീയ' പ്രവര്‍ത്തനമായിരുന്നു ഇതെന്നാണ്‌ ഇപ്പോള്‍ ഔദ്യോഗികപക്ഷം പൊളിറ്റ്ബ്യൂറോയെ അറിയിച്ചിട്ടുണ്ട്‌.

ലഭിച്ച വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ എച്ച്‌എംടി ഭൂമിയിടപാടില്‍ അനധികൃതമായ പല കൈകളുടെ ഇടപെടലുകളുണ്ടെന്നും അതുകൊണ്ട്‌ ചടങ്ങില്‍ പങ്കെടുക്കരുതെന്നും എളമരം കരീമിനോടും ശര്‍മയോടും കെ.പി. രാജേന്ദ്രനോടും മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ അച്യുതാനന്ദന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആ നിര്‍ദേശം കെ.പി. രാജേന്ദ്രന്‍ അംഗീകരിച്ചപ്പോള്‍ എളമരം കരീമും അച്യുതാനന്ദന്റെ ലഫ്റ്റനന്റ്‌ എന്ന്‌ മാധ്യമസിന്‍ഡിക്കേറ്റുകള്‍ വിശേഷിപ്പിക്കുന്ന എസ്‌.ശര്‍മയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ എം.പി. ചന്ദ്രന്‍പിള്ളയും ഇവര്‍ക്കൊപ്പം ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഔദ്യോഗികപക്ഷത്തെ പ്രബലനും വ്യവസായമന്ത്രിയുമായ എളമരം കരീമിനെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു അച്യുതാനന്ദന്‍ ഈ നിലപാടുകള്‍ മാറിമാറി എടുത്തതെന്നാണ്‌ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ ഉപശാലാ സംസാരം. കൂടാതെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള കരുനീക്കങ്ങളില്‍ പിണറായി വിജയനൊപ്പം നില്‍ക്കുകയും സ്ഥാനം നിലനിര്‍ത്തുകയും വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്ത ഗോപി കോട്ടമുറിക്കല്‍ അടക്കമുള്ളവരോടുള്ള അമര്‍ഷം തീര്‍ക്കാനും അച്യുതാനന്ദന്‍ ഈ അവസരം വിനിയോഗിച്ചു എന്നാണ്‌ മാധ്യമരംഗത്തെ പൊതുസംസാരം. സൈബര്‍സിറ്റിക്കു നല്‍കിയ 70 ഏക്കര്‍ ഭൂമിയുടെ ക്രയവിക്രയ അവകാശം പൂര്‍ണമായും എച്ച്‌എംടിക്കാണെന്ന്‌ വ്യവസായമന്ത്രി എളമരം കരീം പറഞ്ഞത്‌ അസന്ദിഗ്ധമായിട്ടാണ്‌. എന്നാല്‍ ഇതേക്കുറിച്ച്‌ ആധികാരികമായി അഭിപ്രായം പറയുന്നതില്‍ നിന്ന്‌ ബോധപൂര്‍വം ഇപ്പോഴും വിട്ടുനില്‍ക്കുകയാണ്‌ കെ.പി. രാജേന്ദ്രന്‍. 1963 മുതലുള്ള രേഖകള്‍ പരിശോധിച്ചശേഷമേ കൃത്യമായി എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌.

ഭൂമി ക്രയവിക്രയത്തില്‍ അപാകങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കണമെന്നാണ്‌ ഇപ്പോള്‍ ചന്ദ്രന്‍പിള്ള പറയുന്നത്‌. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന്‌ ഉതകുന്ന ഒരു പദ്ധതിക്ക്‌ തടയിടരുത്‌ എന്നും സംസ്ഥാനത്ത്‌ മുതല്‍മുടക്കാന്‍ തയ്യാറാകുന്നവരെ പിന്തിരിപ്പിക്കരുതെന്നും കരുതി മുഖ്യമന്ത്രിയുടെ അറിവോടെയാണ്‌ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്നും എളമരം കരീം വിശദീകരിക്കുന്നു.

അതേസമയം ശര്‍മ മൗനം പുലര്‍ത്തുകയാണ്‌. അതേ നിലപാട്‌ തന്നെയാണ്‌ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളത്‌. കെ.പി. രാജേന്ദ്രന്‍ ഉരുണ്ടുകളിക്കുമ്പോള്‍ ഇപ്പോള്‍ സിപിഐയുടെ വക്താവായി വാഴ്ത്തപ്പെടുന്ന കാനം രാജേന്ദ്രന്‍ രൂക്ഷമായ പദങ്ങളുപയോഗിച്ചാണ്‌ സിപിഎമ്മിനെ കുറ്റപ്പെടുത്തിയിട്ടുള്ളത്‌. 300 കോടിയിലധികം രൂപ കൈപ്പറ്റി രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥ മേധാവികളും നടത്തിയ ഈ വഞ്ചനയ്ക്കുപിന്നില്‍ മുകളില്‍ സൂചിപ്പിച്ചതുപോലുള്ള വിഭാഗീയതയും ഗ്രൂപ്പിസവും ധനാര്‍ത്തിയുമാണ്‌ നിറഞ്ഞുനില്‍ക്കുന്നത്‌. വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ഇനി എത്രയുണ്ടായാലും ഭൂമിമാഫിയകളുടെ ഏജന്റുമാരാണ്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെയും സിപിഐയിലെയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമെന്ന്‌ മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌, എച്ച്‌എംടി സ്ഥലവില്‍പ്പന എല്ലാം തെളിയിക്കുന്നത്‌.

0 comments :