കാര്യം കാണാന്‍ സമദൂരം; ഈശ്വരന്‍ ബഹുദൂരം
എന്‍എസ്‌എസിനൊരു ന്യൂഇയര്‍ ആശങ്ക. ഈശ്വരവിശ്വാസം ഇടതു സര്‍ക്കാര്‍ ഇല്ലാതാക്കുമോ? ആശങ്കക്ക് അടിസ്ഥാനമില്ലാതില്ല. സര്‍ക്കാര്‍ ഉസ്കൂളുകള്‍, റേഷന്‍കടകള്‍ തുടങ്ങി ഒരുപാടു സംഗതികള്‍ ഇടതും വലതുമായ സര്‍ക്കാരുകള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് ഈശ്വര വിശ്വാസവും ഇല്ലാതാക്കി കളഞ്ഞേക്കാം!
ലോകബാങ്കീന്നും ഏഡീബീന്നും വായ്പയെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ ഒരുപാടു ക്ഷേമപരിപാടികള്‍ ഇല്ലാതാക്കിയേക്കാമെന്നൊരു വ്യവസ്ഥകൂടി സായ്പന്മാര്‍ ഒപ്പിടീച്ചു വാങ്ങുന്നുണ്ടത്രെ. അക്കൂട്ടത്തില്‍ ഈശ്വര വിശ്വാസം കൂടി ഇല്ലാതാക്കാമെന്ന് ഇവന്മാര്‍ ഒപ്പിട്ടുകൊടുത്തു കാണുമോ?
പണ്ടേ കമ്മ്യൂണിസ്റ്റുകാര്‍ ഈശ്വരവിരുദ്ധന്മാരാണ്. ഈശ്വരന്‍ ഉണ്ടെന്നു തെളിയിക്കാന്‍ പറ്റാത്ത പോലെതന്നെ കേരളത്തില്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാരും ഉണ്ടെന്നു തെളിയിക്കാനാവാത്ത സ്ഥിതിയാണെന്നാലും എന്‍.എസ്.എസിന് ആശങ്കപ്പെടാതെ വയ്യ! അരിപ്രശ്നമാണ്!
ഈശ്വരന്റെ കൃപയൊന്നുകൊണ്ടുമാത്രമാണ് എന്‍.എസ്.എസ്. ഇപ്പോഴും അടിപൊളിയായി നിലനില്‍ക്കുന്നത്. കേരളത്തില്‍ മേറ്റ്ല്ലാ ജാതിക്കാര്‍ക്കും സംഘടനകളുണ്ടെങ്കിലും ഒന്നും എന്‍.എസ്.എസിനോളം വരില്ല. കാശുകൊണ്ടും കാര്യപ്രാപ്തികൊണ്ടും എന്‍.എസ്.എസ്. തന്നെയാണഗ്രഗണ്യന്‍! കാര്യം കാണാന്‍ സമദൂരം; ഈശ്വരന്‍ ബഹുദൂരം. എന്നതാണ് പോളിസി.
യുഡിഎഫ് ഭരണകാലത്ത് ഈശ്വരവിശ്വാസത്തിന് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്നാലും ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ വരുമ്പോള്‍ ഈശ്വര വിശ്വാസം ഇല്ലാതാക്കുമെന്ന് പണ്ടേ മനസിലാക്കിയ മഹാനാണ് നാരായണപ്പണിക്കര്‍. അതിനാലാണ് നടേശഗുരുവിനെ കൂട്ടുപിടിച്ച് ഐക്യമുണ്ടാക്കാന്‍ നടന്നത്. നായരുപിടിച്ച പുലിവാലായിപ്പോയി ആ നായരീഴവ ഐക്യം. അത് കഷ്ടകാലം കൊണ്ടെന്നേ പറയാനാവൂ. മോരും മുതിരയും ഐക്യപ്പെടുംപോലെ ഒരുപാട് ഗ്യാസ് ട്രബിളുണ്ടാക്കി ആ ഐക്യം! നടേശഗുരു നാടുനീളെ നടന്നു നാറ്റിച്ചു; നമ്മുടെ പണിക്കരു ചേട്ടനെ!
നാടുതന്നെ ഇല്ലാതാക്കാന്‍ പറ്റിയതരം വിഭാഗീയതകള്‍, ഈശ്വര വിശ്വാസികള്‍ എന്നു നടിക്കുന്ന പൗവ്വത്തിലും പണിക്കരും നടേശഗുരുവും 'കാക്കാ'ന്മാരുടെ കാക്കത്തൊള്ളായിരം സംഘടനകളും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്ന നാട്ടില്‍നിന്നും ഈശ്വരന്‍ പണ്ടേ സ്ഥലം വിട്ടുകാണുമെന്ന ആശങ്ക മാത്രം ആര്‍ക്കുമില്ലല്ലോ ഈശ്വരാ!
കള്ള ബടുക്കൂസുകളായ ഇത്രയും ഈശ്വര സംരക്ഷകരുടെ കൂടെക്കഴിഞ്ഞിട്ടും ഇല്ലാതാവാത്ത ഈശ്വര വിശ്വാസം, പാവപ്പെട്ട മനുഷ്യരില്‍ നിന്നും ഇല്ലാതാക്കാന്‍ ഇപ്പോള്‍ നിലവിലുള്ള കമ്മ്യൂണിസ്റ്റുകാരൊന്നും പോര. പണിക്കരുചേട്ടന്‍ സമാധാനിക്ക്യ!
0 comments :
Post a Comment