Wednesday, January 2, 2008

കണക്കെടുപ്പില്‍ വെണ്ണപ്പാളിയുടെ വിമ്മിട്ടങ്ങള്‍ മാത്രം!

പോയവര്‍ഷത്തിന്റെ കഷ്ടനഷ്ടങ്ങളും വരും വര്‍ഷത്തിന്റെ പ്രതീക്ഷകളും പ്രശ്നങ്ങളും മാധ്യമങ്ങളിലെ മുഖ്യവിഷയമായി തുടരുകയാണ്‌, പുതുവര്‍ഷത്തിലെ രണ്ടാം ദിവസമായ ഇന്നും.

പക്ഷെ, തീര്‍ത്തും പക്ഷപാതപരമായാണ്‌ മുഖ്യധാരാ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ പ്രശ്നങ്ങളെ സമീപിച്ചതും അവയെ വിശകലനം ചെയ്തതുമെന്ന്‌ പറയേണ്ടിയിരിക്കുന്നു.

സമൂഹത്തെ ഏകശിലാരൂപത്തില്‍ കാണാതെ നഗരവല്‍കൃതമായ ജീവിതസാഹചര്യങ്ങളും അവിടെ അഹങ്കാരത്തോടെ വ്യാപരിക്കുന്ന വരേണ്യവര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങളും മാത്രമാണ്‌ വിലയിരുത്തലിനും വിശകലനത്തിനും വിഷയമാക്കപ്പെട്ടത്‌.

വരേണ്യവര്‍ഗ്ഗത്തിന്റെ ജീവിതരീതിയില്‍ പോയവര്‍ഷം പുലര്‍ത്തിയ സ്വാധീനവും വരുത്തിയ മാറ്റങ്ങളും വര്‍ണ്ണച്ചിത്രങ്ങളുടെയും വമ്പന്‍ പണക്കാരുടെയും അകമ്പടിയോടും അഭിപ്രായത്തോടും ഈ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയപ്പോള്‍ തമസ്കരിക്കപ്പെട്ടത്‌ കോടിക്കണക്കിനു വരുന്ന ഈ നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവസന്ധാരണ പ്രശ്നങ്ങളാണ്‌.

നഗരവല്‍കൃത ജീവിതത്തിന്റെയും സമ്പന്ന സംസ്കാരത്തിന്റെയും പാശ്ചാത്യ ഇടപെടലുകളുടെയും ഫലമായുണ്ടായ ലൈംഗിക വ്യതിയാനങ്ങളെക്കുറിച്ചും അത്‌ സ്കൂള്‍തലം മുതല്‍ വീടിന്റെ അകത്തളം വരെ വരുത്തിയ ചലനങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും അത്യുക്തിയുടെയും അതിഭാവുകത്വത്തിന്റെയും ഭാഷയുപയോഗിച്ച്‌ വര്‍ണ്ണിച്ചപ്പോള്‍ ലൈംഗികവിവേചനം മൂലം സമൂഹത്തിന്റെ അടിത്തട്ടുമുതല്‍ മേല്‍ത്തട്ടുവരെ ഏതെങ്കിലുമൊക്കെ കാരണങ്ങളാല്‍ ബന്ധപ്പെടുന്ന സാധാരണക്കാരനുഭവിക്കുന്ന തിരസ്കരണവും ചൂഷണവും ആരുടെയും വിഷയമായി തീര്‍ന്നില്ല.

വളരുന്ന നഗരങ്ങളെക്കുറിച്ചും അവ സ്മാര്‍ട്ടാകുമ്പോള്‍ സംഭവിക്കാവുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചും വിദഗ്ധര്‍തന്നെ ഉപന്യാസങ്ങളെഴുതിയപ്പോള്‍ മരിച്ചുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളെക്കുറിച്ചോ, വികസനം നഗരകേന്ദ്രീകൃതമാകുന്നതുകൊണ്ട്‌ ഗ്രാമീണരനുഭവിക്കുന്ന വിവേചനത്തെക്കുറിച്ചോ കഷ്ടപ്പാടുകളെക്കുറിച്ചോ ഒരു വരിയെങ്കിലും എഴുതാന്‍ ഈ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്‌ മനസും സമയവും ഇല്ലാതെ പോയി. ഐടി ബന്ധിത ഭാവിയെക്കുറിച്ചും അവ സൃഷ്ടിക്കുന്ന പുതിയ ലോകത്തെക്കുറിച്ചും വര്‍ണ്ണശബളമായ വാക്കുകളും ചിത്രങ്ങളും പകര്‍ത്തിവച്ചവര്‍ക്ക്‌ ചെറുകിട ഉല്‍പ്പാദന മേഖലകളിലേക്ക്‌ കുത്തകകള്‍ കടന്നുകയറുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന വ്യതിയാനങ്ങളും വ്യത്യാസങ്ങളും കാണാന്‍ കണ്ണില്ലാതെ പോയി.

വിദ്യാഭ്യാസമേഖലയുടെ വളര്‍ച്ചയില്‍ വരേണ്യവര്‍ഗ്ഗവും നഗരസമൂഹങ്ങളും കയ്യടക്കിയ നേട്ടങ്ങളെക്കുറിച്ച്‌ വാഴ്ത്തിപ്പാടിയപ്പോള്‍ ഇരുന്ന്‌ പഠിക്കാന്‍ ബലമുള്ള ബഞ്ചുകളോ സുരക്ഷിതമായ കെട്ടിടങ്ങളോ അത്യാവശ്യത്തിനുപോലും സാനിട്ടേഷന്‍ സൗകര്യങ്ങളോ ഇല്ലാത്ത, സാധാരണക്കാരന്റെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന ഇടിഞ്ഞുപൊളിഞ്ഞ്‌ വീഴാറായ സ്കൂളുകളെ ബോധപൂര്‍വ്വം വിസ്മരിച്ചു.

ആരോഗ്യമേഖലയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളും സംവിധാനങ്ങളും വരുത്തിയ വികസനവും നാനോ ടെക്നോളജി മൂലം സൃഷ്ടിക്കപ്പെട്ട ഏറ്റവും മുന്തിയ ചികിത്സാ രീതികളെക്കുറിച്ചും ഖണ്ഡികകള്‍ എഴുതിത്തള്ളിയപ്പോള്‍ ചിക്കുന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്ക്‌ ഇരയാകുന്ന, അങ്ങനെ ഇരയാക്കപ്പെടുമ്പോള്‍ ആവശ്യത്തിന്‌ ചികിത്സ കിട്ടാതെ പോകുന്ന കോടിക്കണക്കിന്‌ മനുഷ്യര്‍ വിസ്മൃതരാകുകയും ചെയ്യും.

പാശ്ചാത്യ-ചൈനീസ്‌ ഭക്ഷണരീതികള്‍ ഈ വെണ്ണപ്പാളിയില്‍ സൃഷ്ടിച്ചിട്ടുള്ള സ്വാധീനം മൂലം സംജാതമായിട്ടുള്ള ജീവിത സാഹചര്യരോഗങ്ങളെക്കുറിച്ചും അവയുടെ നിവാരണത്തെക്കുറിച്ചും ഇന്റര്‍നെറ്റ്‌ പരതി ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ച്‌ വിശകലനങ്ങള്‍ പടച്ചുവിട്ടവര്‍ പക്ഷെ മൂന്ന്‌ നേരം തികച്ച്‌, അത്യാവശ്യം പോഷകാഹാരം കിട്ടാതെ അധ്വാനിക്കുന്ന സാധാരണക്കാരെ ബോധപൂര്‍വ്വം അവരുടെ സര്‍വ്വേകളില്‍നിന്നും കാഴ്ചപ്പാടുകളില്‍നിന്നും ഒഴിവാക്കിനിര്‍ത്തി.

ഇങ്ങനെ തീര്‍ത്തും പക്ഷപാതപരവും പ്രതിഷേധാര്‍ഹവും സമൂഹത്തിലെ ഭൂരിപക്ഷത്തെയും തമസ്കരിക്കുന്നതുമായ കണക്കെടുപ്പുകളാണ്‌ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്‌. ഇത്‌ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും വൈജാത്യവും വര്‍ദ്ധിപ്പിക്കാന്‍ മാത്രമെ സഹായകമാവുകയുള്ളൂ. എന്നാല്‍ ഒരു പ്രകൃതി ദുരന്തമുണ്ടായാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ വിസ്മരിച്ച ഭൂരിപക്ഷത്തിനൊപ്പം, വിശകലനത്തിന്‌ വിധേയരാക്കിയ ന്യൂനപക്ഷ വരേണ്യവര്‍ഗ്ഗവും ഇരകളായിത്തീരുമെന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കുക. മനുഷ്യനെന്നാല്‍ സമൂഹത്തിലെ വെണ്ണപ്പാളിയോ സമ്പന്ന വിഭാഗമോ അല്ലെന്നും തിരിച്ചറിയുക. അതിന്‌ മനസുകാട്ടിയില്ലെങ്കില്‍, മാധ്യമ പ്രചാരണത്തിലൂടെയുള്ള ഈ വിവേചന പ്രക്രിയ ഇങ്ങനെ തുടര്‍ന്നാല്‍ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നവര്‍ അവരുടേതായ രീതയില്‍ സംഘടിതരാകുകയും മുതലെടുപ്പിന്റെ ശക്തികള്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്യും. ഈ വര്‍ഗ്ഗസമരത്തിന്‌ പിന്‍ബലവും നേതൃത്വവും നല്‍കാനെത്തുന്നവരെ മാവോയിസ്റ്റുകളെന്നുവിളിച്ച്‌ അധിക്ഷേപിച്ചിട്ടോ അറസ്റ്റുചെയ്ത്‌ ജയിലിലടച്ചിട്ടോ കാര്യമുണ്ടാവുകയില്ല.

0 comments :