SPIRIT OF THE SPIRIT
'സ്പിരിറ്റ്' ഉണ്ടാക്കുന്ന 'സ്പിരിറ്റ്' അതു കുടിച്ചുനോക്കിയവര്‍ക്കേ മനസിലാവൂ.
നാട്ടുകാര്‍ക്ക് നല്ല സ്പിരിറ്റുണ്ടാവട്ടെ എന്ന സദുദ്ദേശത്തിലാണ് കാലങ്ങളായി സര്‍ക്കാരും ഉദ്യോഗസ്ഥരും നേതാക്കളും കേരളത്തില്‍ സ്പിരിറ്റ് സുലഭമാക്കാന്‍ യത്നിച്ചുവരുന്നത്.
നിങ്ങള്‍ക്ക് നല്ല ശരീരം വേദനയുണ്ടെന്നു കരുതുക. മയ്യലാവുമ്പോള്‍ അല്‍പ്പം സ്പിരിറ്റടിച്ചാല്‍ മതി. സകല വേദനയും പമ്പകടക്കും.
അതല്ല; നല്ല മനഃപ്രയാസം ഉണ്ടെന്നിരിക്കട്ടെ ഉടനെ രണ്ടെണ്ണമടിച്ചാല്‍ ആഹ്ലാദതുണ്ടിലനാവും.
അതുമല്ല 'സന്തോഷം കൊണ്ടിനിക്കിരിക്കാന്‍ വയ്യേ' എന്ന അവസ്ഥയിലാണെന്നു കരുതുക. സ്പിരിറ്റ് സമനില വീണ്ടെടുത്തുതരും. ഇങ്ങനെ വര്‍ണിക്കാന്‍ തുടങ്ങിയാല്‍ നേരം വെളുക്കുമെന്നതിനാല്‍ - അത് വിട്!
സ്പിരിറ്റ് കേസുകളുടെ അന്വേഷണത്തില്‍ ആഭ്യന്തര, എക്സൈസ് മന്ത്രിമാരും, രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്നൊരു ചോദ്യം ഉയര്‍ന്നിരിക്കുന്നു.
ചോദ്യം ന്യായാസനത്തില്‍ നിന്നാണ് ഉയര്‍ന്നിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പേരെന്താണ്? എന്നൊരു ചോദ്യംപോലെ തന്നെയാണ് ഈ ചോദ്യവും. ഉത്തരം ചോദ്യത്തില്‍തന്നെ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു!
സ്പിരിറ്റ് കേസുകള്‍ അന്വേഷിക്കാന്‍ തീരുമാനമെടുക്കുന്ന നേതാക്കന്മാരും സാറന്മാരും നല്ല സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുള്ളവരായതിനാല്‍തന്നെ കേസന്വേഷണം അട്ടിമറിക്കപ്പെടുന്നതിന് വേറെ കാരണം തേടേണ്ടതുണ്ടോ?
കുടുംബയോഗം മുതല്‍ പാര്‍ട്ടി സമ്മേളനംവരെയും, കുരിശുംതൊട്ടിമുതല്‍ കൂത്തമ്പലം വരെയും, സ്പിരിറ്റുമാഫിയ സ്പോണ്‍സര്‍ ചെയ്യുന്ന നാട്ടില്‍ ആര് ആരെ അന്വേഷിച്ചുകണ്ടുപിടിക്കാനാണ് എന്ന ചോദ്യം നിഷ്കളങ്കമായൊരു ചോദ്യമാണ്.
നേരെ ചൊവ്വേ ഒരു കാര്യവും നടക്കാത്ത നാട്ടില്‍,
നാട്ടുകാര്‍ വൈകുന്നേരം രണ്ടെണ്ണം വിട്ട് ഹോളിസ്പിരിറ്റില്‍ നടക്കുന്നത് ന്യായവും യോഗ്യവും യുക്തവുമത്രെ!
1 comments :
നല്ല പോസ്റ്റ്...
Post a Comment