ഈ (അ)ന്യായാസനങ്ങള്‍ ഇടിച്ചുനിരത്തി അവിടെ ചൊറുതണം നടണം
തിരുവനന്തപുരത്തെ ഹജൂര്‍കച്ചേരി ഇടിച്ചുനിരത്തി അവിടെ ചൊറുതണം നടണമെന്ന് സി. കേശവന്റെ ആഹ്വാനം ഇപ്പോള്‍ നമ്മുടെ ചില (അ)ന്യായാസനങ്ങള്‍ക്കുനേരെ പ്രയോഗിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.
ആഗോളീകരണത്തിന്റെ നീരാളികൈകള്‍ ഇന്ത്യയിലെ (അ)ന്യായാസനങ്ങളിലും പിടിമുറുക്കിക്കഴിഞ്ഞു എന്നാണ് കഴിഞ്ഞ കുറെനാളായി വന്നുകൊണ്ടിരിക്കുന്ന വിധികള്‍ വ്യക്തമാക്കുന്നത്. സാധാരണ പൗരന് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും നിഷേധിക്കുന്ന രീതിയിലാണ് നിയമഞ്ജര്‍ എന്ന് നാം ഒക്കെ അംഗീകരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരില്‍നിന്നും ജസ്റ്റിസ്മാരില്‍നിന്നും ഉത്തരവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മൂലധന സമാഹര്‍ത്താക്കള്‍ക്കും അവരുടെ കങ്കാണിമാര്‍ക്കും അനുകൂലമായി വിധിപ്രഖ്യാപിക്കുമ്പോള്‍ നീതി അല്ല നടപ്പിലാക്കപ്പെടുന്നതെന്നും മറിച്ച് നീതിനിഷേധമാണ് ഉത്തരവിലൂടെ നടത്തിയെടുക്കുന്നതെന്നും ഇവര്‍ അറിയുന്നില്ല എന്നു പറയുന്നത് വിഡ്ഢിത്തമായിരിക്കും. ന്യായാസനങ്ങള്‍ക്കുമുന്‍പാകെ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും കീഴ്‌വഴക്കങ്ങളുടെ ബലത്തിലുമാണ് വിധിപ്രഖ്യാപിക്കുന്നതെന്ന് ഈ ന്യായാധിപന്മാര്‍ക്ക് ന്യായീകരിക്കാന്‍ കഴിയുമെങ്കിലും അത് ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ അവകാശങ്ങള്‍ക്കുമേലുള്ള ജുഡീഷ്യല്‍ അധിനിവേശമായിട്ടാണ് അനുഭവപ്പെടുന്നത്.
ആ നികൃഷ്ടതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്)യില്‍ നിന്നുണ്ടായ അസാധാരണമായ വിധി. കുടിവെള്ള ക്ഷാമത്തെത്തുടര്‍ന്ന് റോഡ് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ക്ക് 200 രൂപ വീതം പിഴ ശിക്ഷയാണ് മജിസ്ട്രേട്ട് വിധിച്ചത്. ചെല്ലാനം പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളില്‍പെട്ട വീട്ടമ്മമാരടങ്ങിയ സമരക്കാരെയാണ് കോടതി ശിക്ഷിച്ചത്.
കുടിവെള്ളം ഇന്ത്യന്‍ പൗരന്റെ മാത്രമല്ല, ലോകത്ത് ഏതൊരാളുടെയും മൗലികാവകാശമാണ്. പൗരന്റെയും വ്യക്തിയുടെയും മൗലികാവകാശം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെയും കോടതികളുടെയും പ്രാഥമികമായ ഉത്തരവാദിത്തം. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍ക്കാരുകള്‍ ഈ അവകാശങ്ങള്‍ ലംഘിക്കുന്നത് ലോകത്തെല്ലായിടത്തും പതിവാണ്. അധികാരദുര മൂത്ത അതിജീവന രാഷ്ട്രീയക്കാര്‍ക്ക് സാധാരണ പൗരനും അവന് ഭരണഘടന സംരക്ഷണം നല്‍കുന്ന കേവല അവകാശങ്ങളും ഒരിക്കലും വിഷയമേയല്ല. വോട്ടുബാങ്കുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പലപ്പോഴും നിലപാടുകള്‍ സ്വീകരിക്കുന്നതും നിയമങ്ങള്‍ നിര്‍മിക്കുന്നതും. രാഷ്ട്രീയത്തിന്റെ വഴിവിട്ട ഈ കടന്നുകയറ്റത്തില്‍നിന്ന് പൗരനെ രക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളത് കോടതികള്‍ക്കാണ്. കോടതികളാണ് സാധാരണ പൗരന്റെ അവസാനത്തെ അത്താണി. എന്നാല്‍ അടുത്തകാലത്തായി സര്‍ക്കാരും കോടതികളും ഒരേ നിലപാട് സ്വീകരിച്ച് പൗരന്മാരെ പീഡിപ്പിക്കുന്നതില്‍ ഒരുതരം വികൃതമായ ആനന്ദം അനുഭവിക്കുന്നില്ലേ എന്നാണ് അനുഭവങ്ങളില്‍നിന്നുയരുന്ന സന്ദേഹം.
കുടിവെള്ളത്തിനുവേണ്ടി ചെല്ലാനം ഉള്‍പ്പെടെയുള്ള ദ്വീപ് നിവാസികള്‍ പ്രക്ഷോഭം ആരംഭിച്ചിട്ട് ദശാബ്ദങ്ങളായി. നിവേദനങ്ങളും സമാധാനപരമായ സമരങ്ങളുമായി സമയം നഷ്ടപ്പെടുത്തിയതല്ലാതെ അവരുടെ അവസ്ഥയ്ക്ക് തെല്ലെങ്കിലും പുരോഗതിയുണ്ടാക്കാന്‍ ഈ ജനകീയമുന്നേറ്റങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. അപ്പോഴും അധികാരത്തിന്റെ സുഖം നുകര്‍ന്ന് രാഷ്ട്രീയ നേതാക്കളും മതപുരോഹിതന്മാരും മറ്റ് പ്രമാണിമാരും ബാര്‍ജുകളില്‍ വെള്ളമെത്തിച്ച് കുതിരകൂര്‍ക്കരി ദ്വീപുപോലുള്ള സ്ഥലങ്ങളില്‍ മഴനൃത്തം സൃഷ്ടിച്ച് സന്ധ്യകള്‍ ലഹരിയില്‍ മുക്കിക്കൊല്ലുകയായിരുന്നു. ഇന്നും നഗരത്തിലെ സമ്പന്ന വിഭാഗത്തിന്റെ സ്വിമ്മിംഗ് പൂളുകള്‍ക്ക് കുളിര്‍മ നല്‍കുന്നത് ജില്ലയിലെ സാധാരണക്കാര്‍ക്ക് അവകാശപ്പെട്ട കുടിവെള്ളമാണ്. ഇങ്ങനെ ഒരുവശത്ത് സ്വാധീനമുള്ളവരും സമ്പന്നരും പ്രകൃതിയുടെ കനിവിനെ ക്രൂരമായി ചൂഷണം ചെയ്ത് അവരുടെ നൈമിഷിക സുഖാസ്വാദനം അഭംഗുരം തുടരുമ്പോള്‍ കുടിനീരില്ലാതെ തൊണ്ടവരണ്ട് വിഷമിക്കുകയാണ് ചെല്ലാനംപോലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍.
രാഷ്ട്രീയക്കാരുടെയും ഭരണകൂടത്തിന്റെയും ന്യായാസനങ്ങളുടെയും വാഗ്ദാനങ്ങളും നിര്‍ദേശങ്ങളും ഉത്തരവുകളും സ്വീകരിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന നാളുകളില്‍ തങ്ങള്‍ അതിനീചമായ രീതിയില്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവിലാണ് റോഡ് ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് ദ്വീപ് നിവാസികള്‍ തയ്യാറായത്. ഇതാകട്ടെ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കുമുകളിലുള്ള കടന്നുകയറ്റമായിരുന്നില്ല മറിച്ച് തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ഏറ്റവും അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും പൊതുജനങ്ങളെ ധരിപ്പിച്ച് അവരുടെ കൂടെ സഹകരണത്തോടെ അവ നേടിയെടുക്കാനുള്ള ശ്രമം മാത്രമായിരുന്നു. പക്ഷേ ഈ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്‍തുറക്കാന്‍ എന്തുകൊണ്ടോ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക്, മുന്നില്‍ അവതരിപ്പിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ കഴിയാതെ പോയിരിക്കുന്നു. കുടിവെള്ളം അടക്കമുള്ള പ്രശ്നങ്ങളില്‍ പൊതുജനം അനുഭവിക്കുന്ന ദുരിതവും ദുരന്തവും കോടതികള്‍ക്ക് വ്യക്തമാകാന്‍ ഇതുവരെ നടന്ന പ്രക്ഷോഭങ്ങള്‍ തെളിവല്ല എന്നു വരുന്നത് തികച്ചും പ്രതിഷേധാര്‍ഹമായ ഒരവസ്ഥ ജുഡീഷ്യല്‍ സിസ്റ്റത്തില്‍ ഇപ്പോള്‍ സംജാതമായതുകൊണ്ടാണ്.
കൊക്കക്കോള കേസിലും സ്വാശ്രയകേസിലും ഐസ്ക്രീം പാര്‍ലര്‍-കിളിരൂര്‍ കവിയൂര്‍ പെണ്‍വാണിഭ കേസുകളിലുമെല്ലാം ഇത്തരത്തിലുള്ള അവസ്ഥകള്‍ സംജാതമായത് കേരളം കണ്ടതാണ്. നീതിനിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടിയല്ല മറിച്ച് പീഡകര്‍ക്കും ചൂഷകര്‍ക്കും വേണ്ടിയാണ് ഇന്ത്യയിലെ നിയമം വ്യാഖ്യാനിക്കപ്പെടുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
കുടിവെള്ളം ജനങ്ങള്‍ക്കെത്തിക്കാത്ത സര്‍ക്കാരിനെയും സംവിധാനങ്ങളെയും ശിക്ഷിക്കാതെ കുടിവെള്ളം ലഭിക്കാത്തതുകൊണ്ട് പ്രക്ഷോഭം നടത്തിയവരെ ശിക്ഷിക്കുകയും ചെയ്യുന്ന കോടതിവിധി ഒരുവിധത്തിലും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്താണെന്ന് ഞങ്ങള്‍ കരുതുന്നില്ല. കടുത്ത അന്യായവും അനീതിയുമാണിത്. ന്യായാസനങ്ങളില്‍ നിന്ന് ലഭിക്കേണ്ടത് ന്യായവും നീതിയുമാണ്. അത് ലഭിക്കാതെവരുമ്പോള്‍ ആ സംവിധാനങ്ങളുടെ സത്യസന്ധതയെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നത് സ്വാഭാവികം. ഇത്തരം അന്യായങ്ങളാണ് വിധികളായി പുറത്തുവരുന്നതെങ്കില്‍ അത്തരം സംവിധാനങ്ങള്‍ ജനകീയമോ ജനക്ഷേമകരമോ അല്ല. അവ ഉന്മൂലനം ചെയ്യപ്പെടേണ്ടവയാണ്. ഇടിച്ചുനിരത്തി ചൊറുതണം നടാന്‍ പറ്റിയ ഇടം.
0 comments :
Post a Comment