പൊന്നുണ്ടാക്കാന്‍ കൗശലമുണ്ടേ...
'കപര്‍ദ്ദി പ്രാദുര്‍ഭ വ്യഗ്രാസായ' എന്നു വച്ചാല്‍ വയാഗ്രയല്ല, ഒന്നു വച്ചാല്‍ രണ്ടല്ല; രണ്ടു കോടിയുമല്ല, അതിലുമേറെ!
'പത്രത്തോടൊപ്പം ഒരു സംസ്ക്കാരവും പ്രചരിപ്പിക്കുന്ന' പത്രത്തിലാണ് മാനവകുലത്തെ ഒറ്റയടിക്ക് കരകയറ്റി വിടാന്‍ വേണ്ട ശേഷിയുള്ള 'കപര്‍ദ്ദി പ്രാദുര്‍ഭ വ്യഗ്രാസായ'യുടെ പരസ്യം കിടക്കുന്നത്!
വായനക്കാര്‍ക്ക് ഇമ്മീഡിയറ്റ് അപ്പോയിന്റ്മെന്റ് കിട്ടാന്‍ വേണ്ടിയുള്ള ആറാം പേജിലെ കരിയര്‍ലൈന്‍ പേജിലാണ് പരസ്യം കിടക്കുന്നത്. 'അലവലാതി' എന്ന് നാട്ടുമലയാളത്തില്‍ അര്‍ത്ഥം പറയാവുന്ന മിസ്ലേനിയസ് സബ്ടൈറ്റിലിനുകീഴെ നിങ്ങള്‍ വായിക്കൂ 'ഏറ്റവും ശക്തികൂടിയ മഹാമാന്ത്രിക ഏലസ്സ് 800 രൂപയ്ക്ക് നല്‍കുന്നു' എന്ന ഒറ്റമൂലി!
എത്ര ശ്രമിച്ചിട്ടും ധനാഭിവൃദ്ധി ഉണ്ടാകുന്നില്ലെങ്കില്‍....? നിങ്ങളുദ്ദേശിക്കുന്ന കാര്യങ്ങളൊന്നും നടക്കുന്നില്ലെങ്കില്‍....? അസ്വസ്ഥരാകേണ്ട.... ലോകത്തില്‍ ഇവിടെനിന്നു മാത്രം ലഭിക്കുന്നതും, മാന്ത്രിക ഏലസുകളിലെ ഏറ്റവും ശക്തികൂടിയതുമായ 'കപര്‍ദ്ദി പ്രാദുര്‍ഭവ്യഗ്രാസായ' ഏലസുകള്‍ ധരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക എന്നാണ് പരസ്യത്തിലൂടെ പ്രചരിപ്പിക്കുന്ന പുതിയ സംസ്ക്കാരം!
അതേ പേജില്‍തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥത്തില്‍ നിന്നും തയ്യാറാക്കുന്ന മിനിറ്റുകള്‍ക്കകം നടപടിയുണ്ടാകുന്ന ഏലസിന്റെ പരസ്യവുമുണ്ട്. പ്രതീക്ഷിക്കാത്ത ധനം കൈവരും. രോഗശാന്തി കിട്ടും. തൊഴില്‍, വിവാഹലബ്ധി എന്നിവയ്ക്കായാണ് ഏലസ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്. വില പരസ്യത്തിലില്ല.
കയ്യില്‍ കാശുള്ളവരെല്ലാവരും ഉടന്‍തന്നെ ഇതിലേതെങ്കിലും ഓരോന്ന് വാങ്ങി അരയില്‍ കെട്ടുക. കയ്യില്‍ കാശില്ലാത്ത ബിപി എല്ലും തോലും കാരെ സര്‍ക്കാര്‍ ചെലവില്‍ ഉടന്‍ ഏലസ് കെട്ടിക്കുക.
ധനമന്ത്രി തോമസ് ഐസക് രണ്ടു കയ്യിലും അരയിലും ഏലസ് ധരിക്കുക. കേരളം മിനിറ്റുകള്‍ക്കകം കാശുകാരുടെ കൂടാരമാകും!
നാട്ടുകാരായ കുഞ്ഞുകുട്ടി പരാധീനങ്ങളൊക്കെ ഏലസ് കെട്ടിക്കഴിഞ്ഞാല്‍ അരിവില കൂടിയാല്‍ പ്രശ്നമില്ല, പെട്രോള്‍ വില കൂടിയാല്‍ പ്രശ്നമില്ല. ചുരുക്കത്തില്‍ യാതൊരു പ്രശ്നവും ബാക്കിവരില്ല.
ജപ്പാന്‍കാരും ചൈനക്കാരും ഇത്തരം ഏലസുകള്‍ ധരിച്ചുതുടങ്ങിയതില്‍ പിന്നെയാണ് ആ രാജ്യങ്ങള്‍ കാശുണ്ടാക്കാന്‍ തുടങ്ങിയതെന്നാണ് രഹസ്യമായി കിട്ടിയ വാര്‍ത്ത. കൂടുതല്‍ വിവരങ്ങള്‍ക്ക് ചൈനയിലും ജപ്പാനിലുമൊക്കെ ചെന്നന്വേഷിച്ചാല്‍ മതി.
കുഞ്ചന്‍ നമ്പ്യാര്‍ പണമുണ്ടാക്കാന്‍ ഒരു കൗശലം ഉപദേശിച്ചിട്ടുണ്ട്.
'പൊന്നുണ്ടാക്കാന്‍ കൗശലമുണ്ടേ...
തൂമ്പയെടുത്തു കിളച്ചീടേണം...'
എന്നതാണാ കൗശലം!
പണിയെടുത്തു തിന്നണം എന്നതായിരുന്നു അന്നത്തെ സംസ്ക്കാരം. പത്രത്തോടൊപ്പം പ്രചരിക്കുന്ന സംസ്ക്കാരം വെറുതെയിരുന്നു തിന്നുന്ന സംസ്ക്കാരമാവരുത്!
0 comments :
Post a Comment