തീരുമാനങ്ങളുടെ ഗതികേടേ!
എല്ലാ ജനുവരി ഒന്നിനും ചെയ്യാറുള്ളതുപോലെ ഇന്നു മുതല്‍ വെള്ളമടി, ബീഡിവലി തുടങ്ങിയ തഴക്കദോഷങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച ധീരദേശാഭിമാനികള്‍ക്ക് അഭിവാദ്യങ്ങള്‍!
നടക്കാതെ പോകുന്ന തീരുമാനങ്ങള്‍ കൂടിയാണ് ലോക ചരിത്രത്തെ സമ്പന്നമാക്കുന്നത്. നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതികളെല്ലാം അതേപടിയെങ്ങാന്‍ നടപ്പിലായാലത്തെ കഥ ആലോചിച്ചല്‍ ഇക്കൊല്ലം മുഴുവനിരുന്നു പൊട്ടിപ്പൊട്ടിച്ചിരിക്കാം!
കേരളത്തിലെ ആദിവാസി ക്ഷേമത്തിനായി ഇതുവരെയുള്ള സര്‍ക്കാരുകള്‍ തീരുമാനിച്ച പരിപാടികളെല്ലാം നടപ്പിലായിരുന്നുവെന്നു വെറുതെ വിചാരിക്കുക. ഇപ്പോള്‍ ആദിവാസികളൊക്കെ 'ക്രീമീലെയറില്‍' നെഞ്ചുവിരിച്ചു നടന്നേനെ!
കേരളത്തിലെ ഗതാഗത വികസനത്തിനായി തീരുമാനിക്കപ്പെട്ട പദ്ധതികളൊക്കെ നടപ്പിലായെന്നു വെറുതെ വിചാരിക്കുക. കാലുകുത്താന്‍ സ്ഥലമില്ലാത്തത്ര റോഡുകൊണ്ടു നിറഞ്ഞേനെ കേരളം!
കേരളത്തിലെ ആരോഗ്യം സംരക്ഷിക്കാനായി തീരുമാനിച്ച പദ്ധതികളൊക്കെ നടപ്പിലായെന്നു വെറുതെ വിചാരിക്കുക. കേരളത്തിലെ കുഞ്ഞുകുട്ടി പരാധീനങ്ങളെല്ലാം ധാരാസിങ്ങുമാരായി വിലസിയേനെ!
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും എന്ന കരുണാകരന്റെ ഇന്നലത്തെ തീരുമാനം നടപ്പിലാവുമെന്നു വയ്ക്കുക. അടുത്ത ന്യൂ ഇയറില്‍ കേരളത്തില്‍ വേറൊരൊറ്റ പാര്‍ട്ടിയും മരുന്നിനുപോലും ഉണ്ടാവില്ലെന്ന ഗതി വരില്ലേ!
എല്ലാ കയ്യേറ്റങ്ങളും തടയും എന്ന ഇടതു സര്‍ക്കാരിന്റെ തീരുമാനം നടപ്പിലായെന്നു വയ്ക്കുക. അടുത്ത ന്യൂ ഇയറില്‍ കേരള കോണ്‍ഗ്രസ് മുതല്‍ കത്തോലിക്കാ കോണ്‍ഗ്രസ് വരെയും പെട്ടിക്കടമുതല്‍ ഗോകുലം പാര്‍ക്ക് വരെയും ഭൂമുഖത്തുണ്ടാവില്ലെന്ന ഗതികേടു വന്നേനെ!
ഇങ്ങനെയങ്ങു വിചാരിക്കാന്‍ പോയാല്‍ ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല. അതിനാല്‍ 'എന്തൊരു മനോഹരമായ നടക്കാത്ത സ്വപ്ന'ങ്ങള്‍, സിനിമയില്‍ പറയുമ്പോലെ.
നടന്നാലും നടന്നില്ലെങ്കിലും തീരുമാനങ്ങള്‍ എടുക്കുക. പിറന്നു വീണ വര്‍ഷത്തില്‍ ചുരുങ്ങിയത് ഒരു രണ്ടായിരത്തെട്ട് തീരുമാനങ്ങളെങ്കിലും എടുക്കുക. എട്ടെണ്ണമെങ്കിലും നടന്നു കിട്ടിയാല്‍ ഭാഗ്യമെന്നു പറയാം.
ഇന്ത്യാമഹാരാജ്യം ഭരിക്കുന്നവരുടെ തീരുമാനങ്ങള്‍ പോലും അമേരിക്കയില്‍ ഇരുന്ന് ബുഷ്... ബുഷ്... എന്ന് ചീറ്റിച്ചു കളയുന്ന ആഗോളീകരണകാലത്ത് വെള്ളമടി, ബീഡിവലി തുടങ്ങിയ തഴക്കദോഷങ്ങള്‍ നിര്‍ത്താന്‍ തീരുമാനിക്കാനുള്ള അവകാശത്തെയാണ് മനുഷ്യാവകാശം എന്നു പറയുന്നത്!
0 comments :
Post a Comment