എളമരം കരീം താങ്കള്‍ എവിടെയാണ്?
തങ്കച്ചന്റെ മരണത്തിനിടയാക്കിയ ഊരക്കാട്ട് പാറമട ദുരന്തത്തിന്റെ പേരില്‍ വ്യവസായമന്ത്രി എളമരം കരീമിനെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.
കഴിഞ്ഞ 22-ാം തീയതി കുഴൂരില്‍ പാറമട ഇടിഞ്ഞുവീണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ജില്ലാ ഭരണകൂടം ജില്ലയിലെ പാറമടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും താലൂക്കിലെ പാറമടകളുടെ പ്രവര്‍ത്തനം നിരോധിക്കുകയും ചെയ്തിരുന്നു. ഈ നടപടിയെ അട്ടിമറിച്ചത് വ്യവസായ മന്ത്രി എളമരം കരീമായിരുന്നു. കരീമിന്റെ അട്ടിമറി തങ്കച്ചനെന്ന തൊഴിലാളിയുടെ ദാരുണ മരണത്തില്‍ വിജയക്കൊടി പാറിച്ചിരിക്കയാണ്.
കൊടിവച്ച കാറില്‍ പാറിനടക്കുകയും മന്ത്രിമന്ദിരത്തിലെ സുഖശീതോഷ്ണമുറികളില്‍ ഉണ്ടുറങ്ങി കഴിയുകയും ചെയ്യുന്ന എളമരം കരീം അടക്കമുള്ള മന്ത്രിമാര്‍ക്ക് അന്നന്നത്തെ അന്നത്തിനുവേണ്ടി പെടാപാടുപെടുന്ന തൊഴിലാളികള്‍, അവര്‍ ജോലിചെയ്യുന്ന മേഖലകളില്‍ അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ച് ചിന്തിക്കാന്‍പോലും സമയം കാണുകയില്ല. കാരണം ഈ തൊഴിലാളികളെ നിഷ്ക്കരുണം ചൂഷണം ചെയ്യുന്ന മുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍, നിയമം അട്ടിമറിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എങ്ങനെ നടപ്പിലാക്കണമെന്ന് ചിന്തിച്ച് തലപുകയ്ക്കേണ്ടതുണ്ടല്ലോ....
കുഴൂരിലെ പാറമട ദുരന്തത്തെതുടര്‍ന്ന് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം നിര്‍മാണമേഖലയെ സ്തംഭിപ്പിച്ചുവെന്നാരോപിച്ച് ക്വാറി അസോസിയേഷനും ലോറി ഓണേഴ്സ് അസോസിയേഷനും പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുവന്നപ്പോള്‍ എളമരം കരീമിന്റെ മുട്ടിടിച്ചു, ഇവര്‍ക്കുമുമ്പില്‍ വ്യവസായവകുപ്പ് മുട്ടുമടക്കി. പാറമടകള്‍ക്കെതിരെ ഒരു നടപടിയും പാടില്ലായെന്ന് അങ്ങനെ എളമരം കരീം രേഖാമൂലം ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം എട്ടുമുതല്‍ ക്വാറികള്‍ 'സജീവ'മായതിന്റെ തിരിച്ചടിയാണ് തങ്കച്ചന്റെ ദുരന്തം.
വ്യവസായ വികസനവും പുരോഗതിയും കൊണ്ടുവരാന്‍ ഇത്തരം ചില നഷ്ടങ്ങള്‍ പൊതുജനങ്ങള്‍ സഹിക്കണമെന്നാണ് അങ്ങ് ബംഗാളിലെ ബുദ്ധദേവ് മുതല്‍ ഇങ്ങ് കേരളത്തിലെ എളമരം കരീം വരെയുള്ളവര്‍ ഉദ്ബോധിപ്പിക്കുന്നത്. വികസനത്തിനുവേണ്ടി കൊല്ലപ്പെടാനും കുടിയിറക്കപ്പെടാനും അതിനെതിരെ പ്രതിഷേധിച്ചാല്‍ പോലീസിന്റെയും പാര്‍ട്ടി സഖാക്കളുടെയും വെടിയേറ്റ് മരിക്കാനുമാണ് തൊഴിലാളി വര്‍ഗത്തിന്റെ ഗതിയെന്നാണ് ഈ നവലിബറല്‍ സാമ്പത്തിക ശാസ്ത്രകാരന്മാരുടെ പുതിയ മാനിഫെസ്റ്റോ. അതുകൊണ്ട് പാറമടകളില്‍ ദുരന്തമുണ്ടായാലും ആ ദുരന്തത്തില്‍ സാധുക്കളായ തൊഴിലാളികള്‍ ചതഞ്ഞരഞ്ഞു മരിച്ചാലും എളമരം കരീം കുടുങ്ങുകയില്ല. വ്യവസായ വികസനമെന്ന പാതയിലൂടെ ക്വാറിയുടമകള്‍ അടക്കമുള്ള ചൂഷകര്‍ക്കൊപ്പം കൊടിവച്ച കാറില്‍ ചീറിപ്പാഞ്ഞ് പോകുകതന്നെ ചെയ്യും.
ജില്ലയില്‍ ഏതാണ്ട് ആയിരത്തോളം പാറമടകള്‍ ഉണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്. മുന്നൂറോളം പാറമടകളുമായി ജില്ലയില്‍ ഒന്നാമത് നില്‍ക്കുന്നത് കുന്നത്തുനാട് താലൂക്കാണ്. ഊരക്കാട്ട് ഉള്‍പ്പെടെ ചെറുതും വലുതുമായ അന്‍പതോളം പാറമടകളാണ് കിഴക്കമ്പലം പഞ്ചായത്തിലുള്ളത്. ഇതില്‍ ദുരന്തം നടന്ന മട 400 അടി താഴ്ചയിലാണ്.
കുഴൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, 20 അടി താഴ്ചയുള്ള പാറമടകളും തട്ടുതട്ടായി പാറപൊട്ടിച്ചെടുക്കുന്ന ക്വാറികളും നിരോധിക്കുമെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജില്ലയില്‍ 20 അടി താഴ്ചയില്ലാത്ത ഒറ്റ മടപോലുമില്ല എന്നതാണ് സത്യം.
നിയമവും ചട്ടങ്ങളും ഏട്ടിലുറങ്ങുമ്പോള്‍ അവ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ ക്വാറി ഉടമകളില്‍നിന്ന് ആയിരവും പതിനായിരവും കൈക്കൂലി വാങ്ങി ഓഫീസുകളില്‍ സുരക്ഷിതരായി കഴിയുന്നതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് മറ്റൊരു കാരണം. ക്വാറികള്‍ നടത്തുന്നതുസംബന്ധിച്ചുള്ള സുരക്ഷാ നിയമങ്ങള്‍ ജില്ലയില്‍ എന്നല്ല കേരളത്തില്‍ ഒരിടത്തും പാലിക്കപ്പെടുന്നില്ല. കാലാകാലങ്ങളില്‍ ക്വാറികള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്ന ചട്ടവും ഇവര്‍ പാലിക്കാറില്ല. ക്വാറികളില്‍ അപകടമുണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകളും അവരില്‍ നിന്നുണ്ടാകുന്ന പ്രതിഷേധങ്ങളും ഈ ഉദ്യോഗസ്ഥര്‍ക്ക് പ്രശ്നവുമല്ല.
ഇന്ന് ജില്ലയിലേയും മറ്റ് ക്വാറികളിലും പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും അന്യസംസ്ഥാന തൊഴിലാളികളായതുകൊണ്ടുകൂടിയാണ് സുരക്ഷാ നടപടികളുടെ കാര്യത്തില്‍ ഉടമകളും ഉദ്യോഗസ്ഥരും ഈ അനാസ്ഥ പുലര്‍ത്തുന്നത്. എന്നാല്‍ ഇതിന്റെ തിരിച്ചടിയേറ്റ് ഞെരിഞ്ഞുമരിക്കുന്നത് മലയാളികളായ തൊഴിലാളികളാണ്. ഒരു ക്വാറിയിലും എത്ര തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട് എന്ന വിവരം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് നിശ്ചയം പോലുമില്ല. ഉടമകള്‍ പറയുന്നതാണ് ഇവരുടെ കണക്ക്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഓടിയെത്തി ചില പ്രഖ്യാപനങ്ങള്‍ നടത്തി മരണമടയുന്നവരുടെ ആശ്രിതര്‍ക്കും പരിക്കുപറ്റുന്നവര്‍ക്കും നഷ്ടപരിഹാരത്തുക നല്‍കി പൊതുജനങ്ങളുടെയും, ഇത്തരം അപകടം പിടിച്ച മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെയും കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടുകയാണ് ഉദ്യോഗസ്ഥര്‍.
തൊഴില്‍രംഗത്ത്, തൊഴിലാളികളുടേതല്ലാത്ത കാരണങ്ങളാലുണ്ടാകുന്ന അപകടങ്ങളില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്കും പരിക്കുപറ്റുന്നവര്‍ക്കും നഷ്ടപരിഹാരം കൊടുക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ബന്ധപ്പെട്ട മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥമൂലമുണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍പെടുന്നവര്‍ക്ക് പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് നഷ്ടപരിഹാരത്തുക നല്‍കുന്നതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. മറിച്ച് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട മന്ത്രിയില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിവേണം അപകടത്തില്‍പെടുന്നവര്‍ക്ക് നല്‍കേണ്ടത്. എങ്കില്‍ മാത്രമേ ഉത്തരവാദിത്തത്തോടെ, തൊഴിലാളി സ്നേഹത്തോടെ ജനക്ഷേമകരമായി ഇവരെല്ലാം പണിയെടുക്കുകയുള്ളൂ.
ജില്ലയിലെ ക്വാറികളില്‍നിന്ന് ഇനിയും അപകടമരണത്തിന്റെ വാര്‍ത്തകള്‍ വരാനിരിക്കുന്നതേയുള്ളൂ. അത്രയ്ക്ക് സ്ഫോടനാത്മകമാണ് ഇവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍. തക്കസമയത്ത് പരിശോധന നടത്തി നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കും ഉദ്യോഗസ്ഥരെ പണിയെടുപ്പിക്കാത്ത മന്ത്രിക്കുമെതിരെ ജനരോഷം ശക്തമാണിപ്പോള്‍. ആ കരിമരുന്നിന് തീപിടിച്ചാലുണ്ടാകുന്ന സ്ഫോടനം ചിന്താതീതമായിരിക്കും. അതില്‍ ചിതറിക്കപ്പെടുന്നതും ഞെരിഞ്ഞമര്‍ത്തപ്പെടുന്നതും മന്ത്രിയടക്കമുള്ളവരായിത്തീര്‍ന്നാല്‍ ആരും മൂക്കത്ത് വിരല്‍വയ്ക്കുകയും ചെയ്യരുത്. അത്രയ്ക്ക് തീഷ്ണമാണ് ജനങ്ങളുടെ അസഹിഷ്ണുതയും പ്രതിഷേധവും.
ഇതെല്ലാം എളമരം കരീം, മന്ത്രിമന്ദിരത്തില്‍ ഇളവേല്‍ക്കുന്ന സമയങ്ങളില്‍ ഓര്‍ക്കുന്നത് നന്ന്.
0 comments :
Post a Comment