Monday, January 21, 2008

മാറാട്‌: ജാമ്യം നിഷേധിച്ചത്‌ ഭരണകൂട ഭീകരവാദം

രണ്ടാം മാറാട്‌ കലാപത്തിലെ 139 പ്രതികളില്‍ രോഗികളും വൃദ്ധരും ഉള്‍പ്പെടുന്ന 127 പേര്‍ക്ക്‌ ജാമ്യം അനുവദിക്കാനാവില്ല എന്ന സര്‍ക്കാരിന്റെ നിലപാട്‌ ഭരണകൂട ഭീകരവാദത്തിന്റെ മറ്റൊരു ദുര്‍മുഖമാണ്‌. പ്രതികളെന്നാരോപിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട 139 പേര്‍ക്കും രണ്ടാം മാറാട്‌ കലാപത്തില്‍ പങ്കുണ്ടെന്ന്‌ സര്‍ക്കാരോ അന്വേഷണ ഏജന്‍സികളോ പോലീസ്‌ ഡിപ്പാര്‍ട്ട്മെന്റോ പറയുമെന്ന്‌ തോന്നുന്നില്ല. രണ്ടാം മാറാട്‌ കലാപത്തിന്റെ പിറ്റേന്ന്‌ മുസ്ലീംപള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവരെയാണ്‌ പ്രതികളെന്ന്‌ ആരോപിച്ച്‌ അന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരില്‍ കലാപത്തില്‍ പങ്കെടുത്തവരും ഉണ്ടാകാം. എന്നാല്‍ നിരപരാധികളും ഇക്കൂട്ടത്തില്‍ പിടിയിലായിട്ടുണ്ട്‌. പ്രായപൂര്‍ത്തിയാകാത്തവരും വൃദ്ധരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്‌. ഇവരില്‍ ചിലരാണ്‌ ജാമ്യത്തിന്‌ അപേക്ഷ സമര്‍പ്പിച്ചത്‌.

ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച ഹര്‍ജിയുടെ വിചാരണ വേളയില്‍, ഈ 'പ്രതികള്‍'ക്ക്‌ ജാമ്യം അനുവദിച്ചാല്‍ ക്രമസമാധാന നില തകരുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്‌. മുമ്പ്‌ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയെന്നാരോപിച്ച്‌ അറസ്റ്റിലായ അബ്ദുള്‍നാസര്‍ മദനി ജാമ്യം ആവശ്യപ്പെട്ടപ്പോഴും കേരളസര്‍ക്കാര്‍ ഈ നിലപാടാണ്‌ സ്വീകരിച്ചത്‌. പ്രമേഹവും ഹൃദ്‌രോഗവുമടക്കം നിരവധി പീഡകള്‍ സഹിക്കേണ്ടിവന്ന മദനിയെ ഒമ്പതു വര്‍ഷത്തിനുശേഷം പ്രതി അല്ല എന്നുകണ്ട്‌ വെറുതെവിട്ടത്‌ ഓര്‍ക്കുക. ഇതേ ദുരന്തം തന്നെയാണ്‌ രണ്ടാം മാറാട്‌ കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ട്‌ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചവരെയും കാത്തിരിക്കുന്നത്‌.

നാലരവര്‍ഷമായി വിചാരണത്തടവുകാരായി കഴിയുകയാണിവര്‍. നീതി നടപ്പാക്കാന്‍ വൈകുന്നത്‌ നീതി നിഷേധിക്കുന്നതിന്‌ തുല്യമാണെന്ന്‌ ആവര്‍ത്തിച്ച്‌ പറയേണ്ടതില്ല. വിവേകമുള്ള എല്ലാ സമൂഹവും അംഗീകരിക്കുന്ന നീതി പാലനത്തിന്റെ അടിസ്ഥാന ഘടകമാണിത്‌. എന്നാല്‍ കേരളത്തിലെ സര്‍ക്കാരിനോ പോലീസ്‌ ഡിപ്പാര്‍ട്ട്മെന്റിനോ ന്യായാസനങ്ങള്‍ക്കോ ഈ നിലയ്ക്ക്‌ ചിന്തിക്കാനുള്ള സൗമനസ്യം ഇല്ല എന്നാണ്‌ മാറാട്‌ കേസിലെ പ്രതികളെന്നാരോപിക്കുന്നവരോട്‌ പുലര്‍ത്തുന്ന സമീപനത്തില്‍നിന്നും വ്യക്തമാകുന്നത്‌.

വിചാരണ നീണ്ടുപോകുമ്പോള്‍ പ്രതികളെന്നാരോപിക്കപ്പെടുന്നവര്‍ക്ക്‌ ജാമ്യം അനുവദിക്കണമെന്നത്‌ ലോകമെമ്പാടുമുള്ള നീതിന്യായവ്യവസ്ഥയുടെ മറ്റൊരു ആണിക്കല്ലാണ്‌. എന്നാല്‍ വിവിധ രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ ഈ ന്യായം അംഗീകരിക്കാതെ അന്യായമായ രീതിയില്‍ പ്രതികളെന്ന്‌ ആരോപിക്കപ്പെടുന്നവരെ കഠിനമായി പീഡിപ്പിച്ച്‌, വ്യക്തികളെന്ന നിലയ്ക്ക്‌ അവര്‍ക്ക്‌ അര്‍ഹമായ പൗരാവകാശങ്ങള്‍ ക്രൂരമായി ലംഘിക്കുന്ന, ലംഘിച്ചിട്ടുള്ള ചരിത്രമാണ്‌ നമുക്കുമുന്നിലുള്ളത്‌.

ഭീകരവാദം എന്നത്‌ ഭരണകൂടങ്ങളുടെയും സാധാരണ ജനങ്ങളുടെയും സ്വസ്ഥത തകര്‍ക്കുന്ന വിപത്ത്‌ തന്നെയാണ്‌. എന്നാല്‍ പലപ്പോഴും ഭീകരവാദത്തിന്‌ ബീജാവാപം ചെയ്യുന്നതും അതിനെ വളര്‍ത്തി വലുതാക്കി വഷളാക്കുന്നതും ഭരണകൂടങ്ങള്‍ തന്നെയാണ്‌. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയരുന്ന സംഘടിത രോഷത്തിന്‌ ഭീകരവാദമെന്ന തലക്കെട്ട്‌ ചാര്‍ത്തി അടിച്ചമര്‍ത്തുന്ന നൃസംശതയും ഭരണകൂടങ്ങളില്‍നിന്ന്‌ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു.

അതിന്റെ കേരളപ്പതിപ്പാണ്‌ രണ്ടാം മാറാട്‌ കേസിലെ പ്രതികളെന്നാരോപിക്കപ്പെടുന്നവര്‍ക്ക്‌ ജാമ്യം നിഷേധിക്കുക വഴി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്‌. ഇവിടെ മറ്റൊരു വലിയ വൈരുദ്ധ്യം അല്ലെങ്കില്‍ പക്ഷപാതിത്വം കാണാതെ പോയിട്ടുണ്ട്‌. ഒന്നാം മാറാട്‌ കലാപത്തിലെ പ്രതികള്‍ ജാമ്യം നേടി നാട്ടില്‍ വിലസുന്നതാണത്‌. രണ്ടാം മാറാട്‌ കലാപത്തിലെ പ്രതികളെന്നാരോപിക്കപ്പെടുന്നവര്‍ മുസ്ലീംങ്ങള്‍ ആയതുകൊണ്ടാണ്‌ സര്‍ക്കാര്‍ ഈ പ്രതിലോമ നിലപാടെടുക്കുന്നതെന്ന്‌ ആരെങ്കിലും ചിന്തിച്ചാല്‍, അതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധത്തിനൊരുങ്ങിയാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. മുമ്പ്‌ സൂചിപ്പിച്ചതുപോലെ ഒരുമുറ്റത്ത്‌ രണ്ട്‌ കച്ചവടം നടത്തുന്ന സര്‍ക്കാരും (അ)ന്യായാസനങ്ങളുമാണ്‌ അനാശാസ്യമെന്ന്‌ വ്യാഖ്യാനിക്കാവുന്ന പ്രതിഷേധങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്നത്‌.

ഈ സത്യം ഉള്‍ക്കൊണ്ട്‌ രണ്ടാം മാറാട്‌ കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെടുന്നവരില്‍ വൃദ്ധരും രോഗികളും ആയിട്ടുള്ളവര്‍ക്കെങ്കിലും ജാമ്യം നല്‍കാനുള്ള മാന്യത അച്യുതാനന്ദന്‍ സര്‍ക്കാരില്‍നിന്നും ഉണ്ടാകണം. പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന അച്യുതാനന്ദനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും കേരളം ഭരിക്കുമ്പോള്‍ പൗരാവകാശ ധ്വംസനത്തിന്റെ ഒരു കേസുപോലും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പാടില്ലാത്തതാണ്‌. അതുകൊണ്ട്‌ രണ്ടാം മാറാട്‌ കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ട്‌ ജയിലിലടച്ചിട്ടുള്ളവര്‍ക്ക്‌ അര്‍ഹമായ ജാമ്യം നല്‍കിയയേ തീരൂ...

0 comments :