പാപക്കണി!
കണികാണാന്‍ പറ്റിയ ചില സംഗതികളുണ്ട്. കണികാണാന്‍ പാടില്ലാത്ത സംഗതികളുമുണ്ട്. കണികാണാന്‍ പോലും കിട്ടാത്ത മറ്റു ചില സംഗതികള്‍ വേറെ ഉണ്ട്!
പശുവിനെ കണികണ്ടുണരുന്നത് നല്ല ലക്ഷണമാണെന്നാണ് വയ്പ്. പക്ഷെ നാട്ടില്‍ കണികാണാന്‍ പോലുമില്ലാതായി വരുന്നു പശുക്കള്‍. അങ്ങനെയാണ് നാട്ടുകാര്‍ 'മില്‍മ'യെന്ന നന്മയെ കണികണ്ടുണരാന്‍ തുടങ്ങിയത്!
വന്നുവന്നിപ്പോള്‍ മില്‍മയില്‍ നന്മ കണികാണാന്‍ പോലും ഇല്ലെന്നു വന്നിരിക്കുന്നു.
ഡോ. വര്‍ഗ്ഗീസ് കുര്യന്‍ എന്നൊരു മനുഷ്യനുണ്ട്. ആളത്ര ശരിയല്ല. അതുകൊണ്ടുതന്നെ ആളെ ഈ നാട്ടില്‍ നിന്നും പണ്ടേതന്നെ പറഞ്ഞുവിട്ടു. ചെന്നു പെട്ടത് ഗുജറാത്തില്‍. ആളവിടെ ചെന്ന് പണിയെടുത്തു. കുറെയേറെ നാളുകൊണ്ട് വല്യൊരു പുള്ളിയായി, 'അമൂല്യനായി'!
ആരെങ്കിലും പങ്കപ്പാടു കഴിച്ച് വല്യപുള്ളിയായാല്‍ നാട്ടുനടപ്പനുസരിച്ച് അങ്ങോരെ 'വ്യത്യസ്തനായൊരു......' പാടി തോളിലേറ്റുന്നപോലെ നമ്മളും ചെയ്തു. ധവളവിപ്ലവത്തിന്റെ പിതാവാണെന്നും പറഞ്ഞ് കൊണ്ടാടി.
പലവട്ടം നാട്ടില്‍ വന്നപ്പോഴൊക്കെ ഇതൊക്കെത്തന്നെ ചെയ്തു പറഞ്ഞുവിട്ടു. 'എങ്ങനെയിതു പറ്റിച്ചു?' എന്നു മാത്രം ചോദിക്കാതിരിക്കാന്‍ എല്ലാരും ശ്രദ്ധിച്ചു.
അതുകൊണ്ടൊരുപാടു ഗുണമുണ്ടായി. കലങ്ങളായി പശുവളര്‍ത്തി അരിവാങ്ങിവന്ന പാവങ്ങള്‍ കൂടി ആ പണി നിര്‍ത്തുന്ന അവസ്ഥയിലായി. അബ്കാരികളായ അബ്കാരികളൊക്കെ അങ്ങനെ പാലു കച്ചവടം തുടങ്ങി. തമിഴ് നാട്ടിലേക്ക് കേരളത്തിന്റെ വെള്ളമൊഴുകുമ്പോലെ കേരളത്തിലേക്ക് തമിഴന്‍ പാലൊഴുക്കാന്‍ തുടങ്ങി.
പാലൊഴുക്കുന്നതിന്റെ മറവില്‍ അബ്കാരികള്‍ സ്പിരിറ്റൊഴുക്കാന്‍ തുടങ്ങി, സ്പിരിറ്റടിച്ചു പൂക്കുറ്റിയായി വീട്ടിലെത്തുന്ന കണവന്മാരോട് 'പലുകുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന്' ധര്‍മ്മപത്നിമാര്‍ മൊഴിയാന്‍ തുടങ്ങി!
അങ്ങനെ ഒരുകണക്കിന് മില്‍മയെ പരണത്തു വെക്കാന്‍ പറ്റിയ പരുവമാക്കിയിരിക്കെ, ആ മനുഷ്യന്‍; ഡോ. വര്‍ഗ്ഗീസ് കുര്യന്‍ വീണ്ടും വന്നിരിക്കുന്നു!
ക്ഷീരവികസനത്തിന്റെ നേതൃത്വം കര്‍ഷകരെ ഏല്‍പ്പിക്കണമെന്നാണ് കോഴിക്കോട് വച്ച് ഡോ. കുര്യന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതെന്തൊരു പറച്ചിലാണ്! പശുവളര്‍ത്തുകാര്‍ മില്‍മ ഭരിക്കുന്നതൊരു കുറച്ചിലല്ലേ സാറേ?
മില്‍മ ഭരിക്കാനല്ലെ കഞ്ഞിപ്പശ മുക്കി വടിപോലാക്കിയ ഖാദിയുടുപ്പും ധരിച്ച് ഞങ്ങള്‍ കോണ്‍ഗ്രസു നേതാക്കള്‍ അവതരിച്ചിരിക്കുന്നത്?
ഡോ. കുര്യന്‍ പറഞ്ഞതു കേട്ടോ? പാവപ്പെട്ട കര്‍ഷകരെ വിശ്വാസത്തിലെടുക്കണമെന്ന്!
ഈശ്വരാ..... പാപം.... മഹാപാപം...! കിടാവിനു കുടിക്കാന്‍ വേണ്ടി ചുരത്തുന്ന പാലു മുഴുവന്‍ കറന്നെടുത്ത് വിറ്റു കാശാക്കുന്ന ചതിയന്മാരെ വിശ്വസിക്കണമെന്നോ...? പാപം... പാപം...!
1 comments :
what you wrote is correct
Post a Comment