Thursday, January 17, 2008

'വാ'ക്കത്തി സംസ്കാരം!

പപ്പനാവന്‌ മാഷെ പണ്ടേ അറിയാവുന്നതാണ്‌. പപ്പനാവന്‍ ഒന്നു പറഞ്ഞാല്‍ മാഷ്‌ രണ്ട്‌ പറയും എന്നും പപ്പനാവന്‌ അറിയാവുന്നതാണ്‌. എന്നിട്ടും പപ്പനാവന്‍ അത്‌ ചെയ്തു. മാഷ്‌ ഒരുപാട്‌ സംഗതികള്‍ വെട്ടിപ്പിടിച്ചു എന്നാണ്‌ കോഴിക്കോട്‌ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ കൊച്ചുപിള്ളേര്‍ മുമ്പാകെ പപ്പനാവന്‍ വച്ചുകാച്ചിയത്‌!

മാഷ്‌ വിടുമോ?
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ സിപിഎം ജില്ലാ സമ്മേളനത്തോട്‌ അനുബന്ധിച്ചുനടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍വച്ച്‌ പപ്പനാവനിട്ട്‌ മാഷ്‌ ശരിക്കും പിടച്ചു. അപ്പന്‍ പറഞ്ഞിരുന്നത്‌ പപ്പനാവന്‍ ശുദ്ധനാണെന്നാണ്‌. എന്നാലിപ്പോള്‍ അപ്പന്‍ പറഞ്ഞപോലല്ല പപ്പനാവന്‍ എന്നാണ്‌ മാഷ്‌ പറഞ്ഞത്‌.

ഒറ്റ വെടിക്ക്‌ രണ്ടു പക്ഷിയാണ്‌ താഴെ വീണത്‌. ഒന്ന്‌ അപ്പന്‍ പറയുന്നത്‌ കാര്യത്തിലെടുക്കാനാവില്ല. ആള്‍ നിരൂപിച്ചതത്രയും കാര്യത്തിലെടുക്കാനാവില്ല. രണ്ട്‌ പപ്പനാവന്‍ ശുദ്ധനല്ല. ശുദ്ധനല്ലാച്ച്വാല്‍ അശുദ്ധന്‍!

ഉത്തരത്തിനടിയില്‍ ഇര കാത്തിരിക്കുന്ന പല്ലിയുടെ വിചാരം ഉത്തരം താങ്ങിനിര്‍ത്തുന്നത്‌ ശക്തനായ താനാണെന്നാണ്‌. (പല്ലിയുടെ ഉള്ളിലിരിപ്പ്‌ കണ്ടുപിടിച്ചു പുറത്താക്കിയത്‌ ഏതു വിദ്വാനാണെന്നറിയില്ല!). കേരളത്തില്‍ അങ്ങുമിങ്ങും പാഞ്ഞുനടന്ന്‌ സാംസ്ക്കാരിക പ്രവര്‍ത്തനം നടത്തുന്ന സാംസ്ക്കാരിക നായകരുടെ ഉള്ളിലിരിപ്പും അതുപോലെതന്നെയാണ്‌. (സാംസ്ക്കാരിക നായകരുടെ ഉള്ളിലിരിപ്പ്‌ ഇതാണെന്നു കണ്ടെത്താന്‍ വിദ്വാനാവേണ്ട, ഏതു പൊട്ടനും സാധിക്കും). പരിഷ്ക്കാരങ്ങള്‍ ഏറിയേറി സംസ്ക്കാരം എന്നൊരു സാധനം കണികാണാനില്ലാതാവുന്ന നാടാകുന്നു കേരളം. നിലവിലുള്ള 'ഉത്തരം' താങ്ങുന്ന പല്ലിയേക്കാള്‍ കഷ്ടമാണ്‌ നിലവിലില്ലാത്ത സംസ്ക്കാരം താങ്ങിനിര്‍ത്തുന്ന നായകന്മാരുടെ സ്ഥിതി!

സാംസ്ക്കാരിക സമ്മേളനം എന്നു കേട്ടാല്‍ തന്നെ ജീവനില്‍ കൊതിയുള്ള മലയാളികളാരും ആ വഴിക്കൊന്നും പോകാതായിട്ട്‌ നാളേറെയായി. അബദ്ധവശാല്‍ നാലാളു പ്രസംഗം കേള്‍ക്കാന്‍ ചെന്നാലാവട്ടെ ഇതാണു സ്ഥിതി. ഒരു തരം കത്തിയേറ്‌. 'വാ'ക്കത്തിയേറെന്നു പറയാം!

അരിമേടിക്കാന്‍ ഗതിയില്ലാത്ത പാവങ്ങളോടാണ്‌ അവാര്‍ഡ്‌ വീരസ്യങ്ങള്‍ മുഴക്കി സാംസ്ക്കാരിക നായകര്‍ 'സംസ്ക്കാരം' സംരക്ഷിക്കുന്നത്‌. സംസ്ക്കാരം സംരക്ഷിക്കാന്‍ ഇതിലും ഭേദം നടേശഗുരുതന്നെയാണ്‌. നടേശഗുരു ആരെ ആക്രമിച്ചാലും കേട്ടിരിക്കാനൊരു സുഖമുണ്ടാവും. കുറച്ചു കാലമായി ജഗതിയെ വെല്ലുന്ന നമ്പരുകളാണ്‌ ഗുരു ഇറക്കിക്കൊണ്ടിരിക്കുന്നത്‌.

സാംസ്ക്കാരിക നായകരുടെ 'വാ'ക്കത്തിയേറാവട്ടെ അറുബോറ്‌. വെറുതെയല്ല, സാംസ്ക്കാരിക സമ്മേളനങ്ങളില്‍ ഇന്നസെന്റും ഹരിശ്രീ അശോകനുമൊക്കെ കസറുന്നത്‌.

സാംസ്ക്കാരിക നായകരേക്കാള്‍ സംസ്ക്കാരമുള്ളവര്‍ സിനിമാ നടന്മാരാണെന്നുവരുന്നതില്‍ വല്യ കുഴപ്പമൊന്നുമില്ല. വളരട്ടെ ഒരു സിനിമാ സംസ്ക്കാരം!

2 comments :

  1. akberbooks said...

    വല്ലപ്പോഴും സന്ദര്‍ശിക്കുക
    akberbooks.blogspot.com
    ഒരു മലയാളി കൂട്ടം

  2. മായാവി.. said...

    ഇവന്മാരെ സാംസ്കാരികനായകരെന്ന് വിശേഷിപ്പിക്കുന്നവരെ വേണമ്ചമ്മട്ടിക്കടിക്കാന്‍, ചെറ്റനായകരെന്നാണിവന്റെയൊക്കെ കയ്യിലിരിപ്പ് അറിയുന്നവര്‍ വിളിക്കൂ. കേരളക്കാരെ പറ്റിക്കനെളുപ്പമാണ്‍ ഉത്ബുദ്ധരാണെന്ന് ഇടക്കിടെ പറഞ്ഞാമതി, ഏത് പൊട്ടനും ഇവരെ തിരിച്ച്റിയാന്ന് പറഞ്ഞത് തെറ്റ്, സമര്ഥമായി കേരളിയരെയാണ്‍ ഈ പന്നിനായകര്‍ പറ്റിക്കുന്നത് എത്രകേരളിയര്‍ തിരിച്ചറിയുന്നു, ദാ നോക്കിക്കോളൂ ഇവര്ക്ക് സപ്പോറ്ട് ചെയ്ത് എത്ര കമെന്റുകള്‍ വരുംന്ന്.