Friday, January 11, 2008

ഇടപെടലിന്റെ, പ്രലോഭനത്തിന്റെ, ഭീഷണിയുടെ 100 പതിപ്പുകള്‍

ആരെങ്കിലും ഒരാള്‍ സത്യം പറയണം. അത്‌ ഞങ്ങളായിരിക്കണം എന്ന നിഷ്ഠാബദ്ധമായ പ്രതിജ്ഞയോടുകൂടിയായിരുന്നു വാസ്തവം ദിനപത്രം ആരംഭിച്ചത്‌. ആരോടും പകയില്ലാതെ ആരോടും പ്രത്യേക മമതയില്ലാതെ പത്രം പ്രസിദ്ധീകരിക്കണമെന്ന നിശ്ചയവും ഞങ്ങള്‍ക്കുണ്ടായിരുന്നു.

കഴിഞ്ഞ 100 പതിപ്പുകളില്‍ ഈ നിലപാട്‌ വെള്ളം ചേര്‍ക്കാതെ തുടര്‍ന്നുപോരാന്‍ കഴിഞ്ഞു എന്നത്‌ അഭിമാനത്തോടെ ഞങ്ങളിവിടെ സ്മരിക്കുന്നു. ഈ 100 പതിപ്പുകളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം തമസ്കരിച്ച വിഷയങ്ങള്‍ അവയുടെ തനിമയോടെ, ആര്‍ജ്ജവത്വത്തോടെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞു എന്നതും ചാരിതാര്‍ത്ഥ്യം നല്‍കുന്ന വസ്തുതയാണ്‌.

ഇതോടുകൂടി പ്രലോഭനത്തിന്റെയും പ്രതിസന്ധി സൃഷ്ടിക്കലിന്റെയും ഭീഷണിയുടെയും കൈകള്‍ പലഭാഗത്തുനിന്നും ഉയരാന്‍ തുടങ്ങി. സാമം ദാനം ഭേദം ദണ്ഡം എന്ന ചതുരുപായം ഉപയോഗിച്ച്‌ വാസ്തവത്തിന്റെ കണ്ണുകെട്ടാനും വായടപ്പിക്കാനുമാണ്‌ ഈ ശക്തികള്‍ ശ്രമിച്ചത്‌. ഇതില്‍ രാഷ്ട്രീയക്കാരുണ്ട്‌, മതനേതാക്കന്മാരുണ്ട്‌, പോലീസ്‌ ഓഫീസര്‍മാരുണ്ട്‌, ജനപ്രതിനിധികളുണ്ട്‌, പെണ്‍വാണിഭക്കാരുണ്ട്‌, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ട്‌.

ഇവരുടെ ഇംഗിതങ്ങള്‍ക്ക്‌ വഴങ്ങുന്നില്ല എന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ അപവാദം പ്രചരിപ്പിക്കാനും അതിലൂടെ വെടക്കാക്കി തനിക്കാക്കുന്ന തന്ത്രം നടപ്പിലാക്കാനും ശ്രമിച്ചവരുമുണ്ട്‌.

നേരത്തേ സൂചിപ്പിച്ചല്ലോ, ആരോടും പകയോ മമതയോ ഇല്ലെന്ന്‌, അതുകൊണ്ടുതന്നെ വായനക്കാരുടേതൊഴികെ ആരുടെയും പിന്‍ബലവും ഞങ്ങള്‍ക്കില്ല. ആത്മവിശ്വാസവും വാര്‍ത്തകളെ അവയുടെ വാസ്തവത്തില്‍ കാണാനുള്ള നേത്രങ്ങളും വായനക്കാരും വിതരണക്കാരും സുഹൃത്തുക്കളും വിമര്‍ശകരും നിര്‍ലോപം നല്‍കുന്ന പ്രചോദനവുമാണ്‌ ഞങ്ങളെ മുന്നോട്ട്‌ നയിക്കുന്നത്‌. ഭീഷണിയും പ്രലോഭനങ്ങളും നിരന്തരം ഉയര്‍ന്നപ്പോള്‍ വാസ്തവവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തയ്യാറായ മാധ്യമപ്രവര്‍ത്തകരും സുഹൃത്തുക്കളും ഞങ്ങള്‍ക്കുണ്ട്‌.

ആത്മപ്രശംസയല്ല, എന്നാല്‍ ആത്മവിശ്വാസമാണ്‌ ഈ വാക്കുകള്‍ക്ക്‌ പിന്നിലുള്ളത്‌. ഞങ്ങള്‍ക്ക്‌ പക്ഷമുണ്ടെന്നും തുടക്കത്തില്‍ രേഖപ്പെടുത്തിയിരുന്നു. അത്‌ നീതി നിക്ഷേധിക്കപ്പെടുന്നവരുടെയും ദുര്‍ബലരാക്കപ്പെടുന്നവരുടെയും പ്രാന്തവല്‍ക്കരിക്കപ്പെടുന്നവരുടെയും നിശ്ശബ്ദരാക്കപ്പെടുന്നവരുടെയും പക്ഷമാണ്‌. ഈ പക്ഷത്ത്‌ നിന്നുകൊണ്ട്‌ പോരാടാന്‍ കഴിഞ്ഞു എന്നതാണ്‌ ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന രാസത്വരകം. ആവര്‍ത്തിക്കട്ടെ, ഇതിന്‌ ഞങ്ങള്‍ക്ക്‌ ശക്തിപകരുന്നത്‌ വാസ്തവത്തിന്റെ വായനക്കാരും വിമര്‍ശകരും സുഹൃത്തുക്കളുമാണ്‌.

100 വര്‍ഷം പൂര്‍ത്തിയാക്കിയ വാര്‍ത്താമാധ്യമങ്ങളുള്ള മലയാളത്തില്‍ 100 പതിപ്പ്‌ ഇറക്കിയ ഒരു പ്രസിദ്ധീകരണത്തിന്‌ എന്താണിത്ര നെഗളിക്കാന്‍ എന്ന ചോദ്യം ഇപ്പോള്‍തന്നെ കേള്‍ക്കുന്നുണ്ട്‌. അത്‌ വാസ്തവത്തിന്റെ പ്രചാരണം ഇല്ലാതാക്കാന്‍ ശ്രമിച്ച ശക്തികളില്‍ നിന്നാണ്‌. ഏജന്റുമാരെയും വിതരണക്കാരെയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പിന്‍മാറ്റിയവരില്‍നിന്ന്‌. കോര്‍പ്പറേറ്റ്‌ വാറിന്റെ മാന്യമായ മൂല്യങ്ങള്‍ ഞങ്ങള്‍ക്ക്‌ മനസിലാകും. എന്നാല്‍ ഉന്മൂലനത്തിന്റെ ശ്രമങ്ങളെ ഞങ്ങള്‍ ചെറുത്തുനില്‍ക്കുകയും ചെയ്യും. ഇതിനെ വേണമെങ്കില്‍ അഹങ്കാരമെന്ന്‌ വിശേഷിപ്പിക്കാം.

ഈ നിലപാടോടെ, നിഷ്പക്ഷരല്ലാതെ പക്ഷം ചേര്‍ന്നുതന്നെ വാസ്തവം മുന്നോട്ടുപോകുമെന്നും ഇതുവരെ തുടര്‍ന്നുപോന്ന നിലപാടില്‍ മാറ്റം വരുത്തുകയില്ല എന്നും സുമനസുകളായ വായനക്കാര്‍ക്കും വിമര്‍ശകര്‍ക്കും വിതരണക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്യദാതാക്കള്‍ക്കും ഒരിക്കല്‍കൂടി ഉറപ്പുനല്‍കാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.

വാസ്തവം പ്രവര്‍ത്തകര്‍ക്കുവേണ്ടി,

ടൈറ്റസ്‌ കെ. വിളയില്‍
ചീഫ്‌ എഡിറ്റര്‍

0 comments :