Wednesday, January 23, 2008

മന്നത്ത്‌ പദ്മനാഭന്റെ പേരില്‍ കുരക്കുന്നവരും ഓരിയിടുന്നവരും!

എന്‍എസ്‌എസിന്റെ സമുന്നത നേതാവെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള മന്നത്ത്‌ പദ്മനാഭനെ കേന്ദ്രീകരിച്ച്‌ ഇപ്പോള്‍ കേരളത്തില്‍ ഉടലെടുത്തിട്ടുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്ക്‌ നാരായണപ്പണിക്കരുടെയും സുകുമാരന്‍ നായരുടെയും സ്വരങ്ങളും പിണറായി വിജയന്റെയും ജി.സുധാകരന്റെയും പ്രതിസ്വരങ്ങളും കൊഴുപ്പുകൂട്ടിയിട്ടുണ്ടെന്നത്‌ കേള്‍വിക്കാര്‍ക്ക്‌ രസം പകരുന്ന അനുഭവമാണ്‌.

എന്നാല്‍ ഇരുകൂട്ടരും നടത്തുന്ന ഈ വായ്ത്താരികള്‍ക്ക്‌ പിന്നില്‍ വ്യക്തവും അതേസമയം ഗൂഢവുമായ അജണ്ടകളാണുള്ളത്‌.

എല്‍ഡിഎഫ്‌ ഗവണ്‍മെന്റിനെതിരെ കേരളത്തിലെ സാമുദായിക കക്ഷികള്‍ തുറന്നെടുത്ത സമരമുഖത്ത്‌ വീണ്ടും നായകനായി മന്നത്ത്‌ പദ്മനാഭനെ പ്രതിഷ്ഠിക്കാനാണ്‌ എന്‍എസ്‌എസ്‌ നേതാക്കളുടെ ശ്രമം. 1959 ന്റെ ഹാങ്ങോവറില്‍നിന്ന്‌ അവരിനിയും മുക്തമായിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തമാണത്‌. ഇനിയൊരു 1957 ആവര്‍ത്തിക്കുകയില്ലെന്ന്‌ എ.കെ.ആന്റണി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ തുറന്ന്‌ സമ്മതിച്ചിട്ടും കത്തോലിക്ക സഭാ മേലധികാരികളില്‍നിന്ന്‌ ആരംഭിച്ച രണ്ടാം വിമോചന സമരമെന്ന ഭീഷണി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്‌ എന്‍എസ്‌എസാണ്‌. നാളുകള്‍ക്കുമുമ്പ്‌ കുഞ്ഞാലിക്കുട്ടി ഈ ലൈനില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും പിന്നീട്‌ ബോധപൂര്‍വ്വമായ മൗനം പാലിക്കുകയായിരുന്നു. ഇപ്പോള്‍ ആ മെഗാഫോണ്‍ കൈയിലേന്തിയിരിക്കുന്നത്‌ എം.എം.ഹസ്സനും നാരായണപ്പണിക്കരും സുകുമാരന്‍ നായരുമൊക്കെയാണ്‌.

ഇവര്‍ക്ക്‌, ഉരുളക്കുപ്പേരി എന്ന മട്ടിലാണ്‌ ജി സുധാകരനും പിണറായി വിജയനും മറുപടി നല്‍കുന്നത്‌. രണ്ടാം വിമോചന സമരമെന്ന ഉമ്മാക്കികാട്ടി ഇടതുപക്ഷ സര്‍ക്കാരിനെ മറിച്ചിടാന്‍ ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കില്‍ അത്‌ മനസില്‍ വച്ചാല്‍ മതി എന്ന്‌ അസന്ദിഗ്ദമായി പ്രഖ്യാപിക്കുകയാണ്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍.

എം.എ.ബേബി അടക്കമുള്ള കഴിവുകെട്ട ചില മന്ത്രിമാരുടെ എടുത്തുചാട്ടവും നാക്കിനെല്ലില്ലാത്ത സുധാകരന്റെ വികടസരസ്വതികളുമാണ്‌ യഥാര്‍ത്ഥത്തില്‍ കത്തോലിക്ക പുരോഹിതരടക്കമുള്ള സമുദായ നേതാക്കളെ ഒരു ഏറ്റുമുട്ടലിന്റെ സ്വരത്തില്‍ സംസാരിക്കാനും ഇടയലേഖനങ്ങള്‍ അടക്കമുള്ള ഭീഷണികള്‍ ഇറക്കി സര്‍ക്കാരിനെ വിറപ്പിക്കാനും പ്രേരിപ്പിച്ചിട്ടുള്ളത്‌. കേരളത്തിലെ സമ്മതിദായകര്‍ നല്‍കിയ മാന്‍ഡേറ്റ്‌, തോന്ന്യാസം കാട്ടാനും പാര്‍ട്ടി വളര്‍ത്താനുമുള്ള ബ്ലാങ്ക്‌ ചെക്കാണെന്ന ധാരണയില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെയും സിപിഐയിലേയും മന്ത്രിമാരും നേതാക്കളും പെരുമാറിത്തുടങ്ങിയപ്പോഴാണ്‌ സമുദായ സംഘടനകളുടെ അനാശാസ്യമായ ഏകീകരണം സംഭവിച്ചത്‌. ആ അവസരം മുതലെടുത്ത്‌ തങ്ങള്‍ക്കുനേരെ സഭയ്ക്കകത്തും വിശ്വാസികള്‍ക്കിടയിലും നിന്നുയരുന്ന എതിര്‍പ്പിന്റെ നീക്കങ്ങള്‍ക്ക്‌ തടയിടാന്‍കൂടിയാണ്‌ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നത്‌.

ഈ ശ്രമത്തെ പിണറായി വിജയനും ജി സുധാകരനും അവരുടേതായ ശൈലിയില്‍ ചെറുക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്‌ സമവായത്തിന്റെയോ സമചിത്തതയുടേയോ സാഹചര്യങ്ങളല്ല; മറിച്ച്‌ സാമുദായിക ഏറ്റുമുട്ടലിന്റെ അസ്വീകാര്യമായ അവസരങ്ങളാണ്‌.

ഈ അവസരം മുതലെടുക്കുന്നതിന്റെ പുതിയ തന്ത്രമായിട്ടാണ്‌ ഇപ്പോള്‍ മന്നത്ത്‌ പദ്മനാഭന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. നായര്‍സമുദായത്തിന്റെ സമുന്നത നേതാവായി മന്നത്ത്‌ പദ്മനാഭനെ അംഗീകരിക്കുമ്പോള്‍ത്തന്നെ വിമോചനസമരമെന്ന രാഷ്ട്രീയ ആഭാസത്തരത്തിന്‌ നേതൃത്വം നല്‍കിയ വികല സാന്നിദ്ധ്യമായിരുന്നു അദ്ദേഹമെന്ന്‌ പറയാതിരിക്കാന്‍ കഴിയുകയില്ല. വിമോചന സമരം കേരളത്തിലെ ജനങ്ങളുടെ ആവശ്യമായിരുന്നില്ല, മറിച്ച്‌ കോണ്‍ഗ്രസിന്റെയും ക്രിസ്ത്യാനികളുടെയും നായന്മാരുടെയും പിന്നെ അമേരിക്കയുടെയും, കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള പാതയായിരുന്നു അത്‌. അതിന്റെ തിരിച്ചടികളാണ്‌ ഇന്ന്‌ കേരളത്തിലെ വിദ്യഭ്യാസരംഗത്ത്‌ ശക്തിയാര്‍ജ്ജിച്ചിട്ടുള്ള വിപണിവല്‍ക്കരണവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പ്രാന്തവല്‍ക്കരണവും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ആരംഭിച്ച്‌ നഴ്സറി വിദ്യാഭ്യാസം വരെ വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള കമ്പോളവല്‍ക്കരണത്തിന്‌ അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയില്ല എന്ന തിരിച്ചറിവാണ്‌, വിവിധ കാരണങ്ങളുടെ പേരില്‍ രണ്ടാം വിമോചന സമരമെന്ന ഭീഷണിയുമായി സമുദായ നേതാക്കളെ പൊതുവീഥിയിലെത്തിച്ചിട്ടുള്ളത്‌.

ഈ വൃത്തികേടിന്‌ പുതിയ മാനം നല്‍കുന്നതാണ്‌ മന്നത്ത്‌ പദ്മനാഭന്റെ ജന്മദിനത്തില്‍ സ്കൂളുകളില്‍ പരീക്ഷ നടത്താന്‍ പാടില്ല എന്ന ആവശ്യം. ഈ ആവശ്യം ഉന്നയിച്ചതാകട്ടെ കത്തോലിക്ക ടീച്ചേഴ്സ്‌ ഗില്‍ഡും. ഹീനവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായ ഹിഡന്‍അജണ്ടയാണ്‌ ഈ ആവശ്യത്തിലൂടെ കത്തോലിക്ക ടീച്ചേഴ്സ്‌ ഗില്‍ഡ്‌ തുറന്നുകാട്ടിയിട്ടുള്ളത്‌.

മന്നത്തുപദ്മനാഭന്‍ കേരളത്തിലെ സാമൂഹിക ജീവിതത്തിനും രാഷ്ട്രീയ രംഗത്തിനും സാമുദായിക തലങ്ങള്‍ക്കും നല്‍കിയിട്ടുള്ള സംഭാവനയെക്കാള്‍ നൂറിരട്ടി ഫലപ്രാപ്തിയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വിവിധ സമുദായ നേതാക്കന്മാരുണ്ട്‌, രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്‌, മതാചാര്യന്മാരുണ്ട്‌. ഇവരുടെയെല്ലാം ജന്മദിനത്തിനും ചരമദിനത്തിനും സ്കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയര്‍ന്നാലുള്ള സ്ഥിതി ഒന്ന്‌ ആലോചിച്ച്‌ നോക്കുക. അനാശാസ്യം എന്ന്‌ ആരും പറയുന്ന ആ അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിക്കുവാനാണ്‌ മന്നത്തിന്റെ പേരില്‍ കുരയ്ക്കുന്നവരും അവര്‍ക്കൊപ്പം ഓരിയിടുന്നവരും ശ്രമിക്കുന്നത്‌. ഈ ഹീനതയെ ചെറുക്കുക എന്നതാണ്‌ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെയും വ്യക്തികളുടെയും കര്‍ത്തവ്യം.

0 comments :