Thursday, January 31, 2008

അച്യുതാനന്ദനില്‍ നിന്ന്‌ ഇതല്ല പ്രതീക്ഷിച്ചത്‌

വിവാദമായ എച്ച്‌എംടി ഭൂമി ഇടപാടിനെക്കുറിച്ച്‌ ചീഫ്‌ സെക്രട്ടറിയെക്കൊണ്ട്‌ അന്വേഷിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്‌ ഈ ഇടപാടിലെ ഏറ്റവും നികൃഷ്ടമായ കഥാപാത്രമായ വ്യവസായമന്ത്രി എളമരം കരീമിനെ രക്ഷിക്കാനാണെന്ന്‌ തിരിച്ചറിയാന്‍ പാഴൂര്‍പടിവരെയോ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെയോ അടുത്തുവരെ പോകേണ്ടതില്ല. സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന മൂന്നാമത്തെ ഭൂമി വിവാദത്തില്‍ നിന്ന്‌ തല്‍ക്കാലം തലയൂരാനുള്ള തന്ത്രം മാത്രമാണിത്‌. വീട്ടുടമസ്ഥന്റെ ജാരബന്ധങ്ങളെക്കുറിച്ച്‌ വേലക്കാരന്‍ അന്വേഷിച്ചാല്‍ എത്രമാത്രം ഫലപ്രാപ്തിയുണ്ടാകുമോ അത്രയുംപോലും ഫലശ്രുതി ഇക്കാര്യത്തിലെ ചീഫ്‌ സെക്രട്ടറിയുടെ അന്വേഷണം കൊണ്ട്‌ ഉണ്ടാകാന്‍ പോകുന്നില്ല.

മന്ത്രിമാര്‍ക്കെതിരെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം അതേക്കുറിച്ചന്വേഷിക്കാന്‍ നിയമിതരായ ഡിപ്പാര്‍ട്ട്മെന്റ്‌ മേധാവികളുടെ കണ്ടെത്തലുകള്‍ ഒരിക്കല്‍പോലും വെളിച്ചം കണ്ടിട്ടില്ല. പിന്നെയല്ലേ നടപടിയുണ്ടാകുക. ഏറ്റവും ഒടുവില്‍ പി.ജെ. ജോസഫിന്റെ ആകാശപീഡന സംഭവത്തെക്കുറിച്ച്‌ ഐജി ബി. സന്ധ്യ നടത്തിയ അന്വേഷണവും അവര്‍ നല്‍കിയ റിപ്പോര്‍ട്ടും പ്രഹസനമായത്‌ ആരും മറന്നിട്ടില്ല. അതിന്റെ തനിയാവര്‍ത്തനമായിരിക്കും എച്ച്‌എംടി ഭൂമി ഇടപാടില്‍ ചീഫ്‌ സെക്രട്ടറി നടത്താന്‍പോകുന്ന അന്വേഷണം. മാത്രമല്ല, ചീഫ്‌ സെക്രട്ടറി അന്വേഷിക്കാന്‍ പോകുന്നത്‌ എച്ച്‌എംടിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ള ക്രമക്കേടുകളെക്കുറിച്ചാണ്‌. അതായത്‌ എളമരം കരീമും കെ.പി. രാജേന്ദ്രനുമടക്കമുള്ള വഞ്ചകര്‍ക്ക്‌ സ്വസ്ഥമായി കിടന്നുറങ്ങാമെന്ന്‌ സാരം.

ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. സൈബര്‍സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ എളമരം കരീം മാധ്യമങ്ങളോട്‌ എന്താണോ പറഞ്ഞത്‌ അതേ ആശയം തന്നെയാണ്‌ ഇന്നലെ അച്യുതാനന്ദന്‍ അറിയാതെയാണെങ്കിലും പറഞ്ഞുവച്ചത്‌. മാധ്യമങ്ങള്‍ പാരവയ്ക്കാതെയിരുന്നാല്‍ ഞങ്ങള്‍ എങ്ങനെയെങ്കിലും ഈ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ്‌ വെല്ലുവിളിയുടെ ധ്വനിയില്‍, സൈബര്‍സിറ്റി ശിലാസ്ഥാപന ചടങ്ങില്‍ എളമരം കരീം പറഞ്ഞത്‌.

ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്‌ ഇതുവരെ ചെയ്ത സഹായത്തിന്‌ നന്ദി. എന്നാല്‍ തിരക്കുകാട്ടി അലമ്പുണ്ടാക്കരുതെന്ന വാക്കുകളുടെ പ്രത്യക്ഷരൂപവ്യത്യാസം ഒഴിച്ചുനിര്‍ത്തിയാല്‍ രണ്ടുപേരും പറഞ്ഞത്‌ ഒരേ സംഗതിതന്നെയാണ്‌. ആരെല്ലാം എന്തെല്ലാം കണ്ടെത്തിയാലും അത്‌ വെളിച്ചത്തുകൊണ്ടുവന്നാലും ഞങ്ങള്‍ തന്നിഷ്ടംപോലെതന്നെയായിരിക്കും മുന്നോട്ടുപോകുക.

ഇത്തരം ഒരു സന്ദേശം നല്‍കാന്‍ അച്യുതാനന്ദനെപോലെ ഒരു മുഖ്യമന്ത്രിയുടെ ആവശ്യം കേരളത്തിനില്ല. ഇതുപറയാന്‍ പ്രത്യേക കാരണങ്ങളുമുണ്ട്‌. കേരള ജനതയേയും സര്‍ക്കാരിനേയും കാലാകാലങ്ങളായി വഞ്ചിച്ചുകൊണ്ടിരുന്ന വിവിധ മാഫിയകള്‍ക്കെതിരെയും അവര്‍ക്ക്‌ രാഷ്ട്രീയ സഹായം നല്‍കിയിരുന്ന കേന്ദ്രങ്ങള്‍ക്കെതിരെയും ഒറ്റയാള്‍ പോരാട്ടം നടത്തി സമസ്ത കേരളീയരുടെയും ആദരം വാങ്ങി മുഖ്യമന്ത്രിയായ വ്യക്തിയാണ്‌ അച്യുതാനന്ദന്‍. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍, മുന്‍പ്‌ ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയതുപോലെ കേരളത്തിലെ ജനങ്ങള്‍ പാര്‍ട്ടിവ്യത്യാസമില്ലാതെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ആ ജനകീയ പിന്തുണ തിരിച്ചറിഞ്ഞാണ്‌ കാരാട്ടും യെച്ചൂരിയും എസ്‌.ആര്‍. രാമചന്ദ്രന്‍പിള്ളയും അടക്കമുള്ളവര്‍ പിണറായിയുടെ മോഹം തല്ലിക്കെടുത്തി അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കിയത്‌. അപ്പോള്‍ തീര്‍ച്ചയായും കേരളത്തിലെ ജനങ്ങളുടെ അഭീഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അച്യുതാനന്ദന്‍ ബാധ്യസ്ഥനാണ്‌. പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന താല്‍പ്പര്യങ്ങളെ ജനങ്ങള്‍ക്കുമുന്‍പില്‍ ധിക്കരിക്കാന്‍ ബാധ്യതയുമുണ്ട്‌.

എന്നാല്‍ പെണ്‍വാണിഭം തൊട്ട്‌ ഭൂമിയിടപാട്‌ വരെയുള്ള സര്‍വ വൃത്തികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയായിട്ടാണ്‌ ഇപ്പോള്‍ അച്യുതാനന്ദനെ കേരളം വിലയിരുത്തുന്നത്‌. വിപ്ലവത്തിന്റെ തീച്ചൂളയില്‍ നിന്ന്‌ അഗ്നിശലാകയായി ഉയര്‍ന്നുവന്ന അച്യുതാനന്ദന്‌ ഒരിക്കലും ഭൂഷണമല്ല ജനങ്ങള്‍ ഇപ്പോള്‍ ചാര്‍ത്തിക്കൊടുക്കുന്ന വിശേഷണം.

വഞ്ചിക്കപ്പെടാനും ചൂഷണത്തിന്‌ ഇരയാകാനുമാണ്‌ എന്നും ഭരണീയര്‍ക്ക്‌ വിധിയെന്ന അശ്ലീലതയുടെ ആവര്‍ത്തനമാണ്‌ അച്യുതാനന്ദന്റെ ഭരണത്തിലും കണ്ടുവരുന്നത്‌. ഇത്തരമൊരു ദുരവസ്ഥ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ... ചിന്തിക്കേണ്ടതാണ്‌. മലയാളത്തില്‍ ഒരു ചൊല്ലുണ്ട്‌, തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറും. ആ നാറ്റമാണ്‌ ഇപ്പോള്‍ കേരളത്തിലെ ഓരോ സമ്മതിദായകനില്‍നിന്നും ഉയരുന്നത്‌.

ആര്‍ത്തിക്കാര്‍ക്കു പാര വിദ്യാര്‍ത്ഥി!

കണ്ടു പഠിക്കാത്ത കൊക്ക്‌ കൊണ്ടു പഠിക്കും. ആര്‍ത്തി മൂത്ത ചേട്ടന്മാര്‍ തോടും കുളവും വയലും നികത്തി കളി തുടരുകയാണ്‌. എന്നാല്‍ പിന്നെ ആര്‍ത്തിയില്ലാത്ത വിദ്യാര്‍ത്ഥികളെ കൊണ്ടു നീര്‍ത്തടങ്ങള്‍ സംരക്ഷിപ്പിക്കാമെന്നായി വിദഗ്ദന്മാര്‍!

ജൈവ വൈവിധ്യ ബോര്‍ഡാണ്‌ സര്‍ക്കാരിനോട്‌ ഇങ്ങനെയൊരു സൂത്രം ശുപാര്‍ശിച്ചിരിക്കുന്നത്‌. നമ്മളു കൊയ്യും വയലെല്ലം ഡല്‍ഹിയിലും മുംബൈയിലും ബംഗളൂരിലുമൊക്കെയുള്ള വന്‍തോക്കുകള്‍ അവരുടേതായി മാറ്റിത്തുടങ്ങിയിട്ട്‌ നാളേറെയായി. മാറ്റുവിന്‍ ചട്ടങ്ങളേ...യെന്നു പാടി നടന്ന ചേട്ടന്മാര്‍ ഈ വന്‍തോക്കുകള്‍ക്കായാണിപ്പോള്‍ ചട്ടങ്ങള്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നത്‌!

അതിനിടെയാണ്‌ ഭൂസംരക്ഷണ നിയമം എന്ന പുലിയിറങ്ങാന്‍ പോകുന്നത്‌. റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ സൂക്ഷിക്കണം!

ആ പുലിയെങ്ങാന്‍ ഇറങ്ങിയാല്‍ നാളിതുവരെ നികത്തിയെടുത്ത നീര്‍ത്തടങ്ങള്‍, വയലേലകള്‍ ഒക്കെ തിരിച്ചു പിടിച്ച്‌ ഞങ്ങള്‍ കൃഷിയിറക്കിക്കളയും!

കമ്പനിക്കാര്‍ കെട്ടിയുയര്‍ത്തിയ ബഹുനില ഫ്ലാറ്റുകള്‍, വില്ലകള്‍ ഒക്കെയും ഇടിച്ചു നിരത്തി ഞാറും നടും!

വിദ്യാര്‍ത്ഥികള്‍ നീര്‍ത്തടം സംരക്ഷിക്കുന്നത്‌ നേരാംവണ്ണമാണെന്നു ബോധ്യപ്പെട്ടാല്‍ ആദ്യം പഞ്ചായത്തുകള്‍, പിന്നെ മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നുവേണ്ട, കേരളഭരണം വരെ വിദ്യാര്‍ത്ഥികളെ ഏല്‍പ്പിക്കാനാണ്‌ നീക്കം!

ഇക്കാലമത്രയും രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട്‌ നടുവൊടിഞ്ഞ മൂത്ത ചേട്ടന്മാരെ വിശ്രമിക്കാനനുവദിക്കും!

ലോകത്ത്‌ ഇതുവരെ ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ക്കൊന്നും വിദ്യാര്‍ത്ഥികള്‍ കാരണക്കാരായിട്ടില്ല എന്ന കണ്ടെത്തലാണ്‌ ഒക്കെയും അവരെ ഏല്‍പ്പിച്ചാല്‍ ഗതി പിടിക്കും എന്ന പ്രതീക്ഷയ്ക്ക്‌ ശക്തി പകരുന്നത്‌.

അങ്ങനെ പിള്ളേരു നാടു ഭരിച്ചു ഗതി പിടിച്ചു തുടങ്ങുമ്പോള്‍ പിന്‍സീറ്റ്‌ ഡ്രൈവിംഗിനാരും എത്താതിരുന്നാല്‍ മാത്രം മതി!

കേരളം ക്ലച്ചു പിടിക്കാന്‍ പോണതിന്റെ സകല ലക്ഷണവും കാണുന്നുണ്ട്‌.
വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്‌!

Wednesday, January 30, 2008

മരണം രംഗബോധമില്ലാത്ത കോമാളിയല്ല

"പക്ഷാഘാതം ബാധിച്ച്‌ അഭിനയത്തിന്‌ ഇടവേള നല്‍കിയ കാലം എന്നെ പലതും പഠിപ്പിച്ചു. യഥാര്‍ത്ഥ സുഹൃത്തുക്കളെയും കള്ളനാണയങ്ങളെയും തിരിച്ചറിയാന്‍ സാധിച്ചു. ഈ രംഗത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം സുഹൃത്തുക്കളാണ്‌. എന്റെ ഉയിര്‍ത്തെഴുന്നേല്‍പിനുള്ള പ്രേരണയും അവരാണ്‌. നിര്‍മാതാവായതും വീണ്ടും നടനായതും സുഹൃത്തുക്കള്‍ കാരണമാണ്‌ ........"

"ചിലരുടെ യഥാര്‍ത്ഥ മുഖവും എനിക്കു വ്യക്തമായി. എന്റെ വീട്ടില്‍ ഫോണ്‍ ചെയ്ത്‌ ഫോണെടുത്ത എന്നോട്‌ "ഗോപി മരിച്ചുപോയി എന്നൊരു റൂമര്‍ കേട്ടു ശരിയാണോ എന്നറിയാന്‍ വിളിച്ചതാണ്‌ " എന്നു പറയാന്‍ മനസുവന്ന ഒരു പത്രപ്രവര്‍ത്തക സുഹൃത്തും എനിക്കുണ്ടായി...."

"എനിക്ക്‌ ആരുടെയും സഹതാപം ആവശ്യമില്ല. എന്റെ ജീവിതം എനിക്ക്‌ ഭാരവുമല്ല. മനസിന്റെ ശക്തികൊണ്ട്‌ എല്ലാറ്റിനെയും അതിജീവിക്കാന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞു. എനിക്കാരുടേയും സഹതാപം വേണ്ട. എന്റെ ശരീരമേ തളര്‍ന്നിട്ടുള്ളൂ. തലച്ചോറിന്‌ ഒരു തകറാറും ഇതേവരെയുണ്ടായിട്ടില്ല. സൃഷ്ടിപരമായി പ്രവര്‍ത്തിക്കാന്‍ അതുമതി.."

പക്ഷാഘാതം ബാധിച്ച്‌ കിടപ്പിലായപ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ കാണിച്ച അവഗണനയുടെ മിഴിനീര്‍ നനവും കണ്ണീരുപ്പും കലര്‍ന്ന വാക്കുകള്‍

ഭരത്‌ ഗോപി അന്തരിച്ചു.....
പരേതസ്മൃതിയുടെ വായ്നാറ്റവും മദ്യഗന്ധവും
ദുസ്സഹമായി അന്തരീക്ഷത്തില്‍ പടരുന്നു....
അഭിനയ സമ്രാട്ടായി, സുഹൃത്തായി,
മനുഷ്യത്വത്തിന്റെ പ്രതീകമായി,
അന്തരിച്ച ഗോപിയെ പുകഴ്ത്തിക്കൊണ്ടുള്ള
സിനിമാക്കണ്ണീര്‍ ഒഴുകി നിറയുന്നു..
അമ്മയ്ക്കും പെങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും
മുകളില്‍ പറക്കുന്ന
പണമെന്ന പരുന്തിനെ
വാഴ്ത്തിപ്പാടിയവര്‍,
രോഗിയായ ഗോപിയെ അന്ന്‌ തള്ളിപ്പറഞ്ഞവര്‍..
അവരെല്ലാമാണ്‌ ഇപ്പോള്‍
സ്മരണാഞ്ജലികളുമായി,
സ്തുതികഥനങ്ങളുമായി
ചാനലുകളിലും വാര്‍ത്തകളിലും നിറയുന്നത്‌...
നന്ദികെട്ട ഈ പരിഷകളുടെ
കപട ദുഃഖപ്രകടനങ്ങളില്ലാതെ,
മലയാളിക്ക്‌ അയത്നലളിതാഭിനയത്തിന്റെ
ഭരതഭാവം പഠിപ്പിച്ച
അഭിനയപൂര്‍ണിമയായ
ഗോപിയുടെ വിയോഗം.....
മരണം രംഗബോധമില്ലാത്ത കോമാളിയല്ല
മറിച്ച്‌ എന്നും എപ്പോഴും
പ്രതീക്ഷിക്കാവുന്ന നല്ല സുഹൃത്താണ്‌

SPIRIT OF THE SPIRIT

'സ്പിരിറ്റ്‌' ഉണ്ടാക്കുന്ന 'സ്പിരിറ്റ്‌' അതു കുടിച്ചുനോക്കിയവര്‍ക്കേ മനസിലാവൂ.

നാട്ടുകാര്‍ക്ക്‌ നല്ല സ്പിരിറ്റുണ്ടാവട്ടെ എന്ന സദുദ്ദേശത്തിലാണ്‌ കാലങ്ങളായി സര്‍ക്കാരും ഉദ്യോഗസ്ഥരും നേതാക്കളും കേരളത്തില്‍ സ്പിരിറ്റ്‌ സുലഭമാക്കാന്‍ യത്നിച്ചുവരുന്നത്‌.

നിങ്ങള്‍ക്ക്‌ നല്ല ശരീരം വേദനയുണ്ടെന്നു കരുതുക. മയ്യലാവുമ്പോള്‍ അല്‍പ്പം സ്പിരിറ്റടിച്ചാല്‍ മതി. സകല വേദനയും പമ്പകടക്കും.

അതല്ല; നല്ല മനഃപ്രയാസം ഉണ്ടെന്നിരിക്കട്ടെ ഉടനെ രണ്ടെണ്ണമടിച്ചാല്‍ ആഹ്ലാദതുണ്ടിലനാവും.

അതുമല്ല 'സന്തോഷം കൊണ്ടിനിക്കിരിക്കാന്‍ വയ്യേ' എന്ന അവസ്ഥയിലാണെന്നു കരുതുക. സ്പിരിറ്റ്‌ സമനില വീണ്ടെടുത്തുതരും. ഇങ്ങനെ വര്‍ണിക്കാന്‍ തുടങ്ങിയാല്‍ നേരം വെളുക്കുമെന്നതിനാല്‍ - അത്‌ വിട്‌!

സ്പിരിറ്റ്‌ കേസുകളുടെ അന്വേഷണത്തില്‍ ആഭ്യന്തര, എക്സൈസ്‌ മന്ത്രിമാരും, രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌ എന്നൊരു ചോദ്യം ഉയര്‍ന്നിരിക്കുന്നു.

ചോദ്യം ന്യായാസനത്തില്‍ നിന്നാണ്‌ ഉയര്‍ന്നിരിക്കുന്നത്‌.

മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പേരെന്താണ്‌? എന്നൊരു ചോദ്യംപോലെ തന്നെയാണ്‌ ഈ ചോദ്യവും. ഉത്തരം ചോദ്യത്തില്‍തന്നെ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു!

സ്പിരിറ്റ്‌ കേസുകള്‍ അന്വേഷിക്കാന്‍ തീരുമാനമെടുക്കുന്ന നേതാക്കന്മാരും സാറന്മാരും നല്ല സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുള്ളവരായതിനാല്‍തന്നെ കേസന്വേഷണം അട്ടിമറിക്കപ്പെടുന്നതിന്‌ വേറെ കാരണം തേടേണ്ടതുണ്ടോ?

കുടുംബയോഗം മുതല്‍ പാര്‍ട്ടി സമ്മേളനംവരെയും, കുരിശുംതൊട്ടിമുതല്‍ കൂത്തമ്പലം വരെയും, സ്പിരിറ്റുമാഫിയ സ്പോണ്‍സര്‍ ചെയ്യുന്ന നാട്ടില്‍ ആര്‌ ആരെ അന്വേഷിച്ചുകണ്ടുപിടിക്കാനാണ്‌ എന്ന ചോദ്യം നിഷ്കളങ്കമായൊരു ചോദ്യമാണ്‌.

നേരെ ചൊവ്വേ ഒരു കാര്യവും നടക്കാത്ത നാട്ടില്‍,

നാട്ടുകാര്‍ വൈകുന്നേരം രണ്ടെണ്ണം വിട്ട്‌ ഹോളിസ്പിരിറ്റില്‍ നടക്കുന്നത്‌ ന്യായവും യോഗ്യവും യുക്തവുമത്രെ!

Tuesday, January 29, 2008

ഈ കാട്ടുകള്ളന്മാരെ എന്തിനാണ്‌ വച്ചു വാഴിക്കുന്നത്‌?

മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍, എച്ച്‌എംടി...

ഇടതുപക്ഷ മന്ത്രിസഭ അധികാരമേറ്റ ശേഷം പുറത്തുവന്ന അനധികൃത ഭൂമി ഇടപാടുകളുടേയും, ഭൂമാഫിയയുമായി മന്ത്രിമാര്‍ക്കുള്ള പങ്കിന്റേയും വാര്‍ത്തകള്‍ ഇങ്ങനെ നീളുന്നു. സുതാര്യവും അഴിമതിരഹിതവുമായ ഭരണം വാഗ്ദാനം ചെയ്ത്‌ അധികാരത്തിലേറിയതിന്റെ പിറ്റേദിവസം മുതല്‍ ഇവര്‍ ആരംഭിച്ച കൊള്ളകളാണ്‌ ഈ വാര്‍ത്തകളില്‍ നിറയുന്നത്‌. സിപിഐയും സിപിഎമ്മും ഇക്കാര്യത്തില്‍ മൂപ്പിളപ്പ്‌ തര്‍ക്കമില്ലാതെ കൈകോര്‍ത്ത്‌ നീങ്ങുന്ന കാഴ്ചയാണ്‌ കേരളം കാണുന്നത്‌. കെ പി രാജേന്ദ്രന്‍, ബിനോയ്‌ വിശ്വം, എളമരം കരീം, എസ്‌ ശര്‍മ്മ എന്നിങ്ങനെ നീളുന്നു ഭൂമാഫിയ ഏജന്റുമാരുടെ പേരുകള്‍.

മൂന്നാറും മെര്‍ക്കിസ്റ്റണും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന്‌ ഇടതു മുന്നണിയും സര്‍ക്കാരും മുഖം ഊരുന്നതിനു മുന്‍പാണ്‌ എച്ച്‌എംടി ഭൂമി ഇടപാടിലെ കള്ളക്കളികളും അതില്‍ വ്യവസായ മന്ത്രി എളമരം കരീമിനും റവന്യൂ മന്ത്രി കെ പി രാജേന്ദ്രനും രെജിസ്ട്രേഷന്‍ മന്ത്രി എസ്‌ ശര്‍മ്മയ്ക്കുമുള്ള പങ്കുകള്‍ പകല്‍ വെളിച്ചത്തില്‍ തെളിഞ്ഞത്‌. സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ്‌ മാഫിയയ്ക്ക്‌ വിറ്റു തുലയ്ക്കാന്‍ സംഘടിതവും ആസൂത്രിതവുമായിട്ടാണ്‌ ഈ മൂന്ന്‌ മന്ത്രിമാരും അവരുടെ വകുപ്പിലെ ഉന്നതന്മാരും എറണാകുളം ജില്ലയിലെ വിപ്ലവ വായാടികളായ ട്രേഡ്‌ യൂണിയന്‍ നേതാക്കളും കരുക്കള്‍ നീക്കിയതെന്ന്‌ ഇപ്പോള്‍ വ്യക്തമായി. ഇടപാടിലെ കള്ളക്കളികള്‍ വ്യക്തമായപ്പോള്‍ സൈബര്‍ സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍ വിട്ടു നിന്നിട്ടും വ്യവസായമന്ത്രിയും രെജിസ്ട്രേഷന്‍ മന്ത്രിയും കെ ചന്ദ്രന്‍പിള്ള എംപിയും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുകയും വികസനത്തിന്‌ എതിരു നില്‍ക്കുന്നതും പാരവയ്ക്കുന്നതും മാധ്യമങ്ങളാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തു. എച്ച്‌എംടി ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്സിന്‌ കൈമാറിയ നൂറേക്കര്‍ ഭൂമിയില്‍ അവര്‍ക്ക്‌ ഫ്രീ ഹോള്‍ഡായിരുന്നു ഉണ്ടായിരുന്നതെന്ന്‌ പ്രഖ്യാപിക്കാന്‍ എളമരം കരീമിന്‌ വലിയ ആവേശമായിരുന്നു. എന്നാല്‍ വസ്തുതകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നപ്പോള്‍ ഉരുണ്ടു കളിക്കാന്‍ മന്ത്രിക്ക്‌ ഉളുപ്പുമുണ്ടായില്ല.

എച്ച്‌എംടിയുടെ കൈവശമുള്ള ഭൂമി അനധികൃതമായി കൈമാറാന്‍ സാധ്യതയുണ്ടെന്ന്‌ കാണിച്ച്‌ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ രവീന്ദ്രനാഥ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഭൂമിയുടെ പോക്കുവരവ്‌ തടഞ്ഞു വച്ചത്‌. എന്നാല്‍ വ്യവസായ മന്ത്രി വിളിച്ചു കൂട്ടിയ പ്രത്യേക യോഗത്തില്‍ നാടകീയമായി പ്രത്യക്ഷപ്പെട്ട്‌ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ പോക്കുവരവിന്‌ എതിരായുള്ള തടസ്സങ്ങളെല്ലാം നീക്കം ചെയ്ത്‌ നല്‍കുകയായിരുന്നു. ഏതാണ്ട്‌ 700 കോടിയിലധികം രൂപ വിലവരുന്ന കണ്ണായ ഭൂമി കേവലം 91 കോടി രൂപയ്ക്കാണ്‌ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്സിന്‌ കൈമാറിയത്‌. ഈ കൈമാറ്റത്തിന്‌ 300 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന്‌ 'വാസ്തവം' നേരത്തേ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഈ തുക ആരോപണവിധേയരായ മന്ത്രിമാര്‍ക്കും അവരുടെ പാര്‍ട്ടികള്‍കും നേതാക്കള്‍ക്കും നല്‍കിയതായും വാസ്തവം കണ്ടെത്തിയിരുന്നു.

ഭൂമാഫിയയ്ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി കേരളീയരുടെയെല്ലാം ആദരം നേടിയ വി എസ്‌ അച്യുതാനന്ദന്‍ നയിക്കുന്ന മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നുകൊണ്ടാണ്‌ കെ പി രാജേന്ദ്രനും ബിനോയ്‌ വിശ്വവും എളമരം കരീമും എസ്‌ ശര്‍മ്മയുമടക്കമുള്ളവര്‍ ഈ കൊള്ളകള്‍ നടത്തുന്നത്‌. മുഖ്യമന്ത്രിക്ക്‌ ഈ ഇടപാടില്‍ പങ്കില്ലെന്നു സമ്മതിക്കുമ്പോള്‍ തന്നെ അദ്ദേഹം പുലര്‍ത്തുന്ന മൗനവും നിസ്സഹായതയും പല വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കുന്നുണ്ട്‌.

അച്യുതാനന്ദന്‍ ഗൗരവമേറിയ ഒരു വസ്തുത പലപ്പോഴും മറന്നു പോകുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയല്ല, മറിച്ച്‌ കേരളത്തിലെ ജനങ്ങളാണ്‌. പിണറായി അടക്കമുള്ള ഔദ്യോഗിക വിഭാഗം അച്യുതാനന്ദന്‌ പാര വച്ചപ്പോള്‍ പാര്‍ട്ടി വ്യത്യാസം മറന്ന്‌ കേരളം ഒറ്റക്കെട്ടായാണ്‌ അദ്ദേഹത്തിനുവേണ്ടി വാദിച്ചത്‌. ആ ജനകീയ മുന്നേറ്റത്തിനു മുന്നില്‍ പോളിറ്റ്‌ ബ്യൂറോയ്ക്കും പിണറായി വിജയനും സംഘത്തിനും മുട്ടു മടക്കേണ്ടിവന്നു. അങ്ങനെയാണ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായത്‌. തന്റെ മന്ത്രി സഭയില്‍ അംഗങ്ങളായിരുന്ന്‌ എളമരം കരീം അടക്കമുള്ളവര്‍ നടത്തുന്ന അഴിമതിക്കും കൊള്ളത്തരത്തിനും കൂട്ടുനില്‍ക്കാനാണ്‌ അച്യുതാനന്ദന്റെ മനസ്സിലിരിപ്പെങ്കില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയ അതേ ആവേശത്തോടെ ഇറക്കിവിടാനും കേരളത്തിലെ ജനങ്ങള്‍ക്ക്‌ കഴിയും. അതുകൊണ്ട്‌ ഒരു നിമിഷംപോലും പാഴാക്കാതെ എളമരം കരീം അടക്കമുള്ള വഞ്ചകരെ മന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കണമെന്നാണ്‌ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ഞങ്ങളും ആവശ്യപ്പെടുന്നത്‌.

മണ്ടന്മാര്‍ ചൂണ്ടക്കാര്‍!

റോഡുവക്കില്‍ കേബിളിടാന്‍ തമിഴന്‍ കുഴിയെടുക്കണം. ഹോട്ടലുകളില്‍ അടുക്കളപ്പണിക്കും മേശതുടക്കാനും നേപ്പാളികള്‍ വേണം. കെട്ടിടം പണി മുതല്‍ മെയ്യനങ്ങിയുള്ള സകല പണികള്‍ക്കും ബീഹാറിയും ആന്‍ഡ്രാക്കാരനുമൊക്കെ വേണം!

കേരളത്തില്‍ 'ചൂണ്ട'യിടാന്‍ പോലും ആളെ കിട്ടാനില്ല. അതുകൊണ്ടു മാത്രമാണ്‌ കേരളക്കടലില്‍ ചൂണ്ടയിടാന്‍ ഇന്തോനീഷ്യയില്‍ നിന്നും ചൂണ്ടക്കാരെത്തിയത്‌!

പുറം കടലില്‍ ഒരുപാടു മീനുണ്ട്‌. പിടിക്കാനാളില്ല. മീന്‍ കിട്ടിയാല്‍ വറുത്തോ പൊരിച്ചോ തിന്നാന്‍ മാത്രം ആളുകളെമ്പാടുമുണ്ട്‌!

അഞ്ഞൂറ്റിയിരുപത്തഞ്ച്‌ കപ്പലുകളാണ്‌ പുറംകടലില്‍ ചൂണ്ടയിടാന്‍ എത്തിയിരിക്കുന്നത്‌. ട്യൂണ മത്സ്യത്തെ ചൂണ്ടയിട്ടു പിടിക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇന്തോനീഷ്യന്‍ ചൂണ്ടക്കാരോട്‌ പറഞ്ഞത്‌.

ചൂണ്ടയില്‍ കൊത്തുന്ന മീനുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വായിച്ചിട്ടുണ്ടാവില്ല. അക്കാരണത്താല്‍ ചൂണ്ടക്കാര്‍ക്ക്‌ ട്യൂണ മാത്രമല്ല കടലിലുള്ള സകലയിനം മീനും കിട്ടാന്‍ തുടങ്ങി!

അസൂയക്കാരല്ലേ കേരളീയര്‍. ഇന്തോനീഷ്യന്‍ ചൂണ്ടക്കാര്‍ കടല്‍ അരിച്ചു പെറുക്കുന്നുവെന്ന്‌ കിംവദന്തി പരത്താന്‍ തുടങ്ങി!

നമ്മുടെ കടലില്‍ നിന്നും ചൂണ്ടയിട്ടു പിടിക്കുന്ന മീനെല്ലാം നമ്മുടെ കരയില്‍ ഇറക്കണമെന്നാണ്‌ നിയമം. ഇന്തോനീഷ്യന്‍ ചൂണ്ടക്കാര്‍ പാവങ്ങളായതിനാല്‍ മുനമ്പത്ത്‌ അഞ്ചു കോടി മുടക്കി സ്ഥലം വാങ്ങി. അവിടെ അഞ്ചേക്കറില്‍ സൗകര്യമുണ്ടാക്കി!

ചൂണ്ടയില്‍ കിട്ടുന്ന മത്സ്യങ്ങള്‍ കരയിലെത്തിക്കാന്‍ പത്തു ബോട്ടുകള്‍ക്കാണ്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുത്തത്‌. കാശു തീര്‍ന്നു പോയ ചൂണ്ടക്കാരാവട്ടെ ഒരു ബോട്ടു മാത്രമാണ്‌ വാങ്ങിയത്‌.

ഇപ്പോള്‍ പറഞ്ഞു പരത്തുന്നത്‌ വേറൊരു ദുഷിപ്പാണ്‌. ഇന്തോനീഷ്യന്‍ ചൂണ്ടക്കാര്‍ക്ക്‌ ഒരു ബോട്ടല്ലാ, നൂറു ബോട്ടെങ്കിലും ഉണ്ടത്രെ. എല്ലാത്തിനും ഒരേ നിറം, ഒരേ വലിപ്പം, ഒരേ പേര്‌!

ഉച്ചിയില്‍ മറുകുള്ള എം പി നാരായണപിള്ളയുടെ 'പരിണാമ'ത്തിലെ മത്തായി പോലെ, എല്ലാ നക്സലൈറ്റുകളുടെയും പേര്‌ മത്തായി!

ഇന്തോനീഷ്യന്‍ ചൂണ്ടക്കാര്‍ക്ക്‌ ബുദ്ധി കുറവാണ്‌. അതിനാല്‍ മീന്‍ പിടിക്കുന്നത്‌ കമ്പ്യൂട്ടറൈസ്ഡ്‌ ചൂണ്ടയിട്ടാണ്‌. തങ്ങള്‍ കടലില്‍ ചെല്ലുമ്പോള്‍ വലയിലൊരു 'പൂച്ചുട്ടി' പോലും കുടുങ്ങുന്നില്ല എന്നൊക്കെപ്പറഞ്ഞ്‌ കുത്തിത്തിരിപ്പുണ്ടാക്കുകയാണിപ്പോള്‍ കേരളത്തിലെ മീന്‍ പിടുത്തക്കാര്‍!

കേരളത്തിലെ മീന്‍ പിടുത്തക്കാരേ വരിക. നിങ്ങളുടെ മീന്‍ പിടുത്തം നിര്‍ത്തുക. നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം. ഉടന്‍ ഏതെങ്കിലും നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ കമ്പനിയില്‍ ചേരുക!

ഒരു മാസം കൊണ്ട്‌ ചൂണ്ടയില്‍ കുരുങ്ങുന്നത്‌ ലക്ഷക്കണക്കിന്‌ രൂപയാണ്‌. ഇതു നൊക്കൂ... കഴിഞ്ഞ ഒരാഴ്ചത്തെ ഡ്രാഫ്റ്റാണ്‌... വെറും രണ്ടര ലക്ഷം രൂപ!

ചൂണ്ടയിടാന്‍ ഇന്തോനേഷ്യക്കാര്‍ മരമണ്ടന്മാര്‍ തന്നെ നടക്കട്ടെ!
ജീവിതം ക്രിയേറ്റീവാക്കൂ...!!

Monday, January 28, 2008

ബാര്‍ബര്‍ ബാലന്‌ ഒരു തുറന്ന കത്ത്‌

ഇ.എസ്‌. ഷാജി

'വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലന്‌' ബാര്‍ബേഴ്സ്‌ അസോസിയേഷന്‍ സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി ഇ.എസ്‌. ഷാജിയുടെ തുറന്ന കത്ത്‌

പ്രിയപ്പെട്ട ശ്രീനിവാസന്‌,

താങ്കള്‍ തിരക്കഥയെഴുതി നവാഗതനായ മോഹന്‍ സംവിധാനം ചെയ്ത കഥപറയുമ്പോള്‍ എന്ന സിനിമ കണ്ടു. ഒരു ബാര്‍ബര്‍ തൊഴിലാളിയെ കേന്ദ്രകഥാപാത്രമാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ ചെയ്ത ഈ സിനിമ വളരെ മനോഹരമായിരിക്കുന്നുവെന്ന്‌ ആദ്യമേ പറയട്ടെ.

മലയാള സിനിമയില്‍ ഇതിനുമുമ്പും ബാര്‍ബര്‍ തൊഴിലാളിയെ കഥാപാത്രമാക്കിക്കൊണ്ട്‌ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്‌. എന്നാല്‍ അതൊന്നും കേന്ദ്ര കഥാപാത്രങ്ങളായിരുന്നില്ലായെന്നുമാത്രമല്ല ഹാസ്യത്തിനുവേണ്ടി പല കഥാപാത്രങ്ങളേയും പരിഹാസ്യമായും ചിലതെല്ലാം മ്ലേച്ഛവുമായി ചിത്രീകരിക്കുകയായിരുന്നു കണ്ടിടത്തോളം.

നിരവധി മേഖലകളില്‍ തൊഴില്‍ തേടി ചെന്ന്‌ പല തൊഴിലിനു മുന്നിലും തന്റെ അന്തസ്സ്‌ പണയപ്പെടുത്തി ഓച്ഛാനിച്ചുനിന്ന്‌ കൂലി വാങ്ങേണ്ടിവന്ന അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍ അന്തസ്സോടെയും മാന്യമായും ആരുടെയും ആജ്ഞാശക്തിക്ക്‌ മുന്നില്‍ മുട്ടുമടക്കാതെയും ചെയ്യാന്‍ കഴിയുന്ന ഒരു തൊഴിലെന്ന നിലക്ക്‌ അവസാനം സ്വന്തമായി ഒരു ബാര്‍ബര്‍ ഷോപ്പു തുടങ്ങുന്ന ഒരു ചിത്രം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇന്ത്യന്‍ സിനിമയിലെതന്നെ മഹാനടനായ ശ്രീ. കമലാഹാസന്‍ അവതരിപ്പിച്ചതായി ഓര്‍ക്കുന്നു.

ഒരു ബാര്‍ബര്‍ തൊഴിലാളിയുടെ കഥ സിനിമയാക്കുമെങ്കില്‍ ആ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിക്കാന്‍ കഴിവുള്ളതാര്‌ എന്നു ചോദിച്ചാല്‍ ഞങ്ങളുടെ മനസ്സില്‍ ആദ്യം തെളിയുന്ന പേര്‌ ശ്രീനിവാസന്റേതാണ്‌. യാദൃശ്ചികമായിട്ടാണെങ്കിലും അതങ്ങനെ സംഭവിച്ചു. ശ്രീനിവാസന്‍ കഥപറഞ്ഞ്‌ സത്യസന്ധനും അഭിമാനിയും ആദര്‍ശധീരനുമായ ഒരു ബാര്‍ബര്‍ തൊഴിലാളിയെ അവതരിപ്പിച്ച്‌ ബാര്‍ബര്‍ ജനവിഭാഗത്തിന്റെ അന്തസ്സും ആത്മാഭിമാനവും കൂടുതല്‍ ഉയര്‍ത്തിയിരിക്കുന്നു.

കേരളത്തില്‍ ഇന്ന്‌ കാണുന്ന ചെറുകിട പട്ടണങ്ങളുടെ ഒരു 50 വര്‍ഷക്കാലത്തെ ചരിത്രം പരിശോധിച്ചാല്‍ അധികവും മേലുകാവു ഗ്രാമത്തെപ്പോലെത്തന്നെ ഒരു ചായക്കട, ഒരു പലചരക്കുകട, ഒരു മുറുക്കാന്‍കട, ഒരു തയ്യല്‍ക്കട, ഒരു ബാര്‍ബര്‍ഷോപ്പ്‌ ഇതില്‍ക്കവിഞ്ഞൊന്നും ഇല്ലാതിരുന്ന ചെറിയ മാര്‍ക്കറ്റുകളായിരുന്നു. അവിടെ ആകെ പത്രം വരുന്നത്‌ ബാര്‍ബര്‍ ഷോപ്പിലും, ചായക്കടയിലുമായിരിക്കും. ടിവിയുടെയും ട്രാന്‍സിസ്റ്റര്‍ റേഡിയോയുടെയും, ഫോണിന്റെയും പ്രചാരണം ഒട്ടുമില്ലാതിരുന്ന ഈ പ്രദേശങ്ങളില്‍ ആകെയുള്ള വായനയുടെയും, ബചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും വേദിയായിരുന്നു ഈ ഗ്രാമീണ ബാര്‍ബര്‍ ഷോപ്പുകള്‍. ഇന്നത്തെപ്പോലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും, ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കം വലിയരീതിയില്‍ ആഫീസുകള്‍ ഇല്ലാതിരുന്ന അന്നത്തെ കാലഘട്ടത്തില്‍ സാഹിത്യത്തിലും, രാഷ്ട്രീയത്തിലും കലാരംഗത്തുമെല്ലാം അതിന്റെ ബാലപാഠങ്ങള്‍ പഠിച്ചുവളരാന്‍ നിരവധി ആളുകള്‍ക്ക്‌ ഈ ഗ്രാമീണ ബാര്‍ബര്‍ ഷോപ്പുകള്‍ പാഠശാലകള്‍ തന്നെയായിരുന്നു. ഉന്നതസ്ഥാനീയരായ പലര്‍ക്കും തന്റെ വളര്‍ച്ചയുടെ തുടക്കം ഇവിടെനിന്നും ആയിരുന്നു എന്നുപറയാന്‍ പ്രയാസമുള്ളവരും അത്തരം ഓര്‍മ്മകള്‍ തന്നെ അവരെ സംബന്ധിച്ചിടത്തോളം അസ്വാരസം ഉണ്ടാക്കുന്നതുമാണ്‌. കഴിഞ്ഞ യുഡിഎഫ്‌ ഗവണ്‍മെന്റിലെ തൊഴില്‍മന്ത്രിയായിരുന്ന ശ്രീ. ബാബുദിവാകരന്‍ തന്റെ പിതാവിന്റെ രാഷ്ട്രീയജീവിതത്തില്‍ ഒരു ബാര്‍ബര്‍ തൊഴിലാളിയുമായുള്ള ഇഴപിരിയാന്‍ കഴിയാതിരുന്ന ബന്ധത്തെക്കുറിച്ചും അതിലൂടെ തനിക്കും ബാര്‍ബര്‍ ജനവിഭാഗത്തോട്‌ ഉണ്ടായ താല്‍പര്യവും ഞങ്ങളുടെ വേദികളില്‍ നിരവധി തവണ പ്രസംഗിച്ചിട്ടുണ്ട്‌. ഉന്നതസ്ഥാനീയരായ പലരും മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളായ മഹാനടനായി മേലുകാവില്‍ എത്തുന്ന അശോക്‌ രാജിലൂടെ പറയുന്നത്‌.

കൈക്കൂലിയും അഴിമതിയും ദേശസാല്‍ക്കരിച്ച ഒരു രാജ്യമാണ്‌ നമ്മുടേത്‌. സിനിമയിലെ കെഎസ്ബിഎ സംഘടനാ നേതാക്കള്‍ ബാര്‍ബര്‍ ബാലന്റെ കടയില്‍ കൂലികുറച്ചതായി വെച്ചിട്ടുള്ള ബോര്‍ഡ്‌ എടുത്തുമാറ്റുന്നതിന്‌ കൈക്കൂലി വാങ്ങുന്ന ഒരു രംഗമുണ്ട്‌. സമൂഹത്തില്‍ വലിയൊരു ക്യാന്‍സറായി കൈക്കൂലിയും അഴിമതിയും മാറിയിരിക്കുന്നു. ഇത്‌ മാറ്റിത്തീര്‍ക്കുന്നതിന്‌ ഈ അടുത്തകാലത്ത്‌ നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട്‌ അതിന്റെ ജനറല്‍ സെക്രട്ടറി ദേശാഭിമാനിയില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഇക്കാര്യം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതും ആവശ്യമാണ്‌ എന്ന കാര്യം ഊന്നിപ്പറഞ്ഞിരുന്നു. ഇത്തരം ചര്‍ച്ചകള്‍ സാര്‍വ്വത്രികമായി നടക്കുന്നുണ്ടെങ്കിലും അത്‌ പൂര്‍വാധികം ശക്തിപ്രാപിച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്‌. എന്നാല്‍ ബാര്‍ബേഴ്സ്‌ അസോസിയേഷന്റെ സംഘടനാ സമ്മേളനങ്ങളില്‍ ബ്ലോക്ക്‌ മുതല്‍ സംസ്ഥാന കമ്മറ്റി വരെ ഒരു ഘടകത്തിലും ഇത്തരം ഒരു ചര്‍ച്ച നടത്തേണ്ട ഗതികേട്‌ ഞങ്ങള്‍ക്കുണ്ടായിട്ടില്ല. ബാര്‍ബേഴ്സ്‌ അസോസിയേഷന്റെ പ്രവര്‍ത്തകരാരും കൈക്കൂലി വാങ്ങുന്നവരല്ല. സിനിമയില്‍ കഥപറയുന്നതിന്‌ ഒരു ഒഴുക്കിനുവേണ്ടിയോ ഒരു സന്തോഷത്തിനുവേണ്ടിയോ ആണ്‌ അത്തരം ഒര രംഗം ചിത്രീകരിച്ചതെങ്കില്‍ ആ വിഷയം നമുക്ക്‌ വെറുതെ വിടാം. എന്നാല്‍ നൂറില്‍ നൂറുമാര്‍ക്കും ലഭിക്കേണ്ടിയിരുന്ന ഈ ചിത്രത്തില്‍ ഇത്തരം ഒരു അപസ്വരം കടന്നുകൂടിയതിനാല്‍ ഒരു മാര്‍ക്ക്‌ താഴോട്ടുപോയിട്ടുണ്ട്‌.

ബാര്‍ബര്‍ ബാലന്റെ ഭാര്യയായി ഒരു ഉത്തമ കുടംബിനിയായി മീന നല്ല നിലവാരം പുലര്‍ത്തി. നല്ലനിലയില്‍ ജീവിക്കാന്‍ ഉള്ള ഒരുപാട്‌ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി ദരിദ്രനും ആദര്‍ശവാനും അഭിമാനിയുമായ ഒരു ബാര്‍ബറുടെ ഭാര്യ തന്റെ ഇല്ലായ്മകള്‍ മനസ്സിലാക്കി ഭര്‍ത്താവിന്റെ തളര്‍ച്ചയില്‍ താങ്ങും തണലുമായും തുടര്‍ന്ന്‌ മുന്നോട്ടുപോകുന്നതിന്‌ പ്രചോദനമായും ഉള്ള മീനയുടെ അഭിനയം നല്ല നിലവാരം പുലര്‍ത്തി.

ശ്രീനിവാസന്‍ പറഞ്ഞ കഥ കൊള്ളാം. എന്നാല്‍ പറയാനിരിക്കുന്ന കഥ ഇതിലും മഹത്തരമായിരിക്കും. ഒരു പ്രദേശത്തിന്റെ സാമൂഹ്യജീവിതത്തില്‍ അവിടുത്തെ ബാര്‍ബര്‍ തൊഴിലാളികളുടെ ഇടപെടല്‍ കാണാതെ പോകാന്‍ കഴിയില്ല. രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, കലാരംഗത്തെല്ലാം അവന്റെ ഇടപെടല്‍ വളരെ പ്രധാനമാണ്‌. ഒരു നാടിന്റെ ചരിത്രം എഴുതുമ്പോള്‍ ഇങ്ങനെയുള്ള ഒരാളെ മാറ്റിനിര്‍ത്തി ചരിത്രം രചിച്ചാല്‍ ആ ചരിത്രം അപൂര്‍ണമായിരിക്കും.

വിവിധ മേഖലകളില്‍ കനപ്പെട്ട അവാര്‍ഡുകള്‍ ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ അത്തരത്തില്‍ ഒരു അവാര്‍ഡ്‌ തരുന്നതിന്‌ ഞങ്ങള്‍ക്ക്‌ കഴിയില്ലല്ലോ. എങ്കിലും മുഴുവന്‍ ബാര്‍ബര്‍ ജനസമൂഹത്തിന്റെയും ഹൃദയപൂര്‍വ്വമുള്ള അംഗീകാരം ബാര്‍ബര്‍ ബാലന്‌ സ്നേഹപൂര്‍വം നല്‍കിക്കൊള്ളട്ടെ.

ഈ മാതൃക ജീവിതത്തില്‍ പകര്‍ത്താന്‍ എത്രപേര്‍ക്ക്‌ ധൈര്യമുണ്ട്‌!

കൊല്ലം മുണ്ടയ്ക്കല്‍ അമൃതഭവനില്‍ കണ്ണനെന്ന്‌ വിളിക്കുന്ന രമേശ്‌ കുമാറും കളക്ടറേറ്റിന്‌ സമീപം വിഘ്നേഷ്‌ വിഹാറില്‍ നമ്പര്‍ 219 ലെ ശ്രീകലയും കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ യുവതീയുവാക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വെല്ലുവിളിയുയര്‍ത്തി മാതൃകയായി തീര്‍ന്നിരിക്കുന്നു. സ്ത്രീധനത്തൂക്കമില്ലാതെ, സ്വര്‍ണ്ണാഭരണത്തിളക്കമില്ലാതെ ആഢംഭരം നിറഞ്ഞ ആഘോഷങ്ങളില്ലാതെ സമ്പന്നമായ സദ്യവട്ടങ്ങളില്ലാതെ അവര്‍ ദമ്പതികളായി.

മനം പോലെ മംഗല്യം എന്ന ചൊല്ല്‌ ശ്രീകലയെ സംബന്ധിച്ചിടത്തോളം സാര്‍ത്ഥകമാവുകയായിരുന്നു ഞായറാഴ്ച. ഒരാഴ്ചമുമ്പ്‌ ശ്രീകലയുടെ വിവാഹം, ഉമയനെല്ലൂര്‍ നടുവിലെക്കര വിഘ്നേശ്വരത്ത്‌ ലക്ഷ്മണന്‍ ആചാരിയുടെ മകന്‍ പ്രദീപ്‌ കുമാറുമായി നടക്കേണ്ടതാ യിരുന്നു. 75,000 രൂപയും 15 പവനുമായിരുന്നു സ്ത്രീധനമായി പ്രദീപ്‌ കുമാറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത്‌. അതില്‍ 50,000 രൂപ ശ്രീകലയുടെ പിതാവ്‌ ഗോപാലകൃഷ്ണന്‍ ആചാരി കൈമാറിയിരുന്നു. എന്നാല്‍ വിവാഹത്തലേന്ന്‌ ബാക്കി തുകകൂടി ലഭിച്ചേതീരൂ എന്ന്‌ പ്രദീപ്‌ കുമാറും ലക്ഷ്മണന്‍ ആചാരിയും മറ്റ്‌ ബന്ധുക്കളും നിര്‍ബന്ധിച്ചപ്പോള്‍, ധനാര്‍ത്തി നിറഞ്ഞ പ്രദീപ്‌ കുമാറുമൊത്തുള്ള ദാമ്പത്യത്തിന്‌ താനില്ല എന്ന്‌ ധൈര്യപൂര്‍വ്വം പ്രഖ്യാപിച്ച യുവതിയാണ്‌ ശ്രീകല. 500 പേര്‍ക്ക്‌ സദ്യഒരുക്കിയ ശേഷമായിരുന്നു വിവാഹം മുടങ്ങിയത്‌.

ആ ശ്രീകലയെ സ്ത്രീധനപ്പണമോ ആഭരണമോ ഇല്ലാതെ സ്വീകരിക്കാന്‍ മുറച്ചെറുക്കന്‍ കൂടിയായ രമേശ്‌ തയ്യാറായപ്പോള്‍ ഒരുനാടിനുതന്നെ അത്‌ അത്യാഹ്ലാദത്തിന്റെ നിമിഷമായി മാറി.

സാക്ഷരരെന്ന്‌ അഭിമാനിക്കുന്ന മലയാളി യുവാക്കളുടെ പൊങ്ങച്ചങ്ങളില്‍ ഇന്നും ഉയര്‍ന്നുനില്‍ക്കുന്നത്‌ സ്ത്രീധന ത്തോടുള്ള ആര്‍ത്തിയും അതുനല്‍കി വിവാഹിതയായി പിന്നെ ദുരിതമനുഭവിക്കാനുള്ള യുവതികളുടെ പിടക്കോഴി സ്വഭാവവുമാണ്‌.

1961 ല്‍ നിയമം മൂലം സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും അത്‌ ആവശ്യപ്പെടാനും നല്‍കാനും മലയാളി അടക്കമുള്ള ഇന്ത്യയിലെ ഉന്നതകുല ജാതരും ഉന്നത വിദ്യഭ്യാസമുള്ളവരും ഇന്നും മത്സരിക്കുകയാണ്‌. എന്നാല്‍ വാഗ്ദാനം ചെയ്ത തുകയിലോ പവനിലോ എന്തെങ്കിലും കുറവുവന്നാല്‍ ജീവിതാവസാനം വരെ പീഡനത്തിന്റെ ദുരിതപര്‍വ്വമാണ്‌ യുവതികളെ കാത്തിരിക്കുന്നത്‌. ആഹാരം പാകം ചെയ്തു കൊണ്ടിരിക്കെ വസ്ത്രത്തില്‍ തീപിടിച്ചുമരിക്കുന്ന ഹതഭാ ഗ്യകളില്‍ ഭൂരിപക്ഷവും സ്ത്രീധനക്കുറവിന്റെ ഇരകളാണ്‌.

സ്ത്രീധനത്തിന്റെ പേരില്‍ ഇന്ത്യയിലൊട്ടാകെ ഒരേ വിധത്തിലാണ്‌ യുവതികളും അവരുടെ മാതാപിതാക്കളും പീഡിപ്പിക്കപ്പെടുന്നത്‌. പീഡകര്‍ക്ക്‌ എന്നും നിയമത്തിന്റെയും നിയമപാലകരുടെയും പിന്തുണ ലഭിക്കുമ്പോള്‍ കത്തിയമര്‍ന്ന്‌ കത്തിമുനയിലൊടുങ്ങിയും ആത്മഹത്യയിലഭയം തേടിയും യുവതികള്‍ നരകജീവിതത്തില്‍നിന്ന്‌ രക്ഷനേടുകയാണ്‌. ദിനംപ്രതി ഈ കരാളതയുടെ വാര്‍ത്തകള്‍ വായിച്ചിട്ടും, സ്ത്രീധനമെന്ന സാമൂഹിക ദുരാചാരത്തില്‍നിന്നും മുക്തരാകാന്‍ കേരളത്തിലെ യുവാക്കളും യുവതികളും ഇതുവരെ മനസുവച്ചിട്ടില്ല. ആ വൃത്തികെട്ട സമൂഹത്തിന്റെ മുന്നിലാണ്‌ നട്ടെല്ലുയര്‍ത്തി ശ്രീകല നിന്നതും കൈവി റയ്ക്കാതെ രാജേഷ്‌ ശ്രീകലയുടെ കഴുത്തില്‍ താലിചാര്‍ ത്തിയതും.

ശ്രീകല സ്വീകരിച്ച നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കാനും പാരിതോഷികങ്ങള്‍ നല്‍കി പ്രോല്‍സാഹിപ്പിക്കാനും ചിലരെല്ലാം ഉണ്ടായി എന്നത്‌ ശുഭോദര്‍ക്കമായ സംഗതിയാണ്‌. സാധാരണഗതിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം വേണ്ടെന്നുവയ്ക്കുന്ന യുവതികളെ പുച്ഛിക്കാനും കുറ്റപ്പെ ടുത്തിനുമാണ്‌ കേരളീയര്‍ക്കുപോലും ഉത്സാഹം. ആ ദുരവസ്ഥയില്‍നിന്നുള്ള ഒരു മാറ്റം കൊല്ലത്ത്‌ കാണാനായതും ആശാവഹമാണ്‌.

അപ്പോഴും അവശേഷിക്കുന്ന ചോദ്യം ശ്രീകലയുടെയും രമേശ്‌ കുമാറിന്റെയും മാതൃക പിന്തുടരാന്‍ കേരളത്തിലെ എത്ര യുവതിയുവാക്കള്‍ക്ക്‌ നട്ടെല്ലുറപ്പുണ്ട്‌ എന്നതാണ്‌.

പാപക്കണി!

കണികാണാന്‍ പറ്റിയ ചില സംഗതികളുണ്ട്‌. കണികാണാന്‍ പാടില്ലാത്ത സംഗതികളുമുണ്ട്‌. കണികാണാന്‍ പോലും കിട്ടാത്ത മറ്റു ചില സംഗതികള്‍ വേറെ ഉണ്ട്‌!

പശുവിനെ കണികണ്ടുണരുന്നത്‌ നല്ല ലക്ഷണമാണെന്നാണ്‌ വയ്പ്‌. പക്ഷെ നാട്ടില്‍ കണികാണാന്‍ പോലുമില്ലാതായി വരുന്നു പശുക്കള്‍. അങ്ങനെയാണ്‌ നാട്ടുകാര്‍ 'മില്‍മ'യെന്ന നന്മയെ കണികണ്ടുണരാന്‍ തുടങ്ങിയത്‌!

വന്നുവന്നിപ്പോള്‍ മില്‍മയില്‍ നന്മ കണികാണാന്‍ പോലും ഇല്ലെന്നു വന്നിരിക്കുന്നു.

ഡോ. വര്‍ഗ്ഗീസ്‌ കുര്യന്‍ എന്നൊരു മനുഷ്യനുണ്ട്‌. ആളത്ര ശരിയല്ല. അതുകൊണ്ടുതന്നെ ആളെ ഈ നാട്ടില്‍ നിന്നും പണ്ടേതന്നെ പറഞ്ഞുവിട്ടു. ചെന്നു പെട്ടത്‌ ഗുജറാത്തില്‍. ആളവിടെ ചെന്ന്‌ പണിയെടുത്തു. കുറെയേറെ നാളുകൊണ്ട്‌ വല്യൊരു പുള്ളിയായി, 'അമൂല്യനായി'!

ആരെങ്കിലും പങ്കപ്പാടു കഴിച്ച്‌ വല്യപുള്ളിയായാല്‍ നാട്ടുനടപ്പനുസരിച്ച്‌ അങ്ങോരെ 'വ്യത്യസ്തനായൊരു......' പാടി തോളിലേറ്റുന്നപോലെ നമ്മളും ചെയ്തു. ധവളവിപ്ലവത്തിന്റെ പിതാവാണെന്നും പറഞ്ഞ്‌ കൊണ്ടാടി.

പലവട്ടം നാട്ടില്‍ വന്നപ്പോഴൊക്കെ ഇതൊക്കെത്തന്നെ ചെയ്തു പറഞ്ഞുവിട്ടു. 'എങ്ങനെയിതു പറ്റിച്ചു?' എന്നു മാത്രം ചോദിക്കാതിരിക്കാന്‍ എല്ലാരും ശ്രദ്ധിച്ചു.

അതുകൊണ്ടൊരുപാടു ഗുണമുണ്ടായി. കലങ്ങളായി പശുവളര്‍ത്തി അരിവാങ്ങിവന്ന പാവങ്ങള്‍ കൂടി ആ പണി നിര്‍ത്തുന്ന അവസ്ഥയിലായി. അബ്കാരികളായ അബ്കാരികളൊക്കെ അങ്ങനെ പാലു കച്ചവടം തുടങ്ങി. തമിഴ്‌ നാട്ടിലേക്ക്‌ കേരളത്തിന്റെ വെള്ളമൊഴുകുമ്പോലെ കേരളത്തിലേക്ക്‌ തമിഴന്‍ പാലൊഴുക്കാന്‍ തുടങ്ങി.

പാലൊഴുക്കുന്നതിന്റെ മറവില്‍ അബ്കാരികള്‍ സ്പിരിറ്റൊഴുക്കാന്‍ തുടങ്ങി, സ്പിരിറ്റടിച്ചു പൂക്കുറ്റിയായി വീട്ടിലെത്തുന്ന കണവന്മാരോട്‌ 'പലുകുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന്‌' ധര്‍മ്മപത്നിമാര്‍ മൊഴിയാന്‍ തുടങ്ങി!

അങ്ങനെ ഒരുകണക്കിന്‌ മില്‍മയെ പരണത്തു വെക്കാന്‍ പറ്റിയ പരുവമാക്കിയിരിക്കെ, ആ മനുഷ്യന്‍; ഡോ. വര്‍ഗ്ഗീസ്‌ കുര്യന്‍ വീണ്ടും വന്നിരിക്കുന്നു!

ക്ഷീരവികസനത്തിന്റെ നേതൃത്വം കര്‍ഷകരെ ഏല്‍പ്പിക്കണമെന്നാണ്‌ കോഴിക്കോട്‌ വച്ച്‌ ഡോ. കുര്യന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

അതെന്തൊരു പറച്ചിലാണ്‌! പശുവളര്‍ത്തുകാര്‍ മില്‍മ ഭരിക്കുന്നതൊരു കുറച്ചിലല്ലേ സാറേ?

മില്‍മ ഭരിക്കാനല്ലെ കഞ്ഞിപ്പശ മുക്കി വടിപോലാക്കിയ ഖാദിയുടുപ്പും ധരിച്ച്‌ ഞങ്ങള്‍ കോണ്‍ഗ്രസു നേതാക്കള്‍ അവതരിച്ചിരിക്കുന്നത്‌?

ഡോ. കുര്യന്‍ പറഞ്ഞതു കേട്ടോ? പാവപ്പെട്ട കര്‍ഷകരെ വിശ്വാസത്തിലെടുക്കണമെന്ന്‌!

ഈശ്വരാ..... പാപം.... മഹാപാപം...! കിടാവിനു കുടിക്കാന്‍ വേണ്ടി ചുരത്തുന്ന പാലു മുഴുവന്‍ കറന്നെടുത്ത്‌ വിറ്റു കാശാക്കുന്ന ചതിയന്മാരെ വിശ്വസിക്കണമെന്നോ...? പാപം... പാപം...!

Friday, January 25, 2008

ഗ്രൂപ്പ്‌ പോരിന്റെ സൈബര്‍സിറ്റി

ടൈറ്റസ്‌ കെ. വിളയില്‍
കൊച്ചി: മൂലധന സമാഹരണത്തിലെന്നപോലെ സൈബര്‍ മേഖലയിലെ സാന്നിധ്യം കൊണ്ടും ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളെ അമ്പരപ്പിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അവരുടെ ആന്തരീകഛിദ്രവും ജീര്‍ണതയും സൈബര്‍മേഖലയിലേക്കും കൂടി വ്യാപിപ്പിച്ചതിന്റെ തെളിവാണ്‌ എച്ച്‌എംടി ഭൂമി ഇടപാടും സൈബര്‍സിറ്റി കഥകളും.

യുഡിഎഫ്‌ സര്‍ക്കാര്‍ തുടക്കമിട്ട സ്മാര്‍ട്ട്സിറ്റി പദ്ധതി നിലവില്‍ കേരളീയര്‍ക്ക്‌ അനുകൂലമാക്കി സാക്ഷാത്കരിച്ചതിന്റെ പേരില്‍ വാനോളം പുകഴ്ത്തപ്പെട്ട വി.എസ്‌. അച്യുതാനന്ദന്‍ സൈബര്‍സിറ്റിയുടെ കാര്യത്തില്‍ എന്തൊക്കെയോ മറച്ചുവയ്ക്കുന്നുണ്ടെന്നും ആരെയോക്കെയോ ഭയപ്പെടുന്നുണ്ടെന്നുമാണ്‌ ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌.

സ്മാര്‍ട്ട്സിറ്റി വാഗ്ദാനം ചെയ്തതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങളുടെ പ്രലോഭനവുമായിട്ടാണ്‌ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ്‌ കളമശേരിയിലെ കണ്ണായ ഭൂമി സ്വന്തമാക്കാന്‍ നീക്കങ്ങള്‍ നടത്തിയത്‌. ഗോപി കോട്ടമുറിക്കല്‍ അടക്കമുള്ള അച്യുതാനന്ദന്‍പക്ഷക്കാര്‍ക്ക്‌ ഈ വാഗ്ദാനത്തില്‍ സംശയം തോന്നാതിരുന്നതുകൊണ്ടാണ്‌ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന്റെ സൈബര്‍സിറ്റി ബ്രോഷറും സ്ഥലമിടപാടിന്റെ ലഭിച്ച രേഖകളും അയച്ചുകൊടുത്ത്‌ വി.എസ്‌. അച്യുതാനന്ദനെ ഉദ്ഘാടനത്തിന്‌ ക്ഷണിച്ചത്‌. ഈ ഇടപാടില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ സഖാവിന്‌ യുക്തമായ തീരുമാനമെടുക്കാമെന്നും കോട്ടമുറിക്കലും ചന്ദ്രന്‍പിള്ളയും എസ്‌. ശര്‍മയും അടങ്ങുന്ന എറണാകുളത്തെ വിഎസ്‌ പക്ഷക്കാര്‍ ക്ഷണക്കത്തില്‍ അടിക്കുറിപ്പായി ചേര്‍ത്തിരുന്നു.

ലഭിച്ച വിവരങ്ങള്‍ വിശ്വസിക്കാമെങ്കില്‍ അച്യുതാനന്ദന്‍ ഉദ്ഘാടനത്തിനെത്താമെന്ന്‌ സമ്മതിച്ചൂവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഭാടം നിറഞ്ഞ ക്ഷണപത്രം തയ്യാറാക്കുകയും പത്രങ്ങള്‍ക്ക്‌ ലക്ഷക്കണക്കിന്‌ രൂപയുടെ പരസ്യം നല്‍കുകയും ചെയ്തു. 2.75 കോടി രൂപയാണ്‌ പരസ്യയിനത്തില്‍ പത്രങ്ങള്‍ക്ക്‌ നല്‍കിയതെന്നാണ്‌ വാസ്തവത്തിന്‌ ലഭിച്ച വിവരം.

അച്യുതാനന്ദന്‍ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യകാര്‍മികത്വം വഹിക്കുമെന്ന്‌ ഉറപ്പുകിട്ടിയപ്പോള്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈമാറാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഉത്സാഹം ഇരട്ടിച്ചു. എന്നാല്‍ ഇവരുടെയെല്ലാം പ്രതീക്ഷകളുടെ നെറുകയ്ക്ക്‌ പ്രഹരിക്കുകയായിരുന്നു അച്യുതാനന്ദന്റെ നിലപാട്‌. സൈബര്‍സിറ്റി ഉദ്ഘാടനത്തിന്റെ തലേദിവസമാണ്‌ താന്‍ ഇതില്‍ പങ്കെടുക്കുകയില്ലായെന്ന്‌ ബന്ധപ്പെട്ടവരെ അച്യുതാനന്ദന്‍ അറിയിച്ചത്‌.

അച്യുതാനന്ദന്റെ ഇമേജ്‌ നിലനിര്‍ത്താനുള്ള 'ഒരു വിഭാഗീയ' പ്രവര്‍ത്തനമായിരുന്നു ഇതെന്നാണ്‌ ഇപ്പോള്‍ ഔദ്യോഗികപക്ഷം പൊളിറ്റ്ബ്യൂറോയെ അറിയിച്ചിട്ടുണ്ട്‌.

ലഭിച്ച വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ എച്ച്‌എംടി ഭൂമിയിടപാടില്‍ അനധികൃതമായ പല കൈകളുടെ ഇടപെടലുകളുണ്ടെന്നും അതുകൊണ്ട്‌ ചടങ്ങില്‍ പങ്കെടുക്കരുതെന്നും എളമരം കരീമിനോടും ശര്‍മയോടും കെ.പി. രാജേന്ദ്രനോടും മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ അച്യുതാനന്ദന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആ നിര്‍ദേശം കെ.പി. രാജേന്ദ്രന്‍ അംഗീകരിച്ചപ്പോള്‍ എളമരം കരീമും അച്യുതാനന്ദന്റെ ലഫ്റ്റനന്റ്‌ എന്ന്‌ മാധ്യമസിന്‍ഡിക്കേറ്റുകള്‍ വിശേഷിപ്പിക്കുന്ന എസ്‌.ശര്‍മയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ എം.പി. ചന്ദ്രന്‍പിള്ളയും ഇവര്‍ക്കൊപ്പം ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഔദ്യോഗികപക്ഷത്തെ പ്രബലനും വ്യവസായമന്ത്രിയുമായ എളമരം കരീമിനെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു അച്യുതാനന്ദന്‍ ഈ നിലപാടുകള്‍ മാറിമാറി എടുത്തതെന്നാണ്‌ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ ഉപശാലാ സംസാരം. കൂടാതെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള കരുനീക്കങ്ങളില്‍ പിണറായി വിജയനൊപ്പം നില്‍ക്കുകയും സ്ഥാനം നിലനിര്‍ത്തുകയും വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്ത ഗോപി കോട്ടമുറിക്കല്‍ അടക്കമുള്ളവരോടുള്ള അമര്‍ഷം തീര്‍ക്കാനും അച്യുതാനന്ദന്‍ ഈ അവസരം വിനിയോഗിച്ചു എന്നാണ്‌ മാധ്യമരംഗത്തെ പൊതുസംസാരം. സൈബര്‍സിറ്റിക്കു നല്‍കിയ 70 ഏക്കര്‍ ഭൂമിയുടെ ക്രയവിക്രയ അവകാശം പൂര്‍ണമായും എച്ച്‌എംടിക്കാണെന്ന്‌ വ്യവസായമന്ത്രി എളമരം കരീം പറഞ്ഞത്‌ അസന്ദിഗ്ധമായിട്ടാണ്‌. എന്നാല്‍ ഇതേക്കുറിച്ച്‌ ആധികാരികമായി അഭിപ്രായം പറയുന്നതില്‍ നിന്ന്‌ ബോധപൂര്‍വം ഇപ്പോഴും വിട്ടുനില്‍ക്കുകയാണ്‌ കെ.പി. രാജേന്ദ്രന്‍. 1963 മുതലുള്ള രേഖകള്‍ പരിശോധിച്ചശേഷമേ കൃത്യമായി എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌.

ഭൂമി ക്രയവിക്രയത്തില്‍ അപാകങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കണമെന്നാണ്‌ ഇപ്പോള്‍ ചന്ദ്രന്‍പിള്ള പറയുന്നത്‌. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന്‌ ഉതകുന്ന ഒരു പദ്ധതിക്ക്‌ തടയിടരുത്‌ എന്നും സംസ്ഥാനത്ത്‌ മുതല്‍മുടക്കാന്‍ തയ്യാറാകുന്നവരെ പിന്തിരിപ്പിക്കരുതെന്നും കരുതി മുഖ്യമന്ത്രിയുടെ അറിവോടെയാണ്‌ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്നും എളമരം കരീം വിശദീകരിക്കുന്നു.

അതേസമയം ശര്‍മ മൗനം പുലര്‍ത്തുകയാണ്‌. അതേ നിലപാട്‌ തന്നെയാണ്‌ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളത്‌. കെ.പി. രാജേന്ദ്രന്‍ ഉരുണ്ടുകളിക്കുമ്പോള്‍ ഇപ്പോള്‍ സിപിഐയുടെ വക്താവായി വാഴ്ത്തപ്പെടുന്ന കാനം രാജേന്ദ്രന്‍ രൂക്ഷമായ പദങ്ങളുപയോഗിച്ചാണ്‌ സിപിഎമ്മിനെ കുറ്റപ്പെടുത്തിയിട്ടുള്ളത്‌. 300 കോടിയിലധികം രൂപ കൈപ്പറ്റി രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥ മേധാവികളും നടത്തിയ ഈ വഞ്ചനയ്ക്കുപിന്നില്‍ മുകളില്‍ സൂചിപ്പിച്ചതുപോലുള്ള വിഭാഗീയതയും ഗ്രൂപ്പിസവും ധനാര്‍ത്തിയുമാണ്‌ നിറഞ്ഞുനില്‍ക്കുന്നത്‌. വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ഇനി എത്രയുണ്ടായാലും ഭൂമിമാഫിയകളുടെ ഏജന്റുമാരാണ്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെയും സിപിഐയിലെയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമെന്ന്‌ മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌, എച്ച്‌എംടി സ്ഥലവില്‍പ്പന എല്ലാം തെളിയിക്കുന്നത്‌.

കൈയില്‍ ചാട്ടവാറുണ്ടെങ്കില്‍...

കൈയില്‍ ചാട്ടവാറുണ്ടെങ്കില്‍
പ്രിയപ്പെട്ട ക്രിസ്തു ഒന്നിവിടംവരെ വരുക
അടിച്ചുപുറത്താക്കാന്‍
ബിഷപ്പുമാരും വിശ്വാസികളും നിരവധി.
ജില്ലാ ഭരണകൂടത്തിന്റെ തലവേദന
വര്‍ധിപ്പിക്കുന്ന,
സാധാരണജനങ്ങളുടെ സ്വൈര്യ ജീവിതം
നശിപ്പിക്കുന്ന
ഈ വിശ്വാസിക്കൂട്ടങ്ങളെ ജനം കൈവച്ചാല്‍
അത്‌ നിയമം കൈയിലെടുക്കലാകും.
അത്‌ ജില്ലാ ഭരണകൂടത്തിന്റെയൂം
പോലീസിന്റെയും
ജോലിഭാരം ഇരട്ടിപ്പിക്കും.
അതുകൊണ്ട്‌ ക്രിസ്തുതന്നെ
ചാട്ടവാറുമായി എത്തുക
ഞങ്ങള്‍ കാത്തിരിക്കുന്നു.

ഹസ്സനൊരു കളികളിക്കും

മുഖസ്തുതി പറയുകയാണെന്ന്‌ കരുതരുത്‌. മുഖശ്രീ ഒട്ടുമില്ലാത്തൊരു നേതാവായിപ്പോയി ഹസ്സനിക്ക.

എന്നുവച്ച്‌ ജനശ്രീ എന്ന പേരില്‍ ആളൊരു ഏര്‍പ്പാടുമായി മുന്നോട്ടുവന്നപ്പോള്‍ ഇത്രയേറെ എതിര്‍ക്കേണ്ടതുണ്ടോ?

കെ.പി.സി.സിയുമായി ജനശ്രീക്ക്‌ യാതൊരു ബന്ധവുമില്ലെന്ന്‌ പറഞ്ഞുകളഞ്ഞൂ ചെന്നിനായകന്‍! അങ്ങനെ കൈകഴുകിയാല്‍ തീരുമോ പ്രശ്നം?

ജനശ്രീ എന്നുവച്ചാല്‍ വളരെ നല്ലൊരു ഏര്‍പ്പാടാണ്‌. ഈ ഏര്‍പ്പാട്‌ കണ്ടുപിടിച്ചത്‌ സായിപ്പന്മാരാണ്‌. സായിപ്പന്മാര്‍ കണ്ടുപിടിച്ചാല്‍ പിടിച്ചതാണ്‌, മോശം വരില്ല!

വെറുതെ കിട്ടിയാല്‍ കാഞ്ഞിരംപോലും മധുരതരം എന്ന വളരെ സിംപിളായ ലോകതത്വമാകുന്നു ഈ ഏര്‍പ്പാടിന്റെയും അടിസ്ഥാനം.

സ്വാശ്രയസംഘങ്ങള്‍, മൈക്രോ ക്രെഡിറ്റ്‌ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നീ കുപ്പികളിലാക്കി കത്തോലിക്ക പള്ളിക്കാര്‍, എസ്‌എന്‍ഡിപി യോഗക്കാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയ സല്‍കര്‍മ്മികള്‍ ഈ ഏര്‍പ്പാട്‌ തുടര്‍ന്നുവരുന്നുണ്ട്‌. അങ്ങനെയിരിക്കെ എന്നാല്‍പ്പിന്നെ നമ്മള്‍ക്കെന്തുക്കൊണ്ടായിക്കൂടായെന്ന്‌ ഹസ്സനിക്കായ്ക്ക്‌ തോന്നിയതാണ്‌ ഇപ്പോള്‍ പുകിലായിരിക്കുന്നത്‌.

ഈ ഏര്‍പ്പാടിന്റെ പ്രധാന സവിശേഷത ഏതു കൊഞ്ഞാണനും വായ്പകിട്ടും എന്നാണ്‌. വെറുതെ മെമ്പറായാല്‍ മതി. പിന്നങ്ങോട്ട്‌ അങ്കം തുടങ്ങാം!

സ്വാശ്രയസംഘങ്ങള്‍ക്ക്‌ വായ്പകൊടുക്കാന്‍ ഓടിനടപ്പാണ്‌ ബാങ്ക്‌ മാനേജര്‍മാര്‍. അങ്ങനെ ലോണ്‍ കൊടുത്തുകൊടുത്ത്‌ എന്തെന്തുമാറ്റങ്ങളാണ്‌ ഈ കൊച്ചുകേരളത്തിലുണ്ടായതെന്ന്‌ കണ്ണുതുറന്നൊന്നു നോക്കണം.

കോഴിവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, അരിപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, മൂക്കില്‍പൊടി, കണ്ണില്‍പൊടി തുടങ്ങി പലതരം പൊടികളുടെ നിര്‍മാണം, സ്ത്രീകളുടെ സകലഅവലക്ഷണങ്ങളും ഒളിപ്പിച്ചുവയ്ക്കാന്‍പോന്ന നൈറ്റികളുടെ നിര്‍മാണം, പരമ്പരാഗത ഭക്ഷണപദാര്‍ത്ഥങ്ങളായ പരിപ്പുവട, ഉണ്ടന്‍പൊരി, സുഖിയന്‍, അവലോസുണ്ട, കുഴലപ്പം തുടങ്ങിയവയുടെ നിര്‍മാണം എന്നിങ്ങനെ ഡോളര്‍കണക്കിന്‌ വിദേശനാണ്യം നേടിത്തരുന്ന വന്‍വ്യവസായങ്ങളിലേര്‍പ്പെട്ട്‌ കോടീശ്വരന്മാരും കോടീശ്വരത്തികളുമായ ജനലക്ഷങ്ങളുടെ കഥകളാണ്‌ സ്വാശ്രയസംഘങ്ങള്‍ക്ക്‌ പറയാനുള്ളത്‌!

സഹകരണ ബാങ്കു ഭരണമൊക്കെയും കമ്യൂണിസ്റ്റുകാര്‍ പിടിച്ചെടുത്ത നാട്ടില്‍ ഒരു പട്ടിച്ചാത്തനും കോണ്‍ഗ്രസുകാരുടെ അടുത്ത്‌ നാളിതുവരെ വായ്പ ചോദിച്ച്‌ ചെന്ന ചരിത്രമില്ല.

ആ ചരിത്രം തിരുത്തുവാനാണ്‌ ഹസ്സനിക്ക തുനിഞ്ഞിറങ്ങിയത്‌. ജനശ്രീയില്‍ നിന്ന്‌ വായ്പ ചോദിക്കാന്‍ വരുന്നവരുടെ വോട്ടുകള്‍കൊണ്ടുമാത്രം കാലാകാലം കോണ്‍ഗ്രസിന്‌ ഭരണം പിടിക്കാനാകുമെന്ന ഐഡിയ. ഇതാണ്‌ പറയുന്നത്‌ ആന്‍ ഐഡിയ കാന്‍ ചേയ്ഞ്ച്‌ യുവര്‍ ലൈഫ്‌. (ഒരൈഡിയക്ക്‌ നിങ്ങളുടെ തറവാട്‌ വില്‍പ്പിക്കാനാവും എന്നതാണ്‌ ഇതിന്റെ പച്ചമലയാളം).

ആ ഐഡിയക്കിട്ടാണ്‌ ഇപ്പോള്‍ പാരവന്നിരിക്കുന്നത്‌. ഒന്നോര്‍ക്കണം എങ്ങനെയെങ്കിലും ജനശ്രീയില്‍ ഒന്നംഗമായി ലോണെടുത്ത്‌ വ്യവസായം തുടങ്ങി കരകയറാന്‍ കാത്തിരിക്കുന്ന ജനകോടികളുടെ പ്രസ്ഥാനമാണ്‌ കോണ്‍ഗ്രസ്‌.

നോക്കിക്കോ.. എല്ലാ പാരകളും തകര്‍ത്ത്‌
ഹസ്സനൊരു കളികളിക്കും!

Thursday, January 24, 2008

'സൈബര്‍ സിറ്റി' 300 കോടിയുടെ അഴിമതി

  • രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ഉദ്യോഗസ്ഥരെയും വിലക്കെടുത്തത്‌ 300 കോടിക്ക്‌
  • സുപ്രീം കോടതി, ഹൈക്കോടതി വിധികള്‍ ലംഘിച്ചു കൊണ്ടുള്ള സ്ഥലം കൈമാറ്റം
  • റവന്യൂ വകുപ്പും വ്യവസായവകുപ്പും രജിസ്ട്രേഷന്‍ വകുപ്പും ചേര്‍ന്നുള്ള ഒത്തുകളി
  • സ്ഥലം കൈമാറ്റത്തിന്‌ പച്ചക്കൊടി കാട്ടിയത്‌ കെപി രാജേന്ദ്രന്‍
  • എളമരം കരീമിന്റെ ചേംബറിലെ യോഗം ദുരൂഹം
  • മുഖ്യമന്ത്രിയെയും ഐടി വകുപ്പിനെയും അറിയിക്കാതെ ഇടപാട്‌ നടന്നു
  • സംഭവത്തെക്കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷം
  • എളമരം കരീമിനെയും കെപി രാജേന്ദ്രനെയും എസ്‌ ശര്‍മയേയും മന്ത്രിസഭയില്‍നിന്ന്‌ പുറത്താക്കണമെന്ന്‌ പിസി ജോര്‍ജ്ജ്‌
ടൈറ്റസ്‌ കെ വിളയില്‍

കൊച്ചി: എച്ച്‌എംടിയുടെ കൈവശമുണ്ടായിരുന്ന 70 ഏക്കര്‍ സ്ഥലം സൈബര്‍സിറ്റിക്കുവേണ്ടി ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിന്‌ വില്‍ക്കാന്‍ റവന്യൂ, വ്യവസായം, രജിസ്ട്രേഷന്‍ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും കേരളത്തിലെ വിവിധ രാഷ്ട്രീയ-ട്രേഡ്‌യൂണിയന്‍ നേതാക്കളെയും മുന്നൂറ്‌ കോടി രൂപയ്ക്ക്‌ വിലക്കെടുത്തതായി തെളിവുകള്‍.

സര്‍ക്കാര്‍ പൊന്നുംവിലയ്ക്കെടുത്ത്‌ എച്ച്‌എംടിക്ക്‌ കൈമാറിയ 878.04 ഏക്കര്‍ സ്ഥലത്തില്‍ 70 ഏക്കറാണ്‌ എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്‌ ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിന്‌ വിറ്റത്‌. സെന്റിന്‌ 10 ലക്ഷം രൂപ വച്ച്‌ കണക്കാക്കിയാല്‍ തന്നെ 700 കോടി രൂപ ലഭിക്കേണ്ടിടത്ത്‌ 91 കോടിക്കാണ്‌ ഈ സ്ഥലം ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിന്‌ കൈമാറിയത്‌.

മുഖ്യമന്ത്രിയോ ഐടി വകുപ്പോ അറിയാതെ സൈബര്‍ സിറ്റി തുടങ്ങാന്‍ വേണ്ടിയാണ്‌ സ്ഥലം കൈമാറിയതെന്നാണ്‌ ബന്ധപ്പെട്ടവര്‍ ഇപ്പോഴും വിശദീകരിക്കുന്നത്‌. ഇതിലെ കള്ളക്കളി തിരിച്ചറിഞ്ഞ്‌ സൈബര്‍ സിറ്റിയുടെ കല്ലിടല്‍ ചടങ്ങില്‍നിന്നും മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ ഒഴിഞ്ഞുനിന്നു. റവന്യൂ മന്ത്രി കെപി രാജേന്ദ്രന്‍, വ്യവസായമന്ത്രി എളമരം കരീം, രജിസ്ട്രേഷന്‍ മന്ത്രി എസ്‌.ശര്‍മ്മ എന്നിവരോട്‌ ചടങ്ങില്‍ പങ്കെടുക്കരുതെന്ന്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും എളമരം കരീമും എസ്‌ ശര്‍മ്മയും ചടങ്ങില്‍ പങ്കെടുത്തത്‌ വിവാദമായിരുന്നു.

അന്ന്‌ മാധ്യമങ്ങള്‍ക്കുനേരെ എളമരം കരീം കുരച്ചുചാടുകയായിരുന്നു. കേരളത്തില്‍ വ്യവസായവികസനത്തിന്‌ വിഘാതം നില്‍ക്കുന്നത്‌ മാധ്യമങ്ങളും അവയുടെ അധമ താല്‍പ്പര്യങ്ങളുമാണെന്നായിരുന്നു എളമരം കരീമിന്റെ 'പ്രഖ്യാപനം'.

മുഖ്യമന്ത്രിയോട്‌ ആലോചിച്ച ശേഷം, ഒരു വ്യവസായ സംരംഭം തുടങ്ങുന്ന ചടങ്ങ്‌ തടസ്സപ്പെടുത്താതിരിക്കാനാണ്‌ സൈബര്‍സിറ്റിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്ന എളമരം കരീമിന്റെ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന്‌ വാസ്തവത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ലാന്റ്‌ മാഫിയയുമായി ചേര്‍ന്നുകൊണ്ട്‌ വ്യവസായ-റവന്യൂ രജിസ്ട്രേഷന്‍ വകുപ്പുകള്‍ നടത്തിയ കള്ളക്കളികളാണ്‌ വാസ്തവത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്‌. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിരവധി വിധികളും കേരള ലാന്റ്‌ റിഫോംസ്‌ ആക്ടിലെ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ്‌ ഈ സ്ഥലം കൈമാറ്റത്തിന്‌ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ കൂട്ടുനിന്നത്‌.

എച്ച്‌എംടിയുടെ വികസനത്തിനുവേണ്ടി പൊതുജനങ്ങളില്‍നിന്നും പൊന്നും വിലയ്ക്ക്‌ സ്ഥലം വാങ്ങി സര്‍ക്കാര്‍ കൈമാറിയപ്പോള്‍ ഈ സ്ഥലം വ്യവസായ ആവശ്യത്തിന്‌ മാത്രമെ ഉപയോഗിക്കാവൂ എന്ന്‌ വ്യക്തമായ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പൂര്‍ണ്ണമായോ ഭാഗികമായോ വില്‍ക്കാനോ ശൈമാറാനോ എച്ച്‌എംടി മാനേജ്മെന്റിന്‌ അവകാശമില്ലെന്നും വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ 12 ഏക്കര്‍ മാത്രമാണ്‌ എച്ച്‌എംടി ഉപയോഗപ്പെടുത്തിയത്‌. ഇതേത്തുടര്‍ന്ന്‌ 91 ല്‍ 400 ഏക്കര്‍ തിരിച്ചെടുക്കാന്‍ അന്നത്തെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനെതിരെ എച്ച്‌എംടി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്നുനടന്ന അനുരഞ്ജന ചര്‍ച്ചയുടെ ഒടുവില്‍ 300 ഏക്കര്‍ സര്‍ക്കാരിലേക്ക്‌ വിട്ടുകൊടുക്കാനും 100 ഏക്കര്‍ എച്ച്‌എംടിയുടെ വികസനത്തിനായി എച്ച്‌എംടിയുടെ ഉടമസ്ഥതയില്‍ സൂക്ഷിക്കാനും ധാരണയായി.

ഈ ധാരണ തെറ്റിച്ചുകൊണ്ടും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി സര്‍ക്കാരിനുപോലും ഏകപക്ഷീയമായി വില്‍ക്കാന്‍ അവകാശമില്ലെന്ന നിരവധി ഹൈക്കോടതി വിധികളും സുപ്രീം കോടതി വിധികളും ലംഘിച്ചുകൊണ്ടുമാണ്‌ ബ്ലൂസ്റ്റാര്‍ റിയല്‍ ടേഴ്സിന്‌ സ്ഥലം കൈമാറിയത്‌. സൈബര്‍ സിറ്റിക്കുവേണ്ടിയാണ്‌ സ്ഥലം കൈമാറ്റമെന്ന വാക്കാലുള്ള ധാരണ മാത്രമേയുള്ളൂ. വന്‍കിട ഹോട്ടലുകളും പാര്‍പ്പിട സമുച്ചയങ്ങളും നിര്‍മ്മിക്കുന്ന ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സ്‌ സൈബ? സിറ്റിയുടെപേരില്‍ ജില്ലയിലെ കണ്ണായ സ്ഥലം കൈക്കലാക്കുകയായിരുന്നുവെന്ന്‌ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നു.

എച്ച്‌എംടി അവരുടെ കൈവശമുള്ള സ്ഥലം കൈമാറാന്‍ പോകുന്നു എന്നറിഞ്ഞ്‌ പ്രമുഖ ട്രേഡ്‌യൂണിയന്‍ നേതാവ്‌ കെഎന്‍ രവീന്ദ്രനാഥ്‌ വ്യവസായമന്ത്രി എളമരം കരീമിന്‌ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എച്ച്‌എംടിയുടെ കൈവശമുള്ള സ്ഥലം പോക്കുവരവ്‌ നടത്തുന്നത്‌ രജിസ്ട്രേഷന്‍ വകുപ്പ്‌ തടഞ്ഞതാണ്‌. ഇതിനിടയിലാണ്‌ വീണ്ടും പരാതി ഉണ്ടാകുന്നതും എളമരം കരീമിന്റെ സാന്നിദ്ധ്യത്തില്‍ ട്രേഡ്‌ യൂണിയന്‍ നേതാക്കളും എച്ച്‌എംടി മാനേജ്മെന്റ്‌ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടന്നത്‌. ബ്ലൂസ്റ്റാര്‍ റിയര്‍ടേഴ്സിന്‌ അനുവദിച്ച വിലയ്ക്ക്‌ ബാക്കി 30 ഏക്കര്‍ സ്ഥലം തൊഴിലാളികളുടെ പാര്‍പ്പിട നിര്‍മ്മാണത്തിന്‌ നല്‍കണമെന്നായിരുന്നു ട്രേഡ്‌ യൂണിയന്‍ നേതാക്കളുടെ ആവശ്യം. ഇത്‌ വാക്കാല്‍ മാത്രം എച്ച്‌എംടി മാനേജ്മെന്റ്‌ സമ്മദിച്ചു. ഈ സമയത്താണ്‌ ചര്‍ച്ചനടക്കുന്ന ഹാളിലേക്ക്‌ റവന്യൂമന്ത്രി കെപി രാജേന്ദ്രനും ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിന്റെ ജനറല്‍ മാനേജര്‍ മാത്തൂറും എത്തുന്നത്‌. അവിടെവച്ചാണ്‌ കെപി രാജേന്ദ്രന്‍ 70 ഏക്കര്‍ സ്ഥലത്തിന്റെ തടഞ്ഞുവച്ച പോക്കുവരവ്‌ നടത്തിക്കൊടുക്കാന്‍ സമ്മദിക്കുന്നത്‌.

ഈ കള്ളക്കളിക്ക്‌ മന്ത്രിമാരും സിപിഐയിലേയും സിപിഎമ്മിലേയും പ്രമുഖ ട്രേഡ്‌ യൂണിയന്‍ നേതാക്കന്മാരും വ്യവസായ-റവന്യൂ-രജിസ്ട്രേഷന്‍ വകുപ്പിലെ ഉന്നതന്മാരായ ഉദ്യോഗസ്ഥരും പങ്കാളികളാണെന്നും ഇവരെ വിലയ്ക്കെടുക്കാന്‍ ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സ്‌ 300 കോടി രൂപയിലധികം ചിലവാക്കിയിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ്‌ എംഎല്‍എ ആരോപിക്കുന്നു. ഇപ്പോള്‍ സ്ഥലം കൈമാറ്റത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ തിരുത്തണമെന്ന്‌ ഈ നേതാക്കള്‍ പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും സംഭവത്തെക്കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും മന്ത്രിമാരായ കെപി രാജേന്ദ്രന്‍, എസ്‌ ശര്‍മ്മ, എളമരം കരീം എന്നിവര്‍ രാജിവയ്ക്കമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. രാജിവയ്ക്കുന്നില്ലെങ്കില്‍ ഇവരെ മന്ത്രിസഭയില്‍നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്ന്‌ പിസി ജോര്‍ജ്ജ്‌ ആവശ്യപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ നേതാക്കളും മന്ത്രിമാരും വരെ ലാന്റ്‌ മാഫിയയുടെ ഏജന്റുമാരാണെന്ന്‌ എച്ച്‌എംടി-മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ കൈമാറ്റങ്ങള്‍ തെളിയിക്കുന്നു എന്ന്‌ പിസി ജോര്‍ജ്ജ്‌ വാസ്തവത്തോടു പറഞ്ഞു.

ധീരവും മാതൃകാപരമായ വിധി; എങ്കിലും...

രണ്ടാം മാറാട്‌ കേസിലെ 27 പ്രതികള്‍ക്ക്‌ കഠിനവ്യവസ്ഥകളോടെയാണെങ്കിലും ജാമ്യം അനുവദിച്ച ഹൈക്കോടി ജസ്റ്റിസ്‌ ആര്‍. ബസന്തിന്റെ വിധി ധീരവും മാതൃകാപരവുമാണ്‌. രോഗികളും വൃദ്ധരുമായ, പ്രതികളെന്ന്‌ ആരോപിക്കപ്പെടുന്നവര്‍ കഴിഞ്ഞ നാലരവര്‍ഷമായി വിചാരണ തടവുകാരായി കഴിയുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷയെ സര്‍ക്കാരും ബിജെപി നേതൃത്വവും പോലീസ്‌ ഡിപ്പാര്‍ട്ട്മെന്റും ഒരുപോലെ എതിര്‍ക്കുകയായിരുന്നു. ഇവര്‍ക്ക്‌ ജാമ്യം അനുവദിച്ച കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തില്‍ വന്‍ പൊട്ടിത്തെറികളുണ്ടാകും എന്നായിരുന്നു സര്‍ക്കാര്‍ അടക്കമുള്ളവര്‍ വാദിച്ചത്‌. എന്നാല്‍ തങ്ങളുടെ വാദങ്ങള്‍ സാധൂകരിക്കാനുള്ള തെളിവുകള്‍ സര്‍ക്കാരിന്റെ കൈയിലോ പ്രോസിക്യൂഷന്റെ പക്കലോ ഉണ്ടായിരുന്നില്ല. ബിജെപി നേതാക്കള്‍ പറഞ്ഞിരുന്ന എതിര്‍പ്പിന്റെ വചനങ്ങള്‍ അതേപോലെ ആവര്‍ത്തിക്കുക മാത്രമാണ്‌ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ വിഭാഗം ചെയ്തത്‌. ഈ വാദം തള്ളിക്കൊണ്ട്‌ അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്‌ അടക്കമുള്ള പ്രതിഭാഗം അഭിഭാഷകരുടെ വാദം അംഗീകരിച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ രണ്ടാം മാറാട്‌ കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ചത്‌.

പോലീസും സര്‍ക്കാരും പ്രോസിക്യൂഷനും ബിജെപിയും മുന്നോട്ടുവച്ച ഭീഷണിയുടെ വാദമുഖങ്ങളില്‍ അല്‍പ്പം കഴമ്പുണ്ട്‌ എന്നുകരുതിയാവണം കഠിനമായ വ്യവസ്ഥകള്‍ ജാമ്യം അനുവദിച്ചപ്പോള്‍ കോടതി ഏര്‍പ്പെടുത്തിയതെന്ന്‌ തോന്നുന്നു. ഇത്‌ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. കാരണം മുംബൈ കലാപവുമായി ബന്ധപ്പെട്ട്‌ ടാഡാ കേസില്‍ പ്രതിയായ സഞ്ജയ്‌ ദത്തിന്‌ ജാമ്യത്തിന്റെ ബലത്തില്‍ അമേരിക്കവരെ പോകാന്‍ അനുവാദം ലഭിച്ചപ്പോള്‍ ഈ പ്രതികള്‍ക്ക്‌ കോടതിയുടെ മൂന്നു കിലോമീറ്റര്‍ പരിധിക്കുപുറത്ത്‌ പോകാന്‍ അനുവാദമില്ലാത്തത്‌ അസ്വീകാര്യമായ ഘടകവും മനുഷ്യാവകാശത്തിന്മേലുള്ള അനാവശ്യമായ കടന്നുകയറ്റവുമാണ്‌.

ഈ കേസിന്റെ വിചാരണവേളയില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെ തന്നെയും മുഖംമൂടി അഴിഞ്ഞുവീഴുന്നതും കണ്ടു. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മാറാട്‌ കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ പിണറായി വിജയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കോഴിക്കോട്‌ കലക്ടറേറ്റിലേക്കും മാര്‍ച്ച്‌ നടത്തിയത്‌ ആരും മറന്നിട്ടില്ല. അന്ന്‌ മാറാട്‌ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 10,000 രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചപ്പോള്‍ അത്‌ വാങ്ങരുതെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഏറ്റവും 15,000 രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കുമെന്ന്‌ വാഗ്ദാനം ചെയ്തതും വിസ്മൃതിയിലായിട്ടില്ല. മാത്രമല്ല, കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ സേലം ജയിലില്‍ തടവിലായിരുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക്‌ ആന്റണി സര്‍ക്കാര്‍ പരോള്‍ അനുവദിക്കാതിരുന്നപ്പോള്‍ അതിനെതിരെ കേരളമാകെ നടന്ന്‌ പ്രസ്താവനകള്‍ ഇറക്കുകയും പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തവരാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍.

അവര്‍ അധികാരത്തിലെത്തിയപ്പോള്‍ തീര്‍ച്ചയായും വിചാരണതടവുകാര്‍ക്ക്‌ ജാമ്യവും കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക്‌ കൂടുതല്‍ നഷ്ടപരിഹാരത്തുകയും ലഭിക്കുമെന്നാണ്‌ പൊതുവേ എല്ലാവരും കരുതിയിരുന്നത്‌. എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ ജനാധിപത്യ പൗരാവകാശ നിയമങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും വിസ്മരിച്ച്‌ അധികാരഗര്‍വിന്റെ ഭാഷയില്‍ ഈ പ്രതികളുടെ ജാമ്യാവകാശം നിഷ്ക്കരുണം നിര്‍ദാക്ഷണ്യം തള്ളുകയായിരുന്നു ഇവര്‍.

അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ ആന്റണി ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നില്ല എന്നോര്‍ക്കണം. പരോള്‍ നല്‍കുന്നതിനെയാണ്‌ എതിര്‍ത്തത്‌. എന്നാല്‍ മനുഷ്യാവകാശസംരക്ഷണത്തിന്റെ ചാമ്പ്യന്മാരെന്നവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഭരണവും മാറാട്‌ കേസിലെ പ്രതികളെന്നാരോപിക്കപ്പെട്ട, വൃദ്ധരും രോഗികളുമായവരുടെ അര്‍ഹതപ്പെട്ട അവകാശമാണ്‌ നിഷേധിച്ചത്‌. ഈ നിഷേധത്തിന്‌ കോടതി നല്‍കിയ പ്രഹരമായിരുന്നു ഇന്നലത്തെ വിധി.

കോടതിയും സര്‍ക്കാരും ഒത്തുകളിച്ചുവെന്നും പ്രതികളും സര്‍ക്കാരും ഒന്നിച്ചുച്ചേര്‍ന്നുവെന്നുമുള്ള പി.കെ. കൃഷ്ണദാസിന്റെ ആരോപണം തികച്ചും വര്‍ഗീയവും വിവരക്കേടുമാണെന്ന്‌ പറയാതെ തരമില്ല. ഒന്നാം മാറാട്‌ കേസിലെ പ്രതികള്‍ ജാമ്യം തേടി പുറത്തുവിലസുമ്പോള്‍ രണ്ടാം മാറാട്‌ കേസിലെ പ്രതികളായ മുസ്ലീങ്ങള്‍ക്ക്‌ ജാമ്യം അനുവദിക്കരുത്‌ എന്നു പറയുന്നത്‌ മാന്യമായ രാഷ്ട്രീയ നിലപാടല്ല. അബ്ദുന്നാസര്‍ മഅ്ദനിക്ക്‌ പരോള്‍ അനുവദിച്ചാല്‍ പ്രശ്നമുണ്ടാകുമെന്ന്‌ പറഞ്ഞവരുടെ കൂട്ടത്തില്‍ ബിജെപി നേതാക്കളുമുണ്ടായിരുന്നു.

ഇത്തവണ ജാമ്യം അനുവദിക്കുന്ന പ്രശ്നം വന്നപ്പോഴും ഇവര്‍ ഈ വാദഗതിയില്‍ തന്നെ ഉറച്ചുനിന്നിരുന്നു. എന്നാല്‍ ഒരു പുല്‍ക്കൊടിപോലും അതിന്റെ പേരില്‍ ഇവിടെ അഗ്നിക്കിരയായിട്ടില്ല. ഇതേ അനുഭവം തന്നെയായിരിക്കും ഇപ്പോള്‍ ജാമ്യം അനുവദിച്ചതുകൊണ്ട്‌ ഉണ്ടാകാന്‍ പോകുന്നത്‌.

ഏതായാലും സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകള്‍ വകവയ്ക്കാതെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവര്‍ക്ക്‌ ജാമ്യം അനുവദിച്ച ജസ്റ്റിസ്‌ ആര്‍. ബസന്തിനെയും ഹൈക്കോടതിയേയും ഹാര്‍ദ്ദമായി, കേരളത്തിലെ എല്ലാ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും വേണ്ടി, കേരളത്തില്‍ മനുഷ്യാവകാശ ധ്വംസനം അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞങ്ങള്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കട്ടെ!

കടലാസില്‍ തട്ടി കല്ലും മുടന്തുന്നു!

'പുലി വരുന്നേ... പുലി വരുന്നേ...' എന്നു പറഞ്ഞ്‌ വെറുതെ കൊതിപ്പിച്ചിട്ട്‌ ഇപ്പൊ എന്തായി?

'സ്മാര്‍ട്ട്‌ സിറ്റി'യെന്ന മഹാസംഭവം ഇപ്പോഴും ഇട്ട കല്ലിനപ്പുറം ഒരിഞ്ചുപോലും മുന്നോട്ടില്ലാതെ കല്ലിച്ചു കിടക്കുന്നു!

കേരളത്തിലെ ഇടനാട്‌, മലനാട്‌, തീരനാട്‌ എന്നീ നാടുകളിലെ മണ്ണിനു പൊതുവായുള്ള ചില നടപ്പുദീനങ്ങളാണ്‌ സ്മാര്‍ട്ട്‌ സിറ്റി കല്ലിനെയും ബാധിച്ചിരിക്കുന്നതത്രെ!

എവിടെ കല്ലിട്ടാലും കുറെയേറെക്കാലം കല്ല്‌ അവിടെത്തന്നെ കിടക്കും. നൂറു രൂപ കൊണ്ടു പണി തീര്‍ക്കാമെന്നും പറഞ്ഞ്‌ കല്ലിട്ടാല്‍ നൂറുകോടിയുണ്ടായാലും പണിതീരാത്തത്ര കാലത്തോളം കല്ലവിടെ കിടക്കും!

സ്മാര്‍ട്ട്‌ സിറ്റിക്കു കല്ലിട്ടപ്പോള്‍ കേരളാ മുഖ്യമന്ത്രിക്കൊപ്പം കൂട്ടിനൊരു അറബി ഇക്കയും ഉണ്ടായിരുന്നതിനാല്‍ ഈ കല്ലെങ്കിലും ഗതിപിടിക്കും എന്നൊരു മോഹമുണ്ടായിരുന്നു. അതും വ്യാമോഹമാണെന്ന ലക്ഷ്യമാണ്‌ കാണുന്നത്‌.

ടീക്കോം കമ്പനിക്ക്‌ പാട്ടവ്യവസ്ഥയില്‍ ഭൂമി കൈമാറിയെങ്കിലും ഇതുവരെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

സ്റ്റാമ്പ്‌ ഡ്യൂട്ടി, ഫീസ്‌ ഇനങ്ങളില്‍ 12 കോടി രൂപ ടീക്കോം നല്‍കണമെന്ന കല്ലില്‍ തട്ടിയാണിപ്പോള്‍ സ്മാര്‍ട്ട്‌ സിറ്റി മുടന്തുന്നത്‌!

പ്രത്യേക സാമ്പത്തിക മേഖലയായതിനാല്‍ പന്ത്രണ്ടു കോടി പോയിട്ട്‌ ഒരു നയാപൈസപോലും സ്റ്റാമ്പ്‌ ഡ്യൂട്ടി നല്‍കില്ലെന്നാണ്‌ അറബി ഇക്ക പറയുന്നത്‌.

ഇനിയെന്തു വേണ്ടൂവെന്നറിയാന്‍ ജില്ലാ കളക്ടര്‍ തിരുവനന്തപുരത്തേക്കയച്ച കത്താണെങ്കില്‍ പോയ വഴി പോയി, യാതൊരു വിവരവുമില്ല!

ഇനി കോട്ടയം സമ്മേളനം കഴിഞ്ഞിട്ടു വേണം സെക്രട്ടറിയേറ്റിലെവിടെയെങ്കിലും തപ്പി ആ കത്ത്‌ ഒന്നു പൊടിതട്ടിയെടുക്കാന്‍!

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ തമിഴ്‌നാട്ടിലെ സര്‍ക്കാരും ഉദ്യോഗസ്ഥരും കാട്ടുന്ന ശുഷ്കാന്തി ഒന്നു നോക്കുക, തമിഴന്റെ ശുഷ്കാന്തിയുടെ നൂറിലൊന്നു കാന്തി നമ്മുടെ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ വെറും നിസാര കാര്യങ്ങള്‍ പറഞ്ഞ്‌ സ്മാര്‍ട്ട്‌ സിറ്റി ഇങ്ങനെ കല്ലിച്ചു പോവുമായിരുന്നോ?

കേരളം പണിതുയര്‍ത്താന്‍ തമിഴന്മാരും തെലുങ്കന്മാരും ബംഗാളികളും ഒക്കെയാവാമെങ്കില്‍ കേരളം ഭരിക്കാനും അവിടന്നാരെയെങ്കിലും കൊണ്ടു വരാവുന്നതല്ലെ!

നോക്കൂ, ജയലളിത പണിയൊന്നുമില്ലാതെ വെറുതെയിരിപ്പാണ്‌. ഒരവസരം ആയമ്മക്ക്‌ നല്‍കി നോക്കിയാലോ...

Wednesday, January 23, 2008

മന്നത്ത്‌ പദ്മനാഭന്റെ പേരില്‍ കുരക്കുന്നവരും ഓരിയിടുന്നവരും!

എന്‍എസ്‌എസിന്റെ സമുന്നത നേതാവെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള മന്നത്ത്‌ പദ്മനാഭനെ കേന്ദ്രീകരിച്ച്‌ ഇപ്പോള്‍ കേരളത്തില്‍ ഉടലെടുത്തിട്ടുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്ക്‌ നാരായണപ്പണിക്കരുടെയും സുകുമാരന്‍ നായരുടെയും സ്വരങ്ങളും പിണറായി വിജയന്റെയും ജി.സുധാകരന്റെയും പ്രതിസ്വരങ്ങളും കൊഴുപ്പുകൂട്ടിയിട്ടുണ്ടെന്നത്‌ കേള്‍വിക്കാര്‍ക്ക്‌ രസം പകരുന്ന അനുഭവമാണ്‌.

എന്നാല്‍ ഇരുകൂട്ടരും നടത്തുന്ന ഈ വായ്ത്താരികള്‍ക്ക്‌ പിന്നില്‍ വ്യക്തവും അതേസമയം ഗൂഢവുമായ അജണ്ടകളാണുള്ളത്‌.

എല്‍ഡിഎഫ്‌ ഗവണ്‍മെന്റിനെതിരെ കേരളത്തിലെ സാമുദായിക കക്ഷികള്‍ തുറന്നെടുത്ത സമരമുഖത്ത്‌ വീണ്ടും നായകനായി മന്നത്ത്‌ പദ്മനാഭനെ പ്രതിഷ്ഠിക്കാനാണ്‌ എന്‍എസ്‌എസ്‌ നേതാക്കളുടെ ശ്രമം. 1959 ന്റെ ഹാങ്ങോവറില്‍നിന്ന്‌ അവരിനിയും മുക്തമായിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തമാണത്‌. ഇനിയൊരു 1957 ആവര്‍ത്തിക്കുകയില്ലെന്ന്‌ എ.കെ.ആന്റണി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ തുറന്ന്‌ സമ്മതിച്ചിട്ടും കത്തോലിക്ക സഭാ മേലധികാരികളില്‍നിന്ന്‌ ആരംഭിച്ച രണ്ടാം വിമോചന സമരമെന്ന ഭീഷണി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്‌ എന്‍എസ്‌എസാണ്‌. നാളുകള്‍ക്കുമുമ്പ്‌ കുഞ്ഞാലിക്കുട്ടി ഈ ലൈനില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും പിന്നീട്‌ ബോധപൂര്‍വ്വമായ മൗനം പാലിക്കുകയായിരുന്നു. ഇപ്പോള്‍ ആ മെഗാഫോണ്‍ കൈയിലേന്തിയിരിക്കുന്നത്‌ എം.എം.ഹസ്സനും നാരായണപ്പണിക്കരും സുകുമാരന്‍ നായരുമൊക്കെയാണ്‌.

ഇവര്‍ക്ക്‌, ഉരുളക്കുപ്പേരി എന്ന മട്ടിലാണ്‌ ജി സുധാകരനും പിണറായി വിജയനും മറുപടി നല്‍കുന്നത്‌. രണ്ടാം വിമോചന സമരമെന്ന ഉമ്മാക്കികാട്ടി ഇടതുപക്ഷ സര്‍ക്കാരിനെ മറിച്ചിടാന്‍ ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കില്‍ അത്‌ മനസില്‍ വച്ചാല്‍ മതി എന്ന്‌ അസന്ദിഗ്ദമായി പ്രഖ്യാപിക്കുകയാണ്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍.

എം.എ.ബേബി അടക്കമുള്ള കഴിവുകെട്ട ചില മന്ത്രിമാരുടെ എടുത്തുചാട്ടവും നാക്കിനെല്ലില്ലാത്ത സുധാകരന്റെ വികടസരസ്വതികളുമാണ്‌ യഥാര്‍ത്ഥത്തില്‍ കത്തോലിക്ക പുരോഹിതരടക്കമുള്ള സമുദായ നേതാക്കളെ ഒരു ഏറ്റുമുട്ടലിന്റെ സ്വരത്തില്‍ സംസാരിക്കാനും ഇടയലേഖനങ്ങള്‍ അടക്കമുള്ള ഭീഷണികള്‍ ഇറക്കി സര്‍ക്കാരിനെ വിറപ്പിക്കാനും പ്രേരിപ്പിച്ചിട്ടുള്ളത്‌. കേരളത്തിലെ സമ്മതിദായകര്‍ നല്‍കിയ മാന്‍ഡേറ്റ്‌, തോന്ന്യാസം കാട്ടാനും പാര്‍ട്ടി വളര്‍ത്താനുമുള്ള ബ്ലാങ്ക്‌ ചെക്കാണെന്ന ധാരണയില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെയും സിപിഐയിലേയും മന്ത്രിമാരും നേതാക്കളും പെരുമാറിത്തുടങ്ങിയപ്പോഴാണ്‌ സമുദായ സംഘടനകളുടെ അനാശാസ്യമായ ഏകീകരണം സംഭവിച്ചത്‌. ആ അവസരം മുതലെടുത്ത്‌ തങ്ങള്‍ക്കുനേരെ സഭയ്ക്കകത്തും വിശ്വാസികള്‍ക്കിടയിലും നിന്നുയരുന്ന എതിര്‍പ്പിന്റെ നീക്കങ്ങള്‍ക്ക്‌ തടയിടാന്‍കൂടിയാണ്‌ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നത്‌.

ഈ ശ്രമത്തെ പിണറായി വിജയനും ജി സുധാകരനും അവരുടേതായ ശൈലിയില്‍ ചെറുക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്‌ സമവായത്തിന്റെയോ സമചിത്തതയുടേയോ സാഹചര്യങ്ങളല്ല; മറിച്ച്‌ സാമുദായിക ഏറ്റുമുട്ടലിന്റെ അസ്വീകാര്യമായ അവസരങ്ങളാണ്‌.

ഈ അവസരം മുതലെടുക്കുന്നതിന്റെ പുതിയ തന്ത്രമായിട്ടാണ്‌ ഇപ്പോള്‍ മന്നത്ത്‌ പദ്മനാഭന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. നായര്‍സമുദായത്തിന്റെ സമുന്നത നേതാവായി മന്നത്ത്‌ പദ്മനാഭനെ അംഗീകരിക്കുമ്പോള്‍ത്തന്നെ വിമോചനസമരമെന്ന രാഷ്ട്രീയ ആഭാസത്തരത്തിന്‌ നേതൃത്വം നല്‍കിയ വികല സാന്നിദ്ധ്യമായിരുന്നു അദ്ദേഹമെന്ന്‌ പറയാതിരിക്കാന്‍ കഴിയുകയില്ല. വിമോചന സമരം കേരളത്തിലെ ജനങ്ങളുടെ ആവശ്യമായിരുന്നില്ല, മറിച്ച്‌ കോണ്‍ഗ്രസിന്റെയും ക്രിസ്ത്യാനികളുടെയും നായന്മാരുടെയും പിന്നെ അമേരിക്കയുടെയും, കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള പാതയായിരുന്നു അത്‌. അതിന്റെ തിരിച്ചടികളാണ്‌ ഇന്ന്‌ കേരളത്തിലെ വിദ്യഭ്യാസരംഗത്ത്‌ ശക്തിയാര്‍ജ്ജിച്ചിട്ടുള്ള വിപണിവല്‍ക്കരണവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പ്രാന്തവല്‍ക്കരണവും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ആരംഭിച്ച്‌ നഴ്സറി വിദ്യാഭ്യാസം വരെ വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള കമ്പോളവല്‍ക്കരണത്തിന്‌ അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയില്ല എന്ന തിരിച്ചറിവാണ്‌, വിവിധ കാരണങ്ങളുടെ പേരില്‍ രണ്ടാം വിമോചന സമരമെന്ന ഭീഷണിയുമായി സമുദായ നേതാക്കളെ പൊതുവീഥിയിലെത്തിച്ചിട്ടുള്ളത്‌.

ഈ വൃത്തികേടിന്‌ പുതിയ മാനം നല്‍കുന്നതാണ്‌ മന്നത്ത്‌ പദ്മനാഭന്റെ ജന്മദിനത്തില്‍ സ്കൂളുകളില്‍ പരീക്ഷ നടത്താന്‍ പാടില്ല എന്ന ആവശ്യം. ഈ ആവശ്യം ഉന്നയിച്ചതാകട്ടെ കത്തോലിക്ക ടീച്ചേഴ്സ്‌ ഗില്‍ഡും. ഹീനവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായ ഹിഡന്‍അജണ്ടയാണ്‌ ഈ ആവശ്യത്തിലൂടെ കത്തോലിക്ക ടീച്ചേഴ്സ്‌ ഗില്‍ഡ്‌ തുറന്നുകാട്ടിയിട്ടുള്ളത്‌.

മന്നത്തുപദ്മനാഭന്‍ കേരളത്തിലെ സാമൂഹിക ജീവിതത്തിനും രാഷ്ട്രീയ രംഗത്തിനും സാമുദായിക തലങ്ങള്‍ക്കും നല്‍കിയിട്ടുള്ള സംഭാവനയെക്കാള്‍ നൂറിരട്ടി ഫലപ്രാപ്തിയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വിവിധ സമുദായ നേതാക്കന്മാരുണ്ട്‌, രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്‌, മതാചാര്യന്മാരുണ്ട്‌. ഇവരുടെയെല്ലാം ജന്മദിനത്തിനും ചരമദിനത്തിനും സ്കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയര്‍ന്നാലുള്ള സ്ഥിതി ഒന്ന്‌ ആലോചിച്ച്‌ നോക്കുക. അനാശാസ്യം എന്ന്‌ ആരും പറയുന്ന ആ അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിക്കുവാനാണ്‌ മന്നത്തിന്റെ പേരില്‍ കുരയ്ക്കുന്നവരും അവര്‍ക്കൊപ്പം ഓരിയിടുന്നവരും ശ്രമിക്കുന്നത്‌. ഈ ഹീനതയെ ചെറുക്കുക എന്നതാണ്‌ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെയും വ്യക്തികളുടെയും കര്‍ത്തവ്യം.

ചോദിക്കൂ; പറയില്ല!

ചോ: ആരായിരുന്നു മന്നത്ത്‌ പദ്മനാഭന്‍?
ഉ: നായര്‍ സര്‍വീസ്‌ സൊസൈറ്റി എന്ന ജാതിസംഘടനയുടെ മുന്തിയ നേതാവായിരുന്നു അദ്ദേഹം.

ചോ: മന്നത്ത്‌ പദ്മനാഭന്റെ ജന്മദിനത്തില്‍ പരീക്ഷകള്‍ നടത്തരുതെന്ന്‌ കാത്തലിക്‌ ടീച്ചേഴ്സ്‌ ഗില്‍ഡ്‌ ആവശ്യപ്പെടുന്നതിന്റെ ഗുട്ടന്‍സെന്താണ്‌?
ഉ: ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനോട്‌ തന്നെ ചോദിക്കണം.

ചോ: എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ബാവാ തമ്പുരാന്റെ പക്കലുണ്ടാകുമോ?
ഉ: സ്രഷ്ടാവായ ബാവാ തമ്പുരാനെ പരീക്ഷിക്കാന്‍ നില്‍ക്കരുത്‌. പണികിട്ടും!

ബാവാക്കക്ഷി, മെത്രാന്‍ കക്ഷി തര്‍ക്കം എങ്ങനെ പരിഹരിക്കാം?
ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച എങ്ങനെ നേരിടാം?

അരി, പഞ്ചസാര, മുളക്‌.... ഇനി എന്തിനാണ്‌ വില കൂടാന്‍ പോകുന്നത്‌?
പണ്ട്‌ ടോമിന്‍ തച്ചങ്കരിയെന്ന മഹാരാജാവ്‌ വാണിരുന്ന കാക്കനാട്ടെ കേരള ബുക്ക്സ്‌ ആന്റ്‌ പബ്ലിക്കേഷന്‍സിനു തീയിട്ടതാര്‌?

നാനോ കാര്‍ കൂടി വിപണിയിലിറങ്ങിയാല്‍ നാട്ടുകാര്‍ ഏതു റോഡിലൂടെ വണ്ടിയോടിക്കും?
നാട്ടുകാര്‍ക്ക്‌ മനുഷ്യാവകാശ കമ്മീഷനെക്കൊണ്ട്‌ എന്നെങ്കിലും വല്ല പ്രയോജനവും ഉണ്ടാകുമോ?

പഠിക്കുക പോരാടുക എന്നും പറഞ്ഞുനടക്കുന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവുതന്നെ റാഗിംഗ്‌ നടത്തിയാല്‍ എന്തുചെയ്യണം?
പക്ഷിപ്പനി രോഗം പടരുന്നപോലെ മൂട്ടപ്പനി, ആനപ്പനി എന്നിങ്ങനെ സകലമാന പനികളും കൂടി രംഗത്തുവന്നേക്കുമോ?

പി.ജെ. ജോസഫ്‌ കന്യാകുമാരീലെത്തുമ്പോഴേക്കും അതിവേഗ കോറിഡോര്‍ യാഥാര്‍ത്ഥ്യമാകുമോ?
ഈ ദേവസ്വം ബോര്‍ഡു മനസുവച്ചാല്‍ അടുത്ത മണ്ഡലക്കാലത്ത്‌ അരവണക്ഷാമം തീരുമോ?

കാവസാക്കി രോഗം വന്ന സ്ഥിതിക്ക്‌ ഹീറോഹോണ്ട, യമഹ എന്നീ കമ്പനികള്‍ പുതിയ രോഗങ്ങള്‍ ഇറക്കുമോ?
എച്ച്‌.എം.ടി. വിറ്റ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുമോ അതോ അടിച്ചുപിരിയുമോ?

ഹാര്‍ബര്‍ സ്റ്റേഷന്‍ ആക്രമണ സംഭവത്തില്‍ നേവി ജയിക്കുമോ, കാക്കി ജയിക്കുമോ?
ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആരോടും ചോദിക്കരുത്‌. ദൈവത്തോടുപോലും!

Tuesday, January 22, 2008

പ്രണാമമര്‍പ്പിക്കുക, ഈ സ്ത്രൈണ സ്ഥൈര്യത്തിന്‌

ഗുജറാത്തില്‍,
മോഡിയുടെ നേതൃത്വത്തില്‍
സംഘപരിവാറിന്റെ വേതാളങ്ങള്‍
വര്‍ണവെറിപൂണ്ട്‌
ഉറഞ്ഞുതുള്ളിയപ്പോള്‍
ചിതറിക്കപ്പെട്ടത്‌, ന്യൂനപക്ഷമായ
മുസ്ലീങ്ങളായിരുന്നു.
വര്‍ഗീയ ഉന്മൂലനത്തിന്റെ കൊലവിളിയുമായി
ത്രിശൂലധാരികള്‍
ഗര്‍ഭസ്ഥശിശുക്കളെപ്പോലും
ശൂലമുനയില്‍ കൊരുത്തുയര്‍ത്തി
അട്ടഹസിച്ചപ്പോള്‍
ഇന്ത്യയൊട്ടാകെ തരിച്ചുനിന്നു.
എന്നാല്‍ ഒരു സ്ത്രീ
ബില്‍ക്കീസ്‌ ബാനു റസൂല്‍
സ്ത്രൈണക്കരുത്തിന്റെ
സാന്നിധ്യമായി
സംഘപരിവാറിന്റെ നിണക്കൊതിക്കെതിരെ
ധൈര്യം സംഭരിച്ചുനിന്നു.
മാതാവടക്കമുള്ള ബന്ധുക്കളെ
കണ്‍മുമ്പില്‍
ബലാല്‍സംഗത്തിനിരയാക്കിയതും
വെട്ടിക്കൊന്നതും കണ്ടുനില്‍ക്കാന്‍
വിധിക്കപ്പെട്ടതുകൂടാതെ ഗര്‍ഭിണിയായ
ബില്‍ക്കീസും
കൂട്ടബലാല്‍സംഗത്തിനിരയായി.
സമാനസ്വഭാവമുള്ള ബെസ്റ്റ്‌ ബേക്കറി
കേസിലെ സഹീറയും മാതാവും
ഒന്നിലേറെ തവണ കൂറുമാറി
പീഡകര്‍ക്കൊപ്പം നിന്നപ്പോള്‍
ഇരകള്‍ക്കുവേണ്ടി ധൈര്യം സംഭരിച്ച്‌
പോരാടുകയായിരുന്നു ബില്‍ക്കീസ്‌ ബാനു.
നിരന്തരം പീഡിപ്പിക്കപ്പെടുന്ന,
ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന,
പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ഇന്ത്യയിലെ
സ്ത്രീജന്മങ്ങള്‍ക്ക്‌,
ഝാന്‍സിറാണിയേപ്പോലെ
ദൃഢനിശ്ചയത്തിന്റെയും പണയപ്പെടുത്താത്ത
ഇച്ഛാശക്തിയുടെയും
മാതൃകയായിരിക്കുകയാണ്‌
ബില്‍ക്കീസ്‌ ബാനു.
ഒരു സ്ത്രീയുടെ ഏകാങ്ക
പോരാട്ടത്തിന്റെയും ഒരായിരം
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ
പ്രതീക്ഷയുടെയും അന്ത്യത്തില്‍
പ്രതികള്‍ക്ക്‌ കടുത്ത ശിക്ഷ
വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്‌
സ്ത്രീത്വങ്ങള്‍ക്ക്‌ ഉണര്‍ത്തുപാട്ടാകേണ്ടതാണ്‌.
പിടക്കോഴികളെപോലെ എല്ലാം സഹിച്ച്‌
സ്വന്തം ജന്മത്തെ പഴിക്കുകയല്ല, മറിച്ച്‌
പോരാടുകയാണ്‌ വേണ്ടതെന്ന
തിരിച്ചറിവും കൂടിയാവുകയാണ്‌
ബില്‍ക്കീസ്‌ ബാനു.
സമാനതകളില്ലാത്ത ഈ സ്ത്രൈണ
സ്ഥൈര്യത്തിനുമുന്നില്‍ ഞങ്ങള്‍
പ്രണാമമര്‍പ്പിക്കുന്നു.

എര്‍ണാളം കത്തീത്‌ പൊട്ടനറിഞ്ഞില്ലാ...!

സൈബര്‍ സിറ്റി വന്നത്‌ ഐടി വകുപ്പും അറിഞ്ഞില്ല!

കളമശേരിയില്‍ എഴുപതേക്കര്‍ സ്ഥലത്താണ്‌ സൈബര്‍ സിറ്റി വരാന്‍ പോകുന്നത്‌. ഉദ്ഘാടനവേദിയില്‍ അച്യുതാനന്ദന്‍ എത്തിയില്ലെന്നാലും രണ്ട്‌ മന്ത്രി സത്തമന്മാര്‍ അണിനിരന്നിരുന്നു!
എന്നിട്ടും ജോസഫ്‌ മാത്യു എന്ന മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ്‌ പറയുന്നത്‌ സംഭവത്തെപ്പറ്റി യാതൊരറിയിപ്പുമില്ലെന്നാണ്‌.

ഫ്ലാറ്റുകള്‍ വില്ലകള്‍ എന്നിവ പണിതു മാത്രം ശീലമുള്ള ഹൗസിംഗ്‌ ഡവലപ്മന്റ്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ്‌ സൈബര്‍ സിറ്റി തുടങ്ങാന്‍ പോണത്‌.

വേലികെട്ടുകാരന്‍ വിമാനമോടിക്കാന്‍ പോയാലത്തെ സ്ഥിതിയെന്താവും!
കെട്ടിടം പണിക്കാര്‍ക്കിങ്ങനെ ഐടി പ്രേമം മൂര്‍ഛിച്ചതെന്താവാം എന്നു തലപുകയ്ക്കേണ്ട. സംഗതി സിമ്പിള്‍!

എച്ച്‌എംടി എന്ന രാജ്യത്തിന്റെ സമയം സൂക്ഷിപ്പുകാര്‍ വിറ്റുതുലച്ച എഴുപതേക്കറിലാണ്‌ സൈബര്‍ സിറ്റി വരാന്‍ പോണതെന്നറിയുമ്പോള്‍ സംശയമെല്ലാം തീരും.

ഐടീന്നു പറഞ്ഞു കെട്ടിടം പണിഞ്ഞ്‌ വിറ്റ്‌ നാലിരട്ടി കാശുണ്ടാക്കാനൊരു ഉഡായിപ്പ്‌!

ചട്ടങ്ങള്‍ ലംഘിച്ചാണ്‌ ഭൂമി ഇടപാടു നടന്നതെന്ന്‌ കോണ്‍ഗ്രസുകാരായ രണ്ടെമ്മെല്ലേമാര്‍ പ്രസ്താവിച്ചിരിക്കുന്നു. 'ചട്ടങ്ങള്‍' പിന്നെന്തിനുള്ളതാണ്‌ സാറന്മാരെ! ലംഘിക്കാനുള്ളതാണ്‌ അഥവാ മാറ്റിമറിക്കാനുള്ളതാണ്‌ 'ചട്ടങ്ങള്‍' എന്നല്ലോ കുമാരേട്ടനും ശേഷം വയലാറാശാനും എഴുതി നാമെല്ലം ഒരുപാടു കാലം പാടിപ്പരിപ്പെടുത്തത്‌!

വാക്കുകള്‍ ലംഘിക്കുമെന്നുറപ്പുള്ളതിനാലാണ്‌ സകല ചട്ടങ്ങളും എഴുതി വച്ചിരിക്കുന്നത്‌. എഴുതിവച്ചവ വച്ചിടത്തിരിക്കും. സാമര്‍ത്ഥ്യമുള്ളവന്‍ കാര്യം നടത്തും. മുഖ്യനറിഞ്ഞില്ല, ഐടി വകുപ്പറിഞ്ഞില്ല എന്നൊക്കെ പറയുമ്പോള്‍ തന്നെ, വ്യവസായ വകുപ്പുമായി ചര്‍ച്ച നടത്തിയെന്നും സൈബര്‍ സിറ്റിക്ക്‌ ചുക്കാന്‍ പിടിച്ചത്‌ വ്യവസായ വകുപ്പാണെന്നും വെളിപ്പെടുത്തുന്നു!

'സുഡുക്കു' പോലൊരു കുടുക്കു പദപ്രശ്നമാണ്‌ സര്‍ക്കാര്‍ നാട്ടുകാരുടെ മുന്നിലിട്ടുകൊടുത്തിരിക്കുന്നത്‌. കുറെ നാള്‍ നാട്ടുകാരിതുകൊണ്ട്‌ നേരം കളഞ്ഞുകൊള്ളും, അരിയില്ലാത്തതിന്റെ വിഷമവും മാറിക്കിട്ടും!

ആറാം ക്ലാസില്‍ പഠിക്കുന്ന പിള്ളേരുപോലും ചെറിയ ചെറിയ ഭൂമി ഇടപാടുകള്‍ നടത്തുന്ന നാടാണിത്‌. രണ്ടുപേര്‍ തമ്മില്‍ രണ്ടു മിനിറ്റ്‌ വര്‍ത്തമാനം പറഞ്ഞാല്‍ അതിലൊരു ഭൂമി കച്ചവടകാര്യം കടന്നുവരുമെന്ന നിലയിലാണ്‌ നാടു വളരുന്നത്‌/വരളുന്നത്‌!

അപ്പോള്‍പിന്നെ കയ്യില്‍ കാശും പിടിപാടും ഉള്ളവര്‍ ഭൂമി കച്ചവടം നടത്താതിരിക്കുമോ!

പൊട്ടന്മാര്‍ നമ്മള്‍ ഒന്നും അറിയുന്നില്ല!

Monday, January 21, 2008

മാറാട്‌: ജാമ്യം നിഷേധിച്ചത്‌ ഭരണകൂട ഭീകരവാദം

രണ്ടാം മാറാട്‌ കലാപത്തിലെ 139 പ്രതികളില്‍ രോഗികളും വൃദ്ധരും ഉള്‍പ്പെടുന്ന 127 പേര്‍ക്ക്‌ ജാമ്യം അനുവദിക്കാനാവില്ല എന്ന സര്‍ക്കാരിന്റെ നിലപാട്‌ ഭരണകൂട ഭീകരവാദത്തിന്റെ മറ്റൊരു ദുര്‍മുഖമാണ്‌. പ്രതികളെന്നാരോപിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട 139 പേര്‍ക്കും രണ്ടാം മാറാട്‌ കലാപത്തില്‍ പങ്കുണ്ടെന്ന്‌ സര്‍ക്കാരോ അന്വേഷണ ഏജന്‍സികളോ പോലീസ്‌ ഡിപ്പാര്‍ട്ട്മെന്റോ പറയുമെന്ന്‌ തോന്നുന്നില്ല. രണ്ടാം മാറാട്‌ കലാപത്തിന്റെ പിറ്റേന്ന്‌ മുസ്ലീംപള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവരെയാണ്‌ പ്രതികളെന്ന്‌ ആരോപിച്ച്‌ അന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരില്‍ കലാപത്തില്‍ പങ്കെടുത്തവരും ഉണ്ടാകാം. എന്നാല്‍ നിരപരാധികളും ഇക്കൂട്ടത്തില്‍ പിടിയിലായിട്ടുണ്ട്‌. പ്രായപൂര്‍ത്തിയാകാത്തവരും വൃദ്ധരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്‌. ഇവരില്‍ ചിലരാണ്‌ ജാമ്യത്തിന്‌ അപേക്ഷ സമര്‍പ്പിച്ചത്‌.

ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച ഹര്‍ജിയുടെ വിചാരണ വേളയില്‍, ഈ 'പ്രതികള്‍'ക്ക്‌ ജാമ്യം അനുവദിച്ചാല്‍ ക്രമസമാധാന നില തകരുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്‌. മുമ്പ്‌ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയെന്നാരോപിച്ച്‌ അറസ്റ്റിലായ അബ്ദുള്‍നാസര്‍ മദനി ജാമ്യം ആവശ്യപ്പെട്ടപ്പോഴും കേരളസര്‍ക്കാര്‍ ഈ നിലപാടാണ്‌ സ്വീകരിച്ചത്‌. പ്രമേഹവും ഹൃദ്‌രോഗവുമടക്കം നിരവധി പീഡകള്‍ സഹിക്കേണ്ടിവന്ന മദനിയെ ഒമ്പതു വര്‍ഷത്തിനുശേഷം പ്രതി അല്ല എന്നുകണ്ട്‌ വെറുതെവിട്ടത്‌ ഓര്‍ക്കുക. ഇതേ ദുരന്തം തന്നെയാണ്‌ രണ്ടാം മാറാട്‌ കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ട്‌ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചവരെയും കാത്തിരിക്കുന്നത്‌.

നാലരവര്‍ഷമായി വിചാരണത്തടവുകാരായി കഴിയുകയാണിവര്‍. നീതി നടപ്പാക്കാന്‍ വൈകുന്നത്‌ നീതി നിഷേധിക്കുന്നതിന്‌ തുല്യമാണെന്ന്‌ ആവര്‍ത്തിച്ച്‌ പറയേണ്ടതില്ല. വിവേകമുള്ള എല്ലാ സമൂഹവും അംഗീകരിക്കുന്ന നീതി പാലനത്തിന്റെ അടിസ്ഥാന ഘടകമാണിത്‌. എന്നാല്‍ കേരളത്തിലെ സര്‍ക്കാരിനോ പോലീസ്‌ ഡിപ്പാര്‍ട്ട്മെന്റിനോ ന്യായാസനങ്ങള്‍ക്കോ ഈ നിലയ്ക്ക്‌ ചിന്തിക്കാനുള്ള സൗമനസ്യം ഇല്ല എന്നാണ്‌ മാറാട്‌ കേസിലെ പ്രതികളെന്നാരോപിക്കുന്നവരോട്‌ പുലര്‍ത്തുന്ന സമീപനത്തില്‍നിന്നും വ്യക്തമാകുന്നത്‌.

വിചാരണ നീണ്ടുപോകുമ്പോള്‍ പ്രതികളെന്നാരോപിക്കപ്പെടുന്നവര്‍ക്ക്‌ ജാമ്യം അനുവദിക്കണമെന്നത്‌ ലോകമെമ്പാടുമുള്ള നീതിന്യായവ്യവസ്ഥയുടെ മറ്റൊരു ആണിക്കല്ലാണ്‌. എന്നാല്‍ വിവിധ രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ ഈ ന്യായം അംഗീകരിക്കാതെ അന്യായമായ രീതിയില്‍ പ്രതികളെന്ന്‌ ആരോപിക്കപ്പെടുന്നവരെ കഠിനമായി പീഡിപ്പിച്ച്‌, വ്യക്തികളെന്ന നിലയ്ക്ക്‌ അവര്‍ക്ക്‌ അര്‍ഹമായ പൗരാവകാശങ്ങള്‍ ക്രൂരമായി ലംഘിക്കുന്ന, ലംഘിച്ചിട്ടുള്ള ചരിത്രമാണ്‌ നമുക്കുമുന്നിലുള്ളത്‌.

ഭീകരവാദം എന്നത്‌ ഭരണകൂടങ്ങളുടെയും സാധാരണ ജനങ്ങളുടെയും സ്വസ്ഥത തകര്‍ക്കുന്ന വിപത്ത്‌ തന്നെയാണ്‌. എന്നാല്‍ പലപ്പോഴും ഭീകരവാദത്തിന്‌ ബീജാവാപം ചെയ്യുന്നതും അതിനെ വളര്‍ത്തി വലുതാക്കി വഷളാക്കുന്നതും ഭരണകൂടങ്ങള്‍ തന്നെയാണ്‌. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയരുന്ന സംഘടിത രോഷത്തിന്‌ ഭീകരവാദമെന്ന തലക്കെട്ട്‌ ചാര്‍ത്തി അടിച്ചമര്‍ത്തുന്ന നൃസംശതയും ഭരണകൂടങ്ങളില്‍നിന്ന്‌ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു.

അതിന്റെ കേരളപ്പതിപ്പാണ്‌ രണ്ടാം മാറാട്‌ കേസിലെ പ്രതികളെന്നാരോപിക്കപ്പെടുന്നവര്‍ക്ക്‌ ജാമ്യം നിഷേധിക്കുക വഴി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്‌. ഇവിടെ മറ്റൊരു വലിയ വൈരുദ്ധ്യം അല്ലെങ്കില്‍ പക്ഷപാതിത്വം കാണാതെ പോയിട്ടുണ്ട്‌. ഒന്നാം മാറാട്‌ കലാപത്തിലെ പ്രതികള്‍ ജാമ്യം നേടി നാട്ടില്‍ വിലസുന്നതാണത്‌. രണ്ടാം മാറാട്‌ കലാപത്തിലെ പ്രതികളെന്നാരോപിക്കപ്പെടുന്നവര്‍ മുസ്ലീംങ്ങള്‍ ആയതുകൊണ്ടാണ്‌ സര്‍ക്കാര്‍ ഈ പ്രതിലോമ നിലപാടെടുക്കുന്നതെന്ന്‌ ആരെങ്കിലും ചിന്തിച്ചാല്‍, അതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധത്തിനൊരുങ്ങിയാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. മുമ്പ്‌ സൂചിപ്പിച്ചതുപോലെ ഒരുമുറ്റത്ത്‌ രണ്ട്‌ കച്ചവടം നടത്തുന്ന സര്‍ക്കാരും (അ)ന്യായാസനങ്ങളുമാണ്‌ അനാശാസ്യമെന്ന്‌ വ്യാഖ്യാനിക്കാവുന്ന പ്രതിഷേധങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്നത്‌.

ഈ സത്യം ഉള്‍ക്കൊണ്ട്‌ രണ്ടാം മാറാട്‌ കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെടുന്നവരില്‍ വൃദ്ധരും രോഗികളും ആയിട്ടുള്ളവര്‍ക്കെങ്കിലും ജാമ്യം നല്‍കാനുള്ള മാന്യത അച്യുതാനന്ദന്‍ സര്‍ക്കാരില്‍നിന്നും ഉണ്ടാകണം. പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന അച്യുതാനന്ദനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും കേരളം ഭരിക്കുമ്പോള്‍ പൗരാവകാശ ധ്വംസനത്തിന്റെ ഒരു കേസുപോലും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പാടില്ലാത്തതാണ്‌. അതുകൊണ്ട്‌ രണ്ടാം മാറാട്‌ കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ട്‌ ജയിലിലടച്ചിട്ടുള്ളവര്‍ക്ക്‌ അര്‍ഹമായ ജാമ്യം നല്‍കിയയേ തീരൂ...

ഇ.മ.ര -സ്പെയ്സ്‌- യുവര്‍നെയിം -സ്പെയ്സ്‌- ഭാരതരത്നം!

ആരുവാങ്ങുമിന്നാരുവാങ്ങുമീ...

ഇക്കൊല്ലവും 'ഭാരതരത്ന'ത്തെ കണ്ടുപിടിക്കാനൊത്തില്ല. രാജ്യത്തെ പരമോന്നത പുരസ്ക്കാരമായ ഭാരതരത്നം ചൂടാന്‍ നൂറ്റിചില്വാനം കോടിവരുന്ന ഭാരതീയര്‍ എല്ലാവരും യോഗ്യന്മാരായതോടെയാണ്‌ തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഭാരതരത്നപുരസ്ക്കാരം കൊടുക്കാന്‍ കഴിയാതെ പോകുന്നതത്രെ!

ഭാരതരത്നത്തെ കണ്ടുപിടിക്കാന്‍ കഴിയാതെ അധികൃതര്‍ മാനം നോക്കിയിരിക്കണ കണ്ടപ്പോഴാണ്‌ അദ്വാനി ആദ്യ വെടിമുഴക്കിയത്‌.

ഇതാ ഇങ്ങോട്ടുനോക്കൂ... ഞങ്ങടെ കൂടെ ഇരിക്കുന്നു ഒരു രത്നം. സാക്ഷാല്‍ അടല്‍ ബിഹാരി വാജ്പേയി എന്നായിരുന്നു ആ ആദ്യവെടി!

അദ്വാനി വെടി മുഴക്കിയതോടെയാണ്‌ എല്ലാവരും അവരവരുടെ കൂട്ടത്തില്‍ ഭാരതരത്നം മേടിക്കാന്‍ വേണ്ട യോഗ്യന്മാര്‍ ആരെങ്കിലും ഉണ്ടോയെന്ന്‌ നോക്കാന്‍ തുടങ്ങിയത്‌.

പിന്നങ്ങോട്ട്‌ ഭാരതരത്നങ്ങളുടെ ഘോഷയാത്രയായിരുന്നു. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപാടുപേര്‍ രത്നം വാങ്ങാന്‍ യോഗ്യരാണെന്നു തോന്നിത്തുടങ്ങി. ഭഗത്സിംഗ്‌, ചന്ദ്രശേഖര്‍, ചരണ്‍സിംഗ്‌, കാന്‍ഷിറാം, ജ്യോതിബസു, ജഗ്ജീവന്റാം, മുഹമ്മദ്‌ റാഫി, കരുണാനിധി, അമൃതാനന്ദമയി തുടങ്ങി പ്രധാനമന്ത്രിക്ക്‌ കിട്ടിയ നാമനിര്‍ദേശങ്ങളില്‍നിന്ന്‌ ആരെ തെരഞ്ഞെടുക്കും എന്ന അങ്കലാപ്പിലാണ്‌ അധികൃതര്‍!

ശരിക്കുമൊന്നാലോചിച്ചാല്‍ ഭാരതരത്നം കൊടുക്കാന്‍ വേണ്ട യോഗ്യതയുള്ള ഒരാള്‍ മന്‍മോഹന്‍സിംഗിന്റെ കൂട്ടത്തില്‍ തന്നെയുണ്ട്‌. കണ്ണുണ്ടായാല്‍ പോര കാണണം!

പണ്ടായിരുന്നെങ്കില്‍ കൊടുക്കൂ അച്ഛനൊരു ഭാരതരത്നം എന്ന്‌ മുരളീധരന്‍ ആവശ്യപ്പെട്ടുപോയേനെ! ഇപ്പോഴതാണോ സ്ഥിതി. ബുദ്ധിയുണ്ടെങ്കില്‍ മുരളീധരനെയും എന്‍സിപിയെയും ഒതുക്കാന്‍പറ്റിയ നേരമാണ്‌. ലീഡര്‍ക്കൊരു രത്നം സംഘടിപ്പിച്ചുകൊടുക്കാന്‍ കഴിഞ്ഞാല്‍ മുരളിയുടെ മനോനില തകരുമെന്നു നിശ്ചയം. ചെന്നിനായകന്‌ ആവക ബുദ്ധിയൊന്നും തോന്നാത്ത്‌ മുരളിയുടെ ഭാഗ്യം!

ഇനിയിപ്പോ ഭാരതരത്നത്തെ കണ്ടുപിടിക്കാന്‍ ഒരെളുപ്പവഴിയുണ്ട്‌. നാട്ടുകാരെകൊണ്ട്‌ എസ്‌എംഎസ്‌ അയപ്പിച്ചാല്‍ സംഗതി എളുപ്പമാകും. ഖജനാവിലേക്ക്‌ കോടിക്കണക്കിനു രൂപയും കിട്ടും.

ആലോചിച്ചു നോക്കരുതോ സര്‍ക്കാരേ...

എസ്‌എംഎസ്‌ അയക്കേണ്ട വിലാസം:
ഇ.മ.ര*-സ്പെയ്സ്‌-യുവര്‍നെയിം-സ്പെയ്സ്‌-ഭാരതരത്നം!

*ഇന്ത്യാ മഹാ രാജ്യം

Saturday, January 19, 2008

പൊന്നുണ്ടാക്കാന്‍ കൗശലമുണ്ടേ...

'കപര്‍ദ്ദി പ്രാദുര്‍ഭ വ്യഗ്രാസായ' എന്നു വച്ചാല്‍ വയാഗ്രയല്ല, ഒന്നു വച്ചാല്‍ രണ്ടല്ല; രണ്ടു കോടിയുമല്ല, അതിലുമേറെ!

'പത്രത്തോടൊപ്പം ഒരു സംസ്ക്കാരവും പ്രചരിപ്പിക്കുന്ന' പത്രത്തിലാണ്‌ മാനവകുലത്തെ ഒറ്റയടിക്ക്‌ കരകയറ്റി വിടാന്‍ വേണ്ട ശേഷിയുള്ള 'കപര്‍ദ്ദി പ്രാദുര്‍ഭ വ്യഗ്രാസായ'യുടെ പരസ്യം കിടക്കുന്നത്‌!

വായനക്കാര്‍ക്ക്‌ ഇമ്മീഡിയറ്റ്‌ അപ്പോയിന്റ്മെന്റ്‌ കിട്ടാന്‍ വേണ്ടിയുള്ള ആറാം പേജിലെ കരിയര്‍ലൈന്‍ പേജിലാണ്‌ പരസ്യം കിടക്കുന്നത്‌. 'അലവലാതി' എന്ന്‌ നാട്ടുമലയാളത്തില്‍ അര്‍ത്ഥം പറയാവുന്ന മിസ്ലേനിയസ്‌ സബ്ടൈറ്റിലിനുകീഴെ നിങ്ങള്‍ വായിക്കൂ 'ഏറ്റവും ശക്തികൂടിയ മഹാമാന്ത്രിക ഏലസ്സ്‌ 800 രൂപയ്ക്ക്‌ നല്‍കുന്നു' എന്ന ഒറ്റമൂലി!

എത്ര ശ്രമിച്ചിട്ടും ധനാഭിവൃദ്ധി ഉണ്ടാകുന്നില്ലെങ്കില്‍....? നിങ്ങളുദ്ദേശിക്കുന്ന കാര്യങ്ങളൊന്നും നടക്കുന്നില്ലെങ്കില്‍....? അസ്വസ്ഥരാകേണ്ട.... ലോകത്തില്‍ ഇവിടെനിന്നു മാത്രം ലഭിക്കുന്നതും, മാന്ത്രിക ഏലസുകളിലെ ഏറ്റവും ശക്തികൂടിയതുമായ 'കപര്‍ദ്ദി പ്രാദുര്‍ഭവ്യഗ്രാസായ' ഏലസുകള്‍ ധരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക എന്നാണ്‌ പരസ്യത്തിലൂടെ പ്രചരിപ്പിക്കുന്ന പുതിയ സംസ്ക്കാരം!

അതേ പേജില്‍തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥത്തില്‍ നിന്നും തയ്യാറാക്കുന്ന മിനിറ്റുകള്‍ക്കകം നടപടിയുണ്ടാകുന്ന ഏലസിന്റെ പരസ്യവുമുണ്ട്‌. പ്രതീക്ഷിക്കാത്ത ധനം കൈവരും. രോഗശാന്തി കിട്ടും. തൊഴില്‍, വിവാഹലബ്ധി എന്നിവയ്ക്കായാണ്‌ ഏലസ്‌ ഡെഡിക്കേറ്റ്‌ ചെയ്തിരിക്കുന്നത്‌. വില പരസ്യത്തിലില്ല.

കയ്യില്‍ കാശുള്ളവരെല്ലാവരും ഉടന്‍തന്നെ ഇതിലേതെങ്കിലും ഓരോന്ന്‌ വാങ്ങി അരയില്‍ കെട്ടുക. കയ്യില്‍ കാശില്ലാത്ത ബിപി എല്ലും തോലും കാരെ സര്‍ക്കാര്‍ ചെലവില്‍ ഉടന്‍ ഏലസ്‌ കെട്ടിക്കുക.

ധനമന്ത്രി തോമസ്‌ ഐസക്‌ രണ്ടു കയ്യിലും അരയിലും ഏലസ്‌ ധരിക്കുക. കേരളം മിനിറ്റുകള്‍ക്കകം കാശുകാരുടെ കൂടാരമാകും!

നാട്ടുകാരായ കുഞ്ഞുകുട്ടി പരാധീനങ്ങളൊക്കെ ഏലസ്‌ കെട്ടിക്കഴിഞ്ഞാല്‍ അരിവില കൂടിയാല്‍ പ്രശ്നമില്ല, പെട്രോള്‍ വില കൂടിയാല്‍ പ്രശ്നമില്ല. ചുരുക്കത്തില്‍ യാതൊരു പ്രശ്നവും ബാക്കിവരില്ല.

ജപ്പാന്‍കാരും ചൈനക്കാരും ഇത്തരം ഏലസുകള്‍ ധരിച്ചുതുടങ്ങിയതില്‍ പിന്നെയാണ്‌ ആ രാജ്യങ്ങള്‍ കാശുണ്ടാക്കാന്‍ തുടങ്ങിയതെന്നാണ്‌ രഹസ്യമായി കിട്ടിയ വാര്‍ത്ത. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ചൈനയിലും ജപ്പാനിലുമൊക്കെ ചെന്നന്വേഷിച്ചാല്‍ മതി.

കുഞ്ചന്‍ നമ്പ്യാര്‍ പണമുണ്ടാക്കാന്‍ ഒരു കൗശലം ഉപദേശിച്ചിട്ടുണ്ട്‌.

'പൊന്നുണ്ടാക്കാന്‍ കൗശലമുണ്ടേ...
തൂമ്പയെടുത്തു കിളച്ചീടേണം...'
എന്നതാണാ കൗശലം!

പണിയെടുത്തു തിന്നണം എന്നതായിരുന്നു അന്നത്തെ സംസ്ക്കാരം. പത്രത്തോടൊപ്പം പ്രചരിക്കുന്ന സംസ്ക്കാരം വെറുതെയിരുന്നു തിന്നുന്ന സംസ്ക്കാരമാവരുത്‌!

എളമരം കരീം താങ്കള്‍ എവിടെയാണ്‌?

തങ്കച്ചന്റെ മരണത്തിനിടയാക്കിയ ഊരക്കാട്ട്‌ പാറമട ദുരന്തത്തിന്റെ പേരില്‍ വ്യവസായമന്ത്രി എളമരം കരീമിനെതിരെ പ്രേരണാകുറ്റത്തിന്‌ കേസെടുക്കണമെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം.

കഴിഞ്ഞ 22-ാ‍ം തീയതി കുഴൂരില്‍ പാറമട ഇടിഞ്ഞുവീണ്‌ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന്‌ ജില്ലാ ഭരണകൂടം ജില്ലയിലെ പാറമടകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തുകയും താലൂക്കിലെ പാറമടകളുടെ പ്രവര്‍ത്തനം നിരോധിക്കുകയും ചെയ്തിരുന്നു. ഈ നടപടിയെ അട്ടിമറിച്ചത്‌ വ്യവസായ മന്ത്രി എളമരം കരീമായിരുന്നു. കരീമിന്റെ അട്ടിമറി തങ്കച്ചനെന്ന തൊഴിലാളിയുടെ ദാരുണ മരണത്തില്‍ വിജയക്കൊടി പാറിച്ചിരിക്കയാണ്‌.

കൊടിവച്ച കാറില്‍ പാറിനടക്കുകയും മന്ത്രിമന്ദിരത്തിലെ സുഖശീതോഷ്ണമുറികളില്‍ ഉണ്ടുറങ്ങി കഴിയുകയും ചെയ്യുന്ന എളമരം കരീം അടക്കമുള്ള മന്ത്രിമാര്‍ക്ക്‌ അന്നന്നത്തെ അന്നത്തിനുവേണ്ടി പെടാപാടുപെടുന്ന തൊഴിലാളികള്‍, അവര്‍ ജോലിചെയ്യുന്ന മേഖലകളില്‍ അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍പോലും സമയം കാണുകയില്ല. കാരണം ഈ തൊഴിലാളികളെ നിഷ്ക്കരുണം ചൂഷണം ചെയ്യുന്ന മുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍, നിയമം അട്ടിമറിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എങ്ങനെ നടപ്പിലാക്കണമെന്ന്‌ ചിന്തിച്ച്‌ തലപുകയ്ക്കേണ്ടതുണ്ടല്ലോ....

കുഴൂരിലെ പാറമട ദുരന്തത്തെതുടര്‍ന്ന്‌ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം നിര്‍മാണമേഖലയെ സ്തംഭിപ്പിച്ചുവെന്നാരോപിച്ച്‌ ക്വാറി അസോസിയേഷനും ലോറി ഓണേഴ്സ്‌ അസോസിയേഷനും പണിമുടക്ക്‌ ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുവന്നപ്പോള്‍ എളമരം കരീമിന്റെ മുട്ടിടിച്ചു, ഇവര്‍ക്കുമുമ്പില്‍ വ്യവസായവകുപ്പ്‌ മുട്ടുമടക്കി. പാറമടകള്‍ക്കെതിരെ ഒരു നടപടിയും പാടില്ലായെന്ന്‌ അങ്ങനെ എളമരം കരീം രേഖാമൂലം ജില്ലാ കലക്ടര്‍മാരോട്‌ നിര്‍ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം എട്ടുമുതല്‍ ക്വാറികള്‍ 'സജീവ'മായതിന്റെ തിരിച്ചടിയാണ്‌ തങ്കച്ചന്റെ ദുരന്തം.

വ്യവസായ വികസനവും പുരോഗതിയും കൊണ്ടുവരാന്‍ ഇത്തരം ചില നഷ്ടങ്ങള്‍ പൊതുജനങ്ങള്‍ സഹിക്കണമെന്നാണ്‌ അങ്ങ്‌ ബംഗാളിലെ ബുദ്ധദേവ്‌ മുതല്‍ ഇങ്ങ്‌ കേരളത്തിലെ എളമരം കരീം വരെയുള്ളവര്‍ ഉദ്ബോധിപ്പിക്കുന്നത്‌. വികസനത്തിനുവേണ്ടി കൊല്ലപ്പെടാനും കുടിയിറക്കപ്പെടാനും അതിനെതിരെ പ്രതിഷേധിച്ചാല്‍ പോലീസിന്റെയും പാര്‍ട്ടി സഖാക്കളുടെയും വെടിയേറ്റ്‌ മരിക്കാനുമാണ്‌ തൊഴിലാളി വര്‍ഗത്തിന്റെ ഗതിയെന്നാണ്‌ ഈ നവലിബറല്‍ സാമ്പത്തിക ശാസ്ത്രകാരന്മാരുടെ പുതിയ മാനിഫെസ്റ്റോ. അതുകൊണ്ട്‌ പാറമടകളില്‍ ദുരന്തമുണ്ടായാലും ആ ദുരന്തത്തില്‍ സാധുക്കളായ തൊഴിലാളികള്‍ ചതഞ്ഞരഞ്ഞു മരിച്ചാലും എളമരം കരീം കുടുങ്ങുകയില്ല. വ്യവസായ വികസനമെന്ന പാതയിലൂടെ ക്വാറിയുടമകള്‍ അടക്കമുള്ള ചൂഷകര്‍ക്കൊപ്പം കൊടിവച്ച കാറില്‍ ചീറിപ്പാഞ്ഞ്‌ പോകുകതന്നെ ചെയ്യും.

ജില്ലയില്‍ ഏതാണ്ട്‌ ആയിരത്തോളം പാറമടകള്‍ ഉണ്ടാകുമെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. മുന്നൂറോളം പാറമടകളുമായി ജില്ലയില്‍ ഒന്നാമത്‌ നില്‍ക്കുന്നത്‌ കുന്നത്തുനാട്‌ താലൂക്കാണ്‌. ഊരക്കാട്ട്‌ ഉള്‍പ്പെടെ ചെറുതും വലുതുമായ അന്‍പതോളം പാറമടകളാണ്‌ കിഴക്കമ്പലം പഞ്ചായത്തിലുള്ളത്‌. ഇതില്‍ ദുരന്തം നടന്ന മട 400 അടി താഴ്ചയിലാണ്‌.

കുഴൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, 20 അടി താഴ്ചയുള്ള പാറമടകളും തട്ടുതട്ടായി പാറപൊട്ടിച്ചെടുക്കുന്ന ക്വാറികളും നിരോധിക്കുമെന്ന്‌ മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജില്ലയില്‍ 20 അടി താഴ്ചയില്ലാത്ത ഒറ്റ മടപോലുമില്ല എന്നതാണ്‌ സത്യം.

നിയമവും ചട്ടങ്ങളും ഏട്ടിലുറങ്ങുമ്പോള്‍ അവ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ ക്വാറി ഉടമകളില്‍നിന്ന്‌ ആയിരവും പതിനായിരവും കൈക്കൂലി വാങ്ങി ഓഫീസുകളില്‍ സുരക്ഷിതരായി കഴിയുന്നതാണ്‌ ഇത്തരം ദുരന്തങ്ങള്‍ക്ക്‌ മറ്റൊരു കാരണം. ക്വാറികള്‍ നടത്തുന്നതുസംബന്ധിച്ചുള്ള സുരക്ഷാ നിയമങ്ങള്‍ ജില്ലയില്‍ എന്നല്ല കേരളത്തില്‍ ഒരിടത്തും പാലിക്കപ്പെടുന്നില്ല. കാലാകാലങ്ങളില്‍ ക്വാറികള്‍ പരിശോധിച്ച്‌ സുരക്ഷ ഉറപ്പുവരുത്തണമെന്ന ചട്ടവും ഇവര്‍ പാലിക്കാറില്ല. ക്വാറികളില്‍ അപകടമുണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകളും അവരില്‍ നിന്നുണ്ടാകുന്ന പ്രതിഷേധങ്ങളും ഈ ഉദ്യോഗസ്ഥര്‍ക്ക്‌ പ്രശ്നവുമല്ല.

ഇന്ന്‌ ജില്ലയിലേയും മറ്റ്‌ ക്വാറികളിലും പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും അന്യസംസ്ഥാന തൊഴിലാളികളായതുകൊണ്ടുകൂടിയാണ്‌ സുരക്ഷാ നടപടികളുടെ കാര്യത്തില്‍ ഉടമകളും ഉദ്യോഗസ്ഥരും ഈ അനാസ്ഥ പുലര്‍ത്തുന്നത്‌. എന്നാല്‍ ഇതിന്റെ തിരിച്ചടിയേറ്റ്‌ ഞെരിഞ്ഞുമരിക്കുന്നത്‌ മലയാളികളായ തൊഴിലാളികളാണ്‌. ഒരു ക്വാറിയിലും എത്ര തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്‌ എന്ന വിവരം ബന്ധപ്പെട്ട വകുപ്പ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നിശ്ചയം പോലുമില്ല. ഉടമകള്‍ പറയുന്നതാണ്‌ ഇവരുടെ കണക്ക്‌. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഓടിയെത്തി ചില പ്രഖ്യാപനങ്ങള്‍ നടത്തി മരണമടയുന്നവരുടെ ആശ്രിതര്‍ക്കും പരിക്കുപറ്റുന്നവര്‍ക്കും നഷ്ടപരിഹാരത്തുക നല്‍കി പൊതുജനങ്ങളുടെയും, ഇത്തരം അപകടം പിടിച്ച മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെയും കണ്ണില്‍ പൊടിയിട്ട്‌ രക്ഷപ്പെടുകയാണ്‌ ഉദ്യോഗസ്ഥര്‍.

തൊഴില്‍രംഗത്ത്‌, തൊഴിലാളികളുടേതല്ലാത്ത കാരണങ്ങളാലുണ്ടാകുന്ന അപകടങ്ങളില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്കും പരിക്കുപറ്റുന്നവര്‍ക്കും നഷ്ടപരിഹാരം കൊടുക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ എതിര്‍പ്പില്ല. എന്നാല്‍ ബന്ധപ്പെട്ട മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥമൂലമുണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍പെടുന്നവര്‍ക്ക്‌ പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന്‌ നഷ്ടപരിഹാരത്തുക നല്‍കുന്നതിനോട്‌ ഞങ്ങള്‍ക്ക്‌ എതിര്‍പ്പുണ്ട്‌. മറിച്ച്‌ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട മന്ത്രിയില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിവേണം അപകടത്തില്‍പെടുന്നവര്‍ക്ക്‌ നല്‍കേണ്ടത്‌. എങ്കില്‍ മാത്രമേ ഉത്തരവാദിത്തത്തോടെ, തൊഴിലാളി സ്നേഹത്തോടെ ജനക്ഷേമകരമായി ഇവരെല്ലാം പണിയെടുക്കുകയുള്ളൂ.

ജില്ലയിലെ ക്വാറികളില്‍നിന്ന്‌ ഇനിയും അപകടമരണത്തിന്റെ വാര്‍ത്തകള്‍ വരാനിരിക്കുന്നതേയുള്ളൂ. അത്രയ്ക്ക്‌ സ്ഫോടനാത്മകമാണ്‌ ഇവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍. തക്കസമയത്ത്‌ പരിശോധന നടത്തി നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കും ഉദ്യോഗസ്ഥരെ പണിയെടുപ്പിക്കാത്ത മന്ത്രിക്കുമെതിരെ ജനരോഷം ശക്തമാണിപ്പോള്‍. ആ കരിമരുന്നിന്‌ തീപിടിച്ചാലുണ്ടാകുന്ന സ്ഫോടനം ചിന്താതീതമായിരിക്കും. അതില്‍ ചിതറിക്കപ്പെടുന്നതും ഞെരിഞ്ഞമര്‍ത്തപ്പെടുന്നതും മന്ത്രിയടക്കമുള്ളവരായിത്തീര്‍ന്നാല്‍ ആരും മൂക്കത്ത്‌ വിരല്‍വയ്ക്കുകയും ചെയ്യരുത്‌. അത്രയ്ക്ക്‌ തീഷ്ണമാണ്‌ ജനങ്ങളുടെ അസഹിഷ്ണുതയും പ്രതിഷേധവും.

ഇതെല്ലാം എളമരം കരീം, മന്ത്രിമന്ദിരത്തില്‍ ഇളവേല്‍ക്കുന്ന സമയങ്ങളില്‍ ഓര്‍ക്കുന്നത്‌ നന്ന്‌.

Friday, January 18, 2008

അമേരിക്കയിലേക്കുള്ള നഴ്സസ്‌ റിക്രൂട്ടിങ്ങില്‍ വഞ്ചന

  • ഏജന്‍സിക്കെതിരെ അമേരിക്കയില്‍ കേസ്‌
  • വഞ്ചിച്ചത്‌ J 2 C എന്ന ഏജന്‍സി
  • മിയാമി ആസ്ഥാനമായുള്ള ഏജന്‍സിക്ക്‌ കൊച്ചിയിലും ശാഖ
  • ഏജന്‍സിയുടെ ജീവനക്കാരായി കരുതി അമേരിക്കയിലെ മറ്റ്‌ ആശുപത്രികളിലെ സ്റ്റാഫ്‌ നഴ്സുമാര്‍ക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു.
ഹിമജ
കൊച്ചി: അമേരിക്കയിലേക്ക്‌ നേഴ്സുമാരെ റിക്രൂട്ട്‌ ചെയ്തതില്‍ കൊടിയ വഞ്ചന. മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതു കൊച്ചിയില്‍ ശാഖയുള്ളതുമായ ജോബ്‌ 2 കരിയര്‍ (ഖ 2 ഇ) ഏജന്‍സിയാണ്‌ നഴ്സുമാരെ റിക്രൂട്ട്‌ ചെയ്തത്‌.

ഫ്ലോറിഡ മെഡിക്കല്‍ സെന്ററില്‍ ഈ ഏജന്‍സി മുഖേന ജോലി ലഭിച്ച മലയാളികള്‍ അടക്കമുള്ള 22 നഴ്സുമാരാണ്‌ ഏജന്‍സിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്‌. ബ്രോവാര്‍ഡ്‌ കൗണ്ടിംഗ്‌ ഫെഡറല്‍ ഡിസ്ട്രിക്ട്‌ കോര്‍ട്ടിലാണ്‌ കേസ്‌ കൊടുത്തിട്ടുള്ളത്‌.

വാഗ്ദാനം ചെയ്തതിലും വളരെ കുറവ്‌ ശമ്പളമാണ്‌ ഏജന്‍സി നല്‍കുന്നതെന്നും ഈ ഏജന്‍സി റിക്രൂട്ട്‌ ചെയ്യുന്ന നഴ്സുമാരെ അമേരിക്കയിലെ ആശുപത്രികളില്‍ സ്റ്റാഫ്‌ നഴ്സുകളായി നിയമിക്കാതെ കോണ്‍ട്രാക്ട്‌ സമയം വരെ (2 വര്‍ഷം) ഏജന്‍സിയുടെ ജീവനക്കാരായാണ്‌ കണക്കാക്കുന്നതെന്നും ഇതുമൂലം മറ്റ്‌ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക്‌ ലഭിക്കുന്നില്ല എന്നുമാണ്‌ ഹര്‍ജിയില്‍ പറയുന്നത്‌.

ആഴ്ചയില്‍ 36 മണിക്കൂര്‍ ജോലി വാഗ്ദാനം ചെയ്താണ്‌ ഏജന്‍സി കേരളത്തില്‍നിന്നും ഇന്ത്യയില്‍നിന്നും നഴ്സുമാരെ റിക്രൂട്ട്‌ ചെയ്തിട്ടുള്ളത്‌. എന്നാല്‍ പല ആഴ്ചകളിലും ജോലി ചെയ്യാതെ താമസസ്ഥലത്തിരിക്കേണ്ട ഗതികേടാണ്‌ തങ്ങള്‍ക്കുള്ളതെന്നും നഴ്സുമാര്‍ ആരോപിക്കുന്നു.

സ്റ്റാഫ്‌ നഴ്സുമാരാക്കാതെ ഏജന്‍സിയുടെ ജീവനക്കാരായി കരുതുന്നതുകൊണ്ട്‌ മറ്റ്‌ നഴ്സുമാര്‍ക്ക്‌ ലഭിക്കുന്ന മണിക്കൂര്‍ അനുസരിച്ചുള്ള വേതനമോ നൈറ്റ്‌ ഡ്യൂട്ടിയോ വാരാന്ത്യ അലവന്‍സോ ഇവര്‍ക്ക്‌ ലഭിക്കുന്നില്ല. മാത്രമല്ല, അവധിദിവസങ്ങളില്‍ ചെയ്യുന്ന ജോലിക്കും ഏജന്‍സി വേതനം നല്‍കാറില്ല.

ഏജന്‍സി റിക്രൂട്ട്‌ ചെയ്യുന്ന നഴ്സുമാരുടെ ആരോഗ്യ-സുരക്ഷ കാര്യങ്ങളിലും വന്‍വീഴ്ചയാണ്‌ വരുത്തിയിട്ടുള്ളത്‌. ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയുടെ കാര്യത്തിലും കടുത്ത അവഗണനയും വഞ്ചനയുമാണ്‌ ഈ ഏജന്‍സിയില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളതെന്നും ആരോപണമുണ്ട്‌. അമേരിക്കയിലെ സ്റ്റാഫ്‌ നഴ്സുമാര്‍ കുടുംബ ഇന്‍ഷ്വറന്‍സിന്‌ പ്രതിമാസം 150 ഡോളറില്‍ താഴെ പോളിസി അടക്കുമ്പോള്‍ ഈ ഏജന്‍സി റിക്രൂട്ട്‌ ചെയ്ത നഴ്സുമാര്‍ക്ക്‌ 750 ലധികം ഡോളര്‍ പോളിസിയായി നല്‍കേണ്ടിവരുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

എന്നാല്‍ ഏജന്‍സി റിക്രൂട്ട്‌ ചെയ്തിട്ടുള്ള നഴ്സുമാരുടെ വേതനവും സുരക്ഷയും മറ്റ്‌ സൗകര്യങ്ങളും സംരക്ഷിക്കുന്നതില്‍ ജെ2സി വീഴ്ച വരുത്തിയിട്ടില്ല എന്നാണ്‌ അഭിഭാഷകന്‍ ജോസഫ്‌ എം മാത്യൂസ്‌ അവകാശപ്പെടുന്നത്‌.

ആകാശം വഴി വികസനം വരുമ്പോള്‍...

കേരളം രക്ഷപ്പെടാന്‍ എന്താണൊരു വഴി? കേരളം രക്ഷപ്പെടാന്‍ ഒരുപാടു വഴിയുണ്ട്‌. അതിലൊരു വഴി ആകാശം വഴിയാണ്‌. അതിനാലാണ്‌ ഇപ്പോള്‍ കണ്ണൂരിലും അന്താരാഷ്ട്ര വിമാനത്താവളം പണിയാന്‍ പോണത്‌. നാലഞ്ചു കൊല്ലം കൊണ്ട്‌ പറ്റിയാല്‍ എല്ലാ പഞ്ചായത്തിലും ഓരോ വിമാനത്താവളം ഉണ്ടാക്കണം.

വിമാനത്താവളങ്ങള്‍ ഉണ്ടായാല്‍ രണ്ടാണുഗുണം. കേരളീയര്‍ക്ക്‌ ഒന്നാകെ വേറേതെങ്കിലുമൊക്കെ രാജ്യങ്ങളില്‍ പോയി പണിയെടുത്തോ തെണ്ടിയോ നാലുകാശുണ്ടാക്കമെന്നതാണാദ്യ ഗുണം.

കേരളീയര്‍ ഒന്നാകെ നാടുവിട്ടുകഴിയുമ്പോള്‍ വേറെ നാട്ടിലുള്ള ആണുങ്ങള്‍ക്ക്‌ സൗകര്യപ്പെടുമ്പോഴൊക്കെ കേരളത്തിലെത്തി ടൂറിസം വികസിപ്പിക്കാം എന്നതാണ്‌ രണ്ടാമത്തെ ഗുണം.

കേരളത്തിലുള്ള ആണുങ്ങളൊക്കെ നാടുവിട്ടുപോകുന്നതുമൂലം കേരളത്തിലുള്ള പെണ്ണുങ്ങള്‍ക്ക്‌ ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പുറത്തുനിന്നെത്തുന്ന അതിഥികള്‍ പരിഹാരം കണ്ടുകൊള്ളും.

അങ്ങനെ ടൂറിസമങ്ങു കൊഴുക്കും. ഒരുപാടു കാശു 'കിടന്നു'കിട്ടും!

വേറെയുമുണ്ട്‌ ഗുണങ്ങള്‍. ആണുങ്ങളൊക്കെ നാടുവിട്ടു കഴിഞ്ഞാല്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഇല്ലാതാകും. പിടിച്ചുപറി ഇല്ലാതാകും. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാകും. അറിയാമല്ലോ, എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നത്‌ ആണുങ്ങള്‍ എന്ന ഭീകരന്മാരാണ്‌!

തന്നെയുമല്ല; മാസാമാസം ഒരുപാട്‌ കാശിങ്ങു ഡ്രാഫ്റ്റായും ചെക്കായും എത്തും. ഒരുപാടു കാശുവന്നാല്‍ ഒരുപാട്‌ വികസനം വരും.

വികസിച്ചു വികസിച്ച്‌ കേരളം ഇന്ത്യയേക്കാള്‍ വലുതാവും.

ജപ്പാനെതന്നെ നോക്കുക അവിടെ ആകെ പത്തു അന്താരാഷ്ട്ര വിമാനത്താവളങ്ങളേയുള്ളൂ. അതുകൊണ്ടാണ്‌ അവരിനിയും വികസിക്കാത്തത്‌. ഇന്ത്യയിലാവട്ടെ ആകെ പത്ത്‌ അന്താരാഷ്ട്ര വിമാനത്താവളങ്ങളേ ഉള്ളൂ. അതില്‍ കണ്ണൂരുള്‍പ്പെടെ നാലെണ്ണവും കേരളത്തിലാണ്‌.

അല്ലായിരുന്നുവെങ്കില്‍ കാണാമായിരുന്നു കളി. കേരളം ഇതിലും കഷ്ടത്തിലായേനെ, തോറ്റുതുന്നം പാടിപ്പോയേനെ!

കണ്ണൂരിനി രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഇല്ലാതാവും. കാരണം വികസനം വന്നാല്‍, കൈ നിറയെ കാശുവരും. കൈ നിറയെ കാശുവന്നാല്‍ പിന്നെ ആരെങ്കിലും രാഷ്ട്രീയം പറയാന്‍ നടക്കുമോ? രാഷ്ട്രീയം പറയാണ്ടിരുന്നാല്‍ ആരെങ്കിലും പിന്നെ അടിയുണ്ടാക്കുമോ. ആകയാല്‍ ആകാശങ്ങളിലിരിക്കുന്ന തമ്പുരാനേ. ആകാശം വഴി ഞങ്ങളെ രക്ഷിക്കണമേ എന്ന്‌ പ്രാര്‍ത്ഥിപ്പിന്‍.

മില്‍മ: കേരളം കണികണ്ടുണരുന്ന തിന്മ

മലയാളിയുടെ ഭക്ഷണരീതി മാറ്റണമെന്നും കോഴിയിറച്ചിയും മുട്ടയും പാലും പുതിയ മെനു ആക്കണമെന്നും ആഹ്വാനം ചെയ്ത മന്ത്രി ദിവാകരന്റെ കീഴിലുള്ള മില്‍മ കേരളത്തിലെ പാല്‍ ഉപഭോക്താക്കളെയും ക്ഷീരകര്‍ഷരേയും ഒരുപോലെ വഞ്ചിച്ച്‌, സ്വകാര്യ-അന്യസംസ്ഥാന ഡയറി ഉടമകള്‍ക്ക്‌ ലാഭമുണ്ടാക്കി കൊടുത്തുകൊണ്ടിരിക്കുകയാണ്‌.

പാല്‍വില തോന്നുമ്പോള്‍ തോന്നുമ്പോള്‍ വര്‍ധിപ്പിക്കുകയും എന്നാല്‍ അതിന്റെ ലാഭവിഹിതം ക്ഷീരകര്‍ഷകര്‍ക്ക്‌ നല്‍കാതെയും അരാജകത്വം സൃഷ്ടിച്ച്‌ മില്‍മ ഇങ്ങനെ കൊമ്പുകുത്തി മറിയുമ്പോഴും നടപടിയെടുക്കാന്‍ മന്ത്രി ദിവാകരനോ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനോ തയ്യാറാകുന്നില്ല. പാല്‍ക്ഷാമത്തെക്കുറിച്ച്‌ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട്‌ ചോദിച്ചപ്പോള്‍ "പാഷാണമോ" എന്ന്‌ തിരിച്ചുചോദിച്ച്‌ പ്രശ്നത്തില്‍നിന്ന്‌ വി.എസ്‌. ശൈലിയില്‍ ഒളിച്ചോടുകയായിരുന്നു മുഖ്യമന്ത്രി.

പാല്‍ക്ഷാമം കടുത്ത യാഥാര്‍ത്ഥ്യമാണ്‌. ഉപ്പിനുവരെ വിലവര്‍ധിച്ച സാഹചര്യത്തില്‍ മില്‍മ പാല്‍വില വര്‍ധിപ്പിച്ചത്‌ കേരളീയര്‍ സഹിച്ചതാണ്‌. എന്നാല്‍ എട്ടര രൂപയ്ക്ക്‌ ലഭിച്ചിരുന്ന പാലിന്റെ വിതരണം നിയന്ത്രിച്ച്‌ റിച്ച്‌ പാല്‍ വിതരണം കൂട്ടി. മില്‍മ നടത്തിയ കള്ളക്കളിയാണ്‌ അസഹനീയമായിട്ടുള്ളത്‌. കേരളത്തില്‍ പാലുല്‍പ്പാദനം കുറവാണെന്നും പ്രതിദിന ആവശ്യത്തിനുള്ള പാല്‍ കര്‍ണാടക ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍നിന്ന്‌ 'ഇറക്കുമതി' ചെയ്യണമെന്നുമൊക്കെയാണ്‌ മില്‍മ അധികൃതരുടെ വിശദീകരണം. എന്നുമാത്രമല്ല കഴിഞ്ഞ ദിവസം വിലവര്‍ധിപ്പിച്ച റിച്ച്‌ പാലിന്‌ ഇനിയും ലിറ്ററിന്‌ മൂന്നു രൂപ കൂട്ടിയേതീരൂ എന്ന ദുശാഠ്യത്തിലുമാണവര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാലുവട്ടമാണ്‌ മില്‍മ പാല്‍വില വര്‍ധിപ്പിച്ചത്‌. ഇതിനിടയില്‍ ആരുമറിയാതെ തൈരിന്റെ വിലയും മില്‍മ വര്‍ധിപ്പിച്ചു.

കേരളത്തില്‍ ക്ഷീരോല്‍പ്പാദനം കുറവാണ്‌ എന്നത്‌ സത്യമാണ്‌. ഇതിന്‌ നിരവധി കാരണങ്ങളുണ്ട്‌. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റമാണ്‌ കാലിവളര്‍ത്തല്‍ എന്ന ജീവിതരീതി ഇല്ലാതാക്കിയത്‌. തിരക്കും സാമ്പത്തികസൗകര്യവും ചേര്‍ന്നപ്പോള്‍ മാര്‍ക്കറ്റില്‍നിന്ന്‌ പായ്ക്കറ്റ്‌ പാല്‍ വാങ്ങുന്ന ഉപഭോക്തൃസംസ്ക്കാരം നഗരങ്ങളില്‍ വ്യാപകമായത്‌ സ്വാഭാവികം. എന്നാല്‍ ഇന്ന്‌ ഗ്രാമങ്ങളിലും ഇതാണ്‌ അവസ്ഥ. നെല്‍കൃഷി ഇല്ലാതായതും പുല്‍മേടുകള്‍ നശിച്ചതും കാലിത്തീറ്റയ്ക്ക്‌ വിലവര്‍ധിച്ചതും കാലിവളര്‍ത്തല്‍ രംഗത്ത്‌ ഇന്നും നിലനില്‍ക്കുന്നവര്‍ക്ക്‌ വന്‍ തിരിച്ചടിയായിട്ടുണ്ട്‌. തമിഴ്‌നാട്‌ പോലുള്ള അന്യസംസ്ഥാനങ്ങളില്‍ കാലിത്തീറ്റ കുറഞ്ഞവിലയ്ക്ക്‌ ലഭിക്കുമ്പോള്‍ മില്‍മ വിതരണം ചെയ്യുന്ന കാലിത്തീറ്റയ്ക്കുപോലും പൊള്ളുന്ന വിലയാണ്‌. ഇതെല്ലാം സഹിച്ച്‌ പാലുല്‍പ്പാദിപ്പിച്ചാല്‍ ചെലവിന്‌ ആനുപാതികമായ ലാഭം ക്ഷീരകര്‍ഷകര്‍ക്ക്‌ നല്‍കാന്‍ മില്‍മ തയ്യാറുമല്ല. ഈ സാഹചര്യത്തില്‍ പാലുല്‍പ്പാദനം കുറഞ്ഞില്ലെങ്കില്‍ അതിശയിച്ചാല്‍പോര.

കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പുരോഗതിക്കും കേരളീയര്‍ക്ക്‌ മായം ചേര്‍ക്കാത്ത പാല്‍ ലഭിക്കുന്നതിനും വേണ്ടിയാണ്‌ മില്‍മ രൂപീകരിച്ചത്‌. എന്നാല്‍ ഈ സംവിധാനത്തിന്റെ മറവില്‍ അഴിമതിയുടെ തൊഴുത്തുകള്‍ കെട്ടി അനധികൃതമായ വരുമാനം കറന്നെടുക്കാനാണ്‌ മില്‍മയെ നയിക്കുന്നവര്‍ക്ക്‌ വ്യഗ്രത. ഈ കറന്നെടുപ്പിന്റെ ഭാഗമായിട്ടാണ്‌ പാലിന്റെ വില അസഹനീയമായി വര്‍ധിപ്പിച്ചതും സാധാരണ പാലിന്റെ വിതരണം നിയന്ത്രിച്ചതും. ഇതിനിടയില്‍ മറ്റൊരു വഞ്ചനകൂടി മില്‍മ നടത്തിയിട്ടുണ്ട്‌. ഹൈറേഞ്ചിലെ ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കൊഴുപ്പുകൂടിയ പാല്‍ ശേഖരിച്ച്‌ അത്‌ കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന പാലാണെന്ന്‌ പ്രചരിപ്പിച്ച്‌ വില വര്‍ധിപ്പിച്ചതാണ്‌ അത്‌.

മില്‍മയുടെ ഇത്തരം നിലപാട്‌ മൂലം ലാഭം കൊയ്യുന്നത്‌ സ്വകാര്യ ഡയറി ഉടമകളും അന്യസംസ്ഥാനത്തുനിന്ന്‌ ഇവിടെ പാല്‍ കൊണ്ടുവരുന്ന സംഘങ്ങളുമാണ്‌. സ്വകാര്യ ഡയറി ഉടമകള്‍ വിതരണം ചെയ്യുന്ന പാലില്‍ വ്യാപകമായി മായം ഇല്ലെങ്കിലും അന്യസംസ്ഥാനത്തുനിന്നുകൊണ്ടുവന്ന്‌ കേരളത്തില്‍ വിതരണം ചെയ്യുന്ന പാലില്‍ മായം ചേര്‍ക്കല്‍ ചിന്തിക്കാവുന്നതിലും അധികമാണ്‌. നിലവാരം കുറഞ്ഞ ക്യാനുകളിലാണ്‌ പലുകൊണ്ടുവരുന്നത്‌. മാത്രമല്ല, പാലിന്റെ കൊഴുപ്പ്‌ കൂട്ടാനും പാല്‍ നശിച്ചുപോകാതിരിക്കാന്‍ ആരോഗ്യത്തിന്‌ ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുമുണ്ട്‌. പാലിന്റെ കൊഴുപ്പ്‌ വര്‍ധിപ്പിക്കുവാന്‍ സ്റ്റാര്‍ച്ച്‌, അമോണിയം സള്‍ഫേറ്റ്‌, യൂറിയ, പഞ്ചസാര, ഉപ്പ്‌ എന്നിവയാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. എന്നാല്‍ പാല്‍ പെട്ടെന്ന്‌ കേടാകാതിരിക്കാന്‍, ശവശരീരം സൂക്ഷിക്കുന്ന ഫോര്‍മാലിന്‍പോലും പാലില്‍ ചേര്‍ക്കാറുണ്ട്‌. ഹൈഡ്രജന്‍ പെറോക്സൈഡ്‌, സോപ്പ്‌, ഡിറ്റര്‍ജന്റുകള്‍, പാല്‍പ്പൊടി, ഹൈഡ്രേറ്റഡ്‌ ലൈം, സോഡിയം കാര്‍ബണേറ്റ്‌, സോഡിയം ബൈ കാര്‍ബണേറ്റ്‌ തുടങ്ങിയ രാസവസ്തുക്കള്‍ ന്യൂട്രലൈസറുകളായും ഉപയോഗിക്കുന്നുണ്ട്‌. രാസവസ്തുക്കളടങ്ങിയ ഈ പാല്‍ വിവിധതരം ഉദരരോഗങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടും ആരോഗ്യവകുപ്പ്‌ അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. മാത്രമല്ല, അന്യസംസ്ഥാനങ്ങളില്‍നിന്ന്‌ കൊണ്ടുവരുന്ന പാല്‍ ചെക്ക്പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധനയ്ക്ക്‌ വിധേയമാക്കിയശേഷമേ കേരളത്തില്‍ വിതരണത്തിന്‌ അനുവദിക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശവും കാറ്റില്‍പറത്തിയ അവസ്ഥയാണ്‌.

ഈ നശീകരണങ്ങള്‍ക്കെല്ലാം കാരണം മില്‍മയുടെ നിലപാട്‌ ഒന്നുമാത്രമാണ്‌. ഈജിയന്‍ തൊഴുത്തിനേക്കാള്‍ വൃത്തികെട്ട അവസ്ഥയിലാണ്‌ മില്‍മയുടെ പ്രവര്‍ത്തനം. ഇത്‌ നേരെചൊവ്വേ ആക്കാന്‍ ഹെര്‍ക്കുലീസുമാര്‍ പല ജന്മങ്ങളെടുക്കേണ്ടതുണ്ട്‌. ദിവാകരനെപോലെ എരണംകെട്ട മന്ത്രിമാര്‍ ഭരിക്കുമ്പോള്‍ ഇതൊന്നും നടക്കാനും പോകുന്നില്ല. കേരളം കണികണ്ടുണരുന്ന തിന്മയായി മില്‍മയങ്ങനെ കൊഴുത്തുകൊഴുത്ത്‌.......

Thursday, January 17, 2008

'വാ'ക്കത്തി സംസ്കാരം!

പപ്പനാവന്‌ മാഷെ പണ്ടേ അറിയാവുന്നതാണ്‌. പപ്പനാവന്‍ ഒന്നു പറഞ്ഞാല്‍ മാഷ്‌ രണ്ട്‌ പറയും എന്നും പപ്പനാവന്‌ അറിയാവുന്നതാണ്‌. എന്നിട്ടും പപ്പനാവന്‍ അത്‌ ചെയ്തു. മാഷ്‌ ഒരുപാട്‌ സംഗതികള്‍ വെട്ടിപ്പിടിച്ചു എന്നാണ്‌ കോഴിക്കോട്‌ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ കൊച്ചുപിള്ളേര്‍ മുമ്പാകെ പപ്പനാവന്‍ വച്ചുകാച്ചിയത്‌!

മാഷ്‌ വിടുമോ?
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ സിപിഎം ജില്ലാ സമ്മേളനത്തോട്‌ അനുബന്ധിച്ചുനടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍വച്ച്‌ പപ്പനാവനിട്ട്‌ മാഷ്‌ ശരിക്കും പിടച്ചു. അപ്പന്‍ പറഞ്ഞിരുന്നത്‌ പപ്പനാവന്‍ ശുദ്ധനാണെന്നാണ്‌. എന്നാലിപ്പോള്‍ അപ്പന്‍ പറഞ്ഞപോലല്ല പപ്പനാവന്‍ എന്നാണ്‌ മാഷ്‌ പറഞ്ഞത്‌.

ഒറ്റ വെടിക്ക്‌ രണ്ടു പക്ഷിയാണ്‌ താഴെ വീണത്‌. ഒന്ന്‌ അപ്പന്‍ പറയുന്നത്‌ കാര്യത്തിലെടുക്കാനാവില്ല. ആള്‍ നിരൂപിച്ചതത്രയും കാര്യത്തിലെടുക്കാനാവില്ല. രണ്ട്‌ പപ്പനാവന്‍ ശുദ്ധനല്ല. ശുദ്ധനല്ലാച്ച്വാല്‍ അശുദ്ധന്‍!

ഉത്തരത്തിനടിയില്‍ ഇര കാത്തിരിക്കുന്ന പല്ലിയുടെ വിചാരം ഉത്തരം താങ്ങിനിര്‍ത്തുന്നത്‌ ശക്തനായ താനാണെന്നാണ്‌. (പല്ലിയുടെ ഉള്ളിലിരിപ്പ്‌ കണ്ടുപിടിച്ചു പുറത്താക്കിയത്‌ ഏതു വിദ്വാനാണെന്നറിയില്ല!). കേരളത്തില്‍ അങ്ങുമിങ്ങും പാഞ്ഞുനടന്ന്‌ സാംസ്ക്കാരിക പ്രവര്‍ത്തനം നടത്തുന്ന സാംസ്ക്കാരിക നായകരുടെ ഉള്ളിലിരിപ്പും അതുപോലെതന്നെയാണ്‌. (സാംസ്ക്കാരിക നായകരുടെ ഉള്ളിലിരിപ്പ്‌ ഇതാണെന്നു കണ്ടെത്താന്‍ വിദ്വാനാവേണ്ട, ഏതു പൊട്ടനും സാധിക്കും). പരിഷ്ക്കാരങ്ങള്‍ ഏറിയേറി സംസ്ക്കാരം എന്നൊരു സാധനം കണികാണാനില്ലാതാവുന്ന നാടാകുന്നു കേരളം. നിലവിലുള്ള 'ഉത്തരം' താങ്ങുന്ന പല്ലിയേക്കാള്‍ കഷ്ടമാണ്‌ നിലവിലില്ലാത്ത സംസ്ക്കാരം താങ്ങിനിര്‍ത്തുന്ന നായകന്മാരുടെ സ്ഥിതി!

സാംസ്ക്കാരിക സമ്മേളനം എന്നു കേട്ടാല്‍ തന്നെ ജീവനില്‍ കൊതിയുള്ള മലയാളികളാരും ആ വഴിക്കൊന്നും പോകാതായിട്ട്‌ നാളേറെയായി. അബദ്ധവശാല്‍ നാലാളു പ്രസംഗം കേള്‍ക്കാന്‍ ചെന്നാലാവട്ടെ ഇതാണു സ്ഥിതി. ഒരു തരം കത്തിയേറ്‌. 'വാ'ക്കത്തിയേറെന്നു പറയാം!

അരിമേടിക്കാന്‍ ഗതിയില്ലാത്ത പാവങ്ങളോടാണ്‌ അവാര്‍ഡ്‌ വീരസ്യങ്ങള്‍ മുഴക്കി സാംസ്ക്കാരിക നായകര്‍ 'സംസ്ക്കാരം' സംരക്ഷിക്കുന്നത്‌. സംസ്ക്കാരം സംരക്ഷിക്കാന്‍ ഇതിലും ഭേദം നടേശഗുരുതന്നെയാണ്‌. നടേശഗുരു ആരെ ആക്രമിച്ചാലും കേട്ടിരിക്കാനൊരു സുഖമുണ്ടാവും. കുറച്ചു കാലമായി ജഗതിയെ വെല്ലുന്ന നമ്പരുകളാണ്‌ ഗുരു ഇറക്കിക്കൊണ്ടിരിക്കുന്നത്‌.

സാംസ്ക്കാരിക നായകരുടെ 'വാ'ക്കത്തിയേറാവട്ടെ അറുബോറ്‌. വെറുതെയല്ല, സാംസ്ക്കാരിക സമ്മേളനങ്ങളില്‍ ഇന്നസെന്റും ഹരിശ്രീ അശോകനുമൊക്കെ കസറുന്നത്‌.

സാംസ്ക്കാരിക നായകരേക്കാള്‍ സംസ്ക്കാരമുള്ളവര്‍ സിനിമാ നടന്മാരാണെന്നുവരുന്നതില്‍ വല്യ കുഴപ്പമൊന്നുമില്ല. വളരട്ടെ ഒരു സിനിമാ സംസ്ക്കാരം!

ഈ (അ)ന്യായാസനങ്ങള്‍ ഇടിച്ചുനിരത്തി അവിടെ ചൊറുതണം നടണം

തിരുവനന്തപുരത്തെ ഹജൂര്‍കച്ചേരി ഇടിച്ചുനിരത്തി അവിടെ ചൊറുതണം നടണമെന്ന്‌ സി. കേശവന്റെ ആഹ്വാനം ഇപ്പോള്‍ നമ്മുടെ ചില (അ)ന്യായാസനങ്ങള്‍ക്കുനേരെ പ്രയോഗിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.

ആഗോളീകരണത്തിന്റെ നീരാളികൈകള്‍ ഇന്ത്യയിലെ (അ)ന്യായാസനങ്ങളിലും പിടിമുറുക്കിക്കഴിഞ്ഞു എന്നാണ്‌ കഴിഞ്ഞ കുറെനാളായി വന്നുകൊണ്ടിരിക്കുന്ന വിധികള്‍ വ്യക്തമാക്കുന്നത്‌. സാധാരണ പൗരന്‌ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും നിഷേധിക്കുന്ന രീതിയിലാണ്‌ നിയമഞ്ജര്‍ എന്ന്‌ നാം ഒക്കെ അംഗീകരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരില്‍നിന്നും ജസ്റ്റിസ്മാരില്‍നിന്നും ഉത്തരവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. മൂലധന സമാഹര്‍ത്താക്കള്‍ക്കും അവരുടെ കങ്കാണിമാര്‍ക്കും അനുകൂലമായി വിധിപ്രഖ്യാപിക്കുമ്പോള്‍ നീതി അല്ല നടപ്പിലാക്കപ്പെടുന്നതെന്നും മറിച്ച്‌ നീതിനിഷേധമാണ്‌ ഉത്തരവിലൂടെ നടത്തിയെടുക്കുന്നതെന്നും ഇവര്‍ അറിയുന്നില്ല എന്നു പറയുന്നത്‌ വിഡ്ഢിത്തമായിരിക്കും. ന്യായാസനങ്ങള്‍ക്കുമുന്‍പാകെ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും കീഴ്‌വഴക്കങ്ങളുടെ ബലത്തിലുമാണ്‌ വിധിപ്രഖ്യാപിക്കുന്നതെന്ന്‌ ഈ ന്യായാധിപന്മാര്‍ക്ക്‌ ന്യായീകരിക്കാന്‍ കഴിയുമെങ്കിലും അത്‌ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ അവകാശങ്ങള്‍ക്കുമേലുള്ള ജുഡീഷ്യല്‍ അധിനിവേശമായിട്ടാണ്‌ അനുഭവപ്പെടുന്നത്‌.

ആ നികൃഷ്ടതയുടെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഇന്നലെ കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതി (രണ്ട്‌)യില്‍ നിന്നുണ്ടായ അസാധാരണമായ വിധി. കുടിവെള്ള ക്ഷാമത്തെത്തുടര്‍ന്ന്‌ റോഡ്‌ ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ക്ക്‌ 200 രൂപ വീതം പിഴ ശിക്ഷയാണ്‌ മജിസ്ട്രേട്ട്‌ വിധിച്ചത്‌. ചെല്ലാനം പഞ്ചായത്തിലെ നാല്‌, അഞ്ച്‌ വാര്‍ഡുകളില്‍പെട്ട വീട്ടമ്മമാരടങ്ങിയ സമരക്കാരെയാണ്‌ കോടതി ശിക്ഷിച്ചത്‌.

കുടിവെള്ളം ഇന്ത്യന്‍ പൗരന്റെ മാത്രമല്ല, ലോകത്ത്‌ ഏതൊരാളുടെയും മൗലികാവകാശമാണ്‌. പൗരന്റെയും വ്യക്തിയുടെയും മൗലികാവകാശം സംരക്ഷിക്കുക എന്നതാണ്‌ സര്‍ക്കാരിന്റെയും കോടതികളുടെയും പ്രാഥമികമായ ഉത്തരവാദിത്തം. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍ക്കാരുകള്‍ ഈ അവകാശങ്ങള്‍ ലംഘിക്കുന്നത്‌ ലോകത്തെല്ലായിടത്തും പതിവാണ്‌. അധികാരദുര മൂത്ത അതിജീവന രാഷ്ട്രീയക്കാര്‍ക്ക്‌ സാധാരണ പൗരനും അവന്‌ ഭരണഘടന സംരക്ഷണം നല്‍കുന്ന കേവല അവകാശങ്ങളും ഒരിക്കലും വിഷയമേയല്ല. വോട്ടുബാങ്കുകളുടെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ പലപ്പോഴും നിലപാടുകള്‍ സ്വീകരിക്കുന്നതും നിയമങ്ങള്‍ നിര്‍മിക്കുന്നതും. രാഷ്ട്രീയത്തിന്റെ വഴിവിട്ട ഈ കടന്നുകയറ്റത്തില്‍നിന്ന്‌ പൗരനെ രക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളത്‌ കോടതികള്‍ക്കാണ്‌. കോടതികളാണ്‌ സാധാരണ പൗരന്റെ അവസാനത്തെ അത്താണി. എന്നാല്‍ അടുത്തകാലത്തായി സര്‍ക്കാരും കോടതികളും ഒരേ നിലപാട്‌ സ്വീകരിച്ച്‌ പൗരന്മാരെ പീഡിപ്പിക്കുന്നതില്‍ ഒരുതരം വികൃതമായ ആനന്ദം അനുഭവിക്കുന്നില്ലേ എന്നാണ്‌ അനുഭവങ്ങളില്‍നിന്നുയരുന്ന സന്ദേഹം.

കുടിവെള്ളത്തിനുവേണ്ടി ചെല്ലാനം ഉള്‍പ്പെടെയുള്ള ദ്വീപ്‌ നിവാസികള്‍ പ്രക്ഷോഭം ആരംഭിച്ചിട്ട്‌ ദശാബ്ദങ്ങളായി. നിവേദനങ്ങളും സമാധാനപരമായ സമരങ്ങളുമായി സമയം നഷ്ടപ്പെടുത്തിയതല്ലാതെ അവരുടെ അവസ്ഥയ്ക്ക്‌ തെല്ലെങ്കിലും പുരോഗതിയുണ്ടാക്കാന്‍ ഈ ജനകീയമുന്നേറ്റങ്ങള്‍ക്ക്‌ സാധിച്ചിരുന്നില്ല. അപ്പോഴും അധികാരത്തിന്റെ സുഖം നുകര്‍ന്ന്‌ രാഷ്ട്രീയ നേതാക്കളും മതപുരോഹിതന്മാരും മറ്റ്‌ പ്രമാണിമാരും ബാര്‍ജുകളില്‍ വെള്ളമെത്തിച്ച്‌ കുതിരകൂര്‍ക്കരി ദ്വീപുപോലുള്ള സ്ഥലങ്ങളില്‍ മഴനൃത്തം സൃഷ്ടിച്ച്‌ സന്ധ്യകള്‍ ലഹരിയില്‍ മുക്കിക്കൊല്ലുകയായിരുന്നു. ഇന്നും നഗരത്തിലെ സമ്പന്ന വിഭാഗത്തിന്റെ സ്വിമ്മിംഗ്‌ പൂളുകള്‍ക്ക്‌ കുളിര്‍മ നല്‍കുന്നത്‌ ജില്ലയിലെ സാധാരണക്കാര്‍ക്ക്‌ അവകാശപ്പെട്ട കുടിവെള്ളമാണ്‌. ഇങ്ങനെ ഒരുവശത്ത്‌ സ്വാധീനമുള്ളവരും സമ്പന്നരും പ്രകൃതിയുടെ കനിവിനെ ക്രൂരമായി ചൂഷണം ചെയ്ത്‌ അവരുടെ നൈമിഷിക സുഖാസ്വാദനം അഭംഗുരം തുടരുമ്പോള്‍ കുടിനീരില്ലാതെ തൊണ്ടവരണ്ട്‌ വിഷമിക്കുകയാണ്‌ ചെല്ലാനംപോലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍.

രാഷ്ട്രീയക്കാരുടെയും ഭരണകൂടത്തിന്റെയും ന്യായാസനങ്ങളുടെയും വാഗ്ദാനങ്ങളും നിര്‍ദേശങ്ങളും ഉത്തരവുകളും സ്വീകരിച്ച്‌ പ്രതീക്ഷയോടെ കാത്തിരുന്ന നാളുകളില്‍ തങ്ങള്‍ അതിനീചമായ രീതിയില്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവിലാണ്‌ റോഡ്‌ ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ ദ്വീപ്‌ നിവാസികള്‍ തയ്യാറായത്‌. ഇതാകട്ടെ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കുമുകളിലുള്ള കടന്നുകയറ്റമായിരുന്നില്ല മറിച്ച്‌ തങ്ങള്‍ക്ക്‌ നിഷേധിക്കപ്പെട്ട ഏറ്റവും അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും പൊതുജനങ്ങളെ ധരിപ്പിച്ച്‌ അവരുടെ കൂടെ സഹകരണത്തോടെ അവ നേടിയെടുക്കാനുള്ള ശ്രമം മാത്രമായിരുന്നു. പക്ഷേ ഈ യാഥാര്‍ത്ഥ്യത്തിലേക്ക്‌ കണ്‍തുറക്കാന്‍ എന്തുകൊണ്ടോ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിക്ക്‌, മുന്നില്‍ അവതരിപ്പിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ കഴിയാതെ പോയിരിക്കുന്നു. കുടിവെള്ളം അടക്കമുള്ള പ്രശ്നങ്ങളില്‍ പൊതുജനം അനുഭവിക്കുന്ന ദുരിതവും ദുരന്തവും കോടതികള്‍ക്ക്‌ വ്യക്തമാകാന്‍ ഇതുവരെ നടന്ന പ്രക്ഷോഭങ്ങള്‍ തെളിവല്ല എന്നു വരുന്നത്‌ തികച്ചും പ്രതിഷേധാര്‍ഹമായ ഒരവസ്ഥ ജുഡീഷ്യല്‍ സിസ്റ്റത്തില്‍ ഇപ്പോള്‍ സംജാതമായതുകൊണ്ടാണ്‌.

കൊക്കക്കോള കേസിലും സ്വാശ്രയകേസിലും ഐസ്ക്രീം പാര്‍ലര്‍-കിളിരൂര്‍ കവിയൂര്‍ പെണ്‍വാണിഭ കേസുകളിലുമെല്ലാം ഇത്തരത്തിലുള്ള അവസ്ഥകള്‍ സംജാതമായത്‌ കേരളം കണ്ടതാണ്‌. നീതിനിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടിയല്ല മറിച്ച്‌ പീഡകര്‍ക്കും ചൂഷകര്‍ക്കും വേണ്ടിയാണ്‌ ഇന്ത്യയിലെ നിയമം വ്യാഖ്യാനിക്കപ്പെടുന്നതെന്ന്‌ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

കുടിവെള്ളം ജനങ്ങള്‍ക്കെത്തിക്കാത്ത സര്‍ക്കാരിനെയും സംവിധാനങ്ങളെയും ശിക്ഷിക്കാതെ കുടിവെള്ളം ലഭിക്കാത്തതുകൊണ്ട്‌ പ്രക്ഷോഭം നടത്തിയവരെ ശിക്ഷിക്കുകയും ചെയ്യുന്ന കോടതിവിധി ഒരുവിധത്തിലും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്താണെന്ന്‌ ഞങ്ങള്‍ കരുതുന്നില്ല. കടുത്ത അന്യായവും അനീതിയുമാണിത്‌. ന്യായാസനങ്ങളില്‍ നിന്ന്‌ ലഭിക്കേണ്ടത്‌ ന്യായവും നീതിയുമാണ്‌. അത്‌ ലഭിക്കാതെവരുമ്പോള്‍ ആ സംവിധാനങ്ങളുടെ സത്യസന്ധതയെക്കുറിച്ച്‌ ചിന്തിക്കേണ്ടിവരുന്നത്‌ സ്വാഭാവികം. ഇത്തരം അന്യായങ്ങളാണ്‌ വിധികളായി പുറത്തുവരുന്നതെങ്കില്‍ അത്തരം സംവിധാനങ്ങള്‍ ജനകീയമോ ജനക്ഷേമകരമോ അല്ല. അവ ഉന്മൂലനം ചെയ്യപ്പെടേണ്ടവയാണ്‌. ഇടിച്ചുനിരത്തി ചൊറുതണം നടാന്‍ പറ്റിയ ഇടം.

Tuesday, January 15, 2008

കഴിഞ്ഞത്‌ ധൂര്‍ത്തിന്റെ മാമാങ്കം

48-ാ‍മത്‌ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ കൊടിയിറങ്ങിയപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞ കോഴിക്കോടിന്‌ ആഹ്ലാദം. ഒന്നാം സ്ഥാനം പ്രതീക്ഷിച്ച ആതിഥേയ ജില്ലയുള്‍പ്പെടെ പലര്‍ക്കും നിരാശത.

അഞ്ചുദിവസം നീണ്ടുനിന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവം അവസാനിച്ചപ്പോള്‍ നേട്ടങ്ങളുടെ പട്ടികയില്‍ ചില പേരുകള്‍ ചേര്‍ക്കപ്പെട്ടെങ്കിലും കലാകേരളത്തിന്‌ പൊതുവേയും കേരളത്തിന്‌ പ്രത്യേകിച്ചും ഈ മേളകൊണ്ട്‌ എന്തു നേട്ടമാണുണ്ടായത്‌?

ഇത്തവണ ചാനലുകള്‍ അവരുടെ സ്റ്റുഡിയോകള്‍ പ്രധാനവേദിക്കുസമീപം സ്ഥാപിച്ച്‌ കലോത്സവത്തെ മറ്റൊരു മാമാങ്കമാക്കിയത്‌ ഒഴിച്ചുനിര്‍ത്തിയാല്‍ മികവിന്റെ എന്തു സ്ഫുരണങ്ങളാണ്‌ ഉണ്ടായതെന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും. വിജയികളെ തിളക്കം കുറച്ച്‌ കാണിക്കാനല്ല ഈ പറഞ്ഞത്‌. അപ്പോഴും ആശാസ്യമല്ലാത്ത പലതും ഇത്തവണത്തെ മേളയിലും അരങ്ങേറിയെന്ന തിരിച്ചറിവാണ്‌ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.

സമ്പന്നവിഭാഗത്തിന്റെ മാത്രം കുത്തകയായി സ്കൂള്‍ കലാമേള അധഃപതിച്ചിട്ട്‌ വര്‍ഷങ്ങളായി. സിദ്ധിക്കും സാധനയ്ക്കും അപ്പുറം സമ്പത്തിന്റെ സ്വാധീനമാണ്‌ പല രംഗത്തും പ്രകടമായത്‌. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ ഓരോ ഐറ്റത്തിലുമുണ്ടായ അപ്പീലുകള്‍. കഴിഞ്ഞവര്‍ഷം വരെ അപ്പീലിന്‌ 500 രൂപയായിരുന്നു ഫീസ്‌. ഇത്തവണ അത്‌ 5000 ആയി ഉയര്‍ത്തിയിട്ടും അപ്പീലുകള്‍ക്ക്‌ കുറവുണ്ടായില്ല. എന്നു മാത്രമല്ല, ഈ അപ്പീലുകള്‍ കാരണം പല മത്സരങ്ങളുടെയും നടത്തിപ്പ്‌ ക്രമംതെറ്റുന്നതും മണിക്കൂറുകള്‍ക്കുമുന്‍പ്‌ ചമയമണിഞ്ഞിരിക്കേണ്ടിവന്നതുകൊണ്ട്‌ മത്സരാര്‍ഥികള്‍ ബോധംകെട്ടുവീഴുന്നതും കൊല്ലത്ത്‌ കണ്ടു.

കേരളത്തിലെ ഏറ്റവും മികച്ച വിധികര്‍ത്താക്കളെയാണ്‌ സ്കൂള്‍ കലോത്സവത്തിന്‌ ഏര്‍പ്പെടുത്തുന്നത്‌. ഇവരുടെ വിധിനിര്‍ണയത്തെയാണ്‌ മത്സരാര്‍ഥികളും അവരുടെ അധ്യാപകരും മാതാപിതാക്കളും വെല്ലുവിളിക്കുന്നത്‌. ഈ വെല്ലുവിളിക്ക്‌ തീര്‍പ്പുകല്‍പ്പിക്കുന്നതാകട്ടെ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും. ഏതായാലും കലോത്സവത്തില്‍ വിധികര്‍ത്താക്കളായി നിയോഗിക്കപ്പെടുന്നവരേക്കാള്‍ മികവുള്ളവരായിരിക്കില്ല ഇവരാരുംതന്നെ. എന്നിട്ടും അപ്പീലുകള്‍ അനുവദിക്കപ്പെടുന്നത്‌ ഈ രംഗത്തുനടക്കുന്ന അനാശാസ്യമായ ഒരു പ്രവണതയാണ്‌ വ്യക്തമാക്കുന്നത്‌. വിധികര്‍ത്താക്കള്‍ പക്ഷപാദിത്വപരമായി ചിലപ്പോഴെങ്കിലും മാര്‍ക്കിടാറുണ്ട്‌ എന്ന യാഥാര്‍ത്ഥ്യം കാണാതെയല്ല ഈ പറയുന്നത്‌. ഈ അനാശാസ്യപ്രവണതയാണ്‌ കലോത്സവ മത്സരങ്ങളെ യുദ്ധക്കളമാക്കി മാറ്റുന്നതും അനാവശ്യ മത്സരങ്ങളും വാക്കേറ്റങ്ങളും സൃഷ്ടിക്കുന്നതും സമയനിഷ്ഠ തെറ്റിക്കുന്നതും.

ഈ സത്യം അറിഞ്ഞിട്ടും അതനുസരിച്ചുള്ള സംവിധാനം ഒരുക്കത്തക്കവണ്ണം മാന്വല്‍ പരിഷ്ക്കരിക്കാത്ത വിദ്യാഭ്യാസവകുപ്പ്‌ തന്നെയാണ്‌ ഇക്കാര്യത്തില്‍ പ്രാഥമികമായും കുറ്റക്കാര്‍. മാന്വല്‍ പരിഷ്ക്കരണത്തെക്കുറിച്ച്‌ എല്ലാ കലോത്സവവേളകളിലും വിദ്യാഭ്യാസ മന്ത്രിമാര്‍ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉത്തരവാദിത്തത്തോടെ ഇതുവരെ ആരും പ്രശ്നത്തെ സമീപിച്ചിട്ടില്ല. തന്മൂലം സമ്പന്നന്മാരുടെയും അവരുടെ സ്വാധീനശക്തികളുടെയും വിരല്‍ത്തുമ്പിലാണ്‌ ഇപ്പോഴും കലോത്സവ മത്സര വിധിയെഴുത്തുകള്‍.

നൃത്തവിഭാഗത്തില്‍ ആഹാര്യം (ഉടുത്തുകെട്ട്‌) എന്ന ഘടകത്തിന്‌ പ്രാധാന്യമുണ്ട്‌. അതാകട്ടെ മത്സരത്തിനല്ലാതെ അവതരിപ്പിക്കുമ്പോള്‍ മാത്രം കണക്കിലെടുക്കേണ്ട ഘടകമാണ്‌. ആഹാര്യത്തിനും അണിഞ്ഞൊരുങ്ങലിനുമാണ്‌ പതിനായിരങ്ങള്‍ ഇപ്പോള്‍ ചെലവാക്കേണ്ടിവരുന്നത്‌. ഈ ഘടകത്തിനുനല്‍കുന്ന അമിതപ്രാധാന്യം ഒഴിവാക്കിയാല്‍ സിദ്ധിയും സാധനയുമുള്ള സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും കലോത്സവ മത്സരങ്ങളില്‍ മാറ്റുരയ്ക്കാനും മികവ്‌ തെളിയിക്കാനും അവസരം ലഭിക്കും.

ആഹാര്യമുള്‍പ്പെടെയുള്ള അണിഞ്ഞൊരുങ്ങലിനുവേണ്ടി വാദിക്കുന്നവരെ തല്‍ക്കാലം അവഗണിക്കുകയാണ്‌ വേണ്ടത്‌. കാരണം കലാമണ്ഡലത്തില്‍ നൃത്തയിനങ്ങള്‍ അഭ്യസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ചുരിദാറാണ്‌ ധരിക്കുന്നത്‌. ചുരിദാര്‍ ധരിച്ച്‌ ഇവര്‍ നൃത്തം ചെയ്യുന്നതുകൊണ്ട്‌ ലാസ്യ-താണ്ഡവ ഭാവങ്ങളൊന്നും നഷ്ടപ്പെടുന്നില്ല. അതേസമയം, വ്യക്തിയുടെ മികവ്‌ കുറെക്കൂടി വ്യക്തമായി മനസിലാക്കാന്‍ സാധിക്കുകയും ചെയ്യും. അതുകൊണ്ട്‌ നൃത്തയിനങ്ങളില്‍ ആഹാര്യത്തിനുനല്‍കുന്ന അനാവശ്യമായ പ്രാധാന്യം ഒഴിവാക്കിയേതീരൂ.

കലാരംഗം മുന്‍പും സമ്പന്നന്റെയും മാടമ്പിയുടെയും കുത്തകയായിരുന്നു. ആ വൃത്തികെട്ട പാരമ്പര്യം ഈ ജനാധിപത്യയുഗത്തിലും സ്കൂള്‍തലം മുതല്‍ നടപ്പിലാക്കുമ്പോള്‍ ബന്ധപ്പെട്ടവരുടെ മനസ്സിലിരുപ്പ്‌ വ്യക്തം.

കായികരംഗത്തേക്ക്‌ കണ്ണോടിക്കുക. കേരളത്തിന്‌ അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ എക്കാലത്തും സൃഷ്ടിച്ചിട്ടുള്ളത്‌ സമ്പന്ന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളല്ല. ദാരിദ്ര്യത്തെയും പ്രതികൂല സാഹചര്യങ്ങളെയും ഇച്ഛാശക്തികൊണ്ടും കഠിനപ്രയത്നം കൊണ്ടും എതിര്‍ത്തുതോല്‍പ്പിച്ചവരാണ്‌ അവരെല്ലാം. അതേ മാനസികഭാവവും അതേ ഉത്കര്‍ഷേച്ഛയുമുള്ള കുട്ടികള്‍ കലാരംഗത്തുമുണ്ട്‌. അവര്‍ക്ക്‌ കൂടി മികവ്‌ പരിശോധിക്കാന്‍ അവസരം നല്‍കാത്ത കാലത്തോളം സ്കൂള്‍ കലോത്സവം എന്നത്‌ ന്യൂനപക്ഷത്തിന്റെ സമ്പദ്പ്രദര്‍ശനത്തിനുള്ള വേദിമാത്രമാണ്‌.

ഈ വര്‍ഷത്തോടെ സ്കൂള്‍ കലോത്സവം അവസാനിക്കുകയാണ്‌. അടുത്തവര്‍ഷം മുതല്‍ വി.എച്ച്‌.എസ്‌.ഇ, പ്ലസ്ടു വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയാവും കലോത്സവം സംഘടിപ്പിക്കുക എന്നാണ്‌ വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തല്‍. മന്ത്രിയായ നിമിഷം മുതല്‍ വിദ്യാഭ്യാസവകുപ്പ്‌ കുളമാക്കിയ വ്യക്തിയാണ്‌ ബേബി. രണ്ടാം മുണ്ടശ്ശേരി എന്നവകാശപ്പെട്ട്‌ അദ്ദേഹം കൊണ്ടുവന്ന നിയമനിര്‍മാണങ്ങള്‍ ഉപരിവിദ്യാഭ്യാസ മേഖലയെ എങ്ങനെ സാധാരണക്കാരില്‍നിന്ന്‌ അകറ്റി നിര്‍ത്തിയെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. ഹീനമായ ആ ലക്ഷ്യംതന്നെയാണ്‌ കലോത്സവം ഏകീകരിക്കുന്നതിലൂടെ ബേബി നടപ്പിലാക്കാന്‍ പോകുന്നത്‌. സ്കൂള്‍ കലോത്സവം നേരെചൊവ്വേ നടത്തിക്കൊണ്ടുപോകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ്‌ പരിഷ്ക്കാരം എന്ന പേരില്‍ കുളമാക്കലിന്റെ പുതിയ തന്ത്രവുമായി അദ്ദേഹം അവതരിച്ചിട്ടുള്ളത്‌.

എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ സാധാരണക്കാരുടെ കുട്ടികള്‍ക്ക്‌ സാമ്പത്തികഭാരമില്ലാതെ കലാമികവ്‌ തെളിയിക്കാനും മത്സരിക്കാനുമുള്ള അവസരം ലഭിക്കാത്ത കാലത്തോളം ഇത്തരം കലാമേളകള്‍ എതിര്‍ക്കപ്പെടേണ്ടതാണ്‌. അവയുടെ മാന്വല്‍ പരിഷ്ക്കരിച്ച്‌ നടപ്പിലാക്കിയില്ലെങ്കില്‍ നടത്താന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്‌. കാരണം ഒരു മുറ്റത്ത്‌ രണ്ടു കച്ചവടം അംഗീകരിക്കാന്‍ കഴിയുകയില്ലല്ലോ.

Monday, January 14, 2008

കണ്ണൂരെന്നു കേട്ടാല്‍ തിളയ്ക്കണോ ചോര ഞരമ്പുകളില്‍....

കണ്ണൂരില്‍ വീണ്ടും കൊലവിളി ഉയരുകയാണ്‌.

സിപിഎം പ്രവര്‍ത്തകന്‍ ധനേഷ്‌ വെട്ടേറ്റ്‌ വീണതോടെയാണ്‌ ഇടക്കാലത്ത്‌ സമാധാന ജീവിതത്തിലേക്ക്‌ മടങ്ങിയ കണ്ണൂരിന്റെ അന്തരീക്ഷത്തില്‍ കൊലക്കത്തികള്‍ പായാന്‍ തുടങ്ങിയത്‌. ധനേഷിനെ വെട്ടിവീഴ്ത്തിയത്‌ ആര്‍എസ്‌എസുകാരാണെന്ന്‌ ആരോപിച്ച്‌ മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ തിരിച്ചടിയുടെ ആയുധങ്ങള്‍ക്ക്‌ മൂര്‍ച്ച കൂട്ടിക്കഴിഞ്ഞു. അതിന്റെ തെളിവാണ്‌ കഴിഞ്ഞദിവസം ബിജെപി നേതാവ്‌ സികെ പത്മനാഭന്റെ വീടിനുനേരെയുണ്ടായ ആക്രമണം.

ആക്രമണത്തോടുള്ള പ്രതികരണമായി ബിജെപി ഇന്ന്‌ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കുകയാണ്‌. ഉച്ചക്ക്‌ 12 മണിവരെ പറയത്തക്ക അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്‌ കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയായിട്ടേ വ്യാഖ്യാനിക്കാന്‍ കഴിയൂ.

സിപിഎം ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെ ധനേഷിനെ വെട്ടിക്കൊന്നത്‌ ആരായാലും പ്രകോപനം ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന കാര്യത്തില്‍ സംശയമില്ല. നവംബര്‍ മുതല്‍ ഇപ്പോള്‍ നാലുസഖാക്കളെയാണ്‌ സിപിഎമ്മിന്‌ നഷ്ടമായിട്ടുള്ളത്‌. തീര്‍ച്ചയായും അതിന്‌ പ്രതികാരം ചെയ്യാതെ അടങ്ങിയിരിക്കുന്ന സ്വഭാവമല്ല പാര്‍ട്ടിക്കും പാര്‍ട്ടി സഖാക്കള്‍ക്കുമുള്ളത്‌. അതുകൊണ്ടാണ്‌ ആശങ്കകള്‍ ആകാശത്തോളം ഉയരുന്നത്‌.

ഇന്ത്യയില്‍ ഏറ്റവും അധികം കുറ്റകൃത്യം നടക്കുന്ന ജില്ലയാണ്‌ കണ്ണൂര്‍. ദേശീയ ക്രൈം റെക്കോഡ്സ്‌ ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച്‌ 2006 ല്‍ കണ്ണൂരില്‍ 737 കലാപം നടന്നിട്ടുണ്ട്‌. സിപിഎം- ആര്‍എസ്‌എസ്‌ സംഘട്ടനങ്ങളുടെ പേരിലാണ്‌ ഇവയില്‍ ഭൂരിപക്ഷവും നടന്നത്‌. ഈ ഏറ്റുമുട്ടലില്‍ 150 പേര്‍ കൊല്ലപ്പെട്ടു.

കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ബീജാവാപം നടന്ന ജില്ലയാണ്‌ കണ്ണൂര്‍. ഇന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന നേതാക്കന്മാരില്‍ ഭൂരിപക്ഷവും കണ്ണൂരില്‍നിന്നുള്ളവരാണ്‌. ആരോഗ്യമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നാട്‌ പക്ഷെ കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളില്‍ ഊന്നിയുള്ള സൗഹൃദമല്ല ഇതുവരെ വിടര്‍ത്തിയിട്ടുള്ളത്‌. പകരം പ്രതികാരത്തിന്റെയും അസഹിഷ്ണുതയുടെയും വടിവാള്‍ ശക്തിയുടെയും പൈശാചികതയാണ്‌ ശാശ്വതമാക്കിയിട്ടുള്ളത്‌. സാധാരണ ഡിസംബര്‍ മാസത്തിലാണ്‌ കണ്ണൂരില്‍ കലാപത്തിന്റെ കനലുകള്‍ എരിയുക. ഈ വര്‍ഷം പക്ഷെ ഡിസംബര്‍ ശാന്തമായിരുന്നു. ആ ശാന്തത ഭംഞ്ജിച്ചുകൊണ്ടാണ്‌ ശനിയാഴ്ച എട്ടംഗ സംഘം മുഖംമൂടി ധരിച്ചെത്തി ധനേഷിനെ വെട്ടിവീഴ്ത്തിയത്‌.

കണ്ണൂരിന്റെ ചോരക്കൊതി അവസാനിക്കുന്നില്ല എന്നാണ്‌ ഈ സംഭവം വ്യക്തമാക്കുന്നത്‌. ജില്ലാ സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ തുടര്‍ച്ചയായ തിരിച്ചടിക്ക്‌ മറുപടി പറയാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ആയുധമേന്തിയാല്‍ പോലീസിന്‌ നിസംഗരായി, കാഴ്ചക്കാരായി നില്‍ക്കാനേ കഴിയുകയുള്ളൂ. കാരണം ആഭ്യന്തരവകുപ്പ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൈകളിലാണ്‌.

ഈ ഭയത്തിന്റെ കനലുകളെ ആളിക്കത്തിക്കുന്നതാണ്‌ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ്‌ രാജ്നാഥ്‌ സിംഗിന്റെ പ്രസ്താവന. സിപിഎമ്മിന്‌ മുഖമടച്ച്‌ മറുപടിനല്‍കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ക്ക്‌ കെല്‍പ്പുണ്ട്‌ എന്നായിരുന്നു അഹന്തനിറഞ്ഞ പ്രസ്താവന.

വെട്ടിയും കുത്തിയും കൊന്ന്‌ രാഷ്ട്രീയ പകപോക്കലിന്‌ അണികള്‍ തയ്യാറാവുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനാണ്‌. ഈ ആരോപണത്തില്‍നിന്ന്‌ തലയൂരാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കോ ബിജെപിക്കോ ആര്‍എസ്‌എസിനോ കഴിയുകയില്ല. രക്തസാക്ഷികളെ സൃഷ്ടിച്ച്‌, അവര്‍ അമരന്മാരാണെന്ന്‌ മുദ്രാവാക്യം മുഴക്കി മാര്‍ക്സിസ്റ്റ്‌ യുവാക്കളുടെ ഞരമ്പുകളില്‍ പക ചുരമാന്തുമ്പോള്‍ ബലിദാനത്തിന്റെ പേരില്‍ വടിത്തല്ലുകാരനും ആക്രോശിക്കുന്നതാണ്‌ കണ്ണൂരിന്റെ ശാപം, കേരളത്തിന്റെ ദുരന്തം! കണ്ടിട്ടും കൊണ്ടിട്ടും നേതൃത്വങ്ങള്‍ ഒന്നും പഠിച്ചില്ല എന്നല്ല മറിച്ച്‌ ചോരപ്പുഴയൊഴുക്കി പാര്‍ട്ടിക്ക്‌ ശക്തിപകരാനുള്ള നീചവും ഹീനവുമായ തന്ത്രങ്ങള്‍ ഇവര്‍ ആവിഷ്കരിക്കുന്നതുകൊണ്ടാണ്‌ പകയുടെ അഗ്നിനാളത്തില്‍ ഈയാംപാറ്റകളെപ്പോലെ യുവാക്കള്‍ ചത്തൊടുങ്ങുന്നത്‌.

ഈ യാഥാര്‍ത്ഥ്യം വിവേകമുള്ളവര്‍ വളരെ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌ പക്ഷെ ശ്രദ്ധിക്കാനുള്ള വിനയവും മനസും പാര്‍ട്ടിനേതൃത്വങ്ങള്‍ക്ക്‌ ഇനിയും ഉണ്ടായിട്ടില്ല. പാര്‍ട്ടികള്‍ക്ക്‌ രക്തസാക്ഷികളെ ലഭിക്കുമ്പോള്‍ നഷ്ടമാകുന്നത്‌ ചില ഭവനങ്ങളുടെ ആധാരങ്ങളായ യുവാക്കളാണ്‌.

വിപ്ലവബോധമെന്നും ഭാരതീയ സംസ്കാര പാരമ്പര്യ ഗൗരവമെന്നുമൊക്കെ പറയുന്നത്‌ തെരുവുതെമ്മാടിയുടെ ആവേശവും ക്രൗര്യവുമാണെന്ന്‌ സ്ഥാപിച്ചെടുക്കുകയാണ്‌ ഈ നേതൃത്വം. ഇവര്‍ക്കെതിരെ വേണം പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും യുവത്വം തിരിയേണ്ടത്‌. കണ്ണൂരെന്നുകേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളക്കുകയല്ല വേണ്ടത്‌; മറിച്ച്‌ മനസില്‍ മനുഷ്യത്വത്തിന്റെയും സമഷ്ടിസ്നേഹത്തിന്റെയും മൂല്യങ്ങള്‍ ഉരുവാകുകയാണ്‌ അനിവാര്യം. അതിനുള്ള പരിസരമൊരുക്കാന്‍ നേതൃത്വങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഇപ്പോള്‍ അവര്‍ കുടത്തില്‍നിന്ന്‌ തുറന്നുവിട്ടിട്ടുള്ള പകയുടെയും ചോരക്കൊതിയുടേയും ഭൂതങ്ങള്‍ അവര്‍ക്കെതിരെ തിരിയും. അതാകട്ടെ ഒരിക്കലും ശുഭകരമായിരിക്കുകയുമില്ല.

കുരയ്ക്കുന്നവരുടെ സംഭാവന കുറച്ചു കാണരുത്‌, പ്ലീസ്‌!

'കേരളം വളരുന്നു
പശ്ചിമ ഘട്ടങ്ങളെ
താണ്ടിയും കടന്നും ചെന്ന-
ന്യമാം ദേശങ്ങളില്‍...'

മഹാകവി പാലാനാരായണന്‍ നായര്‍ ഈ വരികള്‍ കുറിക്കുന്ന കാലത്ത്‌ കേരളത്തില്‍ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം നടന്നിരുന്നില്ല.

സമ്പൂര്‍ണ്ണ സാക്ഷരത നേടി റെക്കോര്‍ഡിട്ട കേരളത്തിന്‌ പിന്നങ്ങോട്ട്‌ വച്ചടി വച്ചടി കേറ്റമായിരുന്നു!

സാക്ഷരന്മാര്‍ എല്ലാവരും രാക്ഷസന്മാരായി മാറിയോ എന്ന സംശയം തോന്നും വിധത്തിലായി പ്രകടനം. 'അന്യമാം ദേശങ്ങളില്‍' നിന്നെത്തുന്ന സായ്പന്മാരെ കൊള്ളയടിച്ചും മദാമ്മമാരുടെ അസ്ഥാനങ്ങളില്‍ തോണ്ടിയും മാന്തിയും കേരളമങ്ങനെ വളര്‍ന്നുകൊണ്ടേയിരുന്നു!

ദേശീയ ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ പുറത്തുവിട്ട വിവരങ്ങള്‍ വായിച്ചാല്‍ നാണവും മാനവുമുള്ള കേരളീയന്‍ പിന്നെ വീടിനു പുറത്തിറങ്ങില്ല!

പൊതുജനങ്ങള്‍ക്കുനേരെയുള്ള അക്രമത്തില്‍ ദേശീയ ശരാശരി ആറുശതമാനത്തില്‍ താഴെയാണെങ്കില്‍, കേരളം ഇരുപതു ശതമാനത്തിനു മുകളില്‍!

ഗുജറാത്തും ബീഹാറുമല്ല, കലാപബാധിത പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനം കണ്ണൂരിന്‌!

കേരളമിങ്ങനെ റെക്കോര്‍ഡിട്ടു കേമനായതിനു പിന്നില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംഭാവനകള്‍ കുറച്ചു കാണരുത്‌. രാഷ്ട്രീയ പ്രബുദ്ധരാണെന്നു വീമ്പുപറയുകയും 'ഞാന്‍ജി'യേയും 'മോന്‍ജി'യേയും മുതല്‍ അഞ്ചാറുകൂട്ടം കേകോണ്‍ഗ്രസുകളെയും നാലഞ്ചു കൂട്ടം ആറെസ്പികളെയും തക്കവും തരവും പോലെ ചുമന്നു നടക്കുന്ന ഇടതു വലതു മുന്നണികള്‍ തന്നെ മുഖ്യ പ്രതി.

ആശയം കൊണ്ട്‌ ആളെക്കൂട്ടാനാവില്ലെന്നു തിരിച്ചറിഞ്ഞ ബീജേപ്പി മുതല്‍ എന്‍ഡീഎഫുവരെയുള്ള പ്രസ്ഥാനങ്ങള്‍ അക്രമം കൊണ്ട്‌ അണികളെ ഉന്മത്തരാക്കി നിര്‍ത്തുന്ന നാട്ടില്‍ ഇതും ഇതിലപ്പുറവും നടക്കും.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ മിക്കതിനും ഉജ്ജ്വലമായ ഒരു ചരിത്ര പാരമ്പര്യം ഉണ്ട്‌.

വിത്തിനിട്ടതെല്ലാമെടുത്തു ചുട്ടു തിന്നുന്ന പുതു തലമുറ നേതാക്കള്‍ അരങ്ങു വാഴാനെത്തിയതിന്റെ കെടുതികള്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും നമ്മള്‍ നാറാനിരിക്കുന്നതേയുള്ളൂ!

തൊട്ടതിനും പിടിച്ചതിനും കേരള മോഡല്‍ പുലമ്പുന്ന നേതാക്കന്മാരേ, തല്‍ക്കാലം തമ്മിലടി നിര്‍ത്തി ഒന്നൊരുമിച്ചിരിക്കുക.

മാനം കപ്പലുകയറി പോകുന്ന തരം റെക്കോര്‍ഡുകള്‍ പുറത്തുവരുമ്പോള്‍ എന്താണിനി പോംവഴി എന്ന്‌ കേരളത്തിനു വേണ്ടി ചിന്തിക്കാന്‍ ബീഹാറില്‍ നിന്നും ആളെ വരുത്തേണ്ടി വരുന്നത്‌ നമ്മുടെ പ്രബുദ്ധതയ്ക്ക്‌ ക്ഷീണമ്മല്ലേ...?