ഗംഭീരമാകുന്നു ഈ 'കുരങ്ങുകളി'
ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ആന്‍ഡ്രൂ സിമണ്ട്സിനെ ഇന്ത്യയുടെ ഹര്‍ഭജന്‍ സിങ് കുരങ്ങന്‍ എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും വിശകലനങ്ങളും വിമര്‍ശനങ്ങളും കഥയറിയാതെയുള്ള ആട്ടം കാണലോ അല്ലെങ്കില്‍ കഥ അറിഞ്ഞുകൊണ്ടുള്ള ആട്ടം ആടിക്കലോ ആണ്.
കൊളീസിയത്തില്‍ മനുഷ്യനും സിംഹവും തമ്മിലുള്ള മല്‍പ്പിടുത്തത്തിന്റെ വാര്‍ത്ത പ്രചരിപ്പിച്ച് റോമന്‍ ചക്രവര്‍ത്തിമാര്‍ ജനങ്ങള്‍ക്കിടയില്‍ ഭരണത്തോടുള്ള അമര്‍ഷം ശമിപ്പിച്ച് അവരില്‍ അരാജകത്വം വളര്‍ത്തിയതിന് തത്തുല്യമായാണ് ഇന്ത്യപോലുള്ള ഒരു ദരിദ്ര രാഷ്ട്രത്തില്‍ ഉണ്ണാനും ഉടുക്കാനും കിടക്കാനും സ്ഥലമില്ലാത്ത ലക്ഷക്കണക്കിന് സാധാരണക്കാരെ ടെലിവിഷന് മുന്നില്‍ പിടിച്ചിരുത്തി ക്രിക്കറ്റ് കളി കാണിച്ച് വഞ്ചിക്കുന്നത്. ഈ വഞ്ചനക്ക് ചുക്കാന്‍ പിടിക്കുന്നത് ബഹുരാഷ്ട്ര കുത്തകകമ്പനികളാണ്. കാരണം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് ജഡിലമായ ഇന്ത്യന്‍ മനസ്സില്‍ ദൈവങ്ങളേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ്‍് ക്രിക്കറ്റ് താരങ്ങള്‍ക്കുള്ളത്. ഈ താരങ്ങളെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് ബഹുകോടികള്‍ പോക്കറ്റിലാക്കാന്‍ കഴിയുമെന്ന് ഈ കമ്പനികള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് അവര്‍ ക്രിക്കറ്റ് കളിയുടെ സ്പോണ്‍സര്‍മാരായി രംഗത്തെത്തിയത്.
എന്നാല്‍ ഇവരുടെ ഈ അമിത പ്രതീക്ഷക്ക് കഴിഞ്ഞ ലോകകപ്പ് കനത്ത പ്രഹരമാണേല്‍പ്പിച്ചത്. രണ്ടാം റൗണ്ടുപോലും കാണാതെ ഇന്ത്യ പുറത്തായപ്പോള്‍ ക്രിക്കറ്റ് സ്പോണ്‍സര്‍മാരായ ഐടിസി, പെപ്സി, സെവന്‍അപ്, പ്യൂമ, എല്‍ജി തുടങ്ങിയവര്‍ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ധോണിയേയും സൗരവ് ഗാംഗുലിയേയും സച്ചിന്‍ ടെണ്ടുല്‍ക്കറേയും നായകന്മാരാക്കി ഏതാണ്ട് ഒന്നര ഡസനോളം പുതിയ പരസ്യ ചിത്രങ്ങളാണ് ലക്ഷങ്ങള്‍ മുടക്കി ഇവര്‍ ഷൂട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്ത്യയുടെ തോല്‍വിയോടെ അവയെല്ലാം പരണത്തുവെക്കേണ്ട അവസ്ഥയാണുണ്ടായത്.
ഇന്ത്യയുടെ ദയനീയമായ തോല്‍വി തെരുവില്‍ സംഘര്‍ഷമായും താരങ്ങളോടുള്ള രോഷമായും വളര്‍ന്നു. കോലങ്ങള്‍ കത്തിച്ചും താരങ്ങളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞുമാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. അതോടെ ക്രിക്കറ്റിനോട് ഇന്ത്യക്കാര്‍ക്കുണ്ടായിരുന്ന കടുത്ത ഭ്രമവും താരങ്ങളോട് കാട്ടിയിരുന്ന ആരാധനയും ഒരുപരിധിവരെ അവസാനിച്ചു. പിന്നീട് നടന്ന ഇന്ത്യ-ബംഗ്ലാദേശ് പരമ്പരക്ക് കാണികളില്‍ നിന്ന് തണുത്ത പ്രതികരണമാണ് ഉണ്ടായത്.
ഐസിസിയുമായി ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഒപ്പുവെച്ച എല്‍ജി അതില്‍ നിന്ന് പിന്മാറിയതും സീ ഗ്രൂപ്പ് ക്രിക്കറ്റ് ലീഗ് രൂപീകരിച്ച് പുതിയ മത്സരങ്ങള്‍ ആരംഭിച്ചതും ഈ പ്രതികരണങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു.
എന്നാല്‍ ട്വന്റി-20 മത്സരത്തില്‍ ധോണിയുടെ ടീം ലോകചാമ്പ്യന്മാരായപ്പോള്‍ വീണ്ടും ക്രിക്കറ്റ് ഭ്രമം തെണ്ടികളായ ഇന്ത്യക്കാരുടെ തലക്കുപിടിച്ചു. ഈ അവസരം മുതലെടുക്കാന്‍ നേരത്തെ സൂചിപ്പിച്ച സ്പോണ്‍സര്‍മാരും അവരുടെ മാര്‍ക്കറ്റിംഗ് ബ്രയിനുകളും കണ്ടെടുത്ത കുതന്ത്രമായിരുന്നു കളത്തില്‍ താരങ്ങള്‍ തമ്മിലുള്ള അസഭ്യം പറച്ചിലും അതുപെരുപ്പിച്ച് കാട്ടി വാര്‍ത്തയാക്കി വിവാദമാക്കിയതും. ഈ തിരക്കഥയുടെ ആദ്യ ഘട്ടമായിരുന്നു ഓസ്ട്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ കണ്ടത്. അന്ന് മലയാളിയായ ശ്രീശാന്ത് പോലും കുരച്ചുചാടിയതും വിവാദങ്ങളുണ്ടാക്കിയതുമെല്ലാം ഇങ്ങനെ മുന്‍കൂട്ടി തയ്യാറാക്കിയ മാര്‍ക്കറ്റിങ് തന്ത്രമനുസരിച്ചായിരുന്നു. അതിന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.
ഓസ്ട്രേലിയന്‍ താരത്തെ വംശീയമായി അധിക്ഷേപിച്ചു എന്നതിന്റെ പേരില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബൗളറെ മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക വഴി പുതിയ വിവാദമാണ് ഐസിസി സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഇന്ത്യ ഏറ്റുപിടിച്ചുകഴിഞ്ഞു. പത്രങ്ങളിലും ചാനലുകളിലും ഇത് ഇന്ന് ചൂടേറിയ ചര്‍ച്ചാവിഷയമാണ്. വിദഗ്ദ്ധരും സാധാരണക്കാരും ഒരേപോലെ രംഗത്തും അണിയറയിലും ഇരുന്ന് അഭിപ്രായങ്ങള്‍ പടച്ചുവിട്ട് വീണ്ടും ഇന്ത്യക്കാരനെ കുരങ്ങുകളിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സത്യം തിരിച്ചറിയാനും ക്രിക്കറ്റിന്റെ പേരില്‍ നടക്കുന്ന കള്ളക്കളികളും ചതിക്കുഴികളും മനസ്സിലാക്കാനും സാക്ഷരരായ കേരളീയര്‍ക്കുപോലും കഴിയുന്നില്ല. എല്ലാ കായിക രംഗത്തിനും അതിന്റേതായ മഹത്വമുണ്ട്. അത് പങ്കെടുക്കുന്നവരിലും കാണികളിലും സ്പോര്‍ട്സ്മാന്‍സ്പിരിറ്റ് എന്ന ഉത്കര്‍ഷാവസ്ഥ സൃഷ്ടിക്കും. എന്നാല്‍ ക്രിക്കറ്റ് അലസതയും അനാവശ്യവാശിയുമാണ് ഇതുവരെ കാണികളുടെ മനസ്സില്‍ ജനിപ്പിച്ചിട്ടുള്ളത്. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ അതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റേയും വംശീയതയുടേയും സ്പര്‍ദ്ധ ലഭിക്കുന്നത് അതുകൊണ്ടാണ്. ഒത്തുകളിയുടെ വൃത്തികെട്ട കഥകള്‍ ഒത്തിരി പുറത്തുവന്നത് ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നാണ്. ഇത്തരത്തില്‍ വികൃതമായ ഒരു കായിക രൂപത്തെ പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി കൗശലശാലികളായ വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ തിരിച്ചറിഞ്ഞതിന്റെ കളികളാണ് ഇപ്പോള്‍ കാണുന്നത്.
എല്ലാവരും എല്ലാവരുടേയും നിര്‍ദ്ദേശപ്രകാരം ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മാരായില്ലെങ്കില്‍ അവരവര്‍ക്കുകൊള്ളാം.
1 comments :
ഹൈ, ഇദൊക്ക്യല്ലെ ഇദിന്റെ ഒരു തമാശ.
ആ സൈമണ്‍സിനെ കണ്ടാല്‍ മങ്കീീീീീ ന്നു ഏതു മങ്കിയും വിളിച്ചുപോവില്ലേ?
Post a Comment