Monday, January 28, 2008

ഈ മാതൃക ജീവിതത്തില്‍ പകര്‍ത്താന്‍ എത്രപേര്‍ക്ക്‌ ധൈര്യമുണ്ട്‌!

കൊല്ലം മുണ്ടയ്ക്കല്‍ അമൃതഭവനില്‍ കണ്ണനെന്ന്‌ വിളിക്കുന്ന രമേശ്‌ കുമാറും കളക്ടറേറ്റിന്‌ സമീപം വിഘ്നേഷ്‌ വിഹാറില്‍ നമ്പര്‍ 219 ലെ ശ്രീകലയും കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ യുവതീയുവാക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വെല്ലുവിളിയുയര്‍ത്തി മാതൃകയായി തീര്‍ന്നിരിക്കുന്നു. സ്ത്രീധനത്തൂക്കമില്ലാതെ, സ്വര്‍ണ്ണാഭരണത്തിളക്കമില്ലാതെ ആഢംഭരം നിറഞ്ഞ ആഘോഷങ്ങളില്ലാതെ സമ്പന്നമായ സദ്യവട്ടങ്ങളില്ലാതെ അവര്‍ ദമ്പതികളായി.

മനം പോലെ മംഗല്യം എന്ന ചൊല്ല്‌ ശ്രീകലയെ സംബന്ധിച്ചിടത്തോളം സാര്‍ത്ഥകമാവുകയായിരുന്നു ഞായറാഴ്ച. ഒരാഴ്ചമുമ്പ്‌ ശ്രീകലയുടെ വിവാഹം, ഉമയനെല്ലൂര്‍ നടുവിലെക്കര വിഘ്നേശ്വരത്ത്‌ ലക്ഷ്മണന്‍ ആചാരിയുടെ മകന്‍ പ്രദീപ്‌ കുമാറുമായി നടക്കേണ്ടതാ യിരുന്നു. 75,000 രൂപയും 15 പവനുമായിരുന്നു സ്ത്രീധനമായി പ്രദീപ്‌ കുമാറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത്‌. അതില്‍ 50,000 രൂപ ശ്രീകലയുടെ പിതാവ്‌ ഗോപാലകൃഷ്ണന്‍ ആചാരി കൈമാറിയിരുന്നു. എന്നാല്‍ വിവാഹത്തലേന്ന്‌ ബാക്കി തുകകൂടി ലഭിച്ചേതീരൂ എന്ന്‌ പ്രദീപ്‌ കുമാറും ലക്ഷ്മണന്‍ ആചാരിയും മറ്റ്‌ ബന്ധുക്കളും നിര്‍ബന്ധിച്ചപ്പോള്‍, ധനാര്‍ത്തി നിറഞ്ഞ പ്രദീപ്‌ കുമാറുമൊത്തുള്ള ദാമ്പത്യത്തിന്‌ താനില്ല എന്ന്‌ ധൈര്യപൂര്‍വ്വം പ്രഖ്യാപിച്ച യുവതിയാണ്‌ ശ്രീകല. 500 പേര്‍ക്ക്‌ സദ്യഒരുക്കിയ ശേഷമായിരുന്നു വിവാഹം മുടങ്ങിയത്‌.

ആ ശ്രീകലയെ സ്ത്രീധനപ്പണമോ ആഭരണമോ ഇല്ലാതെ സ്വീകരിക്കാന്‍ മുറച്ചെറുക്കന്‍ കൂടിയായ രമേശ്‌ തയ്യാറായപ്പോള്‍ ഒരുനാടിനുതന്നെ അത്‌ അത്യാഹ്ലാദത്തിന്റെ നിമിഷമായി മാറി.

സാക്ഷരരെന്ന്‌ അഭിമാനിക്കുന്ന മലയാളി യുവാക്കളുടെ പൊങ്ങച്ചങ്ങളില്‍ ഇന്നും ഉയര്‍ന്നുനില്‍ക്കുന്നത്‌ സ്ത്രീധന ത്തോടുള്ള ആര്‍ത്തിയും അതുനല്‍കി വിവാഹിതയായി പിന്നെ ദുരിതമനുഭവിക്കാനുള്ള യുവതികളുടെ പിടക്കോഴി സ്വഭാവവുമാണ്‌.

1961 ല്‍ നിയമം മൂലം സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും അത്‌ ആവശ്യപ്പെടാനും നല്‍കാനും മലയാളി അടക്കമുള്ള ഇന്ത്യയിലെ ഉന്നതകുല ജാതരും ഉന്നത വിദ്യഭ്യാസമുള്ളവരും ഇന്നും മത്സരിക്കുകയാണ്‌. എന്നാല്‍ വാഗ്ദാനം ചെയ്ത തുകയിലോ പവനിലോ എന്തെങ്കിലും കുറവുവന്നാല്‍ ജീവിതാവസാനം വരെ പീഡനത്തിന്റെ ദുരിതപര്‍വ്വമാണ്‌ യുവതികളെ കാത്തിരിക്കുന്നത്‌. ആഹാരം പാകം ചെയ്തു കൊണ്ടിരിക്കെ വസ്ത്രത്തില്‍ തീപിടിച്ചുമരിക്കുന്ന ഹതഭാ ഗ്യകളില്‍ ഭൂരിപക്ഷവും സ്ത്രീധനക്കുറവിന്റെ ഇരകളാണ്‌.

സ്ത്രീധനത്തിന്റെ പേരില്‍ ഇന്ത്യയിലൊട്ടാകെ ഒരേ വിധത്തിലാണ്‌ യുവതികളും അവരുടെ മാതാപിതാക്കളും പീഡിപ്പിക്കപ്പെടുന്നത്‌. പീഡകര്‍ക്ക്‌ എന്നും നിയമത്തിന്റെയും നിയമപാലകരുടെയും പിന്തുണ ലഭിക്കുമ്പോള്‍ കത്തിയമര്‍ന്ന്‌ കത്തിമുനയിലൊടുങ്ങിയും ആത്മഹത്യയിലഭയം തേടിയും യുവതികള്‍ നരകജീവിതത്തില്‍നിന്ന്‌ രക്ഷനേടുകയാണ്‌. ദിനംപ്രതി ഈ കരാളതയുടെ വാര്‍ത്തകള്‍ വായിച്ചിട്ടും, സ്ത്രീധനമെന്ന സാമൂഹിക ദുരാചാരത്തില്‍നിന്നും മുക്തരാകാന്‍ കേരളത്തിലെ യുവാക്കളും യുവതികളും ഇതുവരെ മനസുവച്ചിട്ടില്ല. ആ വൃത്തികെട്ട സമൂഹത്തിന്റെ മുന്നിലാണ്‌ നട്ടെല്ലുയര്‍ത്തി ശ്രീകല നിന്നതും കൈവി റയ്ക്കാതെ രാജേഷ്‌ ശ്രീകലയുടെ കഴുത്തില്‍ താലിചാര്‍ ത്തിയതും.

ശ്രീകല സ്വീകരിച്ച നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കാനും പാരിതോഷികങ്ങള്‍ നല്‍കി പ്രോല്‍സാഹിപ്പിക്കാനും ചിലരെല്ലാം ഉണ്ടായി എന്നത്‌ ശുഭോദര്‍ക്കമായ സംഗതിയാണ്‌. സാധാരണഗതിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം വേണ്ടെന്നുവയ്ക്കുന്ന യുവതികളെ പുച്ഛിക്കാനും കുറ്റപ്പെ ടുത്തിനുമാണ്‌ കേരളീയര്‍ക്കുപോലും ഉത്സാഹം. ആ ദുരവസ്ഥയില്‍നിന്നുള്ള ഒരു മാറ്റം കൊല്ലത്ത്‌ കാണാനായതും ആശാവഹമാണ്‌.

അപ്പോഴും അവശേഷിക്കുന്ന ചോദ്യം ശ്രീകലയുടെയും രമേശ്‌ കുമാറിന്റെയും മാതൃക പിന്തുടരാന്‍ കേരളത്തിലെ എത്ര യുവതിയുവാക്കള്‍ക്ക്‌ നട്ടെല്ലുറപ്പുണ്ട്‌ എന്നതാണ്‌.

3 comments :

  1. പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

    പ്രസക്തമായ ചോദ്യം. പതിനായിരത്തിലൊന്നെന്‍ക്കിലും തയ്യാറായെങ്കില്‍... എന്ന് മൗനം. സഹതപിക്കാന്‍ കുറേ ആള്‍ക്കാര്‍ കാണും. 'അവര്‍ എങ്ങനെ ജീവിക്കും, കുട്ടികളെ പോറ്റും..? കുട്ടികള്‍ പെണ്ണാണെങ്കില്‍ ... പിന്നെ അതും പ്രശ്‌നമാവുമല്ലോ!
    --------------------
    ഓ. ടോ: ഒപ്പം ചേര്‍ക്കേണ്ട ഒരു കാര്യം കൂടി: ഭര്‍ത്താവിനെ ഉപേക്ഷിക്കുന്ന ഭൂരിഭാഗം സ്ത്രീകളുടെയും മനശ്‌ശാസ്ത്രം... ലൈംഗികമാണെന്ന്‌ പ്രചരിപ്പിക്കുന്ന തല്‍പ്പരകക്ഷികള്‍ കണ്ണടച്ച്‌ പാല്‍ കുടിക്കുകയാണെന്ന്‌ അവര്‍ അറിയുന്നില്ല. എത്രയോ 'സീരിയസ്‌'-ആയിട്ടുള്ള വിഷയങ്ങള്‍ ആ തിരസ്കാരത്തിനു പിന്നിലുണ്ടെന്ന്‌ ആരും പരിശോധിക്കാറില്ല. തിരിച്ചും.

  2. siva // ശിവ said...

    തള്ളേ... കലിപ്പ്ക്കളു തീരണില്ലല്ല്....പിന്നേയും ലത്‌ തന്നെ..ലവനു വേറെ പണിയില്ലാത്തോണ്ടേ...ഹല്ലാത്‌ പിന്നെ...ലവന്‍ ദാ ലവിടെ കെടന്നോണ്ട്‌ അലറീട്ട്‌ വല്ല കാര്യോം ഒണ്ടോ....ഹല്ല...നിങ്ങളു പറ...

  3. പരിത്രാണം said...

    എന്തു തന്നെ ആയാലും ഈ സംഭവം സാക്ഷരകേരളത്തിലെ യുവതീ യുവാക്കള്‍ക്ക് ഒരു മാതൃക തന്നെയാണ്. എല്ലാം മാതാപിതാക്കളുടെ തലയില്‍ വെച്ചു കെട്ടി രക്ഷപ്പെടാന്‍ ഇന്നത്തെ തലമുറക്കാവില്ല. അക്ഷരങ്ങള്‍ ചേര്‍ത്തു വായിച്ചാല്‍ മാത്രം പോരാ. ആ അക്ഷരങ്ങളും നമ്മുടെ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു ഒരു പുനപരിശോധന നടത്താന്‍ ഇനിയും വൈകിയിട്ടില്ല.