Monday, January 28, 2008

ബാര്‍ബര്‍ ബാലന്‌ ഒരു തുറന്ന കത്ത്‌

ഇ.എസ്‌. ഷാജി

'വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലന്‌' ബാര്‍ബേഴ്സ്‌ അസോസിയേഷന്‍ സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി ഇ.എസ്‌. ഷാജിയുടെ തുറന്ന കത്ത്‌

പ്രിയപ്പെട്ട ശ്രീനിവാസന്‌,

താങ്കള്‍ തിരക്കഥയെഴുതി നവാഗതനായ മോഹന്‍ സംവിധാനം ചെയ്ത കഥപറയുമ്പോള്‍ എന്ന സിനിമ കണ്ടു. ഒരു ബാര്‍ബര്‍ തൊഴിലാളിയെ കേന്ദ്രകഥാപാത്രമാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ ചെയ്ത ഈ സിനിമ വളരെ മനോഹരമായിരിക്കുന്നുവെന്ന്‌ ആദ്യമേ പറയട്ടെ.

മലയാള സിനിമയില്‍ ഇതിനുമുമ്പും ബാര്‍ബര്‍ തൊഴിലാളിയെ കഥാപാത്രമാക്കിക്കൊണ്ട്‌ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്‌. എന്നാല്‍ അതൊന്നും കേന്ദ്ര കഥാപാത്രങ്ങളായിരുന്നില്ലായെന്നുമാത്രമല്ല ഹാസ്യത്തിനുവേണ്ടി പല കഥാപാത്രങ്ങളേയും പരിഹാസ്യമായും ചിലതെല്ലാം മ്ലേച്ഛവുമായി ചിത്രീകരിക്കുകയായിരുന്നു കണ്ടിടത്തോളം.

നിരവധി മേഖലകളില്‍ തൊഴില്‍ തേടി ചെന്ന്‌ പല തൊഴിലിനു മുന്നിലും തന്റെ അന്തസ്സ്‌ പണയപ്പെടുത്തി ഓച്ഛാനിച്ചുനിന്ന്‌ കൂലി വാങ്ങേണ്ടിവന്ന അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍ അന്തസ്സോടെയും മാന്യമായും ആരുടെയും ആജ്ഞാശക്തിക്ക്‌ മുന്നില്‍ മുട്ടുമടക്കാതെയും ചെയ്യാന്‍ കഴിയുന്ന ഒരു തൊഴിലെന്ന നിലക്ക്‌ അവസാനം സ്വന്തമായി ഒരു ബാര്‍ബര്‍ ഷോപ്പു തുടങ്ങുന്ന ഒരു ചിത്രം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇന്ത്യന്‍ സിനിമയിലെതന്നെ മഹാനടനായ ശ്രീ. കമലാഹാസന്‍ അവതരിപ്പിച്ചതായി ഓര്‍ക്കുന്നു.

ഒരു ബാര്‍ബര്‍ തൊഴിലാളിയുടെ കഥ സിനിമയാക്കുമെങ്കില്‍ ആ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിക്കാന്‍ കഴിവുള്ളതാര്‌ എന്നു ചോദിച്ചാല്‍ ഞങ്ങളുടെ മനസ്സില്‍ ആദ്യം തെളിയുന്ന പേര്‌ ശ്രീനിവാസന്റേതാണ്‌. യാദൃശ്ചികമായിട്ടാണെങ്കിലും അതങ്ങനെ സംഭവിച്ചു. ശ്രീനിവാസന്‍ കഥപറഞ്ഞ്‌ സത്യസന്ധനും അഭിമാനിയും ആദര്‍ശധീരനുമായ ഒരു ബാര്‍ബര്‍ തൊഴിലാളിയെ അവതരിപ്പിച്ച്‌ ബാര്‍ബര്‍ ജനവിഭാഗത്തിന്റെ അന്തസ്സും ആത്മാഭിമാനവും കൂടുതല്‍ ഉയര്‍ത്തിയിരിക്കുന്നു.

കേരളത്തില്‍ ഇന്ന്‌ കാണുന്ന ചെറുകിട പട്ടണങ്ങളുടെ ഒരു 50 വര്‍ഷക്കാലത്തെ ചരിത്രം പരിശോധിച്ചാല്‍ അധികവും മേലുകാവു ഗ്രാമത്തെപ്പോലെത്തന്നെ ഒരു ചായക്കട, ഒരു പലചരക്കുകട, ഒരു മുറുക്കാന്‍കട, ഒരു തയ്യല്‍ക്കട, ഒരു ബാര്‍ബര്‍ഷോപ്പ്‌ ഇതില്‍ക്കവിഞ്ഞൊന്നും ഇല്ലാതിരുന്ന ചെറിയ മാര്‍ക്കറ്റുകളായിരുന്നു. അവിടെ ആകെ പത്രം വരുന്നത്‌ ബാര്‍ബര്‍ ഷോപ്പിലും, ചായക്കടയിലുമായിരിക്കും. ടിവിയുടെയും ട്രാന്‍സിസ്റ്റര്‍ റേഡിയോയുടെയും, ഫോണിന്റെയും പ്രചാരണം ഒട്ടുമില്ലാതിരുന്ന ഈ പ്രദേശങ്ങളില്‍ ആകെയുള്ള വായനയുടെയും, ബചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും വേദിയായിരുന്നു ഈ ഗ്രാമീണ ബാര്‍ബര്‍ ഷോപ്പുകള്‍. ഇന്നത്തെപ്പോലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും, ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കം വലിയരീതിയില്‍ ആഫീസുകള്‍ ഇല്ലാതിരുന്ന അന്നത്തെ കാലഘട്ടത്തില്‍ സാഹിത്യത്തിലും, രാഷ്ട്രീയത്തിലും കലാരംഗത്തുമെല്ലാം അതിന്റെ ബാലപാഠങ്ങള്‍ പഠിച്ചുവളരാന്‍ നിരവധി ആളുകള്‍ക്ക്‌ ഈ ഗ്രാമീണ ബാര്‍ബര്‍ ഷോപ്പുകള്‍ പാഠശാലകള്‍ തന്നെയായിരുന്നു. ഉന്നതസ്ഥാനീയരായ പലര്‍ക്കും തന്റെ വളര്‍ച്ചയുടെ തുടക്കം ഇവിടെനിന്നും ആയിരുന്നു എന്നുപറയാന്‍ പ്രയാസമുള്ളവരും അത്തരം ഓര്‍മ്മകള്‍ തന്നെ അവരെ സംബന്ധിച്ചിടത്തോളം അസ്വാരസം ഉണ്ടാക്കുന്നതുമാണ്‌. കഴിഞ്ഞ യുഡിഎഫ്‌ ഗവണ്‍മെന്റിലെ തൊഴില്‍മന്ത്രിയായിരുന്ന ശ്രീ. ബാബുദിവാകരന്‍ തന്റെ പിതാവിന്റെ രാഷ്ട്രീയജീവിതത്തില്‍ ഒരു ബാര്‍ബര്‍ തൊഴിലാളിയുമായുള്ള ഇഴപിരിയാന്‍ കഴിയാതിരുന്ന ബന്ധത്തെക്കുറിച്ചും അതിലൂടെ തനിക്കും ബാര്‍ബര്‍ ജനവിഭാഗത്തോട്‌ ഉണ്ടായ താല്‍പര്യവും ഞങ്ങളുടെ വേദികളില്‍ നിരവധി തവണ പ്രസംഗിച്ചിട്ടുണ്ട്‌. ഉന്നതസ്ഥാനീയരായ പലരും മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളായ മഹാനടനായി മേലുകാവില്‍ എത്തുന്ന അശോക്‌ രാജിലൂടെ പറയുന്നത്‌.

കൈക്കൂലിയും അഴിമതിയും ദേശസാല്‍ക്കരിച്ച ഒരു രാജ്യമാണ്‌ നമ്മുടേത്‌. സിനിമയിലെ കെഎസ്ബിഎ സംഘടനാ നേതാക്കള്‍ ബാര്‍ബര്‍ ബാലന്റെ കടയില്‍ കൂലികുറച്ചതായി വെച്ചിട്ടുള്ള ബോര്‍ഡ്‌ എടുത്തുമാറ്റുന്നതിന്‌ കൈക്കൂലി വാങ്ങുന്ന ഒരു രംഗമുണ്ട്‌. സമൂഹത്തില്‍ വലിയൊരു ക്യാന്‍സറായി കൈക്കൂലിയും അഴിമതിയും മാറിയിരിക്കുന്നു. ഇത്‌ മാറ്റിത്തീര്‍ക്കുന്നതിന്‌ ഈ അടുത്തകാലത്ത്‌ നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട്‌ അതിന്റെ ജനറല്‍ സെക്രട്ടറി ദേശാഭിമാനിയില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഇക്കാര്യം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതും ആവശ്യമാണ്‌ എന്ന കാര്യം ഊന്നിപ്പറഞ്ഞിരുന്നു. ഇത്തരം ചര്‍ച്ചകള്‍ സാര്‍വ്വത്രികമായി നടക്കുന്നുണ്ടെങ്കിലും അത്‌ പൂര്‍വാധികം ശക്തിപ്രാപിച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്‌. എന്നാല്‍ ബാര്‍ബേഴ്സ്‌ അസോസിയേഷന്റെ സംഘടനാ സമ്മേളനങ്ങളില്‍ ബ്ലോക്ക്‌ മുതല്‍ സംസ്ഥാന കമ്മറ്റി വരെ ഒരു ഘടകത്തിലും ഇത്തരം ഒരു ചര്‍ച്ച നടത്തേണ്ട ഗതികേട്‌ ഞങ്ങള്‍ക്കുണ്ടായിട്ടില്ല. ബാര്‍ബേഴ്സ്‌ അസോസിയേഷന്റെ പ്രവര്‍ത്തകരാരും കൈക്കൂലി വാങ്ങുന്നവരല്ല. സിനിമയില്‍ കഥപറയുന്നതിന്‌ ഒരു ഒഴുക്കിനുവേണ്ടിയോ ഒരു സന്തോഷത്തിനുവേണ്ടിയോ ആണ്‌ അത്തരം ഒര രംഗം ചിത്രീകരിച്ചതെങ്കില്‍ ആ വിഷയം നമുക്ക്‌ വെറുതെ വിടാം. എന്നാല്‍ നൂറില്‍ നൂറുമാര്‍ക്കും ലഭിക്കേണ്ടിയിരുന്ന ഈ ചിത്രത്തില്‍ ഇത്തരം ഒരു അപസ്വരം കടന്നുകൂടിയതിനാല്‍ ഒരു മാര്‍ക്ക്‌ താഴോട്ടുപോയിട്ടുണ്ട്‌.

ബാര്‍ബര്‍ ബാലന്റെ ഭാര്യയായി ഒരു ഉത്തമ കുടംബിനിയായി മീന നല്ല നിലവാരം പുലര്‍ത്തി. നല്ലനിലയില്‍ ജീവിക്കാന്‍ ഉള്ള ഒരുപാട്‌ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി ദരിദ്രനും ആദര്‍ശവാനും അഭിമാനിയുമായ ഒരു ബാര്‍ബറുടെ ഭാര്യ തന്റെ ഇല്ലായ്മകള്‍ മനസ്സിലാക്കി ഭര്‍ത്താവിന്റെ തളര്‍ച്ചയില്‍ താങ്ങും തണലുമായും തുടര്‍ന്ന്‌ മുന്നോട്ടുപോകുന്നതിന്‌ പ്രചോദനമായും ഉള്ള മീനയുടെ അഭിനയം നല്ല നിലവാരം പുലര്‍ത്തി.

ശ്രീനിവാസന്‍ പറഞ്ഞ കഥ കൊള്ളാം. എന്നാല്‍ പറയാനിരിക്കുന്ന കഥ ഇതിലും മഹത്തരമായിരിക്കും. ഒരു പ്രദേശത്തിന്റെ സാമൂഹ്യജീവിതത്തില്‍ അവിടുത്തെ ബാര്‍ബര്‍ തൊഴിലാളികളുടെ ഇടപെടല്‍ കാണാതെ പോകാന്‍ കഴിയില്ല. രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, കലാരംഗത്തെല്ലാം അവന്റെ ഇടപെടല്‍ വളരെ പ്രധാനമാണ്‌. ഒരു നാടിന്റെ ചരിത്രം എഴുതുമ്പോള്‍ ഇങ്ങനെയുള്ള ഒരാളെ മാറ്റിനിര്‍ത്തി ചരിത്രം രചിച്ചാല്‍ ആ ചരിത്രം അപൂര്‍ണമായിരിക്കും.

വിവിധ മേഖലകളില്‍ കനപ്പെട്ട അവാര്‍ഡുകള്‍ ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ അത്തരത്തില്‍ ഒരു അവാര്‍ഡ്‌ തരുന്നതിന്‌ ഞങ്ങള്‍ക്ക്‌ കഴിയില്ലല്ലോ. എങ്കിലും മുഴുവന്‍ ബാര്‍ബര്‍ ജനസമൂഹത്തിന്റെയും ഹൃദയപൂര്‍വ്വമുള്ള അംഗീകാരം ബാര്‍ബര്‍ ബാലന്‌ സ്നേഹപൂര്‍വം നല്‍കിക്കൊള്ളട്ടെ.

9 comments :

 1. sivakumar ശിവകുമാര്‍ said...

  ഷാജിയേട്ടാ.. വളരെ നന്നായിരിക്കുന്നു...

 2. Bhramaran said...

  Very good Mr:Shaji

 3. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

  മുപ്പത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥയാണ് . എന്റെ നാടായ അഞ്ചരക്കണ്ടിയില്‍ തട്ടാരി ടൌണില്‍ രണ്ട് ബാര്‍ബര്‍ ഷാപ്പുകള്‍ ഉണ്ടായിരുന്നു . ഒന്ന് ബാര്‍ബര്‍ ചന്തൂട്ടി നായരുടേയും (നായര് എന്നാണ് വിളിക്കപ്പെട്ടിരുന്നത് , ജാതിപ്പേര് നസ്യന്‍ എന്നോ മറ്റോ ആയിരുന്നു)മറ്റൊന്ന് ബാര്‍ബര്‍ അനന്തേട്ടന്റെയും. (നാട്ടില്‍ ബാര്‍ബര്‍ തൊഴില്‍ ചെയ്തിരുന്നത് പ്രത്യേകസമുദായക്കാരായിരുന്നു.കാവുതീയ്യരും നസ്യരും. അനന്തേട്ടന്‍ കാവുതീയ്യന്‍ ആയിരുന്നു) ചന്തൂട്ടി നായര് കോണ്‍ഗ്രസ്സുകാരനും അനന്തേട്ടന്‍ കമ്യൂണിസ്റ്റുകാരനും ആയിരുന്നു . കോണ്‍ഗ്രസ്സിനോട് ആഭിമുഖ്യമുള്ള സകല പ്രസിദ്ദീകരണങ്ങളും ചന്തൂട്ടിനായരും ,കമ്മ്യൂണിസ്റ്റ് പ്രസിദ്ദീകരണങ്ങള്‍ മുഴുവനും അനന്തേട്ടനും വരുത്തുമായിരുന്നു . ആ രണ്ട് ബാര്‍ബര്‍ ഷാപ്പുകളും സ്ഥിരം ചര്‍ച്ചാ വേദികളായിരുന്നു . മുടി മുറിക്കാന്‍ മാത്രമല്ല വായിക്കാനും ചര്‍ച്ചകള്‍ കേട്ട് കാര്യങ്ങള്‍ മനസ്സിലാക്കാനും അവിടങ്ങളില്‍ ദിവസവും ആളുകള്‍ വരുമായിരുന്നു . ആ രണ്ട് ബാര്‍ബര്‍ ഷാപ്പുകളും വായനശാലകള്‍ മാത്രമല്ല ഗ്രാമീണ സര്‍വ്വകലാശാലകള്‍ തന്നെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . കാരണം അവിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് രാഷ്ട്രീയം മാത്രമല്ല സാഹിത്യം , കല , തത്വശാസ്ത്രം , തുടങ്ങി സൂര്യന് താഴെയുള്ള സര്‍വ്വകാര്യങ്ങളുമായിരുന്നു .

 4. കണ്ണൂസ്‌ said...

  ആത്‌മാര്‍ത്ഥതയുള്ള പ്രതികരണം.

  എന്തും ഏതും വിവാദമാക്കാന്‍ പാഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാരും, മാധ്യമങ്ങളും വിവാദത്തിന്‌ വകുപ്പുണ്ടായിരുന്ന ഒരു കാര്യം എത്ര പക്വവും, മാന്യവുമായാണ്‌ ശ്രീ. ഷാജി കൈകാര്യം ചെയ്തത് എന്ന് കണ്ടു പഠിച്ചിരുന്നെങ്കില്‍.

 5. വിനയം said...

  നന്നായിരിക്കുന്നു ഷാജി.
  തീര്‍ച്ചയായും കേരള സംസ്കാരത്തിന്റെ രൂപഭേദങ്ങളില്‍ ഈ ജനസമൂഹത്തിന്റെ പങ്ക് അവരുടെ സംഖ്യയുടെ അനേകം ഇരട്ടിയാണ്.

 6. ശ്രീ said...

  പോസ്റ്റ് നന്നായി.
  :)

 7. അഗ്രജന്‍ said...

  വളരെ നല്ല പോസ്റ്റ് ശ്രീ. ഷാജി...

  നല്ല പക്വതയോടെയുള്ള പ്രതികരണം...

  ഇന്നും ഇവിടെ ഗള്‍ഫ് നാടുകളില്‍... സ്വന്തം ഗ്രാമത്തിലെ രാഷ്ട്രീയ സാമൂഹിക സാമുദായിക സാംസ്കാരിക വാര്‍ത്തകള്‍, പ്രത്യേകിച്ചും വാര്‍ത്തകളാവാത്ത വാര്‍ത്തകളറിയാന്‍ സ്വന്തം നാട്ടുകാരന്‍റെ ബാര്‍ബര്‍ ഷോപ്പുകളില്‍ തന്നെ ചെല്ലണം.

  ഒരു സംശയം ഇവിടെ ഉന്നയിക്കുന്നത് അനുചിതമാവില്ലെന്ന് കരുതട്ടെ...

  പണ്ട് കാലത്ത് ബാര്‍ബര്‍ ഷോപ്പുകളില്‍ നിറയെ അശ്ലീല പോസ്റ്ററുകള്‍ നിറഞ്ഞിരുന്നതിന് വല്ല പ്രത്യേക കാരണങ്ങളും ഉണ്ടായിരുന്നോ?

 8. സുല്‍ |Sul said...

  വളരെ നന്നായിരിക്കുന്നു ഈ പോസ്റ്റ്.

  ഓടോ : അഗ്രു, നിന്നെപ്പോലുള്ള ഞരമ്പന്മാരും മുടിവെട്ടാന്‍ ബാര്‍ബര്‍ ഷാപ്പിലല്ലെ വരുന്നത്. എവിടെ തിരിച്ചു വച്ചാലും കാണാനെന്തെങ്കിലുമുണ്ടെങ്കില്‍ തലയനക്കാതെ ഇരുന്നോളുമല്ലോ. ബാര്‍ബര്‍ക്ക് സുന്ദരമായി മുടിവെട്ടും നടത്താം. അതായിരിക്കും അതിന്റെ മനശാസ്ത്രം.

  -സുല്‍

 9. vikkymikky said...

  But let me add a foot note... Even in this twenty first century, people engaged in this profession is not respected. They are still out caste..