Wednesday, February 6, 2008

അതുകൊണ്ട്‌ നമുക്ക്‌ സ്തുതിപാടാം

അതുകൊണ്ട്‌ നമുക്ക്‌ കെടി ജോസഫിനും രമണ്‍ ശ്രീവാസ്തവയ്ക്കും കോടിയേരി ബാലകൃഷ്ണനും സ്തുതിപാടാം.

ജനകീയ പോലീസുണ്ടാക്കാനും പോലീസിനെ ജനകീയമാക്കാനും അണിയറയിലും അരങ്ങത്തും ചിലരൊക്കെ ശ്രമിച്ചുകൊണ്ടിരിക്കെ കേരളത്തില്‍ മോഷ്ടാക്കളും കൊലപാതകികളും പെണ്‍വാണിഭക്കാരും അഴിഞ്ഞാടുകയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തല്‍ക്കാലം നമുക്ക്‌ അവണിക്കാം....

എന്നിട്ട്‌ യജമാനഭക്തിയുടെയും കാലുനക്കല്‍ യുക്തിയുടെയും ഭാഗമായി കോടിയേരി ബാലകൃഷ്ണന്റെയും രമണ്‍ ശ്രീവാസ്തവയുടെയും പോലീസിലെ താന്തോന്നികള്‍ക്കായി സ്തുതിഗീതങ്ങള്‍ രചിക്കാം....

സത്യസന്ധതയോടും കര്‍ത്തവ്യബോധത്തോടും സമര്‍പ്പണത്തോടും ജോലിചെയ്യുന്ന പോലീസ്‌ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച്‌ രസിക്കാം....

ഡിസ്റ്റിലറി സ്ഥാപനത്തിന്റെ ഉടമ കെടി ജോസഫിനെ അറസ്റ്റുചെയ്ത തോപ്പുംപടി എസ്‌ഐ കെവി ബെന്നിയും വൈലത്തൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതികള്‍ക്കായി ഇന്നും പാദസേവ ചെയ്യുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യാഹിയ റാവുത്തര്‍ റസ്റ്റമിനെയും താരതമ്യം ചെയ്യാം....

എന്നിട്ട്‌ റസ്റ്റമിനൊരു സല്യൂട്ടും ബെന്നിക്ക്‌ ഒരു സസ്പെന്‍ഷനും വാങ്ങിക്കൊടുക്കാം....

വ്യാജരേഖ ചമച്ച്‌ പാര്‍ട്ട്ണറെ വഞ്ചിച്ച്‌ ഡിസ്റ്റിലറി സ്ഥാപനം സ്വന്തമാക്കിയതിന്റെ പേരിലാണ്‌ കെടി ജോസഫിനെ എസ്‌ഐ കെവി ബെന്നി അറസ്റ്റുചെയ്തത്‌. ലഭിച്ച പരാതി പഠിച്ച്‌, കരുവേലിപ്പടിയിലുള്ള ജോസഫിന്റെ സ്ഥാപനത്തിലും വസതിയിലും റെയ്ഡ്‌ നടത്തി രേഖകള്‍ പിടിച്ചെടുത്ത ശേഷമാണ്‌ അറസ്റ്റ്‌ നടന്നത്‌. എന്നാല്‍ അറസ്റ്റ്‌ ചെയ്തപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അറസ്റ്റിനുശേഷം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതില്‍ വീഴ്ച വരുത്തി എന്ന്‌ ആരോപിച്ചുമാണ്‌ എസ്‌ഐ കെവി ബെന്നിയെ സസ്പെന്റ്‌ ചെയ്തത്‌.

ഇത്‌ കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും കോള്‍മയിര്‍ കൊള്ളുന്നുണ്ട്‌. സ്റ്റേഷനിലെത്തുന്ന പ്രതികളെ മൂത്രം കുടിപ്പിച്ചും മലം തീറ്റിച്ചും ഉരുട്ടിക്കൊന്നും കേരളത്തിലെ പോലീസുകാര്‍ രസിച്ചപ്പോള്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ്‌ ഈ അറസ്റ്റുകളെന്ന്‌ ഇവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിവേദനങ്ങളിലൂടെയും സമരപരിപാടികളിലൂടെയും മുഖ്യമന്ത്രി അടക്കമുള്ളവരെ ബോധ്യപ്പെടുത്തിയപ്പോഴും അവര്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന സര്‍ക്കാരും ഡിപ്പാര്‍ട്ടുമെന്റും ഇപ്പോള്‍ വഞ്ചകനായ ഒരു മദ്യരാജാവിനുവേണ്ടി നടപടിക്രമങ്ങള്‍ പാലിക്കാത്ത എസ്‌ഐയെ സസ്പെന്റ്‌ ചെയ്യുമ്പോള്‍ എങ്ങിനെ അഭിമാനിക്കാതിരിക്കും.

റസ്റ്റമിനെപ്പോലെ പ്രതികള്‍ക്ക്‌ കൂട്ടുനില്‍ക്കുന്ന, കൈക്കൂലിവീരന്മാരായ, പെണ്‍വാണിഭ-മണല്‍-ഭൂമാഫിയ സംഘങ്ങള്‍ക്ക്‌ സംരക്ഷകരായ കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ ഐജി തലം വരെയുള്ള പോലീസുകാര്‍ ഒരു രോമത്തിനുപോലും പോറലേല്‍ക്കാതെ വാഴുമ്പോഴാണ്‌ ബെന്നിയെപ്പോലെ തൊഴിലിനോട്‌ ആത്മാര്‍ത്ഥത കാണിക്കുന്ന പോലീസുകാരെ സസ്പെന്റ്‌ ചെയ്തും സ്ഥലം മാറ്റിയും ബന്ധപ്പെട്ടവര്‍? പീഡിപ്പിച്ച്‌ രസിക്കുന്നത്‌. തന്റെ അധികാരപരിധിക്ക്‌ കീഴില്‍ 200ല്‍ പരം പിടികിട്ടാപ്പുള്ളികള്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന്‌ അംഗീകരിക്കുന്ന സിഐമാരും വിദേശവനിതയെ പീഡിപ്പിച്ച യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തിയ പോലീസ്‌ ഉദ്യോഗസ്ഥരും കുസാറ്റ്‌ റാഗിംഗ്‌ കേസില്‍ ഒന്‍പത്‌ പേരെ ഒഴിവാക്കി കുറ്റപത്രം തയ്യാറാക്കിയവരും ഒക്കെ ഇപ്പോഴും ഏമാന്മാരായി ഡിപ്പാര്‍ട്ടുമെന്റില്‍ തുടരുകയാണ്‌.

ഇവരുടെ പാത പിന്തുടരാന്‍ മനസില്ലാത്ത ബിജൊ അലക്സാണ്ടര്‍മാരും കെവി ബെന്നിമാരുമാണ്‌ സാധാരണ ജനങ്ങളുടെ പ്രതീക്ഷകള്‍. ആ പ്രതീക്ഷകള്‍ക്കുമേല്‍ കോടാലിവച്ച്‌ ഡിപ്പാര്‍ട്ടുമെന്റിലെ ഉന്നതര്‍ മാഫിയ സംഘങ്ങള്‍ക്ക്‌ വിടുപണി ചെയ്യുമ്പോള്‍, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും മര്‍ദ്ദിത ജനലക്ഷങ്ങളുടെയും സംരക്ഷകരെന്നവകാശപ്പെടുന്ന കോടിയേരി ബാലകൃഷ്ണനും വിഎസ്‌ അച്യുതാനന്ദനും മറ്റും ഇതൊന്നും അറിയുന്നില്ല എന്ന്‌ ധരിക്കാന്‍മാത്രം വിഢികളല്ല നമ്മളാരും.

എന്നാലും നമുക്ക്‌ കോടിയേരിക്കും രമണ്‍ ശ്രീവാസ്തവയ്ക്കും കെടി ജോസഫിനും പിന്നെ പേരറിയാത്ത എല്ലാ മാഫിയ തലവന്മാര്‍ക്കും വേണ്ടി സൂതരും മാഗധരുമാകാം. അങ്ങനെ സമവായത്തിന്റെ വൃത്തികേടുകള്‍ പ്രതികരണങ്ങളില്‍ പുരട്ടി രസിക്കാം.

0 comments :