Thursday, February 28, 2008

നിങ്ങളെന്നെക്കൊണ്ട്‌ 'നക്സല്‍'എന്ന്‌ പറയിപ്പിച്ചു!

ഗതികെട്ടാല്‍ ഏതവനും സത്യം പറഞ്ഞുപോകും. അളമുട്ടിയാല്‍ മൂലമ്പിള്ളിക്കാര്‍വരെ വിപ്ലവകാരികളും ആകും.

ഓരോയിടത്തും വികസനത്തിന്റെ പേരില്‍ പാവപ്പെട്ടവര്‍ വഴിയാധാരമാവുമ്പോള്‍ അതവരുടെ കാര്യം എന്നോര്‍ത്ത്‌ കഴിഞ്ഞിരുന്ന നിര്‍ഗുണന്മാരൊക്കെയും അവനവനു പണികിട്ടുമ്പോള്‍ നീതിക്കായി പോരാടും!

പണ്ടൊക്കെ സത്യം പറയുന്നവരെയും നീതിക്കായി വാദിക്കുന്നവരെയും 'കമ്യൂണിസ്റ്റ്‌' എന്നു ചാപ്പകുത്തിയാണ്‌ ഭരണകൂടങ്ങള്‍ അടിച്ചൊതുക്കിയിരുന്നത്‌.

അങ്ങനെയാണ്‌ ചെങ്കൊടി ഇത്രയേറെ ചുവന്നത്‌.

തലപോയാലും സത്യം മാത്രം പറയില്ലെന്നും നീതിക്കായി ഒരക്ഷരം ഉരിയാടില്ലെന്നും ശപഥം ചെയ്ത നവലിബറല്‍ കമ്യൂണിസം എന്ന സാധനം പ്രാവര്‍ത്തികമായതോടെ ശത്രുക്കള്‍ പോലും സത്യം പറയുന്നവരെ 'കമ്യൂണിസ്റ്റ്‌' എന്നു വിളിക്കാതായി!

പണ്ട്‌ പണ്ട്‌ നീതിമാന്മാരുടെ തല കൊയ്തത്‌ രാജാക്കന്മാരും ജന്മിമാരുമൊക്കെയായിരുന്നു. അന്നാണ്‌ പാവങ്ങള്‍ക്ക്‌ കമ്യൂണിസ്റ്റുകാരെക്കൊണ്ട്‌ ആവശ്യം വന്നിരുന്നത്‌.

വന്നുവന്ന്‌ ജനായത്ത ഭരണം വന്നപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ നീതിമാന്മാരുടെ തലയെടുക്കാന്‍ നടക്കുന്നു!

സത്യം പറയുന്നവന്റെ ഗതികണ്ടവരുണ്ടാകില്ലെന്നും വന്നിരിക്കുന്നു. നവാബിന്റെ അചേതന ശരീരംപോലും ഭരണാധികാരികള്‍ക്ക്‌ ഉറക്കം കെടുത്തിയെന്ന പാഠം നമ്മള്‍ കുത്തിരുന്നു തന്നെ പഠിക്കണമെന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌.

മൂലമ്പിള്ളിയില്‍ നടന്ന കുടിയിറക്കപ്പെട്ടവരുടെ സമരം നക്സല്‍ ബാധയാണെന്ന്‌ കേരളം കണ്ട കമ്യൂണിസ്റ്റുകളില്‍ മുന്‍നിരക്കാരനായ സഖാവ്‌ അച്യുതാനന്ദന്‍ വരെ പറഞ്ഞിരിക്കുന്നു.

ഉമ്മന്‍ചാണ്ടിയായിരുന്നു ഈ ചതി ചെയ്തതെങ്കില്‍ മൂലമ്പിള്ളിയില്‍ സമരനായകന്‍ ഈ സഖാവ്‌ തന്നെയായിരുന്നേനെയെന്നു നമ്മള്‍ക്കുറപ്പാണ്‌, എന്നിട്ടും....

അധികാരം സഖാവ്‌ അച്യുതാനന്ദനെവരെ വല്ലാണ്ട്‌ ദുഷിപ്പിച്ചിരിക്കുന്നു. കുടിയിറക്കല്‍ പദ്ധതി നടപ്പാക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക്‌ ചില വീഴ്ചകള്‍ വന്നുപോയി എന്നാണ്‌ മുഖ്യന്റെ കുറ്റസമ്മതം. അപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു തന്നെയാവണം നക്സല്‍ ബാധ എന്നു മുഖ്യന്‍ മനസിലാക്കണം.

വെറുതെ പറഞ്ഞു പറഞ്ഞ്‌ ഇല്ലാത്ത നക്സലിനെ ഉണ്ടാക്കുകയാണ്‌ സര്‍ക്കാര്‍. കാക്കത്തൊള്ളായിരം ഗ്രൂപ്പുകളായി തിരിഞ്ഞ്‌ തങ്ങളില്‍ തങ്ങളിലുള്ള വൈരുദ്ധ്യം പറഞ്ഞു തീര്‍ക്കാന്‍ പറ്റാതെ, കേരളാ കോണ്‍ഗ്രസ്‌ പരുവത്തിലിരിക്കുന്ന സംഗതിയെയാണ്‌ നക്സലിസം എന്നു പറയുന്നത്‌.

ഈ നക്സലുകള്‍ വൈരുദ്ധ്യാത്മക ഭൗതികവാദം എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നുപോലും അറിയാത്ത മഹാപാവങ്ങളാണ്‌. ബക്കറ്റു പിരിവുനടത്തി അന്നന്നത്തെ അപ്പം ഒപ്പിക്കാന്‍ നടക്കുന്നവരെ, പ്ലീസ്‌, വെറുതെ വെള്ളത്തിലാക്കരുത്‌!

2 comments :

 1. chentharaka said...

  വാസ്‌തവം സൂഹൃത്തിന്റെ ചില കണ്ടെത്തലുകള്‍ ശരിയാണെന്ന (അധികാരം വല്ലാണ്ട്‌ ദുഷിപ്പിച്ച മുഖ്യമന്ത്രി) ആമുഖത്തോടെ സുചിപ്പിക്കട്ടെ. വാസ്‌തവം ഭാഷയില്‍ പറഞ്ഞാല്‍ ചുക്കും ചുണാബും എന്താണെന്ന തിരിച്ചറിയാത്ത ഭൂരിപക്ഷം മാലയാളികളെ പോലെ തന്നെയാണ്‌ സൃഹൃത്തും നക്‌സലൈറ്റുകളെ വിലയിരുത്തിയത്‌.
  കെ കരുണാകരന്‍ അവസാനിപ്പിച്ചു എന്ന ഊറ്റം കൊണ്ട രാഷ്ടീയം തന്നെയാണ്‌ ഇന്നത്തെ(അധികാരം വല്ലാണ്ട്‌ ദുഷിപ്പിച്ച ) മുഖ്യമന്ത്രിയേയും വിളറിപിടിപ്പിക്കുന്ന്‌.
  കിടപ്പാടം നഷ്ടപെട്ട്‌ ഒരത്താണിയുമില്ലാതെ തെരുവിലേക്ക്‌ വലിച്ചെറിഞ്ഞവരെ സംഘടിപ്പിച്ച്‌ സമരമെന്നായുധം പ്രയോഗിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞ ആ നക്‌സലൈറ്റുകളേ ഉണ്ടായൊള്ളു.(വികസന വിരോധികളാകുന്നമെന്ന ഭയത്താലായിരിക്കും കാര്യമായ വോട്ടുബാങ്കായിട്ടും പാവം മൂലബിള്ളികാരെ ഉമ്മന്‍ കോണ്‍ഗ്രസു മുതല്‍ വിശുദ്ധ പളളിക്കാര്‍ വരെ കയ്യൊഴിഞ്ഞത്‌.)
  നക്‌സലൈറ്റുകള്‍ സമരം ചെയ്യുന്നത്‌ മുഖ്യമന്ത്രിയെ പോലെ തന്നെ വ്‌ാസ്‌്‌തവം സൂഹൃത്തിനെയും വിളറിപിടപ്പിക്കുന്നുണ്ട. നിതിക്കുവേണ്ടി ജന പക്ഷത്ത്‌ നില്‍ക്കുന്നവരെ എന്നും സ്വന്തം താല്‍പര്യം സംരക്ഷകര്‍ ശത്രുക്കളാക്കിയതാണ്‌ ചരിത്രം .വാചമടിക്കാനും ,സ്വന്തം കാര്യം സീന്ദാബാ വിളിക്കാനും നക്‌സലൈറ്റുകളെ കേരള കോണ്‍ഗ്രസിനോടുപമിക്കാനും എളുപ്പമാണല്ലോ സൂഹൃത്തേ....
  ശരിക്കും ചുക്കും ചുണാബും തിരിച്ചറിഞ്ഞ്‌കൊണ്ട്‌ തന്നെ ചോദിക്കട്ടെ .സൃഹൃത്തും .മുഖ്യമന്ത്രിയും പിന്നെ പള്ളിക്കാരും കരുതിയ നക്‌സലൈറ്റുകള്‍ എന്നാല്‍ എന്താ ?
  അതിനുത്തരം കിട്ടിയാലും ഇല്ലെങ്കിലും ..സ്വന്തം കിടപ്പാടം നഷ്ടപെട്ട്‌്‌ തോരാത്ത കണ്ണീരുമായി എറണാകുളത്തെ സമരപന്തല്ലില്‍ കഴിയുന്ന അമ്മമാരോടെങ്കിലും ചോദിക്കണം നക്‌സലൈറ്റുകള്‍ എന്നാല്‍ എന്താണെന്ന്‌ ?

 2. വാസ്തവം ടീം said...

  പ്രിയമുള്ള ചെന്താരകമേ,
  വല്ലാണ്ട് എഴുതാപ്പുറം വായിച്ചിരിക്കുന്നു അങ്ങ്. ഭൂമി മലയാളത്തില്‍ അഞ്ചാറ്‌ ഒറിജിനല്‍ നക്സലൈറ്റുകളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആശിക്കുന്ന ഒരുവനാണ് താങ്കളുടെ ഈ സുഹൃത്ത്.
  മനുഷ്യര്‍ക്ക് മനസ്സിലാവാത്ത നൂറുകൂട്ടം കാര്യങ്ങള്‍ പറഞ്ഞ് പഴയ പോരാളികളായ അജിത, ഫിലിപ്പ് എം പ്രസാദ്, വെള്ളത്തൂവല്‍ സ്റ്റീഫന്‍, കെ വേണു, ഗ്രോ വാസു മുതല്‍ കുഞ്ഞിക്കണ്ണനും രാമചന്ദ്രനും വരെയും ബാക്കിയുള്ള സഖാക്കളും തമ്മില്‍ പിരിഞ്ഞ് ശക്തരായി വരുന്നത് കാണുന്നതില്‍ വിഷമമുള്ള ആളുമാണ്. എന്നാലും പാതയോരത്ത് ബക്കറ്റുമായി പിരിവിനു നില്‍ക്കുമ്പോള്‍ പിശുക്ക് കാട്ടാതെ കൈ‌യിലുള്ളത് കൊടുക്കാന്‍ മനസ്സുള്ള ആളുമാണ്. എന്തായാലും മൂലമ്പിള്ളിയില്‍ നക്സലൈറ്റുകള്‍ ബാധിച്ചു എന്ന മുഖ്യന്റെ കണ്ടെത്തല്‍ ഗൂഢമായ ഒരു രാഷ്ട്രീയമാണ് എന്ന് മാത്രമേ ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ.
  വര്‍ഗീസിന്റേയും കിസാന്‍ തൊമ്മന്റേയും വര്‍ഗ്ഗബോധമുള്ള ഒരു പോരാളിയെ താങ്കള്‍ക്ക് ഇനിയും കാണിച്ചു തരാമെന്നോ!
  താങ്കളുടെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട്,
  വാസ്തവം സുഹൃത്ത്

  (ഈ പോസ്റ്റ് കൂടി വായിക്കാന്‍ താത്പര്യം)