Friday, February 15, 2008

ഹാട്രിക്‌ വിജയന്‍

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക്‌ ഏറെ അഭിമാനത്തിന്‌ വകനല്‍കുന്നു. കണ്ണൂരിലും മലപ്പുറത്തും പയറ്റിയ തന്ത്രങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തവും കണിശതയുമാര്‍ന്ന നീക്കങ്ങളിലൂടെയാണ്‌ കോട്ടയത്ത്‌ പിണറായി വിജയന്‍ സെക്രട്ടറിസ്ഥാനം നിലനിര്‍ത്തിയത്‌. വിഭാഗീയതയ്ക്ക്‌ ഈ സമ്മേളനത്തോടെ അറുതിയായി എന്ന പ്രകാശ്കാരാട്ടിന്റെയും പിണറായി വിജയന്റെയും മറ്റ്‌ നേതാക്കന്മാരുടെയും അവകാശവാദത്തിന്‌ അക്ഷരങ്ങളുടെ വിലപോലും ഇല്ലെന്ന്‌ സംസ്ഥാന സമ്മേളനത്തിന്റെ ഒടുവില്‍നടന്ന പൊതുസമ്മേളനം വ്യക്തമാക്കി.

സമ്മേളന നഗരിയിലേക്കുള്ള തുറന്ന ജീപ്പ്പിലെ സവാരിയില്‍നിന്ന്‌ അച്യുതാനന്ദനെ ഒഴിവാക്കിയപ്പോള്‍ തന്നെ അണികള്‍ക്ക്‌ മനസിലായി, വിഭാഗീയതയ്ക്ക്‌ അറുതി വന്നുവെന്നും അത്‌ പ്രകാശ്‌ കാരാട്ട്‌ ഉദ്ബോധിപ്പിച്ചതുപോലെ മേല്‍ത്തട്ടില്‍ നിന്നും ആരംഭിച്ചു എന്നും!

അതോടെ വിഎസിന്റെ അനുയായികള്‍ ചില തീരുമാനങ്ങള്‍ എടുക്കുകയും അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധനചെയ്ത്‌ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുദ്രാവാക്യം മുഴക്കി അദ്ദേഹത്തിനുള്ള പിന്‍തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഏതാണ്ട്‌ പത്ത്‌ മിനിറ്റോളം ഈ മുദ്രാവാക്യം വിളി തുടരുകയും അച്യുതാനന്ദന്റെ പ്രസംഗം ആരവത്തില്‍ മുങ്ങിപ്പോകുകയും ചെയ്തു. ഇതിനിടയിലാണ്‌ ഒരു പ്ലാസ്റ്റിക്‌ കുപ്പി അച്യുതാനന്ദനുനേരെ 'പറന്നു'വന്നത്‌.

അതോടെ വിഭാഗീയത പൂര്‍ണ്ണമായും ഇല്ലാതായി എന്ന്‌ മാലോകര്‍ക്കും മനസിലായി. ഇതേത്തുടര്‍ന്ന്‌ പിണറായി വിജയന്‍ അണികളെ ശാസിച്ചത്‌ ഏറെ ശ്രദ്ധേയമായി. ശാസനക്കായി അദ്ദേഹം ഉപയോഗിച്ച വാക്കുകളില്‍ മൂന്നാമൂഴത്തിന്റെ കരുത്തുമുഴുവനും ഉണ്ടായിരുന്നു. അച്ചടക്കമാണ്‌ കമ്മ്യൂണിസ്റ്റുകാരന്റെ അടിസ്ഥാന സ്വഭാവമെന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ അദ്ദേഹം പറഞ്ഞത്‌ വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. പാര്‍ട്ടിക്ക്‌ മുകളിലല്ല അണികളുടെ ആവേശവും ആ ആവേശത്തില്‍ ഊറ്റം കൊള്ളുന്ന വിഎസും എന്നായിരുന്നു ആ സന്ദേശം.

വിഎസിനുവേണ്ടി ഇനി ആരും പ്രകടനത്തിനോ ആവേശ പ്രദര്‍ശനത്തിനോ ഒരുങ്ങേണ്ടതില്ല എന്ന താക്കീതും ആ സ്വരത്തിലുണ്ടായിരുന്നു. മാത്രമല്ല, വോളണ്ടിയര്‍മാര്‍ക്ക്‌ അദ്ദേഹം നല്‍കിയ വ്യക്തമായ നിര്‍ദ്ദേശം തല്‍ക്ഷണം നടപ്പിലാകുന്നതും കണ്ടു. കൊടികെട്ടിയ വടികൊണ്ട്‌ അച്യുതാനന്ദനുവേണ്ടി ആവേശം കൊണ്ടവര്‍ക്ക്‌ പൊതിരെ തല്ലുകിട്ടിയപ്പോള്‍ അത്‌ ഇനി പാര്‍ട്ടിയില്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനയായി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി തൃപ്തമല്ലെന്നും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്നും കോട്ടയം സമ്മേളനം വ്യക്തമാക്കി. അപ്പോള്‍ ഒരു ചോദ്യം- ഇതുവരെ യാതൊരു മാര്‍ഗ്ഗനിര്‍ദ്ദേശവും കൂടാതെയായിരുന്നോ രണ്ടുവര്‍ഷം ഭരണം നടത്തിയത്‌? അതിന്റെ ഉത്തരം, ഇനിയുള്ള കാലം പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും ഭരണം നടക്കുകയെന്നാണ്‌. അതിന്റെ ഉദാഹരണമാണ്‌ എച്ച്‌എംടി പ്രശ്നത്തില്‍ പാര്‍ട്ടിയുടെ നിലപാട്‌ എന്ന രീതിയില്‍ അദ്ദേഹം നടത്തിയ പ്രസ്താവന. എച്ച്‌എംടി പ്രശ്നം പാര്‍ട്ടിയും സര്‍ക്കാരും ചര്‍ച്ചചെയ്യുമെന്ന്‌ പറഞ്ഞ വിജയന്‍, ഈ വിഷയത്തില്‍ എളമരം കരീം കുറ്റക്കാരനല്ലെന്ന്‌ അസന്ദിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു. അതായത്‌ വ്യവസായ വികസനം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ഇതുവരെ അച്യുതാനന്ദന്‍ പുലര്‍ത്തിയിരുന്ന നിലപാടുകളൊന്നും അനുവദിക്കപ്പെടുകയില്ല എന്നാണ്‌ സന്ദേശം.

പിണറായി മുണ്ടയില്‍ കോരന്റെയും ഭാര്യ കല്ല്യാണിയുടെയും പതിനാല്‌ മക്കളില്‍ ജീവിച്ചിരുന്ന മൂന്ന്‌ പേരില്‍ ഇളയവനായിരുന്നു വിജയന്‍. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും കമ്മ്യൂണിസം നിറഞ്ഞുനിന്ന പിണറായിയില്‍ നിന്ന്‌, കമ്മ്യൂണിസം ശ്വസിച്ചും കമ്മ്യൂണിസം കഴിച്ചും വളര്‍ന്ന പിണറായി വിജയന്‍, പാര്‍ട്ടിയില്‍ താന്‍ മഹാമേരുവാണെന്ന്‌ കഴിഞ്ഞ ആറു വര്‍ഷം കൊണ്ട്‌ തെളിയിച്ചെടുത്തു. ഇനിയുള്ള മൂന്ന്‌ വര്‍ഷം തന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ട്‌ പോവുക എന്നാണ്‌ പിണറായി വിജയന്റെ വാക്കുകളും ശരീരഭാഷയും വ്യക്തമാക്കുന്നത്‌.

പിണറായി വിജയന്റെ മൂന്നാമൂഴവും അദ്ദേഹം പാര്‍ട്ടിയില്‍ നേടുന്ന സ്വാധീനവുമെല്ലാം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ്‌ പ്രാധാന്യമുള്ള വിഷയം. കേരളീയരെ സംബന്ധിച്ചിടത്തോളം അവര്‍ വോട്ടുനല്‍കി വിജയിപ്പിച്ച സര്‍ക്കാര്‍ എത്രമാത്രം ജനക്ഷേമപരമായി ഭരണം നടത്തുന്നു എന്നതാണ്‌ പ്രാധാന്യം. വികസനത്തിന്റെ പേരിലായാലും പുരോഗതിയുടെ പേരിലായാലും ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങള്‍ സാധാരണക്കാരനെ അവന്റെ കിടക്കപ്പായയില്‍നിന്ന്‌ കുടിയിറക്കുന്ന തരത്തിലാവരുത്‌ എന്നകാര്യത്തില്‍ കേരളീയര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. മാത്രമല്ല വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ ഈടുവയ്പ്പുകള്‍ വിറ്റുതുലക്കാനും പാടില്ല. ഒപ്പംതന്നെ എല്ലാവിധ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും കടിഞ്ഞാണ്‍ ഇടേണ്ടതുണ്ട്‌. ഈ വിഷയങ്ങളില്‍ കരുത്തോടെ തീരുമാനമെടുത്ത്‌, ജനഹിതമനുസരിച്ച്‌ ഭരണത്തെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ പിണറായി വിജയന്‌ പാര്‍ട്ടിക്കതീതമായ ബഹുമാനം ലഭിക്കും. മറിച്ചാണ്‌ നീക്കമെങ്കില്‍ അടുത്തതെരഞ്ഞെടുപ്പില്‍ അതിന്റെ തിരിച്ചടി ലഭിക്കുകയും ചെയ്യും.

0 comments :