കാട്ടിലെ ആന; നാട്ടിലെ നിയമം
ആന ആനയാകുന്നത് മദമിളകുമ്പോള്‍ മാത്രമാണ്. സിനിമാ നടന്‍ കൃഷ്ണന്‍കുട്ടിനായരുടെ ആരോഗ്യശേഷിപോലുമില്ലാത്ത ഈര്‍ക്കിലിപോലത്തെ പാപ്പാന്റെ കാരക്കോലിനുകീഴില്‍ വിറച്ചുനില്‍ക്കുന്ന ആന സത്യത്തില്‍ നോര്‍മലല്ല!
അതിരുകളില്ലാത്ത കാട്ടിലെ സ്വാതന്ത്ര്യത്തില്‍നിന്ന് അടിമത്വത്തിന്റെ ചങ്ങലപ്പൂട്ടില്‍ ആനയെ തളച്ചത് ആനയുടെ വാലിനോളം പോന്ന മനുഷ്യനാണ്. നാട്ടിലെ ആന കാട്ടിലെ ആനയുടെ തനി സ്വഭാവം എടുക്കുമ്പോഴാണ് ഇടത്താനേ.... വലത്താനേ......... എന്നൊക്കെ കല്‍പ്പിക്കുന്ന കള്ളുകുടിയന്‍ പാപ്പാനെ ചെവിക്കുപിടിച്ച് വലിച്ചെറിയുന്നത്.
ആനയെ കണ്ടാല്‍ അന്നത്തെ പണിയുപേക്ഷിച്ച് വാപൊളിച്ച് ദിവസം മുഴുവന്‍ നിന്നനില്‍പ്പില്‍ നിന്നുപോകുന്ന ആനപ്രേമികളാണ് ആനയ്ക്ക് ഏറ്റവും വലിയ പാര!
ഇവര്‍ക്കാര്‍ക്കും ആനയുടെ വിഷമം അറിയില്ല. ഒരു ഭഗവാനും ആനയുടെ പക്ഷത്തല്ല. എല്ലാ ഭഗവാന്മാരും ആനയുടെ തലയില്‍കേറിയാണ് കളിക്കുന്നത്.
പണ്ട് തമിഴ്‌നാട്ടിലും ഇപ്പോള്‍ കൊച്ചുകേരളത്തിലും തെരുവോരങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നപോലെ നാടെങ്ങും പ്രശസ്തരായ ആനകളുടെ കട്ടൗട്ടുകള്‍ മുട്ടിയിട്ട് നടക്കാന്‍വയ്യാ എന്നായിരിക്കുന്നു.
പ്രതിഷ്ഠയേക്കാള്‍ പ്രാധാന്യം പ്രതിഷ്ഠ ചുമക്കുന്ന ആനക്കാണെന്നതാണ് സ്ഥിതി.
മന്നത്തുപത്മനാഭന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിങ്ങനെ മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ പ്രശസ്തന്മാരേക്കാളും പ്രശസ്തന്മാരാണ് മംഗലാംകുന്ന് കര്‍ണന്‍, തിരുമാറാടി കൃഷ്ണന്‍, പെരുമ്പാവൂര്‍ ദേവനാരായണന്‍ എന്നിങ്ങനെയുള്ള ആനകള്‍.
ഇന്നലെ ലോറിയില്‍ കൊണ്ടുപോയ മംഗലാംകുന്ന് കര്‍ണന്‍ എന്ന ആനയുടെ ബുക്കും പേപ്പറും ശരിയല്ലെന്ന് കണ്ട് പോലീസ് പിടിച്ചതായി വാര്‍ത്ത. പോലീസ് ആനയെ സ്റ്റേഷനുമുന്നില്‍ നിര്‍ത്തിയത് ഏഴു മണിക്കൂര്‍!
മംഗലാംകുന്ന് കര്‍ണന്‍ ആരുടെയും ഒന്നും മോഷ്ടിച്ചിട്ടില്ല. ഒരു പെണ്ണിനേയും പീഡിപ്പിച്ചിട്ടില്ല. പിന്നെന്തിനാണ് തന്നെയിങ്ങനെ നിന്നനില്‍പ്പില്‍ നിര്‍ത്തി പോലീസ് പീഡിപ്പിക്കുന്നതെന്ന് വിളിച്ചുചോദിക്കാന്‍ ആനയ്ക്കാണെങ്കില്‍ മലയാളം അറിയില്ല. ആനയുടെ ഭാഷയാണെങ്കില്‍ പോലീസിനും അറിയില്ല. അസോസിയേഷനില്‍ വിളിച്ചുചോദിക്കാമെന്നുവച്ചാല്‍ ആനയുടെ കൈയിലെ മൊബൈല്‍ഫോണില്‍ ചാര്‍ജും ഇല്ല!
മനുഷ്യന്മാര്‍ നേരെചൊവ്വേയാകാന്‍ മനുഷ്യന്മാരുണ്ടാക്കിയ നിയമങ്ങള്‍ നടപ്പാക്കുന്നതും മനുഷ്യന്‍, ലംഘിക്കുന്നതും മനുഷ്യന്‍. ആനയെ നേരെചൊവ്വേയാക്കാന്‍ മനുഷ്യന്മാരുണ്ടാക്കിയ നിയമങ്ങള്‍ നടപ്പാക്കുന്നതും മനുഷ്യന്‍, ലംഘിക്കുന്നതും മനുഷ്യന്‍. ഇവിടെയാണ് പ്രശ്നത്തിന്റെ വേരുകിടക്കുന്നത്. ആനയ്ക്ക് ആനയുടേതായ നിയമമുണ്ട്. അത് കാട്ടിലെ നിയമമാണ്. ആ നിയമമനുസരിച്ച് ജീവിക്കാന്‍ സമ്മതിക്കാത്ത മനുഷ്യനെ താപ്പുകിട്ടിയാല്‍ ചെവിക്കുപിടിച്ച് വലിച്ചെറിയുകയല്ലാതെ ആനയുടെ മുന്നില്‍ നോ വഴി!
0 comments :
Post a Comment