Monday, March 3, 2008

മാതൃകാപരം കാഞ്ഞിരപ്പിള്ളി രൂപതയുടെ നിലപാട്‌

ഈശ്വരവിശ്വാസം വ്യക്തിനിഷ്ഠമാണ്‌.

ഈശ്വര സാക്ഷാത്കാരം വ്യക്തിപരമായ വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും പാരമ്യതയാണ്‌.

ഈ വിഷയത്തില്‍ ഓരോ മതത്തിനും, മതവിശ്വാസിക്കും വ്യതിരിക്തവും വ്യത്യസ്തവുമായ നിലപാടുകളുണ്ട്‌.

അത്‌ അംഗീകരിക്കാനും തിരസ്കരിക്കാനും അവിശ്വാസികള്‍ക്ക്‌ അവകാശവുമുണ്ട്‌.

മനുഷ്യവര്‍ഗ്ഗത്തിന്റെ തുടക്കനാളുകളില്‍തന്നെ മനസുകളില്‍ വേരോട്ടം നേടിയതാണ്‌ ഈശ്വര വിശ്വാസം. ഇതിന്‌ വ്യാഖ്യാനങ്ങള്‍ നിരവധിയുണ്ട്‌. വ്യവച്ഛേദിക്കാനാവാത്ത പ്രകൃതി പ്രതിഭാസങ്ങളോടുള്ള പാരസ്പര്യത്തില്‍ നിന്നാണ്‌ ഈശ്വര സങ്കല്‍പ്പവും വിശാ്വ‍സവും ആവിര്‍ഭവിച്ചതെന്ന്‌ വ്യാഖ്യാനിക്കുന്നവരുണ്ട്‌. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈശ്വരനും ഈശ്വര സാക്ഷാത്കാരവും അവരുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമാണ്‌.

ഗോത്രവര്‍ഗ്ഗങ്ങളായി മനുഷ്യവര്‍ഗ്ഗം വിഭജിക്കപ്പെട്ട്‌ ജീവിക്കാന്‍ ആരംഭിച്ചപ്പോഴാണ്‌ തികച്ചും വ്യക്തിനിഷ്ഠമായ ഈശ്വര സങ്കല്‍പ്പവും ഈശ്വര വിശ്വാസവും സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്‌. ഈ സ്ഥാപനവല്‍ക്കരണത്തിനു പിന്നില്‍ മൂലധന ശക്തികളുടെ കൗശലങ്ങളും അധികാര വര്‍ഗ്ഗത്തിന്റെ അധിനിവേശ ത്വരകളുമുണ്ട്‌. അതുകൊണ്ടാണ്‌ മതം മനുഷ്യനെ ഒന്നിപ്പിക്കുന്ന വികാരമാകാതെ മനുഷ്യനെ ശത്രുപാളയത്തിലാക്കുന്ന യുദ്ധതന്ത്രമായി മാറിയത്‌.

ഈ തന്ത്രങ്ങള്‍ക്ക്‌ രൂപം കൊടുത്തവര്‍, അവരുടെ ആത്യന്തിക ലക്ഷ്യമായ അധികാരം പിടിച്ചെടുക്കലും നിലനിര്‍ത്തലും അഭംഗുരം തുടരാന്‍ അമാനുഷികതയുടെ പൊടിപ്പും തൊങ്ങലുകളും അതീവ കണിശതയോടെ അവയില്‍ കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടിച്ചേര്‍ക്കലുകളാണ്‌ ദിവ്യന്മാരുടെ ജനനത്തിനും അവരുടെ പല അമാനുഷിക കഴിവുകള്‍ക്കും ആധാരമായതും ആരൂഢമൊരുക്കിയതും.

മതം സംഘടിത ശക്തികളുടെ കൈയിലെ ആയുധമായപ്പോള്‍ ഈശ്വര വിശ്വാസവും ഈശ്വര വിശ്വാസികളും തീര്‍ത്തും കബളിപ്പിക്കപ്പെടുകയായിരുന്നു. വിദ്യാഭ്യാസവും അധികാരവും സമ്പത്തും ഇല്ലാതിരുന്ന സാധാരണക്കാരന്‌ അപ്പോള്‍ അധികാരവര്‍ഗ്ഗം അടിച്ചേല്‍പ്പിക്കുന്ന ഈശ്വര സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും സ്വീകരിക്കാതിരിക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു.

ആ കബളിപ്പിക്കല്‍, ശാസ്ത്രത്തിന്റെ വളര്‍ച്ച അതിന്റെ ഉന്നതപീഠികയില്‍ എത്തിയിട്ടുള്ള ഇന്നും അഭംഗുരം തുടരുന്നു. ഈ തുടര്‍ച്ചക്ക്‌ സാങ്കേതിക വളര്‍ച്ചയുടെ ഘടകങ്ങളും ആശയ വിനിമയത്തിന്റെയും വാര്‍ത്താ പ്രചാരണത്തിന്റെയും അത്യാധുനിക സങ്കേതങ്ങളും ഉപയോഗിക്കപ്പെടുന്നു. ശ്രവണത്തിലും ദര്‍ശനത്തിലും ഏതൊരു മനസിനെയും കീഴടക്കാന്‍ കഴിയുന്ന സാങ്കേതിക മികവോടെയാണ്‌ ഇപ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്‌.

വിശ്വാസത്തിന്റെ പേരിലുള്ള ഈ മുതലെടുപ്പ്‌ ഒരു മതത്തിന്റെ മാത്രം പ്രത്യേകതയല്ല. ഇന്ന്‌ നിലവിലിരിക്കുന്ന എല്ലാ മത നേതാക്കന്മാരും ഇത്തരം കപടവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ്‌. തിരുവോസ്തിയില്‍ ക്രിസ്തുവിന്റെ രൂപം കാണുക, തിരുവോസ്തി രക്തം ഇറ്റുന്ന മാംസമായി മാറുക, ക്രിസ്തുവിന്റെയും മാതാവിന്റെയും ചിത്രങ്ങളില്‍ നിന്നും രൂപങ്ങളില്‍ നിന്നും രക്തവും എണ്ണയും തേനും വാര്‍ന്നിറങ്ങുക, അന്തരീക്ഷത്തില്‍ ഈ രൂപങ്ങള്‍ തെളിയുക തുടങ്ങിയ പ്രചാരണങ്ങള്‍ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ നടത്താറുണ്ട്‌. അക്രൈസ്തവര്‍ പോലും ഈ പ്രചാരണങ്ങളില്‍ കുടുങ്ങി അത്ഭുതം കൂറാറുമുണ്ട്‌.

ഇതിന്‌ സമാനമാണ്‌ ഗണപതി വിഗ്രഹത്തിന്റെ പാലുകുടി തുടങ്ങി ഹൈന്ദവ വിഭാഗം നടത്തിയ പ്രചാരണങ്ങള്‍. അന്തരീക്ഷത്തിലും വൃക്ഷങ്ങളിലും മറ്റും ഖുറാന്‍ സൂക്തങ്ങള്‍ പ്രത്യക്ഷപ്പെട്ടു എന്ന്‌ ചില ഇസ്ലാം പുരോഹിതന്മാര്‍ നടത്തിയ കോലാഹലങ്ങളും ഇതുപോലെ തന്നെ അശാസ്ത്രീയവും മുതലെടുപ്പിന്റെ വിദ്യകളുമായിരുന്നു.

ആത്യന്തിക വിശകലനത്തില്‍ ഈ അത്ഭുത സംഭവങ്ങള്‍ അനുപമമായ ഭാവനാ വിലാസത്തില്‍ നിന്ന്‌ കടഞ്ഞെടുത്തതാണെന്നും അത്‌ മത പ്രചാരണത്തിനും മതങ്ങളിലേക്ക്‌ ആളെ കൂട്ടാനുമുള്ള ചെപ്പടി വിദ്യകളാണെന്നും വ്യക്തമാകുന്നുണ്ട്‌. കള്ളം പറയരുതെന്ന്‌ പഠിപ്പിക്കുന്ന മതനേതാക്കളും മാതാപിതാക്കളുമാണ്‌ ഇത്തരം പെരും കള്ളങ്ങള്‍ എഴുന്നള്ളിച്ച്‌ സന്ദേഹത്തിന്റെയും സംഘര്‍ഷത്തിന്റെയും നഷ്ടങ്ങളുടെയും പരിസരങ്ങള്‍ ഒരുക്കുന്നത്‌. വിശ്വാസപരമായും മതാനുശാസനപരമായും ശാസ്ത്രവുമായും പുലബന്ധം പോലുമില്ലാത്ത ഇത്തരം വെളിപാടുകളെയും പ്രചാരണങ്ങളെയും തള്ളിപ്പറയാന്‍ ഇതുവരെ ഒരു മതനേതൃത്വവും തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ്‌ കാഞ്ഞിരപ്പള്ളി രൂപതയുടെ നിലപാട്‌ മാതൃകാപരവും സ്വീകാര്യവും ആകുന്നത്‌. കോട്ടയം ജില്ലയില്‍ എരുമേലിക്കടുത്ത്‌ മഞ്ഞളരുവിയിലെ ഒരു വീട്ടില്‍ കന്യാമറിയത്തിന്റെ രൂപത്തില്‍ നിന്ന്‌ (കണ്ണുകളില്‍ നിന്ന്‌) രക്തം വാര്‍ന്നിറങ്ങിയെന്ന വാര്‍ത്ത പ്രചരിക്കുകയും വിശ്വാസികള്‍ കൂട്ടത്തോടെ അവിടം സന്ദര്‍ശിക്കുകയും പ്രായേണ അതൊരു തീര്‍ത്ഥാടനകേന്ദ്രം പോലെ ആകുകയും ചെയ്തു. ഇതിന്‌ പിന്നാലെയാണ്‌ കഴിഞ്ഞ 26-ാ‍ം തീയതി സൂര്യനില്‍ കന്യാമറിയത്തിന്റെ രൂപം പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്ത പരന്നത്‌. വിശ്വാസത്തോടെ സൂര്യനിലേക്ക്‌ നോക്കിയ 46 പേര്‍ക്ക്‌ കാഴ്ച്ചത്തകരാറുണ്ടായതാണ്‌ ഫലം. ഇതേത്തുടര്‍ന്നാണ്‌ ഇത്തരം സംഭവങ്ങള്‍ ദൈവികമായ ഇടപെടലല്ലെന്നും ഇവയ്ക്ക്‌ ആത്മീയ പരിവേഷം നല്‍കുന്നത്‌ ഉചിതമല്ലെന്നും ഇതിന്റെ പേരില്‍ നടക്കുന്ന അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്ഥിരീകരണമില്ലെന്നും കാഞ്ഞിരപ്പള്ളി രൂപത ഇന്നലെ സര്‍ക്കുലര്‍ ഇറക്കിയത്‌. വിശ്വാസികളെ ഈശ്വരനിലേക്ക്‌ അടുപ്പിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം അന്ധവിശ്വാസങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തവും മതനേതൃത്വങ്ങള്‍ക്കുണ്ട്‌. ആ ഉത്തരവാദിത്തമാണ്‌ അതീവ ഗൗരവത്തോടെ കാഞ്ഞിരപ്പള്ളി രൂപത ഏറ്റെടുത്തിരിക്കുന്നത്‌.

3 comments :

  1. Roby said...

    "തിരുവോസ്തിയില്‍ ക്രിസ്തുവിന്റെ രൂപം കാണുക, തിരുവോസ്തി രക്തം ഇറ്റുന്ന മാംസമായി മാറുക, ക്രിസ്തുവിന്റെയും മാതാവിന്റെയും ചിത്രങ്ങളില്‍ നിന്നും രൂപങ്ങളില്‍ നിന്നും രക്തവും എണ്ണയും തേനും വാര്‍ന്നിറങ്ങുക, അന്തരീക്ഷത്തില്‍ ഈ രൂപങ്ങള്‍ തെളിയുക തുടങ്ങിയ പ്രചാരണങ്ങള്‍ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ നടത്താറുണ്ട്‌."

    ഏതു സഭാവിഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തിയതെന്നു വ്യക്തമാക്കണം. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഇത്തരം സംഭവങ്ങളെ പാടെ തള്ളീക്കളയുമ്പോള്‍ കത്തോലിക്കാസഭ തള്ളുന്നുമില്ല കൊള്ളുന്നുമില്ല എന്നൊരു നിലപാടാണ് മുന്‍പും എടുത്തിട്ടുള്ളത്. കഞ്ചിക്കോട് റാണി എന്നൊരു സ്ത്രീയ്ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോളും ‍സഭ അതിനെ endorse ചെയ്തിരുന്നില്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത്തരം ചില സംഭവങ്ങള്‍ സഭ അംഗീകരിച്ചത് കണിശമായ ദൈവശാസ്ത്ര പഠനങ്ങള്‍ക്കു ശേഷമാണ്. അതാകട്ടെ ഔദ്യോഗികമായി പ്രചരിപ്പിക്കാന്‍ സഭ ശ്രമിച്ചിട്ടുമില്ല. ഒരു metaphysical reality എന്ന നിലയില്‍ മാത്രമുള്ള പരിഗണന ചിലപ്പോള്‍ കൊടുക്കുന്നു.

    ഗണപതി പാലു കുടിച്ചത് surface tension കാരണമാണെന്ന് പത്താംക്ലാസ്സ് പഠിച്ചവര്‍ക്കറിയാം. അതു പ്രചരിപ്പിച്ചതിന്റെ രാഷ്ട്രിയവുമെല്ലാവര്‍ക്കുമറിയാം.

    കാടടച്ചൊരു വെടി അല്ലേ...നിങ്ങള്‍ മറുപടി പറയില്ലെന്നറിയാം...

  2. വാസ്തവം ടീം said...

    Dear Robin, പ്രതികരിച്ചതില്‍ സന്തോഷം. താങ്കളുടെ അഭിപ്രായങ്ങള്‍ എല്ലാം മുഖവിലയ്ക്കുതന്നെ സ്വീകരിച്ചിരിക്കുന്നു. അത്ഭുത കാഴ്ചകളെക്കുറിച്ച്‌ പ്രൊട്ടസ്റ്റന്റ്‌ വിഭാഗം പ്രചരിപ്പിക്കുന്നില്ലെങ്കിലും മതപരിവര്‍ത്തനത്തിന്‌ സ്വര്‍ഗ്ഗം മുതല്‍ ഭൂമിയില്‍ റേഷന്‍ വരെയും അനാഥശാലകള്‍ മുതല്‍ വിദേശജോലിവരെയും ഈ വിഭാഗത്തിലെ കൗശലക്കാര്‍ വച്ചുനീട്ടിയാണ്‌ മതപ്രചരണവും മതംമാറ്റലും. ഇക്കാര്യത്തില്‍ ആരും മോശക്കാരല്ല.
    ഇതുവരെ ഇത്തരം അത്ഭുത പ്രത്യക്ഷപ്പെടലുകളോട്‌ കത്തോലിക്കസഭ മൃദു സമീപനമാണ്‌ പുലര്‍ത്തിയിരുന്നത്‌. ഉദ്ദേശ്യം വ്യക്തം- മതപ്രചാരണം. എന്നാല്‍ ഇനി അത്തരം ചെപ്പടാച്ചികള്‍ ജനം വിശ്വസിക്കുകയില്ല എന്ന്‌ തിരിച്ചറിഞ്ഞാണ്‌ കാഞ്ഞിരപ്പള്ളി രൂപത സര്‍ക്കുലര്‍ ഇറക്കിയത്‌. സര്‍ക്കുലര്‍ ഇറക്കിയ ശേഷവും രൂപത്തില്‍നിന്നും തേന്‍ വാര്‍ന്നുവീഴുന്നത്‌ വിശ്വാസികള്‍ കണ്ടു എന്ന വാര്‍ത്ത റോബിന്‍ വായിച്ചുകാണുമോ?
    ആരെയും വ്യക്തിപരമായി ആക്രമിക്കാനോ, കാടടച്ചു വെടിവച്ച്‌ ബഹളംകൂട്ടാനോ ആയിരുന്നില്ല ശ്രമിച്ചത്‌. തുടര്‍ന്നുപോന്ന ഒരു കബളിപ്പിക്കല്‍ തന്ത്രത്തില്‍നിന്ന്‌ കത്തോലിക്കസഭയുടെ ഒരു രൂപതയെങ്കിലും പിന്‍മാറിയതില്‍ (ഈ പിന്‍മാറ്റം താല്‍ക്കാലികമായിരിക്കാം) അവരെ അഭിനന്ദിക്കേണ്ടതുണ്ടായിരുന്നു. അത്രമാത്രം.

  3. Roby said...

    കാഞ്ഞിരപ്പള്ളി രൂപത സര്‍ക്കുലര്‍ ഇറക്കിയതിനു പിന്നില്‍ വിശ്വാസികളുടെ മേലുള്ള സഭയുടെ നിയന്ത്രണത്തിന്റെ കുത്തക നഷ്‌ടപ്പെടരുതെന്ന കുയുക്തിയാണെന്നു തോന്നുന്നു...:)

    വാസ്തവം ഡെയിലിയിലാണ് ഞാനീ വാര്‍ത്ത ആദ്യം കണ്ടത്. പ്രത്യേകിച്ച് കൌതുകം ഒന്നും ഇല്ലാത്തതിനാല്‍ പിന്നെ ഒന്നും തിരഞ്ഞ് വായിച്ചുമില്ല.