മദാമ്മ പുല്ല്, (സുല്ല്) മദാമ്മപ്പുല്ല്...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ തലപ്പത്ത് സോണിയാഗാന്ധിയെന്ന 'മദാമ്മ' കേറി ഇരിപ്പുറപ്പിച്ചിട്ട് ഒന്നല്ല, രണ്ടല്ല വര്‍ഷം പത്ത്!
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പരുവത്തില്‍ എണീറ്റു നടക്കാന്‍ ജീവനില്ലാതായ കോണ്‍ഗ്രസിനെ സീതാറാം എന്ന കേസരി 'നയിച്ചുകൊണ്ടിരുന്ന' ഒരു കഷ്ടകാലമുണ്ടായിരുന്നു.
അക്കാലത്ത് കേസരിയെയും വെട്ടിക്കാന്‍ പോന്ന വാര്‍ദ്ധക്യ സഹജ അസുഖങ്ങളോടെ പതിനാറു ഭാഷയില്‍ മിണ്ടാണ്ടിരുന്നൊരു നരസിംഹം പ്രധാനമന്ത്രിയായും ഉണ്ടായിരുന്നു.
'ജീ ജീ കരുണാകര്‍' ഇടയ്ക്കിടയ്ക്ക് പറഞ്ഞു പറഞ്ഞ് നമ്മള്‍ കാണാപാഠം പഠിച്ച 'നെഹ്‌റു കുടുംബം' എന്ന മഹാകുടുംബത്തിന് കേസരിയേയും സിംഹത്തേയും കൊണ്ടു അധികകാലം നടന്നാല്‍ പാര്‍ട്ടിയെ തെക്കോട്ടെടുക്കേണ്ടി വരുമെന്നൊരു ഉള്‍വിളിയുണ്ടായി!
പാര്‍ട്ടിയെ എങ്ങനെയെങ്കിലും കരകയറ്റിയെടുക്കാന്‍വേണ്ടി നെഹ്‌റു കുടുംബവും സില്‍ബന്ധികളും നട്ടെല്ലിനു കുഴപ്പമൊന്നുമില്ലാത്തൊരു ആണ്‍പിറന്നോനെ തപ്പിനടപ്പായി.
കിം ഫലം? നോ സ്യൂട്ടബിള്‍ മന്‍ഷ്യന്‍ അവയ്‌ലബിള്‍ ഇന്‍ ദിസ് കണ്‍ട്രി!
അക്കാലത്ത് നെഹ്‌റു കുടുംബക്കാര്‍ കോണ്‍ഗ്രസിന്റെ ചരിത്രവും പൗരധര്‍മ്മവും എടുത്തുവായിച്ചു പഠിക്കാന്‍ തുടങ്ങി. അന്നേരം രണ്ടു പ്രധാന കാര്യങ്ങള്‍ പുടികിട്ടി.
ഒന്ന്: കോണ്‍ഗ്രസിന് വിദേശികളായ ആറു പേര്‍ പ്രസിഡന്റായിരുന്ന ചരിത്രവുമുണ്ട്.
രണ്ട്: അതിലൊരാള്‍ ഒരു പെണ്‍തരിയായിരുന്നു! 1888ല്‍ അലഹബാദ് സമ്മേളനത്തില്‍ സ്കോട്ടിഷ് വ്യാപാരിയായ ജോര്‍ജ് യൂള്‍ കയറി പ്രസിഡന്റായതാണാദ്യ സംഭവം. 1917ല്‍ കല്‍ക്കട്ട സമ്മേളനത്തില്‍ ആനിബസന്റ് പ്രസിഡന്റായതാണ് ഒടുവിലെ സംഭവം. കൊള്ളാമല്ലോ ചരിത്രമെന്നു സോണിയാജിക്കും തോന്നിയതോടെയാണ് കോണ്‍ഗ്രസിനു വീണ്ടും ജീവന്‍ വച്ചത്.
(ഇറ്റലി ലൂസിയാനയിലെ സ്റ്റെഫാനോ-പൗള മൈനോ ദമ്പതികള്‍ 'സോണിയാാന്ന്' പുന്നാര മോളെ നീട്ടി വിളിച്ചപ്പോള്‍ അത് പഞ്ചാബി പേരാണെന്നോ, ഇന്ത്യയ്ക്കൊട്ടാകെ ഇവള്‍ പ്രിയങ്കരിയാകുമെന്നോ കവടി നിരത്തിയോ ആവോ!)
നീണ്ട പത്തുവര്‍ഷക്കാലം, സംഘപരിവാരവും കോണ്‍ഗ്രസുകാരായ പവാറും മമതാ ബാനര്‍ജിയും നട്‌വര്‍സിംഗും അവരുടെയൊക്കെ പരിവാരങ്ങളും ഒരുപാട് കുഴപ്പമുണ്ടാക്കിയിട്ടുണ്ട്, കുഴലൂതിയിട്ടുണ്ട്. സോണിയ അചഞ്ചലയായിതന്നെ നിന്നു. ധീരമായി നയിച്ചു. തരക്കേടില്ലാതെ ഹിന്ദിയില്‍ പിടിച്ചു നിന്നു! രാജീവ് ഗാന്ധിയെന്ന മിടുക്കനായ നേതാവിന്റെ സ്മരണകള്‍ നിറയുന്ന ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിച്ച് സോണിയാ എന്ന പെണ്‍തരി ദശവത്സരം തികയ്ക്കുമ്പോള്‍ വല്യ പ്രമാണിമാരായി ഭാവിച്ചു നടന്ന ആണുങ്ങള്‍ പലരും ചിത്രത്തിലും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ പോലും ഇല്ലാതാവുന്നതാണ് നാം കാണുന്നത്!
മദാമ്മ പുല്ലെന്ന് പറഞ്ഞവരില്‍ ചിലരിപ്പോള്‍ 'മദാമ്മപ്പുല്ല്' എന്ന മധുരമിഠായി വില്‍ക്കുന്നവനെ പോലെ മണിയടിയുമായി പിറകെ നടപ്പാണ്!
2 comments :
ഇറ്റലി ലൂസിയാനയിലെ സ്റ്റെഫാനോ-പൗള മൈനോ ദമ്പതികള്‍ 'സോണിയാാന്ന്' പുന്നാര മോളെ നീട്ടി വിളിച്ചപ്പോള്‍ അത് പഞ്ചാബി പേരാണെന്നോ, ഇന്ത്യയ്ക്കൊട്ടാകെ ഇവള്‍ പ്രിയങ്കരിയാകുമെന്നോ കവടി നിരത്തിയോ ആവോ!)
സോണിയ എന്നല്ലാ... അവര്‍ വിളിച്ചത് ഇങ്ങനെയാ..
Edvige Antonia Albina Maino
It is high time to select another leader leader for the congress party. Why don't they find an Indian to lead the party?
Post a Comment