Wednesday, March 26, 2008

അച്യുതാനന്ദന്റെ പൂച്ചയ്ക്ക്‌ അബ്കാരികള്‍ മണികെട്ടി

സഹമന്ത്രിമാരുടെയും വിവിധ വകുപ്പ്‌ തലവന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും പാരപണിയില്‍ നാണംകെട്ട്‌ പൊതുജനമധ്യത്തില്‍ നഗ്നനെപ്പോലെ നില്‍ക്കാനാണ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‌ യോഗം. മധുരിച്ചിട്ട്‌ തുപ്പാനും കയ്ച്ചിട്ട്‌ ഇറക്കാനും കഴിയാത്ത വസ്തുവാണ്‌ ഭരണാധികാരമെന്ന്‌ സഖാവും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട്‌ അടിക്കടിയുണ്ടാകുന്ന തിരിച്ചടികളും നാണക്കേടുകളും മുമ്പ്‌ പോലീസിന്റെ ബയനറ്റ്‌ കുത്തേറ്റുവാങ്ങിയ അതേ തന്റേടത്തോടെ സ്വീകരിക്കുകയാണ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍.

എന്നാല്‍ അച്യുതാനന്ദന്റെ ഈ മലക്കംമറിച്ചിലുകളില്‍ തിരിച്ചടി ഏല്‍ക്കുന്നതും ഒതുക്കപ്പെടുന്നതും ആത്മാര്‍ത്ഥതയും ആര്‍ജവവും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരാണ്‌. ആ ദുരന്ത നായകന്മാരുടെ പട്ടികയില്‍ ഒരിക്കല്‍കൂടി ഋഷിരാജ്‌ സിംഗിന്റെ പേര്‌ അച്യുതാനന്ദന്‍ തന്നെ എഴുതി ചേര്‍ത്തിരിക്കുന്നു.

സ്പിരിറ്റ്‌ മാഫിയക്കെതിരെ ഋഷിരാജ്‌ സിംഗിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡ്‌ ഏറെ വിവാദവും അതുപോലെതന്നെ വാര്‍ത്താ പ്രാധാന്യവും നേടിയിരുന്നു. ഒരു സര്‍ക്കാരിനും അതിന്റെ മെഷിനറികള്‍ക്കും ഒരിക്കലും വരുതിക്ക്‌ നിര്‍ത്താന്‍ കഴിയുകയില്ല എന്നു കരുതിയിരുന്ന സ്പിരിറ്റ്‌ ലോബിയുടെ അടിത്തറ ഇളക്കാന്‍ ഋഷിരാജ്‌ സിംഗ്‌ എന്ന ഒറ്റയാള്‍ പോരാട്ടവീരനും അദ്ദേഹത്തോടൊപ്പം, അതേ ആര്‍ജ്ജവത്തോടെ ജോലിചെയ്ത പോലീസ്‌ സംഘത്തിനും സാധിച്ചിരുന്നു. കള്ളുഷാപ്പുകള്‍ കേന്ദ്രീകരിച്ച്‌ സ്പിരിറ്റ്‌ മാഫിയ നടത്തിയിരുന്ന അധോലോക പ്രവര്‍ത്തനത്തെ വിറപ്പിക്കാനും അനധികൃതമായി സ്റ്റോര്‍ ചെയ്തിരുന്ന സ്പിരിറ്റ്‌ ശേഖരം കണ്ടെത്താനും ഈ റെയ്ഡിലൂടെ കഴിഞ്ഞിരുന്നു.

തീര്‍ച്ചയായും സര്‍ക്കാരിന്‌ അഭിമാനിക്കാവുന്ന നേട്ടവും നടപടി ക്രമങ്ങളുമായിരുന്നു ഇക്കാര്യത്തില്‍ ഋഷിരാജ്‌ സിംഗ്‌ സ്വീകരിച്ചത്‌. സര്‍ക്കാരിന്‌ നികുതിയിനത്തില്‍ ലഭിക്കേണ്ട കോടികളുടെ ചോര്‍ച്ച തടയാന്‍ ഉതകുന്നതും, തുടര്‍ന്നിരുന്നെങ്കില്‍ സ്പിരിറ്റ്‌ മാഫിയയ്ക്ക്‌ ഭരണത്തിലുണ്ടായിരുന്ന സ്വാധീനം പൊളിച്ചടക്കാനും ശക്തമായിരുന്നു ഈ നീക്കം. എന്നാല്‍ സ്പിരിറ്റ്‌ മാഫിയയുടെ കാലുനക്കികളായി അച്യുതാനന്ദനടക്കമുള്ളവര്‍ നിലപാട്‌ മാറ്റിയപ്പോള്‍ ഋഷിരാജ്‌ സിംഗും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അന്വേഷണ സംഘവും ഒറ്റപ്പെടുകയായിരുന്നു, നീചമായി വഞ്ചിക്കപ്പെടുകയായിരുന്നു. ഋഷിരാജ്‌ സിംഗിനെ കുടുക്കാന്‍ പോലീസിലെയും എക്സൈസ്‌ വിഭാഗത്തിലെയും ഉന്നതന്മാരെ തന്നെ സ്പിരിറ്റ്‌ മാഫിയയും സര്‍ക്കാരും കരുക്കളാക്കി എന്നതാണ്‌ മറ്റൊരു ജുഗുപ്സാവഹമായ നീക്കം. ഈ ഗര്‍ഹണീയമായ അണിയറ നാടകത്തില്‍ ഐജി വിന്‍സെന്‍ എം പോളും അഡീഷണല്‍ ഡിജിപി രാജന്‍ മഥേക്കറുമൊക്കെ വിദൂഷക വേഷം കെട്ടി ആടുകയും ചെയ്തു.

ആദ്യം വിന്‍സെന്‍ എം പോളാണ്‌ ഋഷിരാജ്‌ സിംഗിന്റെ നീക്കങ്ങള്‍ക്ക്‌ പാരവയ്ക്കാന്‍ തയ്യാറായത്‌. അതീവ തന്ത്രശാലിത്തത്തോടെ രഹസ്യമായി നടത്തിയ ഈ നീക്കം കഴിഞ്ഞ ജനുവരി 16-ാ‍ം തീയതി വാസ്തവം പുറത്തുകൊണ്ടുവന്നിരുന്നു. കല്ല്യാണസൗഗന്ധിക പുഷ്പം തേടിപ്പോയ ഭീമന്റെ വഴി തടയാനെത്തിയ വൃദ്ധവാനരന്റെ വേഷമായിരുന്നു വിന്‍സെന്‍ എം പോളിന്റേത്‌. മഹാഭാരത കഥയില്‍ വാനരന്റെ വാലുപോലും ഇളക്കാന്‍ അതികായനും ശക്തനുമായ ഭീമന്‌ കഴിഞ്ഞില്ലെങ്കിലും സ്പിരിറ്റ്‌ വേട്ടയില്‍ വാനരവാലുമാത്രമല്ല വാനരനെത്തന്നെയും മറികടന്ന്‌ മുന്നോട്ട്‌ പോകാന്‍ ഋഷിരാജ്‌ സിംഗിന്‌ നട്ടെല്ലും ഇച്ഛാശക്തിയും ലക്ഷ്യബോധവുമുണ്ടായിരുന്നു.

ഇതില്‍ ഭരണകൂടത്തിലെ സ്പിരിറ്റ്‌ മാഫിയ സുഹൃത്തുക്കളും സ്പിരിറ്റ്‌ ലോബിയും തെല്ലൊന്നുമല്ല പകച്ചത്‌. അതോടെ അവര്‍ അടുത്ത പാരപണിക്ക്‌ അഡീഷണല്‍ ഡിജിപി രാജന്‍ മഥേക്കറെ വാടകയ്ക്കെടുത്തു. ഋഷിരാജ്‌ സിംഗിന്റെ അന്വേഷണ രീതി പ്രായോഗിക ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നതാണെന്നും അബ്കാരി കേസുകളുടെ ചുമതലയില്‍ നിന്ന്‌ ക്രൈംബ്രാഞ്ചിനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്‌ അങ്ങനെ മഥേക്കര്‍ സര്‍ക്കാരിലേക്ക്‌ റിപ്പോര്‍ട്ടയച്ചു.

ഈ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ്‌ സ്പിരിറ്റ്‌ വേട്ടയില്‍ നിന്ന്‌ ഋഷിരാജ്‌ സിംഗിനെ കെട്ടുകെട്ടിക്കാനുള്ള തീരുമാനത്തില്‍ അച്യുതാനന്ദന്‍ ഒപ്പുവച്ചത്‌. മൂന്നാറിലെ കയ്യേറ്റക്കാരായ എലികളെ പിടിക്കാന്‍ അച്യുതാനന്ദന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം അയക്കപ്പെട്ട മുഖ്യ പൂച്ചയായിരുന്നു ഋഷിരാജ്‌ സിംഗ്‌. അന്ന്‌ സിംഗിനെ മണികെട്ടാന്‍ കൊണ്ടുപിടിച്ച്‌ ശ്രമിച്ചത്‌ മന്ത്രിമാരായ കെ പി രാജേന്ദ്രനും ബിനോയി വിശ്വവും എംപി പന്ന്യന്‍ രവീന്ദ്രനും സിപിഐ നേതാക്കളായ വെളിയം ഭാര്‍ഗവനും കെ ഇ ഇസ്മായേലുമൊക്കെയായിരുന്നു. മണികെട്ടാന്‍ കഴിഞ്ഞില്ലെങ്കിലും ഋഷിരാജ്‌ സിംഗിനെ മൂന്നാറില്‍ നിന്ന്‌ പായിക്കാന്‍ ഈ സംഘത്തിന്‌ കഴിഞ്ഞു.

വ്യത്യസ്തവും വ്യതിരിക്തവുമായ അന്വേഷണ ശൈലിയാണ്‌ ഋഷിരാജ്‌ സിംഗിന്റേത്‌. എസി മുറിയിലിരുന്ന്‌ കീഴ്‌ ജീവനക്കാര്‍ക്ക്‌ കേസന്വേഷിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്‌ തെളിയിക്കപ്പെടുന്ന കേസുകളുടെ ക്രെഡിറ്റ്‌ അടിച്ചു മാറ്റുന്ന രാജന്‍ മഥേക്കര്‍ക്കൊന്നും ഋഷിരാജ്‌ സിംഗ്‌ അഭിമതനാവുകയില്ല. ഹൈവേയിലെ കൈക്കൂലി സംഘത്തെ ഒതുക്കാന്‍ വേഷംമാറി നടത്തിയ നീക്കങ്ങളും ഐജി ടോമിന്‍ തച്ചങ്കരിയുടെ വ്യാജ സിഡി നിര്‍മാണം തടയാന്‍ നടത്തിയ റെയ്ഡുമൊക്കെ ഇവരില്‍ പലരുടെയും ഉറക്കം കെടുത്തിയിരുന്നു. അതിന്റെയെല്ലാം പരിണതിയാണ്‌ ഇപ്പോള്‍ സംഭവിച്ചിട്ടുള്ള ഈ കെട്ടുകെട്ടിക്കല്‍. നാണമില്ലാത്തവന്റെ മാത്രമല്ല, അച്യുതാനന്ദന്റെയും എവിടെയെല്ലാമോ ആലു കിളിര്‍ക്കുന്നുണ്ടെന്നും ആ ആല്‍ത്തണലില്‍ മയങ്ങാനാണ്‌ അച്യുതാനന്ദനും താല്‍പ്പര്യമെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഋഷിരാജ്‌ സിംഗിനെതിരായ ഈ മൃഗീയ നടപടി.

2 comments :

  1. Unknown said...

    ജനപക്ഷത്ത് നിന്ന് കൊണ്ട് സത്യസന്ധമായും ആത്മാര്‍ത്ഥമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എവിടെയും നില്‍ക്കക്കള്ളി കിട്ടുന്നില്ല എന്നത് എത്ര കഷ്ടമാണ് ? അത്തരം ഉദ്യോഗസ്ഥരെ പുകച്ചു പുറത്ത് ചാടിക്കുന്നത് ജനനേതാക്കള്‍ എന്ന് പറയപ്പെടുന്നവരും . ഇതെന്ത് വിരോധാഭാസമാണ് . ജനം എന്ത് കൊണ്ടാണ് ഇത് മനസ്സിലാക്കാത്തത് ?

  2. ബാബുരാജ് ഭഗവതി said...

    അച്ചുതാനന്ദന്റെ രാഷ്ട്രീയ അവസരവാദം പുറത്തുകൊണ്ടുവന്നു എന്നതാണ്‌ കഴിഞ്ഞകാല കേരള രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കുന്നത്‌.
    അതേ സമയം അച്ചുതാനന്ദനില്‍ നിന്നും ഇത്രമാത്രം പ്രതീക്ഷിക്കുന്നതിന്റെ യുക്തി സംശയാസ്പതവുമാണ്‌.


    ഋഷി രാജ് സിങ്‌ എന്ന പോലീസുകാരനെ കുറിച്ച്‌ ബ്ലോഗ്‌ ലേഖകന്റെ വിലയിരുത്തലാണ്‌ ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
    പല വിശേഷണങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും രണ്ടു കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമാണെന്നാണ്‌ എന്റെ പക്ഷം.
    1. മൂന്നാര്‍ ഇടിച്ചുനിരത്തല്‍
    2. സി.ഡി. റെയ്ഡ്‌.

    ഒന്നാമത്തെ കാര്യത്തില്‍ നിര്‍ദ്ധിഷ്ട സ്പെഷ്യല്‍ ടൂറിസം സോണിനു വേണ്ടിയുള്ള നടപടികളാണ്‌ അവിടെ നടന്നത്‌. കേരളത്തില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള 4 സ്പെഷ്യല്‍ ടൂറിസംസോണുകളില്‍ ഒന്നായ മുന്നാര്‍ സോണിനു വേണ്ടിയായിരുന്നു ആ ഇടിച്ചുനിരത്തല്‍ എന്നതിന്‌ എന്തെങ്കിലുംസംശയമുണ്ടെങ്കില്‍ കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ വെബ് സൈറ്റുനോക്കുക. മൂന്നാറിലെ ചെറുകിട കൈയേറ്റക്കാരെ ഒഴിവാക്കി അവിടെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വീതിച്ചുനല്‍കാനുള്ള പദ്ധതിയായിരുന്നിത്‌.
    സ്പെഷ്യല്‍ ടൂറിസം സോണിന്റെ പ്രത്യേകതകളാണ്‌ അതിനെ കൂടുതല്‍ അപകടകരമാക്കുന്നത്‌.
    ഉദാഹരണം
    ഇന്നും തത്വത്തില്‍ റീടെയില്‍ മേഖലയില്‍ നൂറു ശതമാനവും വിദേശനിക്ഷേപം നടത്താന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌അനുമതിയില്ലെങ്കിലും ഒരു പ്രദേശത്തെ സ്പെഷ്യല്‍ ടൂറിസം സോണായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഈ അനുമതി ലഭ്യമാകുന്നു.
    മൂന്നാറിന്റെ കാര്യത്തില്‍ 100 കി.മീ.ആണ്‌ സോണ്‍ പരിധി. ഇവിടുത്തെ ഭരണനടത്തിപ്പില്‍ ലോക്കല്‍ ഭരണകൂടത്തിന്‌ പങ്കൊന്നുമുണ്ടാവുകയില്ലെന്ന് ടൂറിസം സോണുകളുമായി ബന്ധപ്പെട്ട്‌ പാര്‍ലമെന്റു പാസ്സാക്കിയ നിയമം അനുശസിക്കുന്നു. (വിവരങ്ങള്‍ നെറ്റില്‍ ലഭ്യമാണ്)
    ഇത്തരമൊരു താല്‍പര്യത്തിനു വേണ്ടിജനതക്കുമുകളില്‍ തേര്‍വാഴ്ചനടത്തുന്ന ഉദ്ധ്യോഗസ്ഥരെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നവരായി കണക്കാക്കണമെന്നോ?

    സി.ഡി . റെയ്ഡിന്റെ കാര്യത്തില്‍ ഈ ഉദ്ധ്യോഗസ്ഥന്‌ വ്യക്തിപരമായ താല്‍പര്യം കൂടിയുണ്ട്.
    കേന്ദ്ര മന്ത്രി ചിതംബരത്തിന്റെ ഭാര്യയുടെ അധീനതയിലുള്ള മോസര്‍ ബെയര്‍ കമ്പിനിക്കുവേണ്ടിയായിരുന്നു ഇത്തവണ അദ്ദേഹം തന്റെ അധികാരമുപയോഗിച്ചത്‌.
    കേരളത്തിന്റെ സി.ഡി മാര്‍ക്കറ്റില്‍ പിടിമുറുക്കുന്നതിനുള്ള താല്‍പര്യമെടുത്തിരുന്ന മോസര്‍ ബെയറിനുള്ള മുഖ്യ തടസം ലെന്റിങ്ങ്‌ ലൈബ്രറികളായിരുന്നു. ഇവ നിലനില്‍ക്കുന്നിടത്തോളം കാലം ആരെങ്കിലും പണം മുടക്കി സിഡി വാങ്ങുമോ?
    കേരള മര്‍ക്കറ്റിലേക്കു കടക്കുന്നതിനു വേണ്ടി സൈനവീഡിയോസുമായി അവരുടെ 200 ടൈറ്റിലുകള്‍ക്ക്‌ 8 വര്‍ഷത്തെ ലീസ്സൊപ്പിട്ടതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഋഷിരാജ്‌ സിങ്‌ ആന്റി പൈറസി വിങ്ങിന്റെ മേധാവിയാകുന്നത്‌.
    പിന്നീടുനടന്നത്‌ ചരിത്രമാണ്‌. 5000 സിഡി ലെന്റിങ്ങ്‌ ലൈബ്രറികളായിരുന്നു അടച്ചുപൂട്ടിയത്.
    ഉടമകളുടെ മരണം....പിന്നെ എന്തെല്ലാം.........
    കൂട്ടത്തില്‍ പറയട്ടെ റെയ്ഡ്‌ ചെയ്ത ഒരു കടയുടെയും എഫ്.ഐ.ആര്‍.-ല്‍ ഒപ്പുവെക്കാന്‍ ഈ മാന്യ ദേഹം തയ്യാറായിരുന്നില്ല. കാരണം ഏതെങ്കിലും കാരണവശാല്‍ റെയ്ഡിനെതിരെ ഒരു കോടതി വിധി വരികയാണെങ്കില്‍ പിടിച്ചെടുത്ത് സി.ഡി. യുടെ കാര്യത്തില്‍ റെയ്ഡിനു നേതൃത്വം കൊടുത്ത ഓഫീസര്‍ വ്യക്തിപരമായി ഉത്തരവാദിത്വം പറയേണ്ടി വരുമെന്ന്‌ അയള്‍ക്കറിയാമായിരുന്നു.
    അത്തരമൊരു വിധി വരികയും ചെയ്തു.
    (സത്യത്തില്‍ സിങിന്റെ വാദഗതികള്‍ക്ക്‌ നിയമസാധുത യില്ലെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു.)
    ലക്ഷക്കണക്കിനു തുകക്കു ഉത്തരവാദിയാകേണ്ടി വരുമെന്നായപ്പോളാണ്‌ പല ഉദ്ധ്യോഗസ്ഥരും റെയ്ഡില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തുടങ്ങിയത്‌.
    ഒരര്‍ത്ഥത്തില്‍ റെയ്ഡ് പെട്ടെന്ന്‌ നിറുത്തേണ്ടി വന്നതും ഇതുകൊണ്ടുതന്നെയായിരുന്നു.
    ഈ ഡീലില്‍ സിങിന്‌ 1 കോടി ലഭിച്ചെന്നാണ്‌ പറയപ്പെടുന്നത്‌.
    മോസര്‍ ബെയറിനു വേണ്ടി കേരളത്തിലേതു പോലെ ഒരു നീക്കം ആന്ധ്രയിലും ഉണ്ടായിരുന്നു വെന്നുകൂ
    ടി അറിയുമ്പോളാണ്‌ വസ്തുതകള്‍ കൂടുതല്‍ വ്യക്തമാകുന്നത്‌

    ഇതിന്‌ മറ്റൊരു തെളിവുകൂടിയുണ്ട്‌.
    കേരളത്തിലെ വ്യാജ സി.ഡി.യുടെ കേന്ദമെന്ന്‌ സര്‍ക്കര്‍ തന്നെ അംഗീകരിച്ചിട്ടുള്ള ഭീമാ പള്ളി പരിസരത്തെ ഇത്തവണ രെയ്ഡില്‍നിന്നും ഒഴിവാക്കി നിര്‍ത്തിയത് യഥാര്‍ത്ഥത്തില്‍ അവര്‍ ആരെയാണ്‌ ഉന്നം വെച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്‌.