Saturday, March 1, 2008

PALANIAPPAN ചിദംബരത്തില്‍നിന്ന്‌ POLL ചിദംബരത്തിലേക്കുള്ള ട്രപ്പീസ്‌ അഭ്യാസം

തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ജനക്ഷേമകരമായ പദ്ധതികള്‍ കുത്തിനിറച്ചും നികുതികള്‍ വെട്ടിക്കുറച്ചും വാഗ്ദാനങ്ങള്‍ വാരിക്കോരി വിതറിയും ബജറ്റ്‌ അവതരിപ്പിക്കുക എന്ന വഞ്ചന തന്നെയാണ്‌ ഇന്നലെ ധനമന്ത്രി ചിദംബരം നടത്തിയത്‌. ദശാബ്ദങ്ങളായി തുടര്‍ന്നുപോരുന്ന ഈ ജനവഞ്ചന മധുരതരവും സ്വീകാര്യവുമാക്കാന്‍ മാനേജ്മെന്റ്‌ വിദഗ്ധനായ ചിദംബരത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌ എന്ന്‌ സമ്മതിക്കണം.

കാര്‍ഷികമേഖലയ്ക്ക്‌ നല്‍കിയ പ്രാധാന്യം അതിന്റെ പ്രഥമ തെളിവാണ്‌. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലാണ്‌ കാര്‍ഷികമേഖല എന്ന്‌ അറിഞ്ഞിട്ടും കര്‍ഷകരെ അവരുടെ കൃഷിയിടത്തില്‍ നിന്ന്‌ തുരത്തി ബഹുരാഷ്ട്ര മൂലധന ശക്തികളുമായി ചേര്‍ന്ന്‌ വ്യവസായവല്‍ക്കരണമെന്ന പേരില്‍ രാജ്യത്തിന്റെ ഈടുവയ്പുകള്‍ വിറ്റുതുലയ്ക്കുന്നതില്‍ മന്‍മോഹന്‍ സിംഗിനെ പോലെതന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിയാണ്‌ പളനിയപ്പന്‍ ചിദംബരം. ഇതിനായി പ്രത്യേക സാമ്പത്തികമേഖലകള്‍ ഒരുക്കുകയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും വിറ്റഴിക്കുകയും ചെയ്ത ചരിത്രമുള്ള ചിദംബരം തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ കര്‍ഷകരിലേക്ക്‌ ശ്രദ്ധതിരിച്ചത്‌ തികഞ്ഞ കൗശല ബുദ്ധിയോടെയാണ്‌. എങ്കിലും രണ്ടു ഹെക്ടറില്‍ താഴെയുള്ള കര്‍ഷകരുടെ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ 60,000 കോടി രൂപ വകയിരുത്തിയത്‌ പരക്കെ കയ്യടി നേടിയ നടപടിയാണ്‌. കേരളത്തിനും ഇതിന്റെ ഒരു വിഹിതം കിട്ടേണ്ടതാണ്‌. ഇടുക്കി, വയനാട്‌, പാലക്കാട്‌ തുടങ്ങിയ ജില്ലകളിലെ കര്‍ഷകര്‍ക്ക്‌ പ്രതീക്ഷയ്ക്ക്‌ വകയായിട്ടുണ്ട്‌. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്‌. അടുത്ത മന്ത്രിസഭ ഈ തുക അനുവദിക്കുകയും അതിന്റെ വിതരണം ന്യായമായും നീതിപൂര്‍വകമായും നടത്തുകയും ചെയ്താല്‍ മാത്രമേ ഈ പ്രതീക്ഷകള്‍ക്ക്‌ പുതുനാമ്പുകള്‍ ഉണ്ടാവുകയുള്ളൂ. അത്‌ കാത്തിരുന്നു കാണേണ്ടതാണ്‌.

ഇതേപോലെ തന്നെ സാധാരണ ജനങ്ങള്‍ ഹൃദയം തുറന്ന്‌ അഭിനന്ദനത്തോടെ സ്വീകരിക്കുന്നതാണ്‌ ജീവന്‍ രക്ഷാ മരുന്നുകളുടെ നികുതിയില്‍ എട്ടു ശതമാനം കുറവ്‌ ഏര്‍പ്പെടുത്തിയത്‌. ഏതു കുടുംബത്തിന്റെയും ബജറ്റ്‌ തകര്‍ക്കുന്നതാണ്‌ രോഗവും ചികിത്സയും. ഔഷധത്തിന്‌ ചെലവിടുന്ന തുകയാണ്‌ ഇതില്‍ ഭൂരിപക്ഷവും അപഹരിക്കുന്നത്‌. ജീവിതകാലം മുഴുവന്‍ ഔഷധസേവ ഒഴിച്ചുകൂടാന്‍ കഴിയാത്തവരെ സംബന്ധിച്ചിടത്തോളം സാധാരണക്കാര്‍ക്കും ഈ നിര്‍ദേശം ആശ്വാസകരം തന്നെയാണ്‌.

വിദ്യാഭ്യാസമേഖലയ്ക്ക്‌ നല്‍കിയിട്ടുള്ള ഊന്നലും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്‌. പ്രത്യേകിച്ച്‌ ഉച്ചക്കഞ്ഞി വിതരണത്തിന്‌ കൂടുതല്‍ തുക നീക്കിവച്ചത്‌ ഉത്തരേന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍നിന്നും വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കാന്‍ സഹായകമാകും. അതുപോലെ തന്നെ അംഗന്‍വാടി അധ്യാപകരുടെയും സഹായികളുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ എടുത്ത തീരുമാനവും സാര്‍വജനീനമായ അഭിനന്ദനം നേടിയെടുത്തിട്ടുണ്ട്‌.

ആദായ നികുതിയില്‍ വരുത്തിയ ഇളവ്‌ ശമ്പളക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്‌ വകനല്‍കും. ഇത്തവണ ഇക്കാര്യത്തില്‍ സ്ത്രീകളെയും മുതിര്‍ന്ന പൗരന്മാരേയും പ്രത്യേകം പരിഗണിച്ചത്‌ അഭിനന്ദനാര്‍ഹമാണ്‌. കമ്പിയുടെയും സിമന്റിന്റേയും വില കൂട്ടുന്നതും സിഗരറ്റ്‌, മൊബെയില്‍ എന്നിവയുടെ വില വര്‍ധിപ്പിക്കുന്നതും സാധാരണക്കാരുടെ പോക്കറ്റ്‌ ചോര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ത്രിചക്ര വാഹനങ്ങളുടെ എക്സൈസ്‌ തീരുവയും, ചെറുകാറുകളുടെ എക്സൈസ്‌ തീരുവയും ഇരുചക്ര വാഹനങ്ങളുടെ എക്സൈസ്‌ തീരുവയും കുറയ്ക്കുമ്പോള്‍ ഇടത്തരക്കാരുടെ ചില സ്വപ്നങ്ങള്‍ക്ക്‌ പുതിയ ചക്രങ്ങള്‍ ലഭിക്കുമെങ്കിലും ഇന്ധന വിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കുടുംബ ബജറ്റ്‌ അട്ടിമറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വിദ്യാഭ്യാസമേഖലയില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന കേരളം വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്‌ ഒരു ഐഐടി. എന്നാല്‍ അത്‌ നല്‍കി അനുഗ്രഹിക്കാനുള്ള മനസ്‌ ചിദംബരത്തിന്‌ ഇല്ലാതെ പോയി. പുതുതായി തുടങ്ങുന്ന പതിനാറ്‌ യൂണിവേഴ്സിറ്റികളില്‍ ഒരെണ്ണം മാത്രമാണ്‌ കേരളത്തിനായി മാറ്റിവച്ചത്‌.

ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മെട്രോ റെയിലിന്‌ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. ഇതിന്‌ ചിദംബരം മാത്രമല്ല കുറ്റക്കാരന്‍. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ധനവകുപ്പിനെയും പ്ലാനിംഗ്‌ വകുപ്പിനെയും ബോധ്യപ്പെടുത്തി ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ലോബിയിംഗ്‌ നടത്തേണ്ടിയിരുന്നത്‌ എംപിമാരടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ധനവിദഗ്ധരുമാണ്‌. അക്കാര്യത്തില്‍ കേരളത്തിന്‌ ഇല്ലാതെപോയ ഐക്യമാണ്‌ ബജറ്റിലെ തിരസ്ക്കാരങ്ങള്‍ക്ക്‌ കാരണം.

സംസ്ഥാനത്തിന്റെ നികുതിവിഹിതത്തില്‍ കഴിഞ്ഞ ബജറ്റിനേക്കാള്‍ 900 കോടിയിലധികം വര്‍ധന വരുത്തിയിട്ടുണ്ടെങ്കിലും ആ തുക കൃത്യസമയത്ത്‌ കൃത്യഗഡുക്കളായി ലഭിക്കുമ്പോള്‍ മാത്രമേ പ്രയോജനപ്രദമാകുകയുള്ളൂ.

ഇതെല്ലാം ചിദംബരം അവതരിപ്പിച്ച ബജറ്റ്‌ വായനയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളാണ്‌. ഇതില്‍ ഇനി ഭരണത്തിലേറുന്ന കേന്ദ്ര മന്ത്രിസഭ എന്തെല്ലാം വ്യത്യാസങ്ങള്‍ വരുത്തും, എന്തെല്ലാം അനുവദിക്കും, അന്നത്തെ പണപ്പെരുപ്പ നിരക്ക്‌ എന്തായിരിക്കും, അന്നത്തെ വിലനിലവാരം എങ്ങനെയായിരിക്കും എന്ന ഘടകങ്ങളെ ആശ്രയിച്ചാണ്‌ പ്രയോജനങ്ങള്‍ സാര്‍ഥകമാകുക, പ്രതീക്ഷകള്‍ സഫലമാകുക. ഏതായാലും ജഅഘഅചകഅജജഅച ചിദംബരത്തില്‍നിന്ന്‌ ജഛഘഘ ചിദംബരത്തിലേക്കുള്ള ട്രപ്പീസ്‌ അഭ്യാസത്തിന്റെ കണക്കുകള്‍ ഗംഭീരമാണ്‌, അതിന്റെ അവതരണം തികച്ചും പ്രൊഫഷണലുമാണ്‌.

0 comments :