Monday, March 10, 2008

നിലവിളിയ്ക്ക്‌ നിറഭേദമില്ല, കണ്ണീരിന്‌ രുചി വ്യത്യാസവും

തെരുവില്‍ വെട്ടിവീഴ്ത്തപ്പെടുന്നവന്റെ ബന്ധുക്കളുടെ നിലവിളികള്‍ക്ക്‌ നിറഭേദമില്ലെന്നും അവരുടെയെല്ലാം കണ്ണീരുപ്പിന്‌ ഒരേ സാന്ദ്രതയാണെന്നും രാഷ്ട്രീയ വൈര്യം മൂലം സൃഷ്ടിക്കപ്പെടുന്ന അനാഥത്വം അപരിഹാര്യമാണെന്നും ആര്‍എസ്‌എസ്‌- ബിജെപി 'ശിങ്ക'ങ്ങളും മാര്‍ക്സിസ്റ്റ്‌ സഖാക്കളും ഇനി എന്നാണ്‌ മനസിലാക്കുക....

കഴിഞ്ഞ മൂന്ന്‌ ദശാബ്ദത്തിലേറെയായി കണ്ണൂരിന്റെ തെരുവീഥികളില്‍ രാഷ്ട്രീയ വൈരാഗ്യം പച്ചമനുഷ്യനെ വെട്ടിവീഴ്ത്തി ചോരപ്പുഴയൊഴുക്കി അട്ടഹസിച്ചലറുമ്പോള്‍ ഞെട്ടിവിറയ്ക്കുന്നത്‌ കേരളം മുഴുവനുമാണ്‌, മലയാളികളെല്ലാവരുമാണ്‌. ഭയത്തിന്‌ വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ലെന്ന്‌ ഇനിയെങ്കിലും രാഷ്ട്രീയ വേതാളങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലെന്ന പ്രാര്‍ത്ഥന ഏത്‌ ബധിര ദൈവ കര്‍ണ്ണത്തിലാണ്‌ പതിക്കുന്നത്‌....

കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക്‌ രാഷ്ട്രീയത്തിന്റെ മാനം നല്‍കി അവയ്ക്ക്‌ ബലിദാനത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും രൂപം നല്‍കി നേതാക്കന്മാര്‍ ആഹ്ലാദിക്കുമ്പോള്‍ കൊലക്കത്തിക്ക്‌ ഇരയാകുന്നത്‌ നിരപരാധികളായ യുവാക്കളും തോരാക്കണ്ണീരിലേക്കും നിത്യനിസ്സഹായതയിലേക്കും അനാഥത്വത്തിലേക്കും വലിച്ചെറിയപ്പെടുന്നത്‌ അവരുടെ ആശ്രിതരുമാണ്‌.

ഇതെല്ലാം ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞ കാര്യങ്ങള്‍...

നാലുദിവസത്തിനുശേഷം കണ്ണൂരില്‍ ഇപ്പോഴുണ്ടായ ശാന്തതയും ആവര്‍ത്തനം മാത്രം.

രാഷ്ട്രീയ കൊലയും അതിന്റെ രീതിശാസ്ത്രങ്ങളും ഉപേക്ഷിക്കാന്‍ ഒരു പാര്‍ട്ടിയും തയ്യാറല്ലാതെയാണ്‌ സമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങള്‍ മുഴക്കുന്നതും ആ ഇടവേളകളില്‍ പുതിയ ആയുധങ്ങള്‍ രാകി മൂര്‍ച്ചകൂട്ടി പുതിയ ഇരകള്‍ക്കായി കെണിയൊരുക്കുന്നതും.

ഈ കെണിയൊരുക്കലിന്‌ അന്യോന്യം മത്സരിക്കുകയാണ്‌ ആര്‍എസ്‌എസ്‌ ബിജെപി പ്രവര്‍ത്തകരും മാര്‍ക്സിസ്റ്റ്‌ സഖാക്കളും കോണ്‍ഗ്രസ്സ്‌ അനുഭാവികളും എന്‍ഡിഎഫ്‌ തീവ്രവാദികളും.

1977 ല്‍ കോണ്‍ഗ്രസ്സ്‌-മാര്‍ക്സിസ്റ്റ്്‌ സംഘട്ടനമായിട്ടാണ്‌ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പര ആരംഭിക്കുന്നത്‌. ആ ഏറ്റുമുട്ടലുകളില്‍ സിപിഎമ്മിലെയും കോണ്‍ഗ്രസ്സിലേയും 16 നിരപരാധികള്‍ കൊലക്കത്തിക്കിരയായി. 80-82 കാലഘട്ടങ്ങളില്‍ കണ്ണൂരില്‍ കൊലവിളി മുഴക്കിയത്‌ ആര്‍എസ്‌എസും സിപിഎമ്മുമായിരുന്നു. 24 ജീവിതങ്ങളാണ്‌ ഈ കൊലവിളിക്ക്‌ ബലിയായത്‌. 90 കഴിഞ്ഞതോടെ ആര്‍എസ്‌എസും സിപിഎമ്മും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാകുകയും വര്‍ഷത്തില്‍ കുറഞ്ഞത്‌ അഞ്ചുപേരുടെ ജഡമെങ്കിലും വെട്ടേറ്റ്‌ പാതയോരത്ത്‌ കിടന്ന്‌ പിടഞ്ഞു മരിക്കുന്നതും നിത്യസംഭവമായി.

ഇപ്പോള്‍ കണ്ണൂരിനെ സംഘര്‍ഷഭരിതമാക്കിയ കൊലപാതക പരമ്പര ആരംഭിച്ചത്‌ ആര്‍എസ്‌എസുകാരായിരുന്നു. നാലുമാസത്തിനിടയില്‍ അഞ്ച്‌ മാര്‍ക്സിസ്റ്റുകാരെ വകവരുത്തിക്കൊണ്ട്‌ അവര്‍ നടത്തിയ മൃത്യുതാണ്ഡവത്തിന്‌ അതേ തലത്തില്‍ മറുപടി പറയാന്‍ മാര്‍ക്സിസ്റ്റുകാരന്‍ തയ്യാറായപ്പോഴാണ്‌ നിരപരാധികളായ ഏഴുപേര്‍ കാലപുരി പൂകിയത്‌.

സംസ്കാരവും വിവേകവുമുള്ള മനുഷ്യവര്‍ഗ്ഗത്തിന്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്‌ ആയുധം ഉപയോഗിച്ചുള്ള രാഷ്ട്രീയ സമവാക്യം സൃഷ്ടിക്കല്‍. നഷ്ടപ്പെടുന്നവന്റെ ആശ്രിതരുടെ നിത്യനിസഹായതയ്ക്കൊപ്പം അത്‌ വളര്‍ന്നുവരുന്ന തലമുറയില്‍ പുതിയ പ്രതികാരത്തിന്റെ ആയുധങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കും എന്നുള്ളതുകൊണ്ടാണ്‌ ഇത്തരം പൈശാചിക രാഷ്ട്രീയ രീതികള്‍ വെടിയണമെന്ന്‌ നേതൃത്വങ്ങളോട്‌ അണികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്‌.

എന്നാല്‍ ഈ ആവശ്യം പുല്ലുപോലെ തള്ളിക്കളയാന്‍ തങ്ങള്‍ക്ക്‌ ഉളുപ്പില്ലെന്ന്‌ തെളിയിക്കുകയായിരുന്നു കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ സിപിഎമ്മിന്റെ ആസ്ഥാന മന്ദിരത്തിനുനേരെ ആര്‍എസ്‌എസ്‌ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലൂടെ. ഒരു സംസ്ഥാനത്തു നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക്‌ ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ പരിഹാരം തേടി പ്രതിഷേധത്തിന്‌ പാര്‍ട്ടികളൊരുങ്ങിയാല്‍ സംഘട്ടനമൊഴിഞ്ഞ ഒരു ദിവസം പോലും ന്യൂഡല്‍ഹിയില്‍ ഉണ്ടാവുകയില്ല. ന്യൂഡല്‍ഹിയിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ആശങ്കയല്ല മറിച്ച്‌ ഒരു സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷം ദേശീയ പ്രശ്നമായി രൂപപ്പെടുത്തുന്നതിലെ അപകടമാണ്‌ ചിന്താവിഷയം. ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും ഇക്കാര്യത്തിലെ ന്യായം ബോധമുള്ള ഒരു മനുഷ്യനും സ്വീകാര്യമല്ല. വടിത്തല്ലിന്റെയും വടിവാള്‍ സംസ്കാരത്തിന്റെയും ത്രിശൂല നൃശംസതയുടെയും വേതാളങ്ങളായി പരിണമിക്കാന്‍ തങ്ങള്‍ക്ക്‌ മടിയില്ല എന്നാണ്‌ ഈ പ്രവൃത്തിയിലൂടെ ആര്‍എസ്‌എസുകാര്‍ വ്യക്തമാക്കിയത്‌.

ഇതേ മാരണനയം തന്നെയാണ്‌ കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറല്ല എന്ന്‌ വ്യക്തമാക്കിയതിലൂടെ ആര്‍എസ്‌എസ്‌ ബിജെപി സംസ്ഥാനഘടകം ആവര്‍ത്തിക്കുന്നത്‌. ഈ കൊലയാളി രാഷ്ട്രീയത്തില്‍ നിന്ന്‌ അണികളെ പിന്തിരിപ്പിക്കാന്‍ പികെ കൃഷ്ണദാസ്‌ അടക്കമുള്ളവര്‍ തയ്യാറായേ തീരൂ. കണക്കെടുപ്പില്‍ മാര്‍ക്സിസ്റ്റ്‌ ജഡങ്ങളാണ്‌ കൂടുതലുള്ളതെന്ന്‌ കൃഷ്ണദാസ്‌ അടക്കമുള്ളവര്‍ മനസിലാക്കേണ്ടതുമുണ്ട്‌.

0 comments :