Friday, March 7, 2008

സര്‍ക്കാരിന്‌ ആശ്വസിക്കാം; ഒരു നക്സലൈറ്റ്‌ യാത്രയായി!

പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ക്രൂരമായി ലംഘിക്കപ്പെടുമ്പോള്‍ ഒന്നുകില്‍ അതിന്‌ അരുനില്‍ക്കുക അല്ലെങ്കില്‍ അത്‌ കണ്ടില്ലെന്ന്‌ നടിച്ച്‌ മാറിനില്‍ക്കുക- എന്നിട്ട്‌ മനുഷ്യാവകാശത്തിനും പൗരാവകാശത്തിനും വേണ്ടി പോരാടുന്നവരെയും പ്രതിരോധം ഉയര്‍ത്തുന്നവരെയും നക്സലൈറ്റുകളെന്ന്‌ വിശേഷിപ്പിക്കുക; ഇതാണിപ്പോള്‍ വിഎസ്‌ സര്‍ക്കാരിന്റെ ഒരു സ്റ്റെയില്‍.

ചെങ്ങറയിലും മൂലമ്പിള്ളിയിലും എരയാംകുടിയിലും അടക്കം എവിടെയെല്ലാം അടിച്ചമര്‍ത്തപ്പെടുന്നവരും ദുര്‍ബല ജനവിഭാഗങ്ങളും അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നുവോ അവിടെയെല്ലാം നക്സലൈറ്റുകളെന്ന പോസ്റ്റര്‍ സ്ഥാപിക്കാന്‍ വല്ലാതെ തിടുക്കപ്പെടുകയാണ്‌ മുഖ്യമന്ത്രി അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും.

അധ്വാനിക്കുന്ന ജനവിഭാഗത്തിനുവേണ്ടി വായ്ത്താരി ഉതിര്‍ക്കുന്ന ഈ വിപ്ലവ വായാടിത്തങ്ങളുടെ ഉറക്കം കെടുത്തുന്ന, കത്തുന്ന സത്യങ്ങളെയാണ്‌ നക്സലൈറ്റുകളെന്ന്‌ ചാപ്പകുത്തി ആശ്വസിക്കാന്‍ ഇവരെല്ലാം ശ്രമിക്കുന്നത്‌.

അതെ, അവര്‍ക്കാശ്വസിക്കാം, നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണന്‍തന്നെ നക്സലൈറ്റ്‌ എന്ന്‌ വിശേഷിപ്പിച്ച ഒരു യുവാവ്‌ ക്ഷയരോഗം ബാധിച്ച്‌ കാലപുരി പ്രാപിച്ചിരിക്കുന്നു!

വിശപ്പു സഹിക്കാനാവാതെ ഒരു പുരോഹിതന്റെ വീട്ടില്‍ നിന്ന്‌ ഒരുപിടി ചോറ്‌ ആ പുരോഹിതന്റെ പുത്രന്റെ സാന്നിധ്യത്തില്‍ എടുത്തുതിന്നതാണ്‌ ഈ യുവാവ്‌ ചെയ്ത പാതകം. യുവാവിന്റെ പേര്‌ ബോധപൂര്‍വ്വം വിട്ടുകളയുകയാണ്‌. കാരണം പേരല്ല വ്യക്തിയാണ്‌ ഇവിടെ പ്രധാനം. പൗരോഹിത്യവും രാജ്യഭാരവുമല്ല വിശപ്പാണ്‌ ഇവിടെ വിഷയം.

ബലമായി ചോറെടുത്ത്‌ തിന്നതിന്റെ പേരില്‍ എ.കെ. വര്‍ഗീസ്‌ എന്ന പുരോഹിതന്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചപ്പോള്‍ ആ കുട്ടി ഒളിവില്‍ പോയി. അന്ന്‌ പുരോഹിതന്റെ പുത്രനോടൊപ്പം മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു വിശപ്പെരിയുന്ന ആ വയറ്‌. ജന്മം കൊണ്ട്‌ ആദിവാസി.

വിശക്കുന്നവന്റെ മുന്നില്‍ ആഹാരമായി ദൈവം അവതരിക്കുമെന്നും അഞ്ചപ്പംകൊണ്ട്‌ അയ്യായിരം പേരെ പോഷിപ്പിച്ചത്‌ ക്രിസ്തുവിന്റെ അത്ഭുതപ്രവൃത്തിയാണെന്നും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണമെന്നും അള്‍ത്താരയില്‍ നിന്ന്‌ ആഹ്വാനം ചെയ്തിരുന്ന പുരോഹിതനാണ്‌ ഒരുപിടി ചോറെടുത്ത്‌ തിന്ന ആദിവാസി ബാലനെതിരെ പോലീസില്‍ കേസുകൊടുത്തത്‌. ആദിവാസിയുടെ വിശപ്പിനേക്കാള്‍ പുരോഹിതന്റെ പച്ചനോട്ടിന്‌ പ്രാധാന്യം നല്‍കിയ പോലീസ്‌ ആദിവാസി ബാലനുവേണ്ടിയുള്ള വേട്ട ശക്തമാക്കി. പക്ഷെ അന്ന്‌ ആ ബാലനെ പിടികൂടാന്‍ പോലീസിന്‌ കഴിഞ്ഞില്ല.

ഒരു വ്യാഴവട്ടത്തിന്‌ ശേഷമാണ്‌ യുവാവായ ആ വ്യക്തിയെ പോലീസ്‌ അറസ്റ്റുചെയ്തത്‌. വിശപ്പും ഒളിവു ജീവിതവും അതിന്റെ സംഘര്‍ഷങ്ങളും ആദിവാസികള്‍ ദശാബ്ദങ്ങളായി അനുഭവിക്കുന്ന എല്ലാവിധത്തിലുമുള്ള ഇല്ലായ്മകളും മൂലം ക്ഷയരോഗ ബാധിതനായിരുന്നു പോലീസ്‌ അറസ്റ്റുചെയ്യുമ്പോള്‍ യുവാവ്‌- വിവാഹിതനും.

വിചാരണകോടതി പോലീസ്‌ ഹാജരാക്കിയ മഹസ്സര്‍ അപ്പാടെ അംഗീകരിച്ച്‌ യുവാവിന്‌ ജയില്‍ശിക്ഷ വിധിച്ചു. 22 വയസുള്ളപ്പോള്‍ പുരോഹിതന്റെ വീട്‌ അതിക്രമിച്ചു കയറിയെന്നും ഭക്ഷണമുള്‍പ്പെടെയുള്ള സാധനങ്ങള്‍ കവര്‍ന്നെടുത്തു എന്നുമായിരുന്നു എഫ്‌ഐആര്‍. അതിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതി യുവാവിനെ രണ്ടുവര്‍ഷത്തെ കഠിന തടവിന്‌ ശിക്ഷിച്ചു.

എകെ വര്‍ഗീസെന്ന പുരോഹിതന്റെയും അദ്ദേഹത്തിന്റെ കള്ളത്തരത്തിന്‌ കൂട്ടുനിന്ന പോലീസ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെയും കോടതിയുടെയും നീതിരഹിതമായ നടപടിക്കെതിരെ പോരാട്ടം പ്രവര്‍ത്തകര്‍ ആഞ്ഞടിക്കുകയും ആ പ്രതിഷേധത്തില്‍ എ കെ വര്‍ഗീസിന്റെ വീട്‌ തകര്‍ക്കപ്പെടുകയും ചെയ്തു. മോങ്ങാനിരുന്ന നായുടെ തലയില്‍ വീണ തേങ്ങയായിരുന്നു ഈ സംഭവം. യുവാവും വീട്ടുകാരും ബന്ധുക്കളും അടക്കമുള്ള ആദിവാസികള്‍ നക്സലൈറ്റുകളാണെന്ന്‌ അതോടെ കോടിയേരി ബാലകൃഷ്ണനും ബാലകൃഷ്ണന്റെ പോലീസും വിധിയെഴുതി. രാഷ്ട്രാന്തര കുറ്റവാളിയായ ശോഭരാജിന്റെ പേരാണ്‌ പോലീസ്‌ രേഖകളില്‍ യുവാവിന്‌ ഏമാന്മാര്‍ ചാര്‍ത്തിക്കൊടുത്തത്‌.

ക്ഷയരോഗ ബാധിതനായ യുവാവിന്‌, അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. വിവരമറിഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ഒടുവില്‍ കേരള ഹൈക്കോടതി യുവാവിന്‌ ജാമ്യം അനുവദിച്ചു. ജാമ്യം നേടി ഗൃഹത്തിലെത്തിയ യുവാവിന്‌ ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക്‌ രൂക്ഷമായിരുന്നു രോഗാവസ്ഥ.

ജാമ്യാപേക്ഷയില്‍ വാദം കേട്ട ഹൈക്കോടതിക്ക്‌, കീഴ്കോടതി നീതിപൂര്‍വ്വകമല്ല ഈ കേസില്‍ വിധി പറഞ്ഞെതെന്ന്‌ ബോധ്യമാകുകയും അതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം തേടുകയും ചെ്‌യതു. കീഴ്കോടതിയുടെ വിശദീകരണം സ്വീകാര്യമല്ലാത്തതുകൊണ്ട്‌ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട്‌ ജഡ്ജിനോട്‌ കൂടുതല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. ഇതിനിടെ നക്സലൈറ്റെന്നാരോപിച്ച്‌ യുവാവിന്റെ ഭാര്യയെയും അമ്മയെയും പോലീസ്‌ അറസ്റ്റുചെയ്തിരുന്നു. അങ്ങനെ ഒരു പുരോഹിതന്റെയും പോലീസ്‌ ഡിപ്പാര്‍ട്ട്‌ മെന്റിന്റെയും നീതിന്യായവ്യവസ്ഥയുടെ ഒരു വിഭാഗത്തിന്റെയും കൊടും ക്രൂരതയ്ക്ക്‌ വിധേയനായ ആ യുവാവ്‌ കഴിഞ്ഞയാഴ്ച അന്ത്യശ്വാസം വലിച്ചു.

അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും ആശ്വസിക്കാം ഒരു നക്സലൈറ്റ്‌ ഇല്ലാതെയായി!

0 comments :