Monday, March 3, 2008

വെട്ടുകൊള്ളാത്തവരില്ല കുരുക്കളില്‍...

വെട്ടിയവരുടേയും വെട്ടുകൊണ്ടവരുടേയും വെട്ടിച്ചുതിന്നവരുടേയും ചരിത്രമാകുന്നു കേരള രാഷ്ട്രീയ ചരിത്രം.

വ്യവസ്ഥകളെ വെട്ടിനിരത്തിയ ധീരദേശാഭിമാനികളുടെ ചരിത്രം സൗകര്യപൂര്‍വം മറന്നുകളയുന്ന ചരിത്രവും കേരളത്തിന്‌ സ്വന്തം.

സര്‍ സിപി എന്ന ഏകാധിപതിയെ നേരിട്ടുചെന്നുവെട്ടിയ ധീരദേശാഭിമാനി കെസിഎസ്‌ മണിയെ കഴിഞ്ഞ ദിവസം പ്രതിമയാക്കി ഒതുക്കിയിരിക്കുന്നു ചിലര്‍. മണിയെക്കുറിച്ച്‌ ഓര്‍ത്താല്‍പോലും കിടക്കപ്പായില്‍, അല്ലെങ്കില്‍ ഉടുതുണിയില്‍ മൂത്രമൊഴിച്ചുപോകുന്നതരം ഭീരുക്കളാണ്‌ ഇപ്പോള്‍ മണിയെ പ്രതിമയാക്കാന്‍ നടന്നത്‌.

എന്നാല്‍ വെട്ടുകൊണ്ടവരും വെട്ടിനിരത്തപ്പെട്ടവരും പ്രതിമയായും അല്ലാതെയും ഒരുപാടുണ്ട്‌ കേരളത്തില്‍. മണിയുടെ പ്രതിമ അനാഛാദനം ചെയ്ത അന്തോണിച്ചന്‍ കൊണ്ട വെട്ടുകള്‍ക്ക്‌ കയ്യും കണക്കുമില്ല. ഒരു കണക്കിനാണ്‌ വെട്ടുപേടിച്ച്‌ ആശാന്‍ ഡല്‍ഹിയില്‍ പോയി രക്ഷപ്പെട്ടിരിക്കുന്നത്‌.

പ്രതിമ അനാഛാദനചടങ്ങില്‍ സിപിഎമ്മിനെയും വിശിഷ്യ പിണറായി വിജയനേയും നാവുകൊണ്ട്‌ ഒരുപാട്‌ വെട്ടിയ സഖാവ്‌ എം.വി. രാഘവന്റെ കാര്യംതന്നെ എടുക്കുക. സിപിഎമ്മിനുവേണ്ടി രാഘവനൊഴുക്കിയ വിയര്‍പ്പിന്‌ വല്ല കയ്യുംകണക്കുമുണ്ടോ? ബദല്‍രേഖ എന്ന രേഖ സഖാവിന്റെ ശിരോരേഖയെ വരെ വെട്ടിനിരത്തിയില്ലേ. അക്കാലംവരെ രാഘവന്‍ നാവുകൊണ്ട്‌ വെട്ടി തുണ്ടംതുണ്ടമാക്കിയ സാക്ഷാല്‍ ലീഡറുടെ മടിയിലാണല്ലോ ഒടുവില്‍ വെട്ടുകൊണ്ട്‌ ചെന്നുവീണത്‌.

എന്തായാലും കെസിഎസ്‌ മണി ഇപ്പോഴൊന്ന്‌ പുനര്‍ജനിച്ചാലത്തെ കാര്യമൊന്നോര്‍ക്കുന്നത്‌ നല്ലതാണ്‌. സിപിയെ വെട്ടിയ മണി, ഇപ്പോള്‍ ആരെയൊക്കെ വെട്ടും, ആരെയൊക്കെ വെറുതെ വിടും? ഇനിയിപ്പോള്‍ പേടിക്കേണ്ട. ഒരു കണക്കിന്‌ മണിയെ പ്രതിമയാക്കി ഒതുക്കി.

ഇനി കാക്കയായി കാക്കയുടെ പാടായി. കാക്ക കാഷ്ഠത്തിന്റെ അഭിഷേകമാണിനി മണിയുടെ നെറുകയില്‍!

കഷ്ടം!

0 comments :