ചെങ്ങറയിലെ 'നക്സലൈറ്റ് കൂട്ടങ്ങള്‍' സര്‍ക്കാരിനെ മുട്ടുകുത്തിക്കുന്നു
ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി ലോകത്തിനാകെ മാതൃക കാട്ടി എന്ന് അഭിമാനിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളത്തില്‍ ആദിവാസികളും ഭൂരഹിത കര്‍ഷകരും കിടപ്പാടം പോലുമില്ലാതെ ദശാബ്ദങ്ങളായി ദുരിതമനുഭവിക്കുമ്പോള്‍ സ്മാര്‍ട്ട് സിറ്റിയും സൈബര്‍ സിറ്റിയും നാലുവരി പാതകളും നിര്‍മിക്കാനും അതിനായി മനുഷ്യത്വ രഹിതവും ഭരണഘടനാ വിരുദ്ധവുമായി കുടിയിറക്ക് നടത്താനുമാണ് സര്‍ക്കാരിന് താല്‍പ്പര്യം, പ്രതിബദ്ധത.
ഈ നീചതയ്ക്ക് പരിസരമൊരുക്കാന്‍ പ്രതിഷേധിക്കുന്നവരെ നക്സലൈറ്റുകളെന്ന് ചാപ്പ കുത്തി പ്രാന്തവല്‍ക്കരിക്കുകയാണ് മുഖ്യമന്ത്രി അച്യുതാനന്ദന്‍. മൂലമ്പിള്ളിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ ഇന്നും പാതയോരത്തും സ്കൂള്‍മുറ്റത്തും പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങളുമായി കഴിയുമ്പോഴും പ്രശ്നം പരിഹരിക്കാന്‍ താല്‍പ്പര്യമില്ലാതെ, വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടിയുള്ള കുടിയിറക്ക് യജ്ഞം തുടരാനാണ് സര്‍ക്കാരിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ത്വര.
ആ ത്വരയുടെ ആയുധശക്തിയെ പരാജയപ്പെടുത്തിയിരിക്കുകയാണ് ചെങ്ങറയിലെ ആദിവാസികള്‍. ജീവിക്കാന്‍ അഞ്ചേക്കര്‍ ഭൂമിയും വീടുവയ്ക്കാന്‍ 50,000 രൂപയും ആവശ്യപ്പെട്ടാണ് സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഏഴുമാസം മുമ്പ് പത്തനംതിട്ട ജില്ലയിലെ കുമ്പഴത്തോട്ടം എന്നറിയപ്പെടുന്ന ഹാരിസണ്‍ന്റെ എസ്റ്റേറ്റ് കൈയേറി കുടില്‍ കെട്ടി സമരമാരംഭിച്ചത്.
സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും ജാതിമത ഭേദമില്ലാതെ ഭൂരഹിതരായവരാണ് ഇവിടെ ഏഴായിരം കുടിലുകള്‍ കെട്ടി തങ്ങളുടെ ന്യായമായ അവകാശത്തിനു വേണ്ടിയുള്ള സമരം ആരംഭിച്ചത്.
കഴിഞ്ഞ ഏഴുമാസമായി സമര നേതാക്കളുമായി ചര്‍ച്ച ചെയ്യാനോ പ്രശ്നം പരിഹരിക്കാനോ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയുടെ സര്‍ക്കാരും സഖാക്കളും മനസ് കാണിച്ചില്ല. പകരം ഇവരെയും നക്സലൈറ്റുകളായി മുദ്രയടിക്കാനായിരുന്നു ഉത്സാഹം. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം യാതൊരു ഉളുപ്പുമില്ലാതെ നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തതാണ്.
മിച്ചഭൂമി സമരം നടത്തി ചരിത്രം സൃഷ്ടിച്ച എ കെ ഗോപാലന്റെ പിന്മുറക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. അനധികൃതമായി റവന്യൂ ഭൂമി കൈയേറിയവരെ തുരത്തുമെന്ന് വീമ്പിളക്കി നാടാകെ പ്രസംഗിച്ചു നടന്ന് അധികാരത്തിലേറിയ വ്യക്തിയാണ് വി എസ് അച്യുതാനന്ദന്‍. മൂന്നാറില്‍ മാത്രം ടാറ്റ കമ്പനി 50,000ല്‍ അധികം ഏക്കര്‍ കൈയേറിയിട്ടുണ്ടെന്ന് സ്ഥാപിച്ച വ്യക്തികൂടിയാണ് അച്യുതാനന്ദന്‍. മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ നാടിളക്കിയ സംഭവമായിരുന്നെങ്കിലും ആ മൂലധന ഭീമന്മാര്‍ക്ക് നാണംകെട്ട് കീടങ്ങുന്ന കാഴ്ചയാണ് പിന്നെ കേരളം കണ്ടത്. ടാറ്റയെപ്പോലെ മറ്റ് 32 വന്‍കിട എസ്റ്റേറ്റുടമകള്‍ കേരളത്തിലെമ്പാടും പതിനായിരക്കണക്കിന് ഹെക്ടര്‍ സ്ഥലം കൈയേറി കൃഷിചെയ്തും റിസോര്‍ട്ടുകള്‍ നിര്‍മിച്ചും അനധികൃതമായി കൈമാറിയും ലാഭം കൊയ്തുകൊണ്ടിരിക്കുകയാണ്.
1957ല്‍ നിയമനിര്‍മാണത്തിന് ആരംഭം കുറിക്കുകയും 70ല്‍ നിയമമാക്കുകയും ചെയ്ത ഭൂപരിഷ്കരണ നിയമം ഇതുവരെ പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ല. ആദിവാസികള്‍ അടക്കമുള്ള ഭൂരഹിത കര്‍ഷകരുടെ ആവശ്യങ്ങള്‍ ഇപ്പോഴും സജീവവും സമൂര്‍ത്തവുമാണ്. അദ്ധ്വാനിക്കുന്ന ഈ ജനവിഭാഗത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നു എന്ന് അവകാശപ്പെടുകയും മറുവശത്ത് മൂലധനശക്തികള്‍ക്ക് വിടുപണി ചെയ്യുകയുമാണ് ഇടതുപക്ഷ പാര്‍ട്ടികളും അവയുടെ നേതാക്കന്മാരും. അതുകൊണ്ടുതന്നെ ആദിവാസികളുടെയും ഭൂരഹിത കര്‍ഷകരുടെയും ന്യായമായ അവകാശ പോരാട്ടങ്ങളെ നക്സലൈറ്റ് കലാപമായി ചിത്രീകരിച്ച് അധിക്ഷേപിക്കാനാണ് ഈ വിപ്ലവ വായാടികള്‍ക്ക് താല്‍പ്പര്യം. വര്‍ഗ്ഗ വഞ്ചനയുടെ അഞ്ചാംപത്തികളായി അച്യുതാനന്ദനെപ്പോലെയും പിണറായി വിജയനെപ്പോലെയും വെളിയം ഭാര്‍ഗ്ഗവനെപ്പോലെയുമുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ പരിണമിച്ചതിന്റെ തിരിച്ചടിയാണ് മൂലമ്പിള്ളിയില്‍ നിന്നും ചെങ്ങറയില്‍ നിന്നുമൊക്കെ ഉയരുന്ന പ്രതിഷേധ സ്വരങ്ങള്‍.
മറ്റൊരു മുത്തങ്ങ ആവര്‍ത്തിക്കാനാണ് ഈ സര്‍ക്കാരിന്റെ നീക്കമെന്നു വേണം കരുതേണ്ടത്. സമര സഖാക്കളുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച ചെയ്യണമെന്ന മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ അഭിപ്രായം മാനിക്കാന്‍ പോലും അച്യുതാനന്ദന്‍ തയ്യാറായിട്ടില്ല.
ഇടതുപക്ഷത്തിന്റെ ഇതേ വഞ്ചനാ നിലപാട് തന്നെയാണ് ഈ പ്രശ്നത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും കെ എം മാണിയും കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന യുഡിഎഫും പുലര്‍ത്തുന്നത്. ഏഴുമാസമായി ഇവിടെ സമരം തുടങ്ങിയിട്ടും സ്ഥലം സന്ദര്‍ശിക്കാനോ പ്രശ്നത്തിന്റെ ഗൗരവം പഠിക്കാനോ ഇവരും തയ്യാറായിട്ടില്ല. എന്തിനധികം പറയണം പ്രശ്നബാധിത സ്ഥലം ഉള്‍പ്പെടുന്ന മണ്ഡലത്തിലെ എംഎല്‍എയായ അടൂര്‍ പ്രകാശ് പോലും ഇവരെ സന്ദര്‍ശിക്കാനോ കാര്യങ്ങളുടെ കിടപ്പ് മനസിലാക്കാനോ തയ്യാറായിട്ടില്ല. അതായത് ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും ആദിവാസികള്‍ അടക്കമുള്ള ഭൂരഹിത കര്‍ഷകര്‍ക്ക് കേരളത്തില്‍ ഒരിഞ്ച് ഭൂമിപോലും കൃഷിചെയ്യാനോ കിടപ്പാടമുണ്ടാക്കാനോ നല്‍കുകയില്ല എന്നതാണവസ്ഥ. അതേസമയം വികസനത്തിന്റെ പേരില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ ഒരുക്കാന്‍ ഇവര്‍ക്കാര്‍ക്കും ഉളുപ്പുമില്ല. ഈ ഉളുപ്പില്ലായ്മയ്ക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധമാണ് ചെങ്ങറയില്‍ ഇപ്പോള്‍ കാണുന്നത്. ഈ മുന്നേറ്റത്തിനു മുന്നില്‍ സര്‍ക്കാരിന് മുട്ടുകുത്തിയേ തീരൂ.
2 comments :
നല്ല ലേഖനം .. പക്ഷേ തലക്കെട്ട് ഇതു വേണ്ടായിരുന്നു. പലരും തെറ്റിദ്ധരിക്കാനിടയുണ്ട്.
നല്ലൊരു ലേഖനം. anivar പറഞ്ഞതു പോലെ തലക്കെട്ട് ഇതു വേണ്ടായിരുന്നു.
Post a Comment