Saturday, March 8, 2008

കൊലക്കത്തിയില്‍ അനാഥമാകുന്നത്‌ നിര്‍ധന കുടുംബങ്ങള്‍

നിലോഫര്‍ റഹ്മാന്‍
തലശേരി: തലശേരിയില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ മത്സരിച്ച്‌ ഏഴു യുവാക്കളെ കൊലക്കത്തിക്കിരയാക്കിയപ്പോള്‍ അനാഥമായത്‌ നിര്‍ധന കുടുംബങ്ങളാണ്‌. കൊല്ലപ്പെട്ട നിഖിലും സത്യനും രഞ്ചിത്ത്കുമാറും മഹേഷും അനീഷും സുരേഷ്‌ ബാബുവും കെ വി സുരേന്ദ്രനും അവരുടെ കുടുംബങ്ങളുടെ അത്താണിയും പ്രതീക്ഷയുമായിരുന്നു. കുടുംബം പോറ്റാന്‍ ലോറി ക്ലീനറായി ജോലിക്കു പോയ നിഖിലിന്റെ ഏക സഹോദരി നിഖിനയും ദാരിദ്രവും വാര്‍ധക്യ സഹജമായ അസുഖങ്ങളും നിമിത്തം അവശനിലയിലുള്ള സത്യന്റെ മാതാവ്‌ പാഞ്ചുവും കടമെടുത്തു വാങ്ങിയ ഓട്ടോറിക്ഷയുമായി അന്നം തേടിപ്പോയ രഞ്ചിത്ത്കുമാറിന്റെ ഭാര്യ ഷൈനിയുമെല്ലാം ഉത്തരം കിട്ടാത്ത വലിയ ചോദ്യചിഹ്നങ്ങളായി സമൂഹത്തില്‍ അവശേഷിക്കും.
 
കുടികിടപ്പ്‌ കിട്ടിയ അഞ്ച്‌ സെന്റ്‌ സ്ഥലത്ത്‌ ഓലമേഞ്ഞ കൂരക്കുള്ളിലാണ്‌ പാറക്കെട്ട്‌ ചിങ്ങന്‍ മുക്കിലെ നിഖില്‍ മാതാപിതാക്കളോടും ഏക സഹോദരിയോടുമൊപ്പം താമസിച്ചിരുന്നത്‌. കുടിലിനോട്‌ ചേര്‍ന്ന്‌ രണ്ട്‌ മുറിയുള്ള വീട്‌ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു നിഖിലും കൂലിപ്പണിക്കാരനായ പിതാവ്‌ അനിലും.
 
വീടിന്റെ കോണ്‍്ര‍ക്രീറ്റ്‌ കഴിഞ്ഞിട്ട്‌ നാളുകളേറെയായി. പണി പൂര്‍ത്തിയാക്കാനായി കഠിനാധ്വാനത്തിലായിരുന്നു അച്ഛനും മകനും. ഇതിനിടയിലാണ്‌ രാഷ്ട്രീയ ക്രിമിനലുകള്‍ ആ ഇരുപത്തിരണ്ടുകാരന്റെ ജീവന്‍ കൊലക്കത്തിയിലൊടുക്കിയത്‌. ബൈക്കിലെത്തിയ കൊലയാളി സംഘം നിഖിലിനെ അരിഞ്ഞു വീഴ്ത്തിയപ്പോള്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ്‌ തകര്‍ന്നത്‌.
 
തലശേരി കൊടുവള്ളിയില്‍ നിന്നും ചാക്കില്‍ കല്ലുമ്മക്കായും വാങ്ങി വെണ്ടുട്ടായിയിലും പരിസരത്തും വില്‍പന നടത്തി കുടുംബം പോറ്റിയിരുന്ന എണ്‍തുകാരിയായ പാഞ്ചു എന്ന പാഞ്ചാലിക്ക്‌ മകന്‍ സത്യന്റെ കൊലപാതകം ജീവിതത്തിലെ രണ്ടാം ദുരന്തമാണ്‌. രണ്ടാമത്തെ മകന്‍ ചന്ദ്രന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വീട്ടുപറമ്പിലെ കശുമാവിന്‍ കൊമ്പിന്‍ ജീവനൊടുക്കിയിരുന്നു. പാഞ്ചുവിന്‌ നാല്‌ പെണ്‍കുട്ടികളും മൂന്ന്‌ ആണ്‍ മക്കളുമായിരുന്നു. ഇപ്പോള്‍ രണ്ട്‌ ആണ്‍ മക്കളെ നഷ്ടപ്പെട്ടു. ഭര്‍ത്താവ്‌ ഗോപാലന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മരണമടഞ്ഞിരുന്നു.
 
സത്യന്റെ ഭാര്യ അരുണയ്ക്കും ഏക മകന്‍ അരുണിനും ആശ്രയം നഷ്ടപ്പെട്ടു.വായ്പയെടുത്തു വാങ്ങിയ ഓട്ടോറിക്ഷയുമായി നഗരത്തിലൂടെ അന്നം തേടിയുള്ള യാത്രയാണ്‌ രഞ്ചിത്ത്‌ കുമാറിന്റെ അന്ത്യയാത്രയായി മാറിയത്‌. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ രഞ്ചിത്ത്‌ കുമാര്‍ വെട്ടേറ്റ്‌ മരിച്ചു വീണപ്പോള്‍ അനാഥമായത്‌ നിട്ടൂര്‍ മീത്തലെപരയത്ത്‌ കുടുംബമായിരുന്നു. ഭര്‍ത്താവ്‌ നേരത്തെ മരിച്ച രാധയ്ക്ക്‌ ഏകആശ്രയമായിരുന്നു മകന്‍ രഞ്ചിത്ത്‌ ചിറ്റാരിപറമ്പില്‍ ഇന്നലെ കൊലക്കത്തിക്കിരയായ അനന്തേശ്വരം വീട്ടില്‍ മഹേഷ്‌(32) ഓട്ടോ ഡ്രൈവറാണ്‌. ഓട്ടോ ഡ്രൈവറായ സഹോദരന്‍ രാജനും മഹേഷും ചേര്‍ന്നാണ്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌. തീര്‍ത്തും നിര്‍ധന കുടുംബമാണ്‌ ഇവരുടേത്‌. രണ്ട്‌ സഹോദരികളും ഉണ്ട്‌. തലശേരിയില്‍ ബുധനാഴ്ച കൊലചെയ്യപ്പെട്ട മൂന്നു യുവാക്കളുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ സംസ്കരിച്ചു.മഹേഷിന്റെ മൃതദേഹം ഇന്ന്‌ സം സ്കരിക്കും. ഇന്നലെ സംസ്കാര ചടങ്ങില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ നിശ്ചലമായ ശരീരം കണ്ട്‌ ഉറ്റവര്‍ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ അലറിക്കരഞ്ഞപ്പോള്‍ അത്‌ കണ്ണൂരിലെ ക്രിമിനല്‍ രാഷ്ട്രീത്തിനെതിരെയുള്ള ചാട്ടുളികളാവുകയായിരുന്നു.

0 comments :