അവനവന് ഫത്‌വ
'അവനവന്‍ നന്നായാല്‍ മതി,
ലോകം നന്നായിക്കൊള്ളും'
ലോകത്തെ സകല മൂരാച്ചികളും പുതുതലമുറയെ ഉപദേശിക്കുന്നൊരു സൂത്രവാക്യമാണിത്. കേട്ടാല്‍, അതാണല്ലൊ അതിന്റെയൊരു ശരി എന്ന് ഏത് പൊട്ടനും തോന്നിപ്പോകും. കാരണം വ്യക്തി നന്നായാല്‍ വ്യക്തികള്‍ ചേര്‍ന്ന കുടുംബം നന്നാവും. കുടുംബം നന്നായാല്‍ കുടുംബങ്ങള്‍ ചേര്‍ന്ന സമൂഹം നന്നാവും. സമൂഹങ്ങള്‍ നന്നായാല്‍ സമൂഹങ്ങള്‍ ചേര്‍ന്ന രാജ്യങ്ങള്‍ നന്നാവും. രാജ്യങ്ങള്‍ നന്നായാല്‍ ലോകം ആകെ മൊത്തം ടോട്ടല്‍ നന്നാവും! കേള്‍ക്കാന്‍ എന്തു സുഖം!
വ്യക്തി നന്നായിട്ട് ലോകത്തിന്നുവരെ യാതൊരു വിപ്ലവവും നടന്നിട്ടില്ലെന്നത് സമ്മതിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു യാഥാര്‍ത്ഥ്യമത്രെ! ലോകത്തെ നവീകരിച്ചത് സംഘടിതമായ മുന്നേറ്റങ്ങളാണ്. സ്വാതന്ത്ര്യസമരത്തില്‍ സിഗരറ്റുവലിക്കാര്‍, മദ്യപാനികള്‍, സ്വയംഭോഗികള്‍ ഒന്നും വേണ്ട, നൂറുശതമാനം നല്ല മനുഷ്യര്‍ മാത്രം മതിയെന്ന് ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നുവെങ്കിലത്തെ സ്ഥിതി വെറുതെയെന്നാലോചിക്കുക!
സായിപ്പിവിടെ കിടന്ന് 2008ലും ഭരിച്ചു നരകിച്ചേനെ!
ലോകമെമ്പാടും നടന്ന വിപ്ലവങ്ങളൊക്കെ നോക്കുക. നല്ലവരും ചീത്തവരുമൊക്കെ കൂടി നടത്തിയ ശ്രമങ്ങളാണ് അവിടെയൊക്കെ വിജയം കണ്ടത്.
ഇന്നത്തെ പത്രങ്ങളില്‍ ഉള്‍പ്പേജില്‍ ഒറ്റകോളത്തില്‍ ഒരു വാര്‍ത്തയുണ്ട്. ദില്ലിയില്‍ ദേവ്ബന്ദില്‍ ദാരുല്‍ ഉലമയുടെ മതശാസനയാണത്. കാര്യം കേട്ടാല്‍ നിസാരമെന്നു തോന്നും. വൈദ്യുതി മോഷ്ടിക്കുന്നത് ഇസ്ലാം മതവിരുദ്ധമാണെന്നാണ് ആ ശാസന.
നമ്മുടെ രാജ്യത്തുള്ള മതനേതാക്കള്‍ ഇങ്ങനെ ഓരോരോ വിഷയത്തില്‍ കൃത്യം കൃത്യമായ ശാസനകള്‍ പുറത്തുവിട്ടിരുന്നെങ്കില്‍ എന്ന് ഏതു പരമ ദുഷ്ടനും ആശിച്ചുപോകും.
എലിപ്പനിക്കെതിരെ ബോധവല്‍ക്കരിക്കാനും, സാമൂഹ്യതിന്മകള്‍ക്കെതിരെ ബോധവല്‍ക്കരിക്കാനും ആഹ്വാനം ചെയ്യുന്ന മതനേതാക്കളേ, ഞായറാഴ്ച പ്രസംഗങ്ങളില്‍, പൊതുയോഗങ്ങളില്‍ ഒക്കെ കാര്യങ്ങള്‍ കൃത്യമായി പറയൂ, കൊതുകിനെ തല്ലിക്കൊല്ലണമെന്ന്, വീടും പരിസരവും വൃത്തിയാക്കിയിടണമെന്ന് ആഹ്വാനം ചെയ്തുനോക്കൂ!
കൈക്കൂലി വാങ്ങുന്നതും പാപമാണെന്ന് ശാസന പുറപ്പെടുവിക്കൂ!
മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ ബോധവല്‍ക്കരിക്കാന്‍ നടക്കുംമുന്‍പ് നടക്കാവുന്ന ഇത്തരം പണികള്‍ വല്ലതും ചെയ്താലെന്താവും സ്ഥിതി. സമൂഹം അടിമുടി നവീകരിക്കപ്പെടില്ലേ? നിരീശ്വരവാദികള്‍ നടത്തുന്ന ഈശ്വരവിരുദ്ധ പ്രവര്‍ത്തനങ്ങളേക്കാള്‍ ഭീകരം ഈശ്വര വിശ്വാസികള്‍ നടത്തുന്ന ഈശ്വരവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് പുറപ്പെടുവിക്കൂ ഒരു ഫത്‌വ അല്ലെങ്കില്‍ ഒരിടയലേഖനം!
0 comments :
Post a Comment