Friday, March 14, 2008

ഉമ്മന്‍ ചാണ്ടിക്ക്‌ രാജിവച്ചുകൂടെ?

"ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യു"മെന്ന ചൊല്ലിനെ മുമ്പ്‌ അന്വര്‍ത്ഥമാക്കിയിരുന്നത്‌ എ കെ ആന്റണിയായിരുന്നു. അങ്ങോര്‍ കേന്ദ്രനായപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്‌ പുതുപ്പള്ളിക്കാരുടെ കണ്ണിലെ കൃഷ്ണമണിയും പ്രതിപക്ഷ നേതാവുമായ ഉമ്മന്‍ ചാണ്ടിയാണ്‌. പ്രാര്‍ത്ഥനാ ജീവിതം നയിക്കുന്ന ബാങ്ക്‌ ഓഫീസര്‍ മറിയാമ്മയുടെ ഭര്‍ത്താവിനും അവരുടെ കുഞ്ഞുങ്ങളുടെ പിതാവിനും ശുദ്ധനെന്ന തലക്കുറി നന്നായി ഇണങ്ങും.

എന്നാല്‍ രാഷ്ട്രീയക്കാരനായ ഈ ശുദ്ധനില്‍ നിന്ന്‌ കേരളം അനുഭവിക്കുന്നത്‌, അനുഭവിച്ചിട്ടുള്ളത്‌, ഇനി അനുഭവിക്കാന്‍ പോകുന്നത്‌ കറ തീര്‍ന്ന ദുഷ്ടത്തരമാണ്‌. ആന്റണിയെ കേന്ദ്രത്തിലേക്ക്‌ തള്ളി മുഖ്യമന്ത്രിയായശേഷം കുഞ്ഞൂഞ്ഞ്‌ നടത്തിയ 'അതിവേഗം-ബഹുദൂരം' എന്ന ജനസമ്പര്‍ക്ക പരിപാടിയിലെ വഞ്ചന ആരും മറന്നിട്ടില്ല. ഒട്ടേറെ പ്രതീക്ഷകളോടെയായിരുന്നു ജനസമ്പര്‍ക്ക പരിപാടിയിലെത്തി കണ്ണീരോടെ കേരളത്തിലെ സാധാരണക്കാര്‍, രാഷ്ട്രീയത്തിന്റെ വേര്‍തിരിവുകള്‍ വിസ്മരിച്ച്‌ ഉമ്മന്‍ചാണ്ടിയോട്‌ വാക്കായും രേഖാമൂലമായും പരാതികളും പരിദേവനങ്ങളും അറിയിച്ചത്‌. ഇപ്പോള്‍ത്തന്നെ അവയെല്ലാം പരിഹരിക്കണം എന്നമട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി ഓരോ സ്ഥലത്തുനിന്നും അതിവേഗത്തിലും പരാതി നല്‍കിയവരില്‍നിന്ന്‌ ബഹുദൂരത്തിലും ഓടി രക്ഷപെട്ട കൗശല സമ്പന്നതയായിരുന്നു കീറിയ ഖദറിടുന്ന, എളിമത്വം എല്ലാ പെരുമാറ്റ രീതിയിലും കാത്തുസൂക്ഷിക്കുന്ന ഉമ്മന്‍ ചാണ്ടി.

അതിന്റെ തിരിച്ചടി സമ്മതിദാനത്തിലൂടെ ജനങ്ങള്‍ നല്‍കുകയും ചെയ്തു. അപ്പോഴെങ്കിലും കുഞ്ഞൂഞ്ഞിന്റെ കണ്ണു തുറക്കുമെന്നാണ്‌ കോണ്‍ഗ്രസുകാരും കേരളത്തിലെ കുറേ പേരും പുതുപ്പള്ളിക്കാരും ആത്മാര്‍ത്ഥമായി വിശ്വസിച്ചത്‌. എന്നാല്‍ പ്രസ്താവനകളിറക്കിയും പത്രസമ്മേളനങ്ങള്‍ നടത്തിയും കാലം കഴിക്കാനല്ലാതെ ജനങ്ങള്‍ക്കു വേണ്ടിയ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാനുള്ള മനസും തയ്യാറും പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്കില്ല എന്ന്‌ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി.

ഇടതുപക്ഷ ഭരണം അതിന്റെ എല്ലാ ഏങ്കോണിപ്പുകളോടും കൂടെ മുന്നോട്ടു പോകുമ്പോള്‍, ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനങ്ങള്‍ ഒരുളുപ്പുമില്ലാതെ ലംഘിച്ചുകൊണ്ടിരിക്കുമ്പോള്‍, അടിസ്ഥാന ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും ഭൂരഹിത കര്‍ഷകരുടെയും ആദിവാസികളുടെയും സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍, വികസനത്തിന്റെ പേരില്‍ നാടിന്റെ ഈടുവയ്പ്പുകള്‍ വിറ്റു തുലയ്ക്കുന്നതു കൂടാതെ നിസ്സഹായരും നിര്‍ദ്ധനരുമായ ജനങ്ങളെ കിടക്കപ്പായില്‍ നിന്നും കുടിയിറക്കുമ്പോള്‍, കലാപ രാഷ്ട്രീയത്തിന്‌ ഔദ്യോഗിക പിന്‍ബലം നല്‍കി പ്രോത്സാഹിപ്പിക്കുമ്പോള്‍, ന്യായാസനങ്ങള്‍ക്ക്‌ നേരെ ക്ഷോഭത്തിന്റെയും ക്രോധത്തിന്റെയും നെറികേടുകളോടെ ആഞ്ഞടിക്കുമ്പോള്‍, അവയെ ജനപക്ഷത്തു നിന്നുകൊണ്ട്‌ പ്രതിരോധിക്കുകയും ഭണകൂടത്തിന്റെ ഇത്തരം ഭീകരതകള്‍ക്കെതിരെ ജനകീയ പോരാട്ടം ശക്തമാക്കുകയും ചെയ്യേണ്ട പ്രതിപക്ഷ നേതാവാണ്‌ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ കേവലം പ്രസ്താവനകളില്‍ തന്റെ പങ്കൊതുക്കി കേരളീയരെ വഞ്ചിക്കുന്നത്‌.

ഉമ്മന്‍ ചാണ്ടി അടങ്ങുന്ന കോണ്‍ഗ്രസുകാര്‍ക്ക്‌ അടുത്ത അഞ്ചുവര്‍ഷത്തേക്ക്‌ ഭരണം നല്‍കിയില്ലെങ്കിലും അവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കാനുള്ള മാന്യത അതാതു മണ്ഡലങ്ങളിലെ സമ്മതിദായകര്‍ പ്രദര്‍ശിപ്പിച്ചു. അതാകട്ടെ പുതിയ ഭരണവര്‍ഗ്ഗത്തിന്റെ ജനവിരുദ്ധ നിലപാടുകളെ അവയുടെ ഉല്‍ഭവസ്ഥാനത്തുതന്നെ വച്ച്‌ ഉന്മൂലനം ചെയ്ത്‌ കേരളത്തിലെ ജനങ്ങളുടെ മാന്യമായി ജീവിക്കാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ആ ഉത്തരവാദിത്തം പാടെ മറന്ന മുഖ്യമന്ത്രിക്ക്‌ ലഭിക്കുന്ന എല്ലാ ഔദ്യോഗിക സൗകര്യങ്ങളും ആസ്വദിച്ച്‌ അഞ്ചുവര്‍ഷം കഴിച്ചുകൂട്ടാനാണ്‌ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്ന്‌ തോന്നുന്നു.

മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍, എച്ച്‌എംടി, മൂലമ്പിള്ളി, ചെങ്ങറ, കണ്ണൂര്‍ തുടങ്ങി എത്രയെത്ര പോരാട്ടമുഖങ്ങളാണ്‌ പ്രതിപക്ഷനേതാവിനായി ഈ ഭരണസംവിധാനം തുറന്നുകൊടുത്തത്‌. അതൊന്നുപോലും രാഷ്ട്രീയമായി ഉപയോഗിച്ച്‌ ജനങ്ങളുടെ ഇച്ഛയ്ക്കൊത്ത്‌ ഉയരാന്‍ ഉമ്മന്‍ ചാണ്ടി തെല്ലും ശ്രമിച്ചില്ല. കരുണാകരനെ തിരിച്ച്‌ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ നടത്തിയ ലോബിയിംഗിന്റെ നൂറിലൊരംശം പ്രയത്നം ഇത്തരം വിഷയങ്ങളില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. എങ്കില്‍ പ്രതിപക്ഷ നേതാവെന്ന തന്റെ ഉത്തരവാദിത്തത്തോട്‌ നീതി പുലര്‍ത്തിയെന്ന്‌ അദ്ദേഹത്തിനെങ്കിലും പറയാമായിരുന്നു. അതിനൊന്നും കഴിയാതെ വെറുതെ....

ഉമ്മന്‍ ചാണ്ടിക്ക്‌ രാജിവച്ച്‌ ഇറങ്ങിപൊയ്ക്കൂടെ....

0 comments :