എട്ടാം പ്രമാണം പൊട്ടന്മാര്‍ക്കുള്ളതാകുന്നു!
മാപ്പുചോദിക്കുന്നതും മാപ്പുനല്‍കുന്നതും മനുഷ്യമഹത്വത്തിന്റെ അടയാളമത്രെ. കാര്‍ഡിനല്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഇന്നലെയൊരു പൊതുചടങ്ങില്‍ പരസ്യമായി മാപ്പുചോദിച്ച് മഹത്വമുള്ളവനായിരിക്കുന്നു.
മാപ്പ് പലതരമുണ്ട്. ചെയ്ത തെറ്റില്‍ ആത്മാര്‍ത്ഥമായ പശ്ചാത്താപം ഉണ്ടാകുമ്പോള്‍ മാത്രമാണ് അത് പവിത്രവും മഹത്വവുമാകുന്നത്. സഭാ സ്ഥാപനങ്ങളില്‍ നിയമനത്തിനും പ്രവേശനത്തിനും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നാണ് കാര്‍ഡിനല്‍ പറഞ്ഞത്.
അതിനര്‍ത്ഥം, പണം വാങ്ങുന്ന കാര്യം കാര്‍ഡിനലിന് ഇതുവരെ അറിയില്ല എന്നുതന്നെയാണ്. അതിനര്‍ത്ഥം, സഭാ സ്ഥാപനങ്ങളില്‍ വ്യാപകമായി നടക്കുന്ന 'പണമിടപാട്' കാര്യങ്ങള്‍ ഇതുവരെ അറിയാത്ത ഒരേയൊരാള്‍ കാര്‍ഡിനല്‍ വര്‍ക്കി വിതയത്തില്‍ മാത്രമാണെന്നാണ്.
താന്‍ നയിക്കുന്ന സഭയില്‍ എന്തു നടക്കുന്നുവെന്ന് കാര്‍ഡിനല്‍ അറിയേണ്ടതല്ലേ? ലോകത്തെമ്പാടും നടക്കുന്ന കാര്യങ്ങളില്‍ കയറി ഇടപെടുന്ന സഭാധികാരികള്‍ ഞാനൊന്നുമറിഞ്ഞില്ലയെന്നു പറയുന്നത് എത്രമാത്രം വിശ്വസനീയമാണ്!
കാര്‍ഡിനലിന് താഴെപറയുന്ന കാര്യങ്ങളൊക്കെ അറിയാം:
*സ്വകാര്യ ന്യൂനപക്ഷ വിദ്യാലയങ്ങളുടെ ദേശസാല്‍ക്കരണത്തിന് ഇടതുസര്‍ക്കാര്‍ കുറുക്കുവഴിയില്‍ തേടുന്ന കാര്യ അറിയാം.
*നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വിദ്യാഭ്യാസ പരിഷ്ക്കാര ബില്ലിലെ വിവാദ നിര്‍ദേശങ്ങളെക്കുറിച്ചറിയാം.
*കേരളത്തില്‍ 17 ലക്ഷം പേര്‍ക്കുമാത്രമെ സൗജന്യ സാര്‍വത്രിക വിദ്യാഭ്യാസം ലഭിക്കുന്നുള്ളൂ എന്നറിയാം.
*33 ലക്ഷത്തോളം കുട്ടികള്‍ എയ്ഡഡ് സ്കൂളുകളിലാണ് പഠിക്കുന്നതെന്നും അറിയാം.
എന്നാല്‍ സഭാ സ്ഥാപനങ്ങളില്‍ പണം വാങ്ങുന്നതുമാത്രം അറിവില്ല!
എട്ടാം പ്രമാണം എന്നൊരു പ്രമാണമുണ്ട് പത്തു കല്‍പ്പനകളില്‍.
എട്ടാം പ്രമാണം പൊട്ടന്മാരായ കുഞ്ഞാടുകള്‍ക്കു മാത്രമുള്ളതാകുന്നു എന്നൊട്ടില്ല താനും. കള്ള സാക്ഷ്യം പറയരുതെന്ന പ്രമാണം ആര്‍ക്കൊക്കെ ബാധകമാണെന്ന് ഒരിടയലേഖനത്തിലൂടെ കുഞ്ഞാടുകളെ അറിയിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
കുരിശുയുദ്ധം മുതല്‍ സഭ ചെയ്ത സമസ്താപരാധങ്ങള്‍ക്കും ക്രൂശിതരൂപത്തിന്റെ കാലില്‍ പിടിച്ച് ലോകത്തോട് മാപ്പുപറഞ്ഞൊരു മഹാമനുഷ്യന്റെ - ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ ഓര്‍മയിലാണ് ഇതെഴുതുന്നത്.
ക്ഷമിക്കുക, പ്രിയ കാര്‍ഡിനല്‍!
1 comments :
കള്ളസാക്ഷി പറയരുത് എന്നത് ഒന്‍പതാം പ്രമാണമായിരുന്നു, ബൈബിളില്‍. ഇടയ്ക്കൊരു കല്പന ഡിലീറ്റു ചെയ്തിട്ടുണ്ട് സഭ.
ഇതൊക്കെ കാര്‍ഡിനലിന്റെ ഓരോ തമാശയല്ലേ...:)
Post a Comment