സുമിയുടെ ആത്മഹത്യയും മരിക്കാത്ത ചില സത്യങ്ങളും
സുമി സുരേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും അനന്തര സംഭവങ്ങളും ഒട്ടനവധി സന്ദേശങ്ങളാണ് സമൂഹത്തിന് നല്‍കുന്നത്.
സുമി പഠിച്ചിരുന്നത് ക്രൈസ്തവ മാനേജുമെന്റിന് കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനത്തിലായിരുന്നു. എംസിഎ പഠനത്തിന്റെ ഭാഗമായി സുമി ഉപയോഗിച്ചിരുന്ന ലാപ്പ്ടോപ്പ് മോഷ്ടിക്കപ്പെട്ടു. ഇക്കാര്യം കുട്ടി കോളേജ് അധികൃതരെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തിന് കോളേജ് അധികൃതര്‍ വലിയ ഗൗരവമൊന്നും നല്‍കിയില്ല. പകരം സുമിയെ മാനസികമായി പീഡിപ്പിക്കാനാണ് ശ്രമിച്ചതെന്ന് വാര്‍ത്തകള്‍ പറയുന്നു. ഏതായാലും തുടര്‍ന്നുണ്ടായ മാനസിക ക്ലേശങ്ങള്‍ മൂലം, മാതാപിതാക്കള്‍ കണ്ടുകൂട്ടിയ സ്വപ്നങ്ങളൊക്കെ തകര്‍ത്തെറിഞ്ഞ് സുമി ആത്മഹത്യയില്‍ അഭയം തേടി.
ഈ സംഭവത്തില്‍ ഉടനടിയുണ്ടായ പ്രതികരണം എസ്‌എഫ്‌ഐയുടെ ഭാഗത്തുനിന്നായിരുന്നു. വളരെ വികാരപരമായിരുന്നു അവരുടെ പ്രതികരണം. ആ ആക്രമണത്തെ കേരളത്തിലെ ക്രൈസ്തവ സമൂഹം ഏറെ വികാരപരമായിട്ടാണ് നേരിട്ടത്. കായിക ആക്രമണമോ തല്ലിത്തകര്‍ക്കലുകളോ ഉണ്ടായില്ലെങ്കിലും ആക്രമണോത്സുകമായ ഭാഷയും സമീപനവുമായിരുന്നു ഇക്കാര്യത്തില്‍ സഭയിലെ പ്രമുഖരായ ബിഷപ്പുമാരുള്‍പ്പെടെയുള്ള നേതൃത്വം കൈക്കൊണ്ടത്.
ഈ വികാര പ്രകടനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതെ പോയ സുപ്രധാന സംഗതികളുണ്ട്.
ഒന്ന്, പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിക്കുവേണ്ട ആത്മധൈര്യവും മൂല്യബോധവും സുമിക്ക് ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്? അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു പ്രശ്നത്തിന്റെ പരിഹാരം ആത്മഹത്യയാണെന്ന് ആ കുട്ടി പഠിച്ചെടുത്തതെവിടെ നിന്നാണ്? നമ്മുടെ ഭരണാധികാരികളും സാംസ്കാരിക പ്രവര്‍ത്തകരും അദ്ധ്യാപക ശ്രേഷ്ഠരും ഗൗരവമായി പരിഗണിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ട വിഷയമാണിത്.
ജീവിതത്തെക്കുറിച്ച് ക്രിയാത്മകമായ കാഴ്ചപ്പാട് സൃഷ്ടിക്കാനും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവയെ നേ്ിടാനുമുള്ള അവബോധമുണ്ടാക്കാനും പര്യാപ്തമല്ല നമ്മുടെ വിദ്യഭ്യാസ രീതിയെന്ന് സുമിയുടെ ആത്മഹത്യ വ്യക്തമാക്കുന്നു.
രണ്ട്, ഈ പ്രശ്നത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കൈക്കൊണ്ട വികാരപരമായ സമീപനമാണ്. തീര്‍ത്തും വികാരപരമായ തീരുമാനമായിരുന്നു സുമിയുടേതെങ്കില്‍ അതിലും ബാലിശമായിരുന്നു വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതികരണം. മികച്ച സംഘടനാ സംവിധാനങ്ങളുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ വിദ്യാര്‍ത്ഥി വിഭാഗങ്ങളുടെ നേതാക്കള്‍ക്ക് നല്‍കുന്ന പരിശീലനത്തിലെ അപാകമാണ് ഈ നിലപാടിലൂടെ വ്യക്തമായത്.
സുമിയുടെ ആത്മഹത്യയെത്തുടര്‍ന്ന് പ്രതിസ്ഥാനത്തു വന്ന കോളേജ് മാനേജുമെന്റിനെ സംരക്ഷിക്കാന്‍ കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വം കൈക്കൊണ്ട അതീവ വികാരപരമായ നിലപാടാണ് മൂന്നാമത്തെ വസ്തുത.
അക്ഷരം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന് ശഠിച്ച വര്‍ണ്ണ വ്യവസ്ഥാകാലത്ത് അവര്‍ണ്ണനും ഊരും പേരും ഇല്ലാത്തവനും അക്ഷരത്തിന്റെ ഈശ്വരാംശം പകര്‍ന്ന് നല്‍കിയ സമ്പന്ന പാരമ്പര്യത്തിന്റെ പിന്‍മുറക്കാരാണ് കേരളത്തിലെ ക്രൈസ്തവ സഭകള്‍.
എന്നാല്‍ ഇന്ന് വന്‍തുക കോഴ നല്‍കാന്‍ കഴിയാത്തവര്‍ക്ക് അക്ഷരം നിഷേധിച്ചും ഫീസടയ്ക്കാന്‍ വൈകുന്ന വ്യദ്യാര്‍ത്ഥികളെ പുറത്താക്കിയും സഭകളുടെ വിദ്യഭ്യാസ മാനേജുമെന്റുകള്‍ സമ്പന്നമായിരുന്ന പാരമ്പര്യത്തെ വ്യഭിചരിക്കുകയാണ്.
ഇന്നലെ ഈ പ്രശ്നത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതികരിച്ച സഭാമേലധ്യക്ഷന്മാര്‍ ഉപയോഗിച്ച ഭാഷയും നിലപാടുകളും എസ്‌എഫ്‌ഐയുടേതില്‍ നിന്ന് വ്യത്യസ്ഥമാകുന്നത് കായികമായ ആക്രമണം നടത്തിയില്ല എന്നതില്‍ മാത്രമാണ്.
നേരത്തേ ചെങ്ങറയിലെ ഭൂരഹിത സമരക്കാരും ഇന്നലെ കുട്ടനാട്ടിലെ എല്ലാം നഷ്ടപ്പെട്ട കര്‍ഷകരും ആത്മഹത്യാ ഭീഷണി ഉയര്‍ത്തി നേടിയ വിജയങ്ങളും ആശങ്കാജനകമാണ്.
വിദ്യാസമ്പന്നരും സാംസ്കാരിക പ്രബുദ്ധരുമായ മലയാളി സമൂഹം ഇത്തരത്തില്‍ ജീവന്റെ മൂല്യത്തെ നിഷേധിക്കുന്ന നിലപാടുകളിലേക്ക് കൂപ്പു കുത്തുമ്പോള്‍ അടിയന്തിരമായ ഇടപെടല്‍ നടത്താന്‍ മാധ്യമങ്ങളെങ്കിലും മുന്നോട്ട് വരേണ്ടതുണ്ട്. കാരണം മൂല്യങ്ങള്‍ പഠിപ്പിക്കേണ്ട മതദര്‍ശനങ്ങള്‍ വഴിവിട്ട് നടക്കുന്ന ഈ ലോകത്ത് പിന്നെ ആരാണ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുക.
2 comments :
ഒന്ന്, പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിക്കുവേണ്ട ആത്മധൈര്യവും മൂല്യബോധവും സുമിക്ക് ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്? അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു പ്രശ്നത്തിന്റെ പരിഹാരം ആത്മഹത്യയാണെന്ന് ആ കുട്ടി പഠിച്ചെടുത്തതെവിടെ നിന്നാണ്? നമ്മുടെ ഭരണാധികാരികളും സാംസ്കാരിക പ്രവര്‍ത്തകരും അദ്ധ്യാപക ശ്രേഷ്ഠരും ഗൗരവമായി പരിഗണിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ട വിഷയമാണിത്.WELL DONE
ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് ഈ കുട്ടി തന്നെ വിളിച്ചിരുന്നെന്നും, ലാപ്ടോപ്പ് കാണാതായ കാര്യം പറഞ്ഞപ്പോള്‍ അതില്‍ വിഷമിക്കേണ്ട എന്നു പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ലാപ്ടോപ്പ് പോയ വിഷമമാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് വിശ്വസിക്കാന്‍ വിഷമമാണ്.
മാനേജ്മെന്റ് തന്നെ എല്ലാത്തരത്തിലും പീഢിപ്പിച്ചുവെന്ന് കുട്ടി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നെന്ന് SFI യുടെ ഒരു നേതാവു പറയുന്നത് കേട്ടിരുന്നു. ഈ കത്ത് ആരുടെ കയ്യിലാണാവോ ഇപ്പോള്‍.
അതെന്തായാലും ഈ കോളേജില്‍ തന്നെ പഠിച്ച്, പിന്നീട് ഇവിടെത്തന്നെ ടീച്ചറായി കിട്ടിയ ജോലി 'മാനേജരച്ചന്‍ ആളത്ര ശരിയല്ല' എന്ന കാരണം പറഞ്ഞ് വേണ്ടെന്നുവെച്ച ഒരു പെണ്‍കുട്ടിയെ എനിക്കറിയാം.
Post a Comment