Monday, May 5, 2008

വിവാദത്തില്‍ തളരില്ല : ശ്രീമതി

തിരുവനന്തപുരം: മന്ത്രിയായി ചുമതലയേറ്റതു മുതല്‍ തന്നോടൊപ്പമുള്ള ബന്ധുവായ പഴ്സനല്‍ സ്റ്റാഫ്‌ അംഗത്തെച്ചൊല്ലി ഇപ്പോള്‍ ചിലര്‍ വിവാദം ഉയര്‍ത്തുന്നതിന്റെ ഉദ്ദേശ്യം പിടികിട്ടുന്നില്ലെന്നും ഇത്തരം വിവാദങ്ങള്‍ കൊണ്ട്‌ തന്നെ തളര്‍ത്താമെന്ന്‌ ആരും കരുതേണ്ടന്നും മന്ത്രി പി.കെ. ശ്രീമതി. മകന്‍ സുധീര്‍ നമ്പ്യാരുടെ ഭാര്യ ധന്യ എം. നായരെ അഡീഷനല്‍ പിഎ ആയി നിയമിച്ചതു സ്വജനപക്ഷപാതമാണെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

27 പേരെ പഴ്സനല്‍ സ്റ്റാഫില്‍ അംഗങ്ങളാക്കാം. 24 പേര്‍ ഓഫിസിലും മൂന്നുപേര്‍ വീട്ടിലും. വീട്ടില്‍ നില്‍ക്കുന്നവര്‍ക്കു കൂടുതല്‍ അടുപ്പവും വിശ്വാസ്യതയും വേണ്ടതുണ്ട്‌. ധന്യയ്ക്കു പുറമെ ഒരു വിധവയായ സ്ത്രീയും ഡ്രൈവറുമാണു വീട്ടിലെ പഴ്സനല്‍ സ്റ്റാഫില്‍. ഓഫിസില്‍ പ്രവര്‍ത്തിക്കുന്നവരെ തിരഞ്ഞെടുക്കാനാണു പാര്‍ട്ടിയുടെ അനുവാദം വേണ്ടത്‌. മറ്റു മൂന്നുപേരെ മന്ത്രിയുടെ ഇഷ്ടപ്രകാരം നിയമിക്കാം. മുന്‍പും ഇപ്പോഴും പല മന്ത്രിമാരും സ്വന്തക്കാരെയും ബന്ധുക്കളെയും പഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌: പി.കെ. ശ്രീമതി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി സി. കേശവന്‍ അളിയനെയും പി.കെ. കുഞ്ഞ്‌ മകന്‍ ഹാരിസിനെയും പ്രൈവറ്റ്‌ സെക്രട്ടറിമാരാക്കിയ കാര്യം ശ്രീമതിക്ക്‌ അനുകൂലമായി വാദിക്കുന്നവര്‍ ഉന്നയിക്കുന്നുണ്ട്‌.

കടവൂര്‍ ശിവദാസന്റെ രണ്ടു ബന്ധുക്കള്‍ പഴ്സനല്‍ സ്റ്റാഫില്‍ ജോലി ചെയ്തിട്ടുണ്ട്‌. വക്കം പുരുഷോത്തമന്റെ പിതൃസഹോദര പുത്രന്‍ അദ്ദേഹത്തിന്റെ പഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്നു. കെ.ആര്‍. ഗൗരിയമ്മയുടെയും ഇ.കെ. നായനാരുടെയും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്‌.

0 comments :