Tuesday, May 27, 2008

റംലയെ കൊന്നത്‌ പി.കെ. ശ്രീമതി അറിഞ്ഞില്ല

ആശുപത്രി കോൾ ഡ്യൂട്ടിക്കിടയിൽ ചേർത്തല ഗവ. താലൂക്ക്‌ ആശുപത്രിയിലെ രണ്ടാം ഗ്രേഡ്‌ അറ്റൻഡർ എം.എം. റംല (37) വാഹനാപകടത്തിൽ മരിച്ചിട്ടും, റംലയുടെ ജീവനെടുക്കാനുണ്ടായ തൊഴിൽ സാഹചര്യത്തെക്കുറിച്ച്‌ ചർച്ച ചെയ്യാനോ അതിൽ മാറ്റംവരുത്താനോ ആരോഗ്യമന്ത്രിയും കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ്‌ അസോസിയേഷനോ ബന്ധപ്പെട്ട മറ്റുള്ളവരോ തയ്യാറാകാത്തതിൽ ഞങ്ങൾക്ക്‌ അത്ഭുതം തോന്നുകയാണ്‌.

മനുഷ്യജീവൻ രക്ഷിക്കാനും വ്യക്തിയുടെ ആരോഗ്യം സംരക്ഷിക്കാനുമാണ്‌ ആരോഗ്യവകുപ്പും ആതുരസേവനമേഖലയും പ്രവർത്തിക്കുന്നതെന്നാണ്‌ ഞങ്ങളുടെ ധാരണ. എന്നാൽ പലപ്പോഴും വ്യക്തിപരമായ ലാഭത്തിനും മുതലെടുപ്പിനും കൈക്കൂലിക്കും പീഡനത്തിനും മറയായിട്ടാണ്‌ ഈ സേവനമേഖലയെ, ഇതുമായി ബന്ധപ്പെട്ടിട്ടുള്ളവർ ഉപയോഗിക്കുന്നത്‌. ചെയ്യുന്ന തൊഴിലിന്‌ അനുസൃതമായ ശമ്പളം ലഭിക്കുന്നില്ല എന്നു പറഞ്ഞ്‌ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ്‌ അസോസിയേഷൻ സർക്കാരിനെയും പൊതുജനങ്ങളേയും മുൾമുനയിൽ നിർത്തിയിട്ട്‌ ദിവസങ്ങളായിട്ടില്ല. ഈ സമരത്തിരക്കിനിടയിലായിരുന്നു തന്റെ ഡ്യൂട്ടി നിർവഹിക്കാൻ തയ്യാറായ റംല വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്‌.

അടിയന്തര സാഹചര്യത്തിൽ, ഡോക്ടർ ആശുപത്രിയിൽ ഇല്ലായെങ്കിൽ (പ്രത്യേകിച്ച്‌ രാത്രികാലങ്ങളിൽ) ഡോക്ടർ സേവനം ആവശ്യമായിവരുമ്പോൾ കോൾ രജിസ്റ്ററിൽ ഡ്യൂട്ടി ഡോക്ടർ (ആർഎംഒ) ഒപ്പിട്ട്‌, ആശുപത്രി ജീവനക്കാർ രജിസ്റ്ററുമായി ഡോക്ടറുടെ വീട്ടിൽചെന്ന്‌ ഒപ്പിടുവിച്ച്‌ ഡോക്ടറെയും കൂട്ടി ആശുപത്രിയിലെത്തണം എന്നതാണ്‌ നിലവിലുള്ള ചട്ടം.

ചേർത്തല ഗവ. താലൂക്ക്‌ ആശുപത്രിയിൽ ഒരു ഗർഭിണിക്ക്‌ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിവന്നപ്പോൾ അനസ്തിസ്റ്റിൻ വിളിക്കാൻ രോഗിയുടെ ബന്ധുവിനോടൊപ്പം, പട്ടണക്കാടുള്ള ഡോക്ടറുടെ വീട്ടിലേക്ക്‌ ഓട്ടോറിക്ഷയിൽ പോകുമ്പോഴുണ്ടായ അപകടത്തിലാണ്‌ റംല കൊല്ലപ്പെട്ടത്‌. ദേശീയപാതയിൽ ഒറ്റപ്പുന്നയ്ക്ക്‌ സമീപമായിരുന്നു ദുരന്തം. ഓട്ടോയിൽ എതിരെവന്ന സൂപ്പർഫാസ്റ്റ്‌ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ റംല മരിച്ചു.

രാത്രികാലങ്ങളിൽ വിദഗ്ധ ഡോക്ടറുടെ സേവനം രോഗികൾക്ക്‌ ആവശ്യമായിവന്നാൽ രോഗികളുടെ ബന്ധുക്കളും ആശുപത്രിയിലെ കോൾ ഡ്യൂട്ടിക്കാരും വാഹനവുമായിചെന്ന്‌ ഡോക്ടറെ കൂട്ടിക്കൊണ്ടുവരണമെന്ന കിരാത നിയമത്തിന്റെ ഇരയാണ്‌ റംല. വാഹനത്തിലെത്തിയ ഡോക്ടറെ കൊണ്ടുവരുന്നതിന്റെ പത്തിലൊന്നുസമയം മതി ഒരു ഫോൺവിളിയിലൂടെ വിവരം ഡോക്ടറെ അറിയിച്ച്‌ ആശുപത്രിയിലെത്തിക്കാൻ. എന്നാൽ നിലവിലുള്ള ചട്ടം അതിന്‌ അനുവദിക്കുന്നില്ല. അതുകൊണ്ട്‌ ഇത്തരത്തിൽ പലർക്കും പലപ്പോഴും ഡോക്ടറെ തേടിപോകേണ്ടിവരുന്നു. അന്നൊന്നും അവർക്കാർക്കും അപകടം പിണയാത്തതുകൊണ്ടോ അല്ലെങ്കിൽ അക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യാത്തതുകൊണ്ടോ പൊതുജനം അറിഞ്ഞില്ലെന്നുമാത്രം.

ഡോക്ടർമാർക്ക്‌ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സംഘടനയുണ്ട്‌. വിലപേശൽ തന്ത്രങ്ങളുണ്ട്‌. ആശുപത്രി ജീവനക്കാർക്കും സംഘടനകളുണ്ട്‌. ഈ സംഘടനകളെ നിയന്ത്രിക്കാൻ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരുമുണ്ട്‌. എന്നിട്ടും അവർക്കാർക്കും നിലവിലിരിക്കുന്ന ഈ മാരണചട്ടം മാറ്റണമെന്ന്‌ ചിന്തിക്കാൻ ഇതുവരെ കഴിയാതെ പോയെങ്കിൽ അതിനുപിന്നിൽ മറ്റുചില ലാഭചിന്തകളുണ്ട്‌. അത്‌ കേരളത്തിലെ സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട്‌ ആരോപിക്കപ്പെടുന്ന കൈക്കൂലിതന്നെയാണ്‌. ഡോക്ടറെ വിളിക്കാൻ പോകുന്നതിനും ഡോക്ടറെ കൂട്ടിക്കൊണ്ടുവരുന്നതിനും ഓരോ ആശുപത്രിയിലും പ്രത്യേക റേറ്റ്‌ തന്നെയാണ്‌ നിലവിലുള്ളത്‌. ഈ തുക പോക്കറ്റിലാക്കാൻ ജീവനക്കാരും ഡോക്ടർമാരും തയ്യാറാകുമ്പോൾ നിലവിലുള്ള ചട്ടങ്ങളുടെ അനാശാസ്യതയും അപകടവും ഒന്നും ഇവർക്ക്‌ പ്രശ്നമാകുന്നില്ല. എന്നാൽ റംലയെപോലുള്ളവർ പൊതുവീഥിയിൽ പിടഞ്ഞുമരിച്ചിട്ടും ഈ ചട്ടത്തിനു ഭേദഗതിവരുത്തണമെന്ന ആവശ്യം ഇതുവരെ ആരും ഉയർത്താതിരുന്നതാണ്‌ ഖേദകരമായ വസ്തുത.

മറ്റൊരു ചട്ടവും ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ട്‌. അത്‌ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകമായതാണ്‌. ജോലിസ്ഥലത്തിന്‌ തൊട്ടടുത്തുതന്നെ താമസിക്കണം എന്നതാണത്‌. എന്നാൽ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും മറ്റ്‌ സ്റ്റാഫും ഈ ചട്ടം പാലിക്കുന്നില്ല എന്നതാണ്‌ പ്രതിഷേധാർഹമായ കുറ്റം. സർവീസ്‌ ചട്ടങ്ങൾ ലംഘിക്കുന്നത്‌ ശിക്ഷാർഹമായ കുറ്റമാണെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഇവരെല്ലാം ഇങ്ങനെ പെരുമാറുന്നത്‌. ഏതാനും 100 രൂപ നോട്ടുകൾ കൈക്കൂലിയായി ലഭിച്ചാൽ ഏതു ചട്ടവും കാറ്റിൽപറത്താമെന്ന കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ അഹന്തകൂടിയാണ്‌ റംലയുടെ മരണത്തിനുപിന്നിലുള്ളത്‌. ഇക്കാര്യമൊന്നും ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അറിഞ്ഞില്ലെന്നും ശ്രദ്ധിച്ചില്ലെന്നും പറയുമ്പോൾ അവർ കൈകാര്യം ചെയ്യുന്ന വകുപ്പിനോടും ആ വകുപ്പുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന്‌ ജനങ്ങളോടുമുള്ള അവഗണനയും അവഹേളനവുമാണ്‌ അവർ പ്രകടമാക്കുന്നത്‌.

കണ്ണിൽചോരയില്ലാത്ത ഇത്തരം നിലപാടുകൾക്ക്‌ ഇരയാകേണ്ടിവരുന്നത്‌ റംലയെപ്പോലെയുള്ള സാധുക്കളാണ്‌. എന്നാലും നമ്മുടെ സഖാക്കളുടെ കണ്ണു തുറക്കുകയില്ല എന്നതാണ്‌ വേദനാജനകമായ വാസ്തവം.

0 comments :