അക്ഷയ@അഴിമതി ഡോട്ട് കോം
അഴിമതി ഒരു സാർവലൗകിക പ്രതിഭാസമാണെന്നും അതിന്റെ സ്പർശമോ നോട്ടമോ വീഴാത്ത ഒരു വികസനപ്രവർത്തനവും പുനരുദ്ധാരണ പ്രവർത്തനവും നമ്മുടെ നാട്ടിൽ നടക്കുകയില്ലെന്നും ആവർത്തിക്കുന്നത്, ഇത്തരം പരിപാടികൾ ആവിഷ്ക്കരിക്കുന്നവർ തന്നെയാണ്. അഴിമതി നടത്തി അനധികൃത സ്വത്ത് സമ്പാദിക്കാൻവേണ്ടി മാത്രമായി നിരവധി വികസനപദ്ധതികളാണ് ഓരോ വർഷവും സർക്കാർതലത്തിൽപോലും ആവിഷ്ക്കരിക്കുന്നത്.
ഗ്രാമീണജനതയുടെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ട ആട്, കോഴി, പശു വിതരണ പരിപാടി മുതൽ അവരുടെ 'കമ്പ്യൂട്ടർ അവയർനെസ്' വർധിപ്പിക്കാനുള്ള അക്ഷയ എന്ന ഐടി മിഷൻ പദ്ധതിവരെ നീളുന്നു അഴിമതിയുടെ നീരാളികൈകൾ.
സൂപ്പർസ്സ്റ്റാർ മമ്മൂട്ടിയെ ബ്രാൻഡ് അംബാസിഡറാക്കി ആരംഭിച്ച അക്ഷയ ഐടി മിഷൻ പദ്ധതി വൻ വിജയമായിരുന്നുവെന്നാണ് ബന്ധപ്പെട്ടവരുടെ അവകാശവാദം. ഈ അവകാശവാദം സാധൂകരിക്കാൻ എൺപതാം വയസിൽ കമ്പ്യൂട്ടറിനുമുന്നിൽ ഇരിക്കുന്ന വൃദ്ധകളുടെയും വൃദ്ധന്മാരുടെയും ചിത്രങ്ങളും അവരുടെ സാക്ഷ്യങ്ങളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽ എത്തിക്കാൻ ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊലക്കുറ്റത്തിനും പെൺവാണിഭത്തിനും വ്യാജചാരായം കടത്തിനും ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിലും മറ്റും അടയ്ക്കപ്പെട്ട കൊടും കുറ്റവാളികൾ വരെ അക്ഷയപദ്ധതിയിൽ അംഗങ്ങളായി കമ്പ്യൂട്ടർ പഠിച്ച് മാന്യന്മാരായി തീർന്നു എന്നുവരെ പ്രചരിപ്പിക്കപ്പെട്ടിരുന്നു.
പ്രചാരണം ഏറെയുണ്ടാകുന്ന ഏതു പദ്ധതിയും വെട്ടിപ്പിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരിക്കുമെന്ന് അക്ഷയ ഐടി മിഷൻ പദ്ധതി വ്യക്തമാക്കുന്നു. സമാന സ്വഭാവമുള്ള അനുഭവങ്ങൾ നിരവധി കേരളീയരുടെ ഓർമയിലുണ്ട്. ലക്ഷം വീട് പദ്ധതി അതിലൊന്നാണ്. എം.എൻ. ഗോവിന്ദൻനായർ എന്ന മനുഷ്യപ്പറ്റുള്ള മന്ത്രിയുടെ മനസിലുദിച്ചതായിരുന്നു ഈ ആശയം. കേരളത്തിൽ എല്ലാ ജില്ലകളിലും അത് ആവേശപൂർവം നടപ്പിലാക്കുകയും ചെയ്തു. ആഘോഷപൂർവം ഉദ്ഘാടനം നിർവഹിച്ച് വീടില്ലാത്ത പൗരന്മാരോട് കമ്യൂണിസ്റ്റ് സർക്കാരിനുള്ള പ്രതിബദ്ധത അടിവരയിട്ട് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അഴിമതിയുടെയും വെട്ടിപ്പിന്റെയും കോടികളാണ് ഈ പദ്ധതിയുടെ പിന്നാമ്പുറത്ത് പലർക്കും ലാഭമായി ലഭിച്ചതെന്ന് പിൽക്കാലത്ത് ബോധ്യമായി. കാലിത്തൊഴുത്തിനെപോലും നാണിപ്പിക്കുന്നരീതിയിൽ ലക്ഷംവീടുകൾ അധഃപതിച്ചു. ഇപ്പോൾ അവയുടെ ഉദ്ധാരണത്തിന് പുതിയ സിപിഐ മന്ത്രിമാർ ഭാഗ്യക്കുറി നടത്തുന്നു. ഇതിന്റെ പേരിൽ എത്ര കോടികൾ വെട്ടിക്കുമെന്ന് വ്യക്തമാകണമെങ്കിൽ അൽപ്പകാലം പിടിക്കും.
ആനുഷംഗീകമായി ലക്ഷം വീട് പദ്ധതിക്കുപിന്നിലെ തട്ടിപ്പ് സൂചിപ്പിച്ചുവെന്നേയുള്ളൂ. നമ്മുടെ വിഷയം അക്ഷയ ഐടി മിഷൻ പദ്ധതിയുടെ പേരിൽ സംസ്ഥാനത്ത് വ്യാപകമായി നടന്ന വെട്ടിപ്പാണ്.
സംസ്ഥാന ഐടി മിഷൻ ഉദ്യോഗസ്ഥരുടെ അവകാശമനുസരിച്ച് എറണാകുളം ജില്ലയിൽ മാത്രം ഈ പദ്ധതിക്കുവേണ്ടി ചെലവാക്കിയത് 1,17,51,000 രൂപയാണ്. ഇത് സൂചികയായി എടുത്താൽ സംസ്ഥാനത്തൊട്ടാകെ 12 കോടിക്കും 15 കോടിക്കും ഇടയിൽ തുക ഈ പരിപാടിക്കുവേണ്ടി ചെലവാക്കിയിട്ടുണ്ട്.
2002-ലാണ് അക്ഷയ ഐടി മിഷൻ പദ്ധതി ആരംഭിക്കുന്നത്. കേരളത്തിലെ പ്രത്യേകിച്ച് ഗ്രാമീണമേഖലയിലെ എല്ലാ കുടുംബങ്ങളിലേയും ഒരു അംഗത്തിനെങ്കിലും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയുടെ അടിസ്ഥാന വിവരങ്ങൾ പരിചയപ്പെടുത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. ഇതിനായി 3000 വിവിധോദ്ദേശ്യ കേന്ദ്രങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ആരംഭിച്ചത്. അക്ഷയ-ഇ-കേന്ദ്രങ്ങളെന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
പദ്ധതിക്ക് രൂപം കൊടുത്തത് സർക്കാരാണെങ്കിലും അതിന്റെ നടത്തിപ്പ് സ്വകാര്യ സംരംഭകരെയായിരുന്നു ഏൽപ്പിച്ചത്. ഓരോ കേന്ദ്രത്തിലും നാല് കമ്പ്യൂട്ടറുകളും കളർ മോണിറ്ററുകളും വെബ് ക്യാമും ഉണ്ടായിരിക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. അതിന്റെ അടിസ്ഥാനത്തിൽ സാധാരണക്കാരനായ ഒരു വ്യക്തിയെ പരിശീലിപ്പിക്കുന്നതിന് 80 രൂപയും എസ്സി/എസ്ടി വിഭാഗത്തിലെ ഒരംഗത്തെ പരിശീലിപ്പിക്കാൻ 120 രൂപയുമാണ് ഈ കേന്ദ്രങ്ങൾക്ക് സർക്കാർ അനുവദിച്ചത്.
എന്നാൽ സർക്കാർ നിർദേശിച്ചതുപോലെ നാല് കമ്പ്യൂട്ടറുകളും കളർമോണിറ്ററുകളും വെബ്ക്യാമുകളും അപൂർവം ചില കേന്ദ്രങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നു മാത്രമല്ല ഗ്രാമീണമേഖലയിലെ ചില കുടുംബങ്ങളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ചിലർക്കുമാത്രം പരിശീലനം നൽകി കണക്കുകൾ പെരുപ്പിച്ചുകാട്ടി അതിന്റെ അടിസ്ഥാനത്തിൽ സർക്കാരിൽനിന്ന് ആനുകൂല്യം പറ്റുകയായിരുന്നു ഈ സ്വകാര്യ സംരംഭക കേന്ദ്രങ്ങൾ.
ഒരുദാഹരണം: എറണാകുളം ജില്ലയിലെ ഏലൂരിൽ ഈ മിഷന്റെ കീഴിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം 2078 ആണ്. എന്നാൽ അതിന്റെ പകുതി അംഗങ്ങൾക്കുപോലും പരിശീലനം നൽകിയിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിനു സമാനമായ രീതിയിൽ തന്നെയാണ് മറ്റ് കേന്ദ്രങ്ങളിലും പരിശീലനം നൽകിയിട്ടുള്ളതെന്ന് മനസിലാക്കാൻ ഡോ. തോമസ് ഐസക്കിന്റെ ബുദ്ധിയൊന്നും ആവശ്യമില്ല. ഗ്രാമീണമേഖലയിലെ 62 ശതമാനം ജനങ്ങൾ ഐടി ലിറ്ററസി നേടിയെന്ന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് മനസിലാക്കാൻ ഐടി മിഷൻ പ്രോജക്ടിലെ അംഗമാകേണ്ട ആവശ്യവുമില്ല.
ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമീണമേഖലയിൽ വളർത്തുമൃഗങ്ങളെ വിതരണം ചെയ്ത് നടത്തിയ തട്ടിപ്പിനെ ലജ്ജിപ്പിക്കുന്ന വൻ വെട്ടിപ്പാണ് ഐടി മിഷൻ ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട സ്വകാര്യ പരിശീലക കേന്ദ്രങ്ങളുടെയും മറവിൽ നടന്നിട്ടുള്ളത്. ഈ വൻ ചതിക്കുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും വെട്ടിപ്പിന്റെ ആഴം അളന്ന് തിട്ടപ്പെടുത്താനും സർക്കാർ ഖജനാവിലെ പണം പോക്കറ്റിലാക്കിയ തട്ടിപ്പുവീരന്മാരെ പുറത്തുകൊണ്ടുവരാനും സമഗ്രമായി ഒരു അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
2 comments :
അക്ഷയ അഴിമതിയെപ്പറ്റി എഴുതിയ ലേഖനം നന്നായിരുന്നു.ആരും അധികം ശ്രദ്ധിക്കാത്ത ഒരു മേഖല ആയിരുന്നു അത്.
സത്യങ്ങൾ-http://keralablogu.blogspot.com
3 year work cheythittum , ella configurations ulla center undayittum alappuzha jillayile akshaya sambrambakaril 90% pattiniyilum, palisha adakkuvan polum pattatha avasthayilum aanu.
Post a Comment