Friday, May 23, 2008

പ്രസവിക്കാൻ പോയിട്ട്‌ രണ്ടിന്‌ പോകാൻപോലും.....

ടി.എസ്‌ എലിയറ്റ്‌ എന്ന വിശ്രുതനായ കവിയുടെ വേസ്റ്റ്‌ ലാന്റ്‌ എന്ന കവിത തുടങ്ങുന്നത്‌ ഏപ്രിൽ ക്രൂരനും പരമദുഷ്ടനുമായ ഒരു മാസമാണെന്ന വരികളോടെയാണ്‌. അബദ്ധത്തിൽപോലും ഒരു കവിത വായിച്ചിട്ടില്ലാത്ത മഹാ പാവങ്ങളായതിനാൽ പണ്ടൊക്കെ നമ്മുടെ സർക്കാർ ഉസ്കൂളികളിലെ ഭൂരിപക്ഷം അധ്യാപികമാരും പ്രസവിച്ചിരുന്നത്‌ ഏപ്രിൽ മാസത്തിലായിരുന്നു.

അധ്യാപികമാർ ഏപ്രിൽമാസത്തിൽ പ്രസവിക്കുന്നത്‌ പ്രകൃതിയുടെ എന്തെങ്കിലും ഉഡായിപ്പുകൊണ്ടാണെന്ന്‌ കരുതരുത്‌. രണ്ടുമാസത്തെ മധ്യവേനൽ അവധിയും മൂന്നുമാസത്തെ പ്രസവ അവധിയും കൂടി ഒറ്റയടിക്ക്‌ വസൂലാക്കാം അതുവഴി മൂന്നാലുമാസമെങ്കിലും കുഞ്ഞിന്‌ അമ്മിഞ്ഞ കൊടുക്കാനാകും. കൊച്ചിനെ ഉസ്കൂളിൽ ചേർക്കാറാകുമ്പോൾ വയസ്‌ കൂട്ടിയെഴുതി പൊല്ലാപ്പിനു പോകേണ്ടിയും വരില്ല. സദുദ്ദേശമാണ്‌ ഏപ്രിൽമാസ പ്രസവങ്ങളുടെ പിന്നിലെ രഹസ്യം!

ജനകീയാസൂത്രണ പ്രസ്ഥാനത്തിനുമുൻപേ ക്ലിക്കായൊരു കുടുംബാസൂത്രണ പ്രസ്ഥാനം ഓർമയുണ്ടോ. ആ പ്രസ്ഥാനമുണ്ടാക്കിയ കെടുതിയുടെ ഭാഗമായി നാട്ടിൽ തള്ളമാർ കഴിയുന്നതും ഒന്നുകൂടിയാൽ രണ്ടെന്ന നിലയിലേക്ക്‌ സന്താനോത്പാദനം പരിമിതപ്പെടുത്തിയതോടെ അധ്യാപികമാരുടെ ഏപ്രിൽമാസ പ്രസവം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

സർക്കാർ ഉസ്കൂളുകളിൽ ആവശ്യത്തിന്‌ പിള്ളാരെ കിട്ടാത്തതുമൂലം ഉസ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. കെട്ടുതാലി പണയംവച്ചും ആകെയുള്ള രണ്ടുസന്താനങ്ങളെയും ഇംഗ്ലീഷ്‌ മീഡിയത്തിൽ ഓടിക്കൊണ്ടിരിക്കുന്ന സിബിഎസ്‌ഇ സ്കൂളുകളിൽ ചേർക്കാൻ തന്ത തള്ളമാർ പരക്കം പായുന്നൂ എന്നീ കാരണങ്ങളാണ്‌ ആസൂത്രിത ഏപ്രിൽമാസ പ്രസവങ്ങളെ ഇല്ലായ്മ ചെയ്തത്‌. ഏന്തിനേറെ പറയുന്നു, മധ്യവേനൽ അവധിക്കാലം എന്നു പറയുന്നത്‌ സർക്കാർ ഉസ്കൂളുകളിലെ അധ്യാപികമാർക്ക്‌ പ്രസവിക്കാൻപോയിട്ട്‌ നേരെചൊവ്വേ അപ്പിയിടാൻപോലും നേരമില്ലാത്തകാലമായി മാറിയിരിക്കുന്നു! വേനലവധിക്ക്‌ ഉസ്കൂളുകൾ പൂട്ടുന്ന അന്നുമുതൽ അധ്യാപികമാർ പിള്ളാരെ പിടിക്കാൻ നടക്കുന്ന ദയനീയ കാഴ്ചയാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌.

വെറുതെയങ്ങുചെന്നാൽ പിള്ളാരെ കിട്ടില്ല. ആദ്യമൊക്കെ പുസ്തകം, പുസ്തകസഞ്ചി, കുട, വടി എന്നിവയൊക്കെ വാങ്ങിക്കൊടുത്താൽ പിള്ളാരെ പിടിക്കാമായിരുന്നു. രണ്ടുമൂന്നുവർഷമായി ഉസ്കൂളുകളിലേക്ക്‌ പിള്ളാരെ കൊണ്ടുപോകാനും തിരികെ കൊണ്ടുവിടാനും വാഹനങ്ങൾ ഏർപ്പാട്‌ ചെയ്താൽ പിള്ളാരെ പിടിക്കാം എന്ന സ്ഥതി വന്നു.
ഇക്കൊല്ലത്തെ പരിഷ്കാരമാണ്‌ അടിപൊളി. പിള്ളേരുടെ തന്ത വെള്ളമടിച്ചോ ചീട്ടുകളിച്ചോ ഉണ്ടാക്കിവച്ച സാമ്പത്തിക ബാധ്യതകൾവരെ പലിശസഹിതം വീട്ടിക്കൊടുത്താലേ പിള്ളാരെപിടുത്തക്കാരായ അധ്യാപികമാർക്ക്‌ പിള്ളാരെ വിട്ടുകൊടുക്കുകയുള്ളൂ എന്നായിരിക്കുന്നു പിടിവാശി.

കവി ദീർഘദർശനം ചെയ്തതുപോലെ ഏപ്രിൽ ക്രൂരമായ മാസം തന്നെ!

4 comments :

  1. നന്ദു said...

    വാസ്തവം..:) ചിരിപ്പിച്ചു അതിലേറെ ചിന്തിപ്പിച്ചു!. സ്കൂളുകൾ പിള്ളാരില്ലാതെ പൂട്ടേണ്ടി വരുമോ?. ടീച്ചർ മാരുടേയും മാഷ് മാരുടേയും ഒരു തത്രപ്പാടേ!!.

    “ ആ പ്രസ്ഥാനമുണ്ടാക്കിയ കെടുതിയുടെ ഭാഗമായി നാട്ടില്‍ തള്ളമാര്‍ കഴിയുന്നതും ഒന്നുകൂടിയാല്‍ രണ്ടെന്ന നിലയിലേക്ക്‌ സന്താനോത്പാദനം പരിമിതപ്പെടുത്തിയതോടെ“

    ഇവിടേ ഒരു വിയോജനക്കുറിപ്പുണ്ടെനിക്ക്, ഒന്ന്. സ്കൂളുകളിൽ പിള്ളാരെ കിട്ടില്ലാന്നുള്ള ഒറ്റക്കാരണം കൊണ്ട് ഇതൊരു “കെടുതി“ യായി ചിത്രീകരിക്കണ്ടായിരുന്നു!!.

    രണ്ട് : നാട്ടിലെ എല്ലാ "തള്ള"മാരും ഇതിൽ പെടുന്നില്ല, ദൈവം തന്നത് കൈ നീട്ടി വാങ്ങുന്നു. എന്നെ കൊന്നാലും ഞാനീ പരിപാടിക്കില്ല എന്നു പറയുന്ന ഒരു വിഭാഗം “തള്ള” മാരിപ്പോഴും ഭാരതത്തിന്റെയും, വിശിഷ്യാ കേരളത്തിന്റെ ചില പ്രദേശങ്ങളിലും ഇപ്പോഴുമുണ്ട്. കേരളത്തിലെ ആശുപത്രികളിലെ പ്രസവനിരക്കിന്റെ ഒരുസാമ്പിൾ സർവ്വേ നടത്തിയാൽ വാസ്തവം ടീമിന് ഇതു ബോദ്ധ്യമാവും!! എവിടേയാണെന്നും എന്താണെന്നും!!

    ഏപ്രിൽ ക്രൂരൻ തന്നെ!.

  2. അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

    ഹൊ ....ന്നാലും ണ്റ്റെ മാഷേ...
    ഇതൊക്കെ തന്നെ മഹാ കഷ്ടമാണ്‌ കേട്ടോ...
    വന്നു വന്നു സര്‍ക്കാര്‍ സ്കുളിലെ
    ടീച്ചര്‍മാര്‍ക്ക്‌ പ്രസവിക്കാന്‍ പോലും
    സമയം ലഭിക്കുന്നില്ലെന്ന്‌ വന്നാല്‍
    ..ന്താ പ്പോ..ചെയ്യാ..... ?

    പിന്നെ പ്രസവമെന്ന സംഭവം...
    ഏപ്രില്‍ മാസത്തില്‍
    തന്നെ ആക്കുന്നവരെ
    സമ്മതിക്കണം...ല്ലേ.... ?

  3. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    എലിയട്ടിന്റെ വേസ്റ്റ് ലാന്റില്‍
    "April, the cruelest montha"

    എന്നതിനു ശേഷം അതു പറയാനുള്ള കാരണങ്ങളും കൊടുത്തിട്ടുണ്ട്. ഇവിടെ പറഞ്ഞ വരികള്‍ ഇങ്ങനെയൊരു വിഷയത്ഥിന് ചേര്‍ന്നതല്ലെന്നു തോന്നുന്നു

    തെറ്റെങ്കില്‍ ചുമ്മാ ക്ഷമി

  4. Vishnuprasad R (Elf) said...

    അടുത്ത വര്‍ഷം മുതല്‍ പിള്ളരെ കിട്ടാനുള്ള ഡിമാന്‍ഡുകള്‍ ഭേദഗതി ചെയ്യുകയാണത്രെ.ആണ്‍കുട്ടിയെ സ്കൂളില്‍ അയയ്ക്കാന്‍ മാസം 500 രൂപയും പെണ്‍കുട്ടിക്ക് 1650 രൂപയും(33% സംവരണം) മാതാപിതാക്കള്‍ക് നല്‍കണമത്രേ.


    അതുകൊണ്ട് എളുപ്പത്തില്‍ ലാഭമുണ്ടാക്കാവുന്ന ഒരു ബിസിനസ്സ് ആയി 'കുട്ടികളെ ഉത്പാദിപ്പിക്കല്‍'വളരും എന്നു കരുതാം.