Saturday, May 17, 2008

ബാലേട്ടാ... ബാലേട്ടാ... ആസാമീടെ ബാലേട്ടാ...

"ബൂർഷ്വാ പത്രങ്ങൾ നിങ്ങളെ വിമർശിക്കുമ്പോൾ ശാന്തരാകുക. പുകഴ്ത്തുമ്പോൾ ശ്രദ്ധിക്കുക."

കമ്യൂണിസ്റ്റ്‌ പ്രവർത്തകരും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തിന്‌ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ ചമച്ച പരിപ്രേഷ്യം ഇതായിരുന്നു. നിരന്തരം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്കെതിരെ ബൂർഷ്വാ മാധ്യമങ്ങൾ ഉയർത്തിവിട്ട വിമർശനങ്ങളിൽ അണികളുടെ മനസ്‌ തളരുന്നതുകണ്ടപ്പോഴാണ്‌ ബുദ്ധിശാലിയായ ആ സൈദ്ധാന്തികൻ ഇത്തരത്തിലൊരു വ്യാഖ്യാനം നൽകി പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അനുനയിപ്പിച്ചത്‌.

അന്ന്‌ അങ്ങനെ ചെയ്തതിന്‌ ഒരു അടിസ്ഥാനവും ലക്ഷ്യവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന്‌ കമ്യൂണിസ്റ്റ്‌ മന്ത്രിമാർക്കും നേതാക്കൾക്കുമെതിരെ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്ന വാർത്തകളും വിമർശനങ്ങളും തീർത്തും വ്യത്യസ്തവും മറ്റൊരു ഭൂമികയിൽ നിന്നുകൊണ്ടുള്ള സമീപനവുമാണ്‌.

അധികാരത്തിന്റെ ദുരമൂത്ത്‌ എന്തും ചെയ്യാമെന്ന അഹന്തയിൽ നേതാക്കന്മാരും മന്ത്രിമാരും പൊതുജനങ്ങളെ വിഡ്ഢികളാക്കുമ്പോഴാണ്‌ ഇത്തരം വാർത്തകളും വിമർശനങ്ങളും പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ ബാധ്യസ്ഥരാകുന്നത്‌.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേരള ഘടകത്തിലെ അവഗണിക്കാനാകാത്ത ശക്തിയാണ്‌. വിദ്യാർത്ഥികാലം മുതൽ വിപ്ലവപാർട്ടി പ്രവർത്തനങ്ങൾക്ക്‌ തനതായ ശക്തിയും ശൈലിയും പ്രദാനം ചെയ്ത മാർക്ക്സിസ്റ്റ്‌ നേതാക്കളിൽ അഗ്രഗണ്യനുമാണദ്ദേഹം. അതുകൊണ്ടാണ്‌ എൽഡിഎഫ്‌ ഇത്തവണ അധികാരത്തിലെത്തിയപ്പോൾ ആഭ്യന്തരമന്ത്രിസ്ഥാനം നൽകി ആദരിച്ചതും 19-ാ‍ം പാർട്ടികോൺഗ്രസ്‌ അദ്ദേഹത്തെ പോളിറ്റ്ബ്ര്യൂറോയിലേക്ക്‌ തെരഞ്ഞെടുത്ത്‌ ബഹുമാനിച്ചതും.

പാർട്ടിയും മുന്നണിയും നൽകുന്ന ഈ മാനനീയ സ്ഥാനങ്ങളെക്കാൾ ജനമനസിൽ കോടിയേരിക്ക്‌ വ്യതിരിക്തമായ സ്ഥാനമാണുള്ളത്‌. ഇക്കാര്യത്തിൽ കൊടിയുടെ നിറത്തിന്‌ ഒരു പ്രസക്തിയുമില്ല.

എന്നാൽ അദ്ദേഹം ആഭ്യന്തരമന്ത്രി ആയതോടെ അണികളുടെയും പൊതുജനങ്ങളുടെയും പ്രതീക്ഷകളെ തകിടം മറിക്കുന്ന രീതിയിലുള്ള നടപടികളും സമീപനങ്ങളും ബന്ധങ്ങളുമൊക്കെയാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. വീട്‌ മോടിപിടിപ്പിക്കലും പൂമൂടലുമെല്ലാം കഴിഞ്ഞ്‌ ഇപ്പോൾ ആ വാർത്തകൾ പുത്രന്മാരിലും സ്വാമി ഹിമവൽ ഭദ്രാനന്ദ, സ്വാമി അമൃതചൈതന്യ തുടങ്ങിയ കാപട്യങ്ങളിലും എത്തിനിൽക്കുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മൂത്ത പുത്രൻ ബിനോയ്‌ കോടിയേരിയുടെ വിവാഹമുഹൂർത്തം കുറിച്ചത്‌, ഇപ്പോൾ പിടയിലായ പെരുംകള്ളസ്വാമിയായ സന്തോഷ്‌ മാധവനാണെന്ന്‌ പത്രസമ്മേളനത്തിൽ ആരോപിച്ചത്‌ ബിജെപിയാണ്‌. തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ മാത്രമായി ശ്രീമൂലം ക്ലബിൽ നടത്തിയ ആഢംബരവിവാഹ സൽക്കാരത്തിൽ സന്തോഷ്‌ മാധവനും പങ്കെടുത്തിരുന്നു എന്ന്‌ വ്യക്തമാക്കിയത്‌ യുവമോർച്ച നേതാവ്‌ കെ സുരേന്ദ്രനാണ്‌.

കേരളസമൂഹത്തെ ഈശ്വര വിശ്വാസത്തിന്റെ മറവിൽ കൊടും ചൂഷണം ചെയ്യുന്ന ആൾദൈവങ്ങളുമായും ധ്യാനകേന്ദ്രങ്ങളുമായും മാർക്ക്സിസ്റ്റ്‌ പാർട്ടിയിലെ അത്യുന്നത സഖാക്കൾ അഭേദ്യമായ ബന്ധമാണ്‌ പുലർത്തുന്നതെന്ന വിമർശനം പരക്കെയുണ്ട്‌. വിവാദകേന്ദ്രമായ മുരിങ്ങൂർ ധ്യാനകേന്ദ്രം സന്ദർശിച്ച്‌ പിണറായി വിജയൻ ക്ലീൻ സർട്ടിഫിക്ക്‌ കൊടുത്തതും കോഴിക്കോട്‌ സുന്നികളുടെ സമ്മേളനത്തിൽ മുഖ്യാതിഥിയായതും നേരത്തേ മാധ്യമങ്ങളിൽ വാർത്തയായതാണ്‌. പൊതുജനങ്ങൾക്കിടയിലും അണികൾക്കിടയിലും ഇത്‌ ആശാസ്യമല്ലാത്ത വിവാദവും ചർച്ചയും സൃഷ്ടിച്ചിരുന്നു. സന്തോഷ്‌ മാധവനുമായി മന്ത്രിപുത്രന്‌ ബന്ധമുള്ളതുകൊണ്ടാണ്‌ അദ്ദേഹത്തെ രക്ഷിക്കാൻ സ്വാമിയെ കുറ്റവിമുക്തനാക്കാനും ഐജി അടക്കമുള്ളവർ കള്ളക്കഥകൾ മെനയുന്നതെന്ന ചിന്തയും ഇന്ന്‌ വ്യാപകമാണ്‌. സന്തോഷ്‌ മാധവനുമായി ബന്ധമുള്ള പോലീസിലെ ഉന്നതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ പുറത്തുവിടരുത്‌ എന്നാണ്‌ ആഭ്യന്തര വകുപ്പിൽനിന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ ലഭിച്ചിട്ടുള്ള കർശന നിർദ്ദേശം.

ആ കള്ളക്കളി അങ്ങനെ നീളുമ്പോഴാണ്‌ മറ്റൊരു കള്ളസ്വാമിയായ ഹിമവൽ ഭദ്രാനന്ദൻ പോലീസിന്റെ 'നോട്ടപ്പുള്ളി'യായതും പോലീസിൽ കീഴടങ്ങിയതും ഇന്ന്‌ ആലുവ പോലീസ്‌ സ്റ്റേഷനിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടിയതും, സഖാവ്‌ കോടിയേരി ബാലകൃഷ്ണനെ താൻ ബാലേട്ടനെന്നാണ്‌ വിളിക്കുന്നതെന്നും കോടിയേരിയുടെ ഓരോ സ്ഥാനലബ്ധികളും താൻ മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്നുമാണ്‌ ഇന്നലെ ഹിമവൽ ഭദ്രാനന്ദ മാധ്യമപ്രവർത്തകരോട്‌ വെളിപ്പെടുത്തിയത്‌. ആരോടും പകയില്ലാത്ത, എല്ലാവരെയും സഹായിക്കുന്ന സുമനസാണ്‌ തന്റെ ബാലേട്ടനെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബാലേട്ടനുമായി ഹിമവൽ ഭദ്രാനന്ദക്കുള്ള ഈ ബന്ധം മൂലമായിരുന്നോ, കഴിഞ്ഞ ആറുമാസത്തിലധികമായി ചുവന്ന ബീക്കൺലൈറ്റ്‌ ഘടിപ്പിച്ച കാറിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഈ കള്ളസ്വാമി സഞ്ചരിച്ചിട്ടും പോലീസ്‌ നടപടി എടുക്കാതിരുന്നത്‌? അതുകൊണ്ടാണോ ഇന്ന്‌ രാവിലെ അയാൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്കെല്ലാം പോലീസ്‌ അരുനിന്നത്‌? അതുകൊണ്ടാണോ ഭദ്രാനന്ദനെ സംരക്ഷിക്കാനും മാധ്യമപ്രവർത്തകർക്കെതിരെ തട്ടിക്കയറാനും അവരിൽ ചിലരെ തടവിലാക്കാനും പോലീസ്‌ തയ്യാറായത്‌.

ബാലേട്ടനെന്ന സിനിമയിലെ കഥാപാത്രം ഭാവനാസൃഷ്ടിയാണ്‌. അത്തരം മനുഷ്യരുണ്ടാകണമെന്നത്‌ ആർക്കും ആഗ്രഹിക്കാവുന്നതാണ്‌. എന്നാൽ കള്ളസ്വാമിമാരുമായി ബന്ധം പുലർത്തി അവരെ സംരക്ഷിക്കുന്ന ഒരു ബാലേട്ടൻ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി ഇരിക്കുന്നത്‌ കേരളം ആഗ്രഹിക്കാത്ത സത്യമാണ്‌.

0 comments :