Thursday, May 15, 2008

സന്തോഷ്‌ മാധവൻ ആരുടെ പ്രതിനിധി, പ്രതീകം?

കാൾ മാക്സിന്റെ വിശ്രുതമായ ആ നിരീക്ഷണം- "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌, അത്‌ അശരണരുടെ ആശ്രയവും ആലംബഹീനരുടെ ആശാകേന്ദ്രവുമാണ്‌."- ഒരിക്കൽകൂടി സാർത്ഥകമാകുകയാണ്‌, സന്തോഷ്‌ മാധവനെന്ന സിദ്ധന്റെ പ്രവൃത്തികളിലൂടെ.

ഭാവിയെക്കുറിച്ചുള്ള ഉൽകണ്ഠയും ഭാസുരമായ അതിജീവനത്തെക്കുറിച്ചുള്ള ഉദ്ഘടമായ ആഗ്രഹവുമാണ്‌ മനുഷ്യരെ അന്ധവിശ്വാസികളാക്കി തീർക്കുന്നത്‌. ഈശ്വരനറിയാതെ തലയിലെ ഒരു മുടിപോലും കൊഴിയുകയില്ല എന്ന്‌ വിശ്വസിക്കുന്നവർ പോലും ആൾദൈവങ്ങൾക്കും വിശുദ്ധന്മാർക്കും ധ്യാനകേന്ദ്രങ്ങൾക്കും പ്രാർത്ഥനാലയങ്ങൾക്കും അത്ഭുതരോഗശാന്തി വാഗ്ദാനം ചെയ്യുന്നവർക്കും പിന്നാലെ പോകുന്നത്‌ മറ്റൊന്നും കൊണ്ടല്ല.

ഇന്ന്‌ സന്തോഷ്‌ മാധവനെ അധിക്ഷേപിക്കുന്നവരിൽ ഭൂരിപക്ഷവും ഏതെങ്കിലും ഒരു സിദ്ധന്റെയോ വിശുദ്ധന്റെയോ ആൾദൈവത്തിന്റെയോ ആരാധനാലയത്തിന്റെയോ ധ്യാനകേന്ദ്രത്തിന്റെയോ രൂപവും ചിത്രങ്ങളും ലോഗോകളും സ്വശരീരത്തിലും ഭവനത്തിലും വാഹനത്തിലും കൊണ്ടുനടക്കുന്നവരും പ്രദർശിപ്പിക്കുന്നവരുമാണ്‌. ഇക്കാര്യത്തിൽ മതഭേദമില്ല എന്നതാണ്‌ ശ്രദ്ധേയമായ വസ്തുത.

ജ്യോതിഷവും ജ്യോതിശാസ്ത്രവും രണ്ടാണെന്ന്‌ ഇനിയും തിരിച്ചറിയാൻ മനസുവയ്ക്കാത്ത വിദ്യാസമ്പന്നരടക്കമുള്ളവരാണ്‌ സന്തോഷ്‌ മാധവനെപ്പോലെയുള്ള കപട സിദ്ധന്മാരുടെ വലയിൽ വീഴുന്നതും പീഡനത്തിനിരയാകുന്നതും മുതലെടുപ്പിന്‌ വിധേയരാകുന്നതും. ഏതു പേരിൽ അറിയപ്പെട്ടാലും എല്ലാം ഒരു ഈശ്വരനല്ലേ, എവിടെപ്പോയാലെന്താ മനഃസമാധാനവും ജീവിത വിജയവും ലഭിച്ചാൽപോരെ എന്നൊക്കെയുള്ള ലഘൂകരണത്തിലൂടെ യഥാർത്ഥ പ്രശ്നത്തിന്‌ ഭക്തിയുടെയും വിശ്വാസത്തിന്റെയും മറയിടുന്നതാണ്‌ ഇത്തരം ചൂഷകന്മാരെ വളർത്തുന്നത്‌. ഈശ്വര സൃഷ്ടിയാണ്‌ മനുഷ്യനെങ്കിൽ, മനുഷ്യന്റെ നിത്യജീവിത വ്യാപാരങ്ങളെയും ഹൃദയ വിചാരങ്ങളെയും മുൻകൂട്ടി കണ്ടാണ്‌ ഈ ലോകത്തിലേക്ക്‌ അയച്ചതെങ്കിൽ ഈശ്വരനുമായി നേരിട്ട്‌ ബന്ധപ്പെടാനും ആവശ്യങ്ങൾ അറിയിക്കാനും പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്താനും കഴിയണം. ഈശ്വരനും മനുഷ്യനുമിടയിൽ ഒരു മറയുമുണ്ടാകാൻ പാടില്ല, ഒരു ഇടനിലക്കാരനും പ്രവർത്തിക്കാൻ പാടില്ല.

പക്ഷെ ഇന്ന്‌ പരക്കെ കാണുന്നത്‌ ഇതൊക്കെതന്നെയാണോ? ഈശ്വരനിൽ വിശ്വാസമുണ്ടെന്ന്‌ പ്രഖ്യാപിക്കുകയും കീശയിൽ ആശ്വാസം കാണാൻ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെയും വഞ്ചനയുടെയും പരിസരങ്ങളിലാണ്‌ സന്തോഷ്‌ മാധവനെപ്പോലെയുള്ള സിദ്ധന്മാർ ആരൂഡമുറപ്പിക്കുന്നത്‌. ഈ മുതലെടുപ്പ്‌ എല്ലാ സംഘടിത മതങ്ങളും അസംഘടിത വിശ്വാസ ഗ്രൂപ്പുകളും അവയുടെ വക്താക്കളും തരംപോലെ ഓരോ നാട്ടിലും നടപ്പിലാക്കുന്നുണ്ട്‌. ഗോത്രവർഗ്ഗ ജീവിത സംസ്കാര കാലംമുതൽ ആരംഭിച്ച അധികാര സംസ്ഥാപനത്തിന്റെയും സാമ്പത്തിക മുതലെടുപ്പിന്റെയും ഈ കപട സത്വങ്ങൾ നാനോടെക്നോളജിയുടെ ഈ കാലഘട്ടത്തിലും ലോകമെമ്പാടും സജീവമാണ്‌, സക്രിയമാണ്‌.

അറിഞ്ഞുകൊണ്ട്‌ ഇത്തരം മുതലെടുപ്പുകൾക്ക്‌ വിധേയരായിട്ട്‌ പിന്നീട്‌ പരിതപിക്കുന്നതും അധിക്ഷേപിക്കുന്നതും ഇത്തരം സിദ്ധന്മാരെയും സിദ്ധികളെയും വിശ്വസിക്കുന്നവരുടെ പൊതുവെയുള്ള സംസ്കാരമാണ്‌. സന്തോഷ്‌ മാധവന്റെ കപടതന്ത്രങ്ങൾ അൽപ്പം പാളിയതാണ്‌ പ്രശ്നമായത്‌. അല്ലായിരുന്നെങ്കിൽ ഇന്ന്‌ ലോകമെമ്പാടും കൊണ്ടാടുന്ന മലയാളികളും ഭാരതീയരുമായ ആൾദൈവങ്ങളിൽ ഒരാളായി സന്തോഷ്‌ മാധവനും മാറുമായിരുന്നു. അന്തരീക്ഷത്തിൽ നിന്ന്‌ വിഭൂതി അടക്കമുള്ള വസ്തുക്കൾ സൃഷ്ടിച്ച്‌ വിശ്വാസികളെ അത്ഭുത പരതന്ത്രരാക്കുന്ന ബാബമാരും ആശ്ലേഷത്തിലൂടെ ജീവിതപ്രശ്നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കുന്ന അമ്മമാരും അത്ഭുത രോഗശാന്തി ശുശ്രൂഷ അവകാശപ്പെടുന്ന ധ്യാനകേന്ദ്രങ്ങളും അവിടത്തെ വൈദികരും ഉറുക്കും നൂലും ഓതിക്കെട്ടി പ്രശ്നപരിഹാരം നിർദ്ദേശിക്കുന്ന ഇസ്ലാമിക സിദ്ധന്മാരും ഒക്കെ ഇത്തരത്തിൽ സാധാരണക്കാരന്റെ വികൽപ്പങ്ങളെയും ഈശ്വരനിലുള്ള അചഞ്ചലമായ വിശ്വാസത്തെയും മുതലെടുത്ത്‌ അവരുടെയും അവരുമായി അടുത്ത്‌ സഹകരിക്കുന്ന വ്യക്തികളുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന കച്ചവടക്കാർ മാത്രമാണ്‌.

ഈ ആൾദൈവങ്ങളെയും ആരാധനാലയങ്ങളെയും മറയാക്കി സമൂഹത്തിലെ അനാശാസ്യ പ്രവർത്തകരും അധോലോക ഭീകരന്മാരും മാന്യതയുടെ മുഖംമൂടി നേടുന്നുണ്ടെന്നും എത്രയെത്രയോ അനുഭവങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. എന്നിട്ടും വിവേകപൂർവ്വം പ്രശ്നങ്ങളെ സമീപിക്കാനും വിശ്വാസത്തിന്റെ പേരിൽ മുതലെടുപ്പ്‌ നടത്തുന്ന കപടസാന്നിദ്ധ്യങ്ങളെ തിരിച്ചറിയാനും ഭൂരിപക്ഷവും തയ്യാറാകുന്നില്ല എന്നതാണ്‌ ഖേദകരവും പ്രതിഷേധാർഹവുമായ സംഗതി.

സന്തോഷ്‌ മാധവനെപ്പോലെയുള്ള കപടസിദ്ധന്മാരുടെയും ജ്യോതിഷികളുടെയും ഭാഗ്യരത്ന വ്യാപാരികളുടെയും മുന്നിൽ പൂർണ്ണ നഗ്നരായി പൂജകൾക്ക്‌ വിധേയരാകാൻ വിദ്യാസമ്പന്നരായ വീട്ടമ്മമാരും അവരുടെ പെൺമക്കളും തയ്യാറാകുമ്പോൾ, അതിനിടയിൽ സിദ്ധന്മാരുടെ കാമശാന്തി വരുത്തുന്ന സമർപ്പണങ്ങളാകുമ്പോൾ, ഈ വൃത്തികേടുകൾക്ക്‌ ഭാര്യയെയും പെൺകുഞ്ഞുങ്ങളെയും അനുവദിക്കാൻ ഭർത്താവും പിതാവും സഹോദരനുമൊക്കെ തയ്യാറാകുമ്പോൾ ഓർക്കുക നാം കൊട്ടിഘോഷിക്കുന്ന ധാർമികതയും ഏകപത്നി വ്രതവും ചാരിത്ര്യവും കുടുംബമൂല്യങ്ങളുമൊക്കെ എത്രമാത്രം കാപട്യം നിറഞ്ഞതും അർത്ഥരഹിതമായ പദങ്ങളുമാണെന്ന്‌. എന്നെയും നിങ്ങളെയും പോലെയുള്ളവർ ഈ നിലപാട്‌ ഈശ്വരവിശ്വാസത്തിന്റെ പേരിൽ രഹസ്യമായും പരസ്യമായും തുടരുമ്പോൾ സന്തോഷ്മാധവനെപ്പോലെയുള്ള മുതലെടുപ്പുകാർ ഓരോ കാലങ്ങളിലും ഒരോ സമൂഹത്തിലും മേൽക്കൈ നേടുന്നത്‌ സ്വാഭാവികം മാത്രം. അതായത്‌ സന്തോഷ്മാധവനെപ്പോലെയുള്ള സിദ്ധന്മാരും ആൾദൈവങ്ങളും ഈശ്വരവിശ്വാസത്തിന്റെ പേരിൽ ആന്ധ്യം ബാധിച്ച ഓരോ വ്യക്തിയുടെയും പ്രതിനിധിയും പ്രതീകവുമാകുന്നു. അപ്പോൾ തീരുമാനിക്കുക, മാറ്റം ആരംഭിക്കേണ്ടത്‌ എവിടെനിന്നാണെന്ന്‌.

2 comments :

  1. സജീവ് കടവനാട് said...

    അനോണി ആന്റണിയുടെ പോസ്റ്റിലെ ഒരു ഭാഗം ക്വോട്ടു ചെയ്യുന്നു.

    “എവിടെങ്കിലും ഒരു ദിവ്യനുണ്ടെന്ന് കേട്ട് ചാടിപ്പുറപ്പെടുന്നവര്‍ ഓര്‍ക്കുക, നിങ്ങള്‍ ശരിയായ ഭക്തികൊണ്ട് അയാളെപ്പോയി കണ്ട് അനുഞം വാങ്ങി വന്നാല്‍ പോലും നാളെ അയാള്‍ പിടിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്കും അമ്മപെങ്ങന്മാര്‍ക്കും നാട്ടില്‍ ജീവിക്കാന്‍ പറ്റാത്തത്ര അപവാദങ്ങള്‍ പരക്കും.”

  2. അനില്‍ശ്രീ... said...

    ശരിയാണ്. ഇതു തന്നെയാണ് ഞാനും ഇവിടെ എന്റെ പോസ്റ്റില്‍ (സന്തോഷ് മാധവന്‍ - ഒരു പ്രതീകം ) എഴുതിയത് ..