Tuesday, May 13, 2008

തൂറ്റുമ്പോൾ കാറ്റിന്റെ ഗതി നോക്കണം സർ....

ഏതോ ഒരു ദുർബലനിമിഷത്തിൽ സന്തോഷ്‌ മാധവനെന്ന അമൃതചൈതന്യസ്വാമിക്ക്‌ വിശ്വമാനവ പുരസ്കാരം കൊടുത്തും ഫുൾപേജ്‌ ഫീച്ചർ കൊടുത്തും പുലിവാൽ പിടിച്ചുപോയതിന്റെ വൈക്ലബ്യത്തിലാണ്‌ മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം.

സ്വാമി ആളൊരു ആസാമിയാണെന്ന്‌ പുറത്തായതോടെ മറ്റു പത്രങ്ങൾക്കൊപ്പം നിന്ന്‌ സ്വാമിക്കെതിരെ പോരാട്ടം തുടരുകയാണ്‌ ആ പത്രവും.

ഇന്നിപ്പോൾ 'ആസാമിമാരുടെ സ്വന്തം നാട്‌' എന്ന പേരിൽ കള്ളസ്വാമിമാരുടെ വീരചരിതങ്ങൾ തുറന്നുകാട്ടുന്ന പരമ്പരയുമായാണ്‌ പടപ്പുറപ്പാട്‌!

പരമ്പര എടുത്തൊന്ന്‌ വായിച്ചുനോക്കൂ.... ആസാമിമാരായ പത്തുപതിനഞ്ച്‌ കള്ളസ്വാമിമാരുടെ വിശദാംശങ്ങൾ നമുക്ക്‌ കോരിത്തരിപ്പോടെ വായിച്ചുരസിക്കാം. ആകെയൊരു പ്രശ്നമേയുള്ളൂ പരമ്പരയിൽ ഒരൊറ്റ സ്വാമിയുടെയും നാളും പേരുമില്ല.

ഈ കോലാഹലമൊക്കെ അടങ്ങുന്ന കാലത്ത്‌ പുരസ്കാരം കൊടുത്തോ ഫീച്ചർ കൊടുത്തോ കമ്പനിക്കുവേണ്ടി നാലണ സമ്പാദിക്കാൻ പറ്റിയ ഇരകളാണ്‌ ഈ ആസാമിമാർ എന്ന്‌ തിരിച്ചറിവുണ്ട്‌, പരമ്പരയെഴുത്ത്‌ കലാകാരന്‌ എന്നു ചുരുക്കം!

ഇക്കാര്യത്തിൽ ആരും മോശക്കാരല്ല. ലാബെല്ലാരാജൻ മുതൽ ആടുമാഞ്ചിയം തട്ടിപ്പുകാരെവരെ ആഘോഷമായി കൊണ്ടാടുകയും മുൻപേജിൽ പരസ്യമടിച്ച്‌ കോടികൾ വരുമാനമുണ്ടാക്കുകയും ചെയ്ത ചരിത്രപാരമ്പര്യമുള്ളവരാണ്‌ മിക്കവാറും പത്രങ്ങൾ.

ഒരുനാൾ കള്ളി വെളിച്ചത്താകുമ്പോൾ തട്ടിപ്പുകാരുടെ സചിത്ര ഫീച്ചറുകളും പരമ്പരകളും വായനക്കാർക്ക്‌ വിളമ്പുന്നതിലും മിടുക്കുകാട്ടും നമ്മുടെ പത്രങ്ങൾ.

ഇതിനെയാണ്‌ പ്രൊഫഷണലിസം എന്ന്‌ പറയുന്നത്‌. കാറ്റുള്ളപ്പോൾ തൂറ്റണം എന്നാണതിന്റെ പച്ചമലയാളം!

പിടിയിലായ സ്വാമിയെക്കുറിച്ച്‌ ഇനി അന്വേഷിച്ച്‌ കണ്ടെത്തുവാൻ നാട്ടിൽ പോലീസും മറ്റ്‌ സംവിധാനങ്ങളുമുണ്ട്‌. ആ സംവിധാനങ്ങൾ അവരുടെ പണി നേരെചൊവ്വേ ചെയ്യുന്നുണ്ടോ എന്ന്‌ കണ്ടെത്തലാണിനി പത്രക്കാരുടെ പണി.

അമൃതചൈതന്യയെ വെല്ലുന്ന പണമിടപാടുകാരും പറമ്പുകച്ചവടക്കാരും കോടിക്കണക്കിന്‌ രൂപ എവിടെനിന്ന്‌ വന്നുവെന്നോ എവിടേക്ക്‌ പോകുന്നുവെന്നോ നാട്ടുകാരിൽ സംശയമുയർത്തി നാടുനീളെ വാഴുന്നു.

ധ്യാനകേന്ദ്രങ്ങൾ, മഠങ്ങൾ, ആശ്രമങ്ങൾ മുട്ടിയിട്ട്‌ നടക്കാനാവാത്ത വിധം കേരളം ആത്മീയ വ്യാപാരത്തിന്റെ സ്വർഗ്ഗഭൂവാകുന്നു.

ശക്തമായ അന്വേഷണ സംവിധാനങ്ങളുള്ള പത്രമാധ്യമങ്ങൾ ഇക്കാര്യത്തിൽ എന്തേ ഒന്നും മിണ്ടാത്തേ.... യെന്ന്‌ വായനക്കാർക്ക്‌ ഉണ്ടാകാവുന്ന സംശയം 'എയറുപിടിച്ച്‌' നടക്കുന്ന ചേട്ടന്മാരുടെയൊക്കെ കാറ്റഴിച്ചുകളയുന്ന നാൾ വരും.

0 comments :