എഥനോൾ മാനും എത്തിക്സില്ലാത്ത മാഡവും
"ഇന്ത്യയിലെ സമ്പന്നരായ 35 കോടിയോളം വരുന്ന മധ്യവർഗ്ഗമാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സൃഷ്ടിച്ചിട്ടുള്ളത്." - ജോർജ്ജ് ബുഷ് (മിസൗറിയിൽ അമേരിക്കൻ സമ്പദ്ഘടനയെക്കുറിച്ചു നടന്ന സംവാദത്തിൽ)
"ഇന്ത്യയിലേയും ചൈനയിലേയും ധനികരായ ഇടത്തരക്കാർ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ തുടങ്ങിയതും ആ രാജ്യങ്ങൾ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിരോധിച്ചതുമാണ് ലോകം നേരിടുന്ന ഭക്ഷ്യപ്രതിസന്ധിക്ക് കാരണം." -കോണ്ടലിസ റൈസ് (അമേരിക്കൻ വിദേശകാര്യ സെക്രട്ടറി)
"ഭക്ഷ്യവസ്തുക്കളുടെ വിലകുതിച്ചുയരാൻ കാരണം ഇന്ത്യയിലും ചൈനയിലും മാംസം കഴിക്കുന്നത് കൂടിയതുകൊണ്ടാണ്." -മരിയൻ ഫിഷർ ബോയൽ (യൂറോപ്യൻ യൂണിയൻ കൃഷി-ഗ്രാമവികസന കമ്മീഷണർ)
ആഗോളവ്യാപകമായി രൂക്ഷമായിട്ടുള്ള ഭക്ഷ്യപ്രതിസന്ധിയെ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ സമ്പന്ന രാഷ്ട്രങ്ങൾ വിലയിരുത്തിയ രീതികളാണ് മുകളിൽ ഉദ്ധരിച്ചത്.
വ്യാപാര-വാണിജ്യ-മാനവശേഷി-സാങ്കേതിക വിദ്യാരംഗത്ത് കുതിപ്പിന്റെ പുതിയ ചരിത്രങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഇന്ത്യയെയും ചൈനയെയും വെടക്കാക്കി തങ്ങളുടെ വാണിജ്യ ലക്ഷ്യങ്ങളും അധിനിവേശ താൽപ്പര്യങ്ങളും അടിച്ചേൽപ്പിക്കാൻ ജോർജ്ജ് ബുഷിന്റെ നേതൃത്വത്തിൽ നടക്കുന്ന പുതിയ ഗ്ലോബൽ കാമ്പയിനിങ്ങിന്റെ വൃത്തികെട്ട മുഖമാണ് മുകളിൽ ഉദ്ധരിച്ച പ്രസ്താവനകളിലും ഭക്ഷ്യപ്രതിസന്ധി സംബന്ധിച്ച് അവർ നടത്തുന്ന കുറ്റപ്പെടുത്തലുകളിലും മുഴച്ചുകാണുന്നത്. അമേരിക്കയുടെ അധിനിവേശാഹന്തയ്ക്കു മുകളിൽ വിമാനം ഇടിച്ചിറക്കി 'ഗ്രൗണ്ട് സീറോ' സൃഷ്ടിച്ച യു.എസ്.എമ ബിൻലാദന്റെ മറയിൽ ആഗോളഭീകരവാദമെന്ന ഉമ്മാക്കി കാട്ടി, അഫ്ഗാനിസ്ഥാനെ ബോംബിട്ട് അരിപ്പയാക്കിയും സദാംഹുസൈനെ വധിച്ച് ഇറാഖിൽ നിലയുറപ്പിച്ച് ഗൾഫ് മേഖലയിലെ ഇന്ധന സ്രോതസുകൾ സ്വന്തമാക്കാൻ നടത്തിയ കുടില തന്ത്രം പോലെയുള്ള മറ്റൊരു തന്ത്രമാണ് ഭ്വക്ഷ്യക്ഷാമത്തിന്റെ പേരിൽ ഇന്ത്യയും ചൈനയും അടക്കം പുതിയ വാണിജ്യ സാങ്കേതിക ശക്തികളായി മാറുന്ന രാജ്യങ്ങളെ യാങ്കിത്താൽപ്പര്യങ്ങൾ അധിക്ഷേപിക്കുന്നത്.
കണക്കുകൾ പലപ്പോഴും വിരസങ്ങളാണ്. എങ്കിലും അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും കള്ളപ്രചാരണങ്ങൾ തിരിച്ചറിയാനും അവരുടെ കടന്നുകയറ്റം പ്രതിരോധിക്കാനും ചില കണക്കുകൾ മനസിൽ വച്ചേ തീരൂ.
ഇന്ത്യക്കാരാണ് ഭക്ഷ്യധാന്യങ്ങൾ തിന്നുമുടിക്കുന്നതെന്ന് പറയുന്ന അമേരിക്കയിലെ പൗരന്മാരുടെ പ്രതിശീർഷ ഗോതമ്പ്-അരി ഉപഭോഗം 2007 ൽ 1046 കിലോ ആയിരുന്നു. ഇന്ത്യയിലേത് കേവലം 178 കിലോയും. അമേരിക്കക്കാരൻ പ്രതിശീർഷം 78 കിലോ പാൽ കുടിക്കുമ്പോൾ (ഇതിൽ പാൽ ഉൽപ്പന്നങ്ങളില്ല) ഇന്ത്യക്കാരും ചൈനക്കാരനും യഥാക്രമം 36 കിലോയും 31 കിലോയുമാണ് ഉപയോഗിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ ഉപഭോഗം അമേരിക്കയിൽ 41 കിലോ ആയിരിക്കുമ്പോൾ ഇന്ത്യയിലത് 11 കിലോയാണ്. അമേരിക്കക്കാരൻ ഒരു വർഷം ശരാശരി 42.6 കിലോ മാട്ടിറച്ചിയും 45.4 കിലോ കോഴിയിറച്ചിയും കഴിക്കുമ്പോൾ ഇന്ത്യക്കാരന്റെ ഉപഭോഗം യഥാക്രമം 1.5, 1.9 കിലോ ആണ്.
ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ കണക്കെടുപ്പ് കാലയളവിൽ പ്രതിശീർഷ ധാന്യ ഉപഭോഗം 162 കിലോ മാത്രമായിരുന്നു. അതായത് പ്രതിദിനം 445 ഗ്രാം! മാംസം, പാൽ ഉൽപ്പന്നങ്ങൾ, തൈര് തുടങ്ങിയവ ആഫ്രിക്കക്കാരന് ചിന്തിക്കാൻ പോലും കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ്.
ഈ കണക്കുവച്ച് നോക്കുമ്പോൾ തീറ്റിപ്പണ്ടാരങ്ങൾ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലെ പൗരന്മാരാണെന്ന് വ്യക്തം. എന്നാൽ അവരുടെ ഭക്ഷ്യ വസ്തുക്കളുടെ ഉപഭോഗമല്ല ഇപ്പോൾ ആഗോളാടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം. മറിച്ച് അമേരിക്കയും യൂറോപ്യൻ യൂണിയനും ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ജൈവ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയതാണ് യഥാർത്ഥ പ്രശ്നം.
പ്രെട്രോളും ഡീസലും അടക്കമുള്ള ഫോസിൽ ഇന്ധനങ്ങളുടെ സ്രോതസ് അടയുന്നത് തിരിച്ചറിഞ്ഞും അമേരിക്കയിൽ വർദ്ധിച്ചുവരുന്ന ഇന്ധന ഉപഭോഗത്തെ നേരിടാനുമാണ് ചോളമടക്കമുള്ള ഭക്ഷ്യവസ്തുക്കളിൽ നിന്ന് എഥനോൾ എന്ന ജൈവ ഇന്ധനം ഈ രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്നത്. 2008 ഏപ്രിൽ 15 മുതൽ അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളിൽ പെട്രോളിലും ഡീസലിലും 2.5 ശതമാനം ജൈവഇന്ധനം കലർത്തി തുടങ്ങിയിട്ടുണ്ട്. 2010 ആകുമ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 5.75 ശതമാനമായിരിക്കും ജൈവഇന്ധനം പെട്രോളിലും മറ്റും ചേർക്കുക.
അടുത്ത വർഷത്തെ ഇന്ധനപ്രതിസന്ധി നേരിടാൻ 1140 ലക്ഷം ടൺ ഭക്ഷൗധാന്യങ്ങളാണ് എഥനോൾ ഉൽപാദിപ്പിക്കാൻ മാറ്റിവച്ചിട്ടുള്ളത്. അതായത് അമേരിക്കയുടെ മൊത്തം ഭക്ഷ്യ ഉൽപാദനത്തിന്റെ മൂന്നിലൊന്ന്.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, അമേരിക്ക അടുത്തവർഷം ജൈവ ഇന്ധനം ഉൽപാദിപ്പിക്കാൻ മാറ്റിവയ്ക്കുന്ന ഭക്ഷ്യധാന്യം 82 രാഷ്ട്രങ്ങളിലെ ജനങ്ങളുടെ ഒരു വർഷത്തെ വിശപ്പടക്കാൻ പോന്ന അത്രയുമാണ്.
വസ്തുത ഇതായിരിക്കെയാണ് സ്വയം 'എഥനോൾ മാൻ' എന്ന് വിശേഷിപ്പിക്കുന്ന ജോർജ്ജ് ബുഷ് ഭക്ഷ്യപ്രതിസന്ധിയുടെ പേരിൽ ഇന്ത്യക്കാരെ അധിക്ഷേപിക്കുന്നത്. ഇന്ധന ഉപഭോഗ കാര്യത്തിലും ഈ നിലപാടാണ് ബുഷിനുള്ളത്.
ഭക്ഷണം ജന്മാവകാശമായിരിക്കെ വിശക്കുന്ന മനുഷ്യന്റെ വായിൽനിന്ന് ധാന്യമെടുത്തുമാറ്റി സമ്പന്നന്റെ വാഹനത്തിലെ ഇന്ധനമാക്കുന്ന ജോർജ്ജ് ബുഷിന്റെ നടപടികളെയോ, ഇന്ത്യക്കാർക്കെതിരായ കള്ളപ്രചാരണത്തെയോ എതിർക്കാനോ വസ്തുതകൾ ലോകത്തോട് വിളിച്ചുപറയാനോ കോൺഗ്രസ് പ്രസിഡന്റും യുപിഎ അദ്ധ്യക്ഷയുമായ സോണിയ തയ്യാറായിട്ടില്ല. ബുഷിന്റെ കടന്നുകയറ്റത്തിനെതിരെ കൊച്ചുകേരളത്തിൽ ആലുവയിലെ കോൺഗ്രസുകാർ പോലും പ്രതിഷേധിച്ചപ്പോൾ ഇറ്റലിക്കാരിയായ മാഡം എല്ലാ എത്തിക്സും ധിക്കരിച്ച് മൗനം പാലിക്കുകയാണ്. ഇത്തരം അടിമത്തങ്ങളിലേക്ക് ബുഷിനെപ്പോലെയുള്ള അധിനിവേശ രാക്ഷസന്മാർ പെട്ടെന്ന് കടന്നുകയറും. അവിടെ അധികാരം സ്ഥാപിക്കും. അപ്പോഴും മാഡം....
0 comments :
Post a Comment